sections
MORE

അവധിയായില്ലേ? പോരുന്നോ ഇവിടേക്ക്

HIGHLIGHTS
  • സഞ്ചാരികളെ മാടിവിളിക്കുന്ന സ്വർഗസമാനമായ കുറെയിടങ്ങൾ
rishikesh
SHARE

അവധിക്കാലം തുടങ്ങി, കുടുംബവുമൊന്നിച്ചു യാത്രകൾ പോകാൻ പലരും പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. വേനലിലെ കടുത്ത ചൂടിൽ നിന്നൊരു രക്ഷപ്പെടൽ കൂടിയാണ് പലർക്കും യാത്രകൾ. അതുകൊണ്ടുതന്നെ ചൂടുകുറവുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾക്കായിരിയ്ക്കും പലരും പ്രാമുഖ്യം നൽകുന്നത്.

അതിസുന്ദരമായ കാഴ്ചകളും സുഖകരമായ കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ മാടിവിളിക്കുന്ന സ്വർഗസമാനമായ കുറെയിടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അത്തരം സ്ഥലങ്ങളെക്കുറിച്ചു കൂടുതൽ അറിഞ്ഞുവെയ്ക്കുന്നതു നിങ്ങളുടെ യാത്രകളെ ഏറെ സഹായിക്കും. കുടുംബവുമൊന്നിച്ചു ഈ അവധിക്കാലം അവിസ്മരണീയമാക്കാനിതാ അതിമനോഹരമായ കുറച്ചിടങ്ങൾ. 

മണാലി 

ഗിരിശൃംഗങ്ങളെ അതിസുന്ദരമാക്കുന്ന ദേവദാരുക്കൾ, ഹിമപ്പുതപ്പണിഞ്ഞ താഴ്വരകൾ, മഞ്ഞുമൂടിയ തരുക്കളും മലനിരകളും. സ്വർഗം താണിറങ്ങി വന്നതോ എന്ന പാട്ടിന്റെ ഈരടികൾ ഓർമയിലേക്ക് കൊണ്ടുവരും മണാലിയിലെ ഓരോ കാഴ്ചകളും. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്.

886640006

ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി.  വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്.   മണാലിയിലെ പ്രധാന ആഘോഷം അവിടുത്തെ ഹഡിംബ  ക്ഷേത്രത്തിലെ ഉത്സവമാണ്. മെയ് മാസത്തിലാണ് ഈ ഉത്സവം. നാടൻ കലകളും വാദ്യഘോഷങ്ങളും കൊണ്ട് ഏവരെയും ആകർഷിക്കും ആ ഉത്സവ നാളുകൾ. കുടുംബവുമൊന്നിച്ചു ഈ വേനലിൽ യാത്ര പോകാൻ ഏറ്റവുമുചിതമായ ഇടങ്ങളിൽ ഒന്നാണ് മണാലി.

ഋഷികേശ് 

യോഗയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് ഋഷികേശ്. സാഹസികത നിറഞ്ഞ വിനോദങ്ങളും ശാന്തമായ അന്തരീക്ഷവും ഋഷികേശിന്റെ പ്രത്യേകതയാണ്. ബംഗീ ജമ്പിങ്, റാഫ്റ്റിങ്, യോഗ ക്യാമ്പ് തുടങ്ങിയ ഹരം പിടിപ്പിക്കുന്നതും മനസിനുല്ലാസം നൽകുന്നതുമായ വിനോദോപാധികൾ കൊണ്ട് ഈ അവധിക്കാലം ആഘോഷിയ്ക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് ഋഷികേശ്.

rishikesh-banji-jumping1

ഹിമാലയ താഴ്‌വരയിൽ ഗംഗാനദിയോട് ചേർന്നു സ്ഥിതിചെയ്യുന്ന ഇവിടെ ഡൽഹിയിൽ നിന്നും 230 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാൻ കഴിയും. ഹിമാലയത്തിലേയ്ക്കുള്ള കവാടം എന്ന് വിളിപ്പേരുള്ള ഋഷികേശ്, വേനലിൽ അവിടെയെത്തുന്ന സഞ്ചാരികൾക്കു കുളിരുപകരുമെന്ന കാര്യത്തിൽ സംശയമേയില്ല. 

മേഘാലയ 

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മേഘങ്ങളുടെ ആലയമാണ് ഈ വടക്കുകിഴക്കൻ സംസ്ഥാനം. ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായ മൗസിന്റവും ചിറാപുഞ്ചിയുമൊക്കെ മേഘാലയയിലാണ് സ്ഥിതി ചെയ്യുന്നത്. ഉയർന്നു നിൽക്കുന്ന കുന്നുകളും താഴ്വരകളുമുള്ള ഇവിടുത്തെ ആകാശം മിക്കപ്പോഴും മേഘാവൃതമായാണ് കാണപ്പെടുക.

607477514

വര്ഷം മുഴുവൻ മഴ ലഭിക്കുന്നതുകൊണ്ടു  നിത്യഹരിത മിതോഷ്ണ മേഖല പ്രദേശമാണിവിടം. തേയിലത്തോട്ടങ്ങളും തടാകങ്ങളും വിവിധ തരത്തിലുള്ള സസ്യ - വൃക്ഷ ജാലങ്ങളും ഇവിടുത്തെ സവിശേഷതയാർന്ന കാഴ്‌ചകളാണ്. മഴയും തണുപ്പും ചേർന്ന  സുഖകരമായ കാലാവസ്ഥ നിങ്ങളുടെ ഈ അവധിക്കാലത്തെ അവിസ്മരണീയമാക്കും. 

മഹാബലേശ്വർ 

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ധാരാളം പഴങ്ങൾ ഉല്പാദിപ്പിക്കുന്നതിലൂടെയാണ് പ്രശസ്തമായത്. അൽഫോൻസ മാമ്പഴം, സ്ട്രോബെറി, ചിക്കു, തണ്ണിമത്തൻ എന്നിങ്ങനെ നിരവധി പഴങ്ങൾ ഇവിടെ നിന്നും നാടിന്റെ നാനാഭാഗങ്ങളിലേക്കെത്തുന്നു. വിളഞ്ഞു നിൽക്കുന്ന ഈ പഴങ്ങളുടെ മനോഹാരിതയും പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിക്കാൻ താല്പര്യമുള്ളവർക്കു നിർബന്ധമായും യാത്ര പോകാൻ പറ്റിയൊരിടമാണ് മഹാബലേശ്വർ.

കൃഷിയോട് ആഭിമുഖ്യമുള്ളവരെങ്കിൽ കൃഷിരീതികൾ കണ്ടു മനസിലാക്കാനുള്ള സൗകര്യങ്ങളുണ്ട്. കൂടാതെ ജാമുകളുടെയും സ്ക്വാഷുകളുടെയും നിർമാണവും എപ്രകാരമാണെന്നു കാണാം. ഏറെ വേറിട്ട അനുഭവങ്ങൾ സമ്മാനിക്കും മഹാബലേശ്വർ. സമുദ്രനിരപ്പിൽ നിന്നും 1400 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടു സുഖകരമായ കാലാവസ്ഥയായിരിയ്ക്കും. 

മൂന്നാർ 

505489992

തെക്കിന്റെ കാശ്മീർ എന്നാണ് മൂന്നാറിന്റെ വിളിപ്പേര്. മഞ്ഞും മഴയും തണുപ്പുമൊക്കെ ചേർന്ന കാലാവസ്ഥയാണ് സന്ദർശകർക്കായി ഇടുക്കിയുടെ ഈ സുന്ദരി കാത്തുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള സമയമാണ് മൂന്നാർ സന്ദർശനത്തിനു ഉചിതമായ സമയം. സമുദ്രനിരപ്പിൽ നിന്നും 1800 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ വര്ഷം മുഴുവൻ സുഖകരമായ കാലാവസ്ഥയായിരിക്കും

. തേയിലത്തോട്ടങ്ങളും ടോപ് സ്റ്റേഷനിലെ വ്യൂ പോയിന്റും കുണ്ടലി ഡാമും തടാകവും എക്കോ പോയിന്റും മലനിരകളും മാട്ടുപ്പെട്ടി ഡാമുമൊക്കെയാണ് മൂന്നാറിലെ പ്രധാനപ്പെട്ട കാഴ്ചകൾ. ആരെയും ആകർഷിക്കുന്ന പ്രകൃതിയും മൂന്നാറിന്റെ മാറ്റുകൂട്ടുന്നു. ഈ അവധിക്കാലം കുടുംബവുമൊന്നിച്ചു യാത്ര പോകാൻ തിരഞ്ഞെടുക്കാവുന്ന മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മൂന്നാർ.

ഹാവ്ലോക് ദ്വീപ്

ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹത്തിലെ അതിസുന്ദരമായ ദ്വീപുകളിലൊന്നാണ് ഹാവ്ലോക്ക്. ബീച്ചുകളാണ് ഈ ദ്വീപിന്റെ സൗന്ദര്യമേറ്റുന്നത്. ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നെന്നു പേരുള്ള രാധാനഗർ ബീച്ച്,  ഹാവ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.

Havelock-Island

മരത്തിൽ തീർത്ത ലോഡ്ജുകളിലെ താമസവും സുന്ദരമായ കടൽകാഴ്ചകളും അവധിക്കാലത്തെ അതീവഹൃദ്യമാക്കും. വെള്ളമണൽ വിരിച്ച ബീച്ചിനു ആരെയും ആകർഷിക്കാനുള്ള സൗന്ദര്യമുണ്ട്. കൂടാതെ ധാരാളം ജലവിനോദങ്ങൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഈ വേനൽക്കാലം അവിസ്മരണീയമാക്കാൻ ഇതിലും മികച്ചൊരിടം വേറെയുണ്ടാകില്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA