ADVERTISEMENT

  രൂപം പോലെ സുന്ദരമായിരുന്നു അവരുടെ പേരും–റിൻസെൻ പേമ. ‘ബുദ്ധിമതി’യെന്നാണ് റിൻ‌സെന്റെ അർഥം. പേമയെന്നാൽ താമര. ബുദ്ധമതവിശ്വാസികൾക്കിടയിൽ പരിചിതമായ പെൺപേരുകളാണ് രണ്ടും. നാലു വയസ്സുകാരനായൊരു കുട്ടിയെയും തോളിലിരുത്തി റിൻസെൻ പേമെയന്ന വീട്ടമ്മ ടൈഗേഴ്സ് നെസ്റ്റ് സന്യാസിമഠത്തിലേക്കുള്ള കാട്ടുവഴി അനായാസം നടന്നുകയറുകയായിരുന്നു. അപ്പോഴാണവർ, നടന്നു ക്ഷീണിച്ച് വഴിയരികില്‍ വെറും മണ്ണിൽ കുത്തിയിരിക്കുന്ന എന്നെ കണ്ടത്. ഒറ്റയ്ക്കൊരു പെൺകുട്ടിയെന്നു തോന്നിയിട്ടാവണം, റിൻസെൻ എനിക്കു നേരേ സൗമ്യമായി പുഞ്ചിരിച്ചു. പിന്നെ കുടിക്കാൻ വെള്ളം നീട്ടി. അവിടുന്നങ്ങോട്ട് ഞങ്ങൾ കൂട്ടുകാരായി. ആ ചങ്ങാത്തത്തിന്റെ തണലിലാണ് പിന്നീടാ ചെങ്കുത്തായ മലയത്രയും കയറിത്തീർത്തത്. 

പെട്ടെന്നെടുത്തൊരു തീരുമാനത്തിന്റെ ബലത്തിൽ, അബ്ദുൾ റഷീദ്, രാമൻ നാരായണൻ എന്നീ ചങ്ങാതിമാർക്കൊപ്പം ഭൂട്ടാനിലേക്ക് ചാടിപ്പുറപ്പെടുമ്പോൾ ടൈഗേഴ്സ് നെസ്റ്റ്മൊണാസ്ട്രിയെപ്പറ്റി കേട്ടിരുന്നില്ല. ഞങ്ങളുടെ ഗൈഡാണ് പറഞ്ഞത്: ‘‘ഭൂട്ടാനിൽ വന്നിട്ട് ടൈഗേഴ്സ് നെസ്റ്റിൽ പോകാതെ മടങ്ങരുത്. അവിടേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. പക്ഷേ, മലമുകളിലെ ‘രണ്ടാം ബുദ്ധനെ’ കാണുമ്പോൾ അത്രനേരത്തെ പ്രയാസങ്ങൾ എല്ലാം നിങ്ങൾ മറന്നുപോകും....’’

bhuttan-trip

ആ വാക്കു വിശ്വസിച്ച് ഞങ്ങൾ യാത്ര തുടങ്ങി. പ്രസിദ്ധമായ പാറോ നഗരത്തിന്റെ താഴ്‍വാരത്തു നിന്നാണ് ടൈഗേഴ്സ് നെസ്റ്റിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്. സമുദ്രനിരപ്പിൽ നിന്ന് പതിനായിരമടി ഉയരെ, പാറോ താഴ്‍വരയിൽ നിന്ന് 900 മീറ്റർ മുകളിലാണ് മൊണാസ്ട്രി. പത്തു കിലോമീറ്റർ കുത്തനെ കാട്ടുവഴികളിലൂടെ കയറി വേണം ലക്ഷ്യത്തിലെത്താൻ. 600 രൂപ കൊടുത്താൽ കഴുതപ്പുറത്തു കയറ്റി മലമുകളിൽ എത്തിക്കുന്ന സംഘങ്ങളുണ്ട്. പക്ഷേ, തിരിച്ചു നടന്നിറങ്ങണം. പലവട്ടം മലകയറി ക്ഷീണിതരായി നിൽക്കുന്ന കഴുതകളുടെ ദൈന്യത കണ്ടപ്പോൾ യാത്ര കാൽനടതന്നെ മതിയെന്നുറപ്പിച്ചു. 

മല കയറുമ്പോൾ ഊന്നി നടക്കാനുള്ള വടി 50 രൂപയ്ക്കു താഴ്‍വാരത്തു നിന്നു വാങ്ങി. താഴ്‍വാരം നിറയെ വഴിയോര കച്ചവടക്കാരാണ്. ബുദ്ധരൂപങ്ങൾ, പ്രാർഥനാചക്രങ്ങൾ, മണികൾ...വിലപേശുകളോ ആരവങ്ങളോയില്ലാതെ ശാന്തരായി അവർ സഞ്ചാരികളെ കാത്തിരിക്കുന്നു. മല കയറിത്തുടങ്ങിയപ്പോഴാണ് മനസ്സിലായത്, പലയിടത്തും വഴി തന്നെയില്ല. നടന്നു കയറാവുന്ന വഴികൾ വളഞ്ഞു ചുറ്റി ദൈർഘ്യം കൂടിയ വയാണ്. കുറുക്കു വഴികളുണ്ട്, പക്ഷേ മണ്ണിലൂടെ അള്ളിപ്പിടിച്ചു കയറണം. ഇരുവശവും കൊടുംവനമാണ്. ഭൂട്ടാൻ വിനോദസഞ്ചാരവകുപ്പിന്റെ ചെറിയൊരു കോഫീഷോപ്പ് ഒഴിച്ചാൽ മറ്റു കടകളൊന്നുമില്ല. കാട്ടരുവികളിൽ നിന്ന് ഒഴുകി വരുന്ന തെളിനീരു മാത്രമുണ്ട്, ദാഹമകറ്റാൻ.

റിൻസെൻ പേമ എന്ന വഴികാട്ടി

bhuttan-trip3

യാത്ര തുടങ്ങി അധികം കഴിയും മുമ്പേ ഞാൻ എന്റെ സഹയാത്രികരുടെ ഏറെപ്പിന്നിലായി. അപ്പോഴാണ് റിൻസെൻ പേമ സൗഹൃദത്തിന്റെ ഉന്മേഷവുമായി കൂട്ടിനെത്തിയത്. നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും തെളിഞ്ഞ ഇംഗ്ലീഷിലാണ് റിൻസെന്റെ സംസാരം. മതവും പ്രകൃതിയും ജീവിതവുമെല്ലാം നിറച്ച നിഷ്കളങ്കമായ പറച്ചിലുകൾ.

bhuttan-trip6

‘‘ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ സൂക്ഷിക്കണം. പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ഒരു വിദേശി കഴിഞ്ഞവർഷം താഴേക്കു വീണു. ഇതുവരെ ശരീരം കിട്ടിയിട്ടില്ല....’’റിന്‍സെൻ പറഞ്ഞു. എനിക്കു പേടി തോന്നി. അങ്ങകലെ ചെങ്കുത്തായ പാറക്കെട്ടുകളിലൊരു വിചിത്ര ശില്പം പോലെ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രത്തിലേക്കു ഞാൻ നോക്കി. മനസ്സു പറഞ്ഞു– ‘‘ബുദ്ധാ, ഇനിയുമെത്ര ദൂരം....!’’ സന്ദർശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങി വരുന്ന  ഒരു തമിഴ്നാട്ടുകാരൻ പറഞ്ഞു– ‘‘കയറുന്നതിലും ബുദ്ധിമുട്ടാണ് തിരിച്ചിറങ്ങാൻ. ഭൂട്ടാനിലെത്തുന്ന ഏതൊരു സഞ്ചാരിയുടെയും പ്രധാന അനു ഭവം Lhakhangs എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രങ്ങളും Goenpas എന്നറിയപ്പെടുന്ന സന്യാസിമഠങ്ങളുമാണ്. അവിടങ്ങളിലെ സ്വച്ഛതയും ശാന്തതയും ധ്യാനഭരിത നിമിഷങ്ങളുമാണ് ഈ ഹിമാലയൻ രാജ്യത്തിന്റെ ഏറ്റവും വലിയ സ്വത്ത്. രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളും മഠങ്ങളും ഈ രാജ്യത്തുണ്ട്. ഓരോ ഗ്രാമത്തിലും ഓരോ മലമുകളിലും അവയങ്ങനെ തലയുയർത്തി നിൽക്കുന്നു. മിക്കവയും അനവധി നൂറ്റാണ്ടുകളുടെ ചരിത്രമുള്ളവ. ഭൂട്ടാനിലെ നൂറു കണക്കിന് മൊണാസ്ട്രികളിൽ വച്ച് ഏറ്റവും പ്രശസ്തമാണ് ടൈഗേഴ്സ് നെസ്റ്റ്. അതിനെ തൊടാതെ മടങ്ങുന്നതെങ്ങനെ?

‘‘നോ, ഐ കാൺഡ്...ഐ വിൽ റെസ്റ്റ് ഹിയർ....’’ പ്രായമായ ഒരു വിദേശി. യാത്ര പാതിവഴിയിൽ നിറുത്തി വഴിയരികിലെ മരബെഞ്ചിലിരുന്നു. അവിടെയായി പലരും തളർന്നിരിക്കുന്നുണ്ട്. മലയിറങ്ങുന്നവരോട് പലരും പ്രതീക്ഷയോടെ ചോദിക്കുന്നു. ‘‘ഇനിയെത്ര ദൂരം?’’ പക്ഷേ, മറുപടി ഒട്ടും ആശാവഹ മല്ല– ‘‘സുഹൃത്തെ, നിങ്ങൾ നാലിലൊന്നു ദൂരമേ കടന്നി ട്ടുള്ളൂ...’’ ഇനിയും മലകയറണമോയെന്ന് ഞാനും സംശയിച്ചു. എന്റെ ആശങ്ക കണ്ട് റിൻെസൻ പേമ വീണ്ടും ഇടപെട്ടു. ‘‘ഇവിടെ ഈ ക്ഷേത്രം ഉണ്ടാവാൻ തന്നെ കാരണം സ്ത്രീയാണ്. അപ്പോൾ നമ്മൾ സ്ത്രീകൾ തോറ്റു പിന്മാറരുത്. വരൂ....’’ എന്നെ ചേർത്തു പിടിച്ചു നടത്തിക്കൊണ്ട് റിൻസെൻ പേമ ആ കഥ പറഞ്ഞു. മലമുകളിലെ ‘രണ്ടാം ബുദ്ധന്റെ കഥ’.

രാജകുമാരി കടുവയായ കഥ

bhuttan-trip1

പണ്ടു പണ്ട്, 1200 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ഗുരു പദ്മ സംഭവ എന്ന ആചാര്യൻ ഹിമാലയൻ രാജ്യങ്ങളിലാകെ ബുദ്ധ മതസന്ദേശവുമായി ചുറ്റി സഞ്ചരിച്ചു. ‘താമരയിതളിൽ നിന്ന് പിറന്നവൻ’ എന്നാണ് ആളുകൾ അദ്ദേഹത്തെ വിശേഷിപ്പിച്ചി രുന്നത്. ബുദ്ധസന്ദേശവുമായി ടിബറ്റിൽ എത്തിയ അദ്ദേഹ ത്തിന് അവിടെ വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷേ, അവിടെ അതിസുന്ദരിയായ ഒരു രാജകുമാരി അദ്ദേഹ ത്തിന്റെ ശിഷ്യയും ജീവിതപങ്കാളിയുമായി. ടിബറ്റൻ ബുദ്ധിസ ത്തിന്റെ മാതാവായി അറിയപ്പെടുന്ന യേഷേ സൊഗ്യാൽ രാജകുമാരിയായിരുന്നു അത്. തിബത്തിൽ നിന്ന് പുറത്താക്ക പ്പെട്ട ഗുരുപദ്മസംഭവയെ രക്ഷിച്ച് ഭൂട്ടാനിലെത്തിച്ചത് ആ രാജകുമാരിയാണത്രെ. എങ്ങനെയെന്നോ? ആത്മീയശക്തി കൊണ്ട് രാജകുമാരിയൊരു പെൺകടുവയായി മാറി! പിന്നെ പദ്മസംഭവയെ പുറത്തിരുത്തി തിബത്തിൽ നിന്ന് ഭൂട്ടാനിലെ ഈ മലമുകളിലേക്ക് ആ പെൺകടുവ പറന്നുവന്നത്രെ!

ആഹാ! ഗുരുവും പ്രണയിതാവുമായൊരു പുരുഷനെയും വഹിച്ച് സുന്ദരിയായൊരു രാജകുമാരി ചിറകുള്ള കടുവയായി പറന്നെത്തിയ അതേ മലമുകളിലേക്കാണല്ലോ എന്റെയീ യാത്ര. ‘ഇല്ലില്ല, ഇനി പിന്നോട്ടില്ല!’ പൂഴിമണ്ണു നിറഞ്ഞ മൺവഴി കളിൽ പിടിച്ചു കയറിയും ഇരുന്നും ഞാനാകെ മുഷിഞ്ഞി രുന്നു. മലമുകളിൽ നിന്നൊഴുകി വരുന്ന തെളിനീരിൽ മുഖം കഴുകി. വെള്ളത്തിന് ഹിമാലയത്തിന്റെ തണുപ്പ്!

റിൻസെൻ കഥ തുടരുകയായിരുന്നു. ഈ മലമുകളിലെ പുലി മടകളിലൊന്നിലാണ് പദ്മസംഭവ പിന്നീട് ഏകാന്ത ധ്യാന ത്തിൽ മുഴുകിയത്. മൂന്നു വർഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും നീണ്ട അഗാധധ്യാനം. ഹിമാല യൻ നാടുകളിലാകെ ബുദ്ധമതത്തിന്റെ  പരമകാരുണ്യം പരത്താൻ അദ്ദേഹത്തെ പ്രാപ്തമാക്കിയ ധ്യാനമായിരുന്നു അത്. ലോകം പിന്നീട് അദ്ദേഹത്തെ ‘രണ്ടാം ബുദ്ധൻ’ എന്നു വിളിച്ചു. കഥ പാതിയിൽ നിറുത്തി റിൻസെൻ പേമ എന്നെ നോക്കി. മൂന്നു മണിക്കൂർ നീണ്ട നടത്തത്തിനൊടുവിൽ ഞങ്ങൾ ക്ഷേത്രത്തിനടുത്ത് എത്തിയിരിക്കുന്നു. ഇനി കുത്തനെയുള്ള പാറക്കെട്ടുകളിലെ 850 കൽപടവുകൾ കൂടി കടന്നാൽ മൊണാ സ്ട്രിയുടെ കവാടമായി. അല്പമകലെയൊരു വെള്ളച്ചാട്ടം കാണാം. അതിനു ചുവടെ വെള്ളം ഉറഞ്ഞ് വലിയൊരു മഞ്ഞു മലയായി കിടക്കുന്നു. ‘ഇത്രയടുത്തെത്തിയല്ലോ’. എന്ന ആശ്വാസത്തിൽ പലരും വഴിയോരത്തെ മരബെഞ്ചുകളിൽ വിശ്രമത്തിനിരിക്കുന്നു. ലോകത്തിന്റെ പല വൻകരകളിൽ നിന്നുള്ളവർ ദിവസവും ഈ മലകയറുന്നുണ്ട്. പോയ വര്‍ഷം ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യയും എത്തിയിരുന്നു ഇവിടേക്ക്. 

bhuttan-trip4

‘‘ഒരു മണിക്ക് ക്ഷേത്രം അടയ്ക്കും. പിന്നെ ഒരു മണിക്കൂർ കഴിയും തുറക്കാൻ, വേഗം....’’ ഗൈഡിന്റെ മുന്നറിയിപ്പ്. കൽപ ടവുകൾ ഞങ്ങൾ ഓടിക്കയറുകയായിരുന്നു. റിൻസെന്റെ മുതുകിലെ മാറാപ്പിൽ നിന്നിറങ്ങിയ കുസൃതിക്കുട്ടൻ ഞങ്ങൾ ക്കു മുന്നേ ഓടി. മൊണാസ്ട്രിയിലെ സ്ഥിരതാമസക്കാരായ സന്യാസിമാർക്ക് ഭക്ഷണമുണ്ടാക്കാനുള്ള ധാന്യപ്പൊടികളും വിറകുമായി കഴുതകൾ ഞങ്ങളെ കടന്നു പോയി. അവയ്ക്കു പിന്നാലെ വേഗത്തിൽ നടന്നുകൊണ്ട് റിൻസെൻ ബാക്കി ചരിത്രം കൂടി പറഞ്ഞു. 

ഗുരു പദ്മസംഭവയുടെ ധ്യാനത്തിനും 800 വർഷങ്ങൾക്കു ശേഷമാണ് ഇവിടെ സന്യാസി മഠം പണിതത്. ഗുരുപദ്മ സംഭവ ധ്യാനിച്ച ഗുഹയ്ക്കു ചുറ്റുമായി ക്ഷേത്രവും മഠവും പണിതത് 1692–ൽ തെൻസിൻ റാബ്ഗേ എന്ന ഭരണാധികാ രിയാണ്. ദുർഘടമായ ഈ മലമുകളിലെ പാറക്കെട്ടുകൾ പിളർത്തി ഈ അപൂർവ നിർമിതി തീർക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താവും? ആ സംശയം റിൻസെനോടുതന്നെ ചോദിച്ചു. മറുപടി പെട്ടെന്നായിരുന്നു: ‘‘അതോ, തെൻസിൻ റാബ്ഗേ വെറും ഭരണാധികാരിയായിരുന്നില്ല. അദ്ദേഹം ഗുരുപദ്മസംഭവയുടെ പുനർജന്മം ആയിരുന്നു!’’ അങ്ങേയറ്റം അപകടം പിടിച്ച ഈ പാറക്കെട്ടിൽ ക്ഷേത്രം പണിതിട്ടും പണിക്കിടെ ഒരാൾക്കു പോലും അപകടം പറ്റിയില്ലത്രെ. അന്ന് പാറോ താഴ്‍വരയിൽ നിന്ന് മലമുകളിലേക്കു നോക്കിയ കർഷ കർ ആകാശത്തുനിന്നു പുഷ്പങ്ങൾ പൊഴിയുന്നത് കണ്ടു വത്രെ!

കൺമുമ്പിൽ രണ്ടാം ബുദ്ധൻ

കഥകളുടെയും വിശ്വാസങ്ങളുടെയും കൽപടവുകൾ ചവിട്ടി ഞങ്ങൾ മൊണാസ്ട്രിയുടെ കവാടത്തിലെത്തി. ചുറ്റും എല്ലാ മലമുകളിലും പ്രാർത്ഥനാമന്ത്രങ്ങൾ എഴുതിയ വലിയ കൊടി മരങ്ങൾ കാണാം. ഭൂട്ടാനിലെവിടെയും ഇതുണ്ട്. എല്ലാ മലമുകളിലും വർണതുണികൾ, അവയിലാകെ പ്രാർഥനാ മന്ത്ര ങ്ങൾ. പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും മലയിടിച്ചിലുകളിൽ നിന്നും നാടിനെ രക്ഷിക്കുന്നത് ഈ മന്ത്രമെഴുത്താണെന്ന് ഭൂട്ടാൻകാർ വിശ്വസിക്കുന്നു. ഭൂട്ടാൻ റോയൽ പൊലീസിന്റെ പരിശോധന കഴിഞ്ഞ് ഞങ്ങൾ മൊണാസ്ട്രിയുടെ ഉള്ളിലേക്ക് നടന്നു. ക്യാമറയും ബാഗു മൊന്നും അകത്തേക്ക് കടത്തില്ല. 20 വർഷം മുമ്പ് ഇവിടെ യൊരു തീപിടുത്തമുണ്ടായിട്ടുണ്ട്. അതിനുശേഷം സന്ദർശകർ ക്ക് കർശന നിയന്ത്രണങ്ങളാണ്.

ലക്ഷ്യമെത്തിയല്ലോ എന്ന വിസ്മയത്തിൽ ഞാൻ ചുറ്റു നോക്കി. മലമുകളിലെ കുത്തനെയുള്ള പാറക്കെട്ടുകളിൽ ‘അള്ളിപ്പിടിച്ചു’ കിടക്കുന്ന കുറെ ചെറു നിർമിതികളാണ് ടൈഗർനെസ്റ്റ് മൊണാസ്ട്രി. നാലു പ്രധാന ക്ഷേത്രങ്ങൾ, ചുറ്റും സന്യാസിമാർക്ക് താമസിക്കാനുള്ള ചെറിയ കെട്ടിട ങ്ങൾ. കല്ലുകളിൽ തീർത്ത പടവുകൾകൊണ്ട് എല്ലാ കെട്ടിട ങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. പദ്മസംഭവ ധ്യാന ത്തിലിരുന്ന പ്രധാന ഗുഹയും മറ്റ് ഏഴു പുണ്യഗുഹകളുമുണ്ട്. ഇടുങ്ങിയ കൽവിടവിലൂടെ നൂഴ്ന്നു വേണം പ്രധാന ഗുഹയി ലേക്ക് കടക്കാൻ. ബോധിസത്വ ചിത്രങ്ങളാണ് ഗുഹാകവാട ത്തിന്റെ ഇരുവശവും. ‘താങ്ക’ എന്നറിയപ്പെടുന്ന ബുദ്ധശൈലി യിലുള്ള കൂറ്റൻ പെയിന്റിങ്ങുകളാണവ. 

ഇത്ര വലിയൊരു കഠിനമലകയറ്റം കഴിഞ്ഞെത്തുന്ന സഞ്ചാരി യുടെ അവശതകളെ അഗാധമായ ശാന്തികൊണ്ട് അലിയിച്ചു കളയുന്ന അത്ഭുതമാണ് ഈ ക്ഷേത്രം. ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ ഭൂമിയുടെ നെറുകയിലാണ് നമ്മുടെ നിൽപ്പെന്നു തോന്നും. ദൂരെയുള്ള മലകൾ പോലും നമ്മെക്കാൾ വളരെ താഴെ. അങ്ങകലെ ഉറുമ്പുകളെപ്പോലെ കുന്നുകയറിവരുന്ന വിശ്വാസികൾ. ‘ഇപ്പോ തൊടാമല്ലോ’ എന്ന മട്ടിൽ അത്രയ ടുത്ത്  നീലാകാശം. അവിടെ വിചിത്ര മേഘരൂപങ്ങളുടെ ഒഴുക്ക്. തണുത്തകാറ്റ് മലകയറിവന്ന് ശരീരത്തെയും മനസ്സി നെയും പൊതിഞ്ഞ് ഉമ്മവയ്ക്കുന്നു.ഇരുണ്ട പുലിമടകൾ, ധ്യാനഗുഹകൾ, ചെറുക്ഷേത്രങ്ങളും അവയിലെ ചിത്രങ്ങളും...എല്ലാം ചുറ്റിക്കാണവെ മനസ്സിലായി, മനസ്സിനെ സ്വച്ഛവും ശാന്തവുമാക്കുന്ന എന്തോ ഒരദ്ഭുതം ഈ മലമുകളിലുണ്ട്. ജീവിതത്തിന്റെ കഠിനമായ മലകയറ്റങ്ങൾ കഴിഞ്ഞു മാത്രം കിട്ടുന്ന ശാന്തത. കാനനപാത കടന്ന് അയ്യപ്പ സ്വാമിയെ തൊഴുതുമടങ്ങുന്ന ശീലമുള്ള മലയാളിക്ക് അത് വേഗം മനസ്സിലാവും. പ്രധാനക്ഷേത്രത്തിൽ ഗുരുപദ്മസംഭ വയുടെ കൂറ്റൻ ‘താങ്ക’ ചിത്രം. ‘രണ്ടാം ബുദ്ധന്റെ’ രൂപത്തിനു മുന്നിൽ കണ്ണടച്ചു പ്രാർഥിച്ചു. റിൻസെൻ മന്ത്രിക്കുംപോലെ ചോദിച്ചു: ‘‘അങ്ങകലെ ഇന്ത്യയുടെ തെക്കേയറ്റത്തു നിന്ന് വന്നിട്ട് ഞങ്ങളുടെ രണ്ടാം ബുദ്ധനോട് എന്താണ് പ്രാർഥിക്കു ന്നത്?’’ കണ്ണുതുറക്കാതെ ഞാൻ മറുപടി പറഞ്ഞു: ‘‘ശാന്തി, മനസ്സിന്റെ ശാന്തി മാത്രം...’’ അതു ശരിവെച്ച് പുറത്ത് മണികൾ മുഴങ്ങി.

അറിയാം

∙ മലയാളികൾക്ക് എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ എത്താവുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഒരൊറ്റ രാജ്യാന്തര വിമാനത്താവളം മാത്രമുള്ള ഭൂട്ടാനിലേക്ക് കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും റോയൽ ഭൂട്ടാൻ എയർലൈൻസ് വിമാനസർവീസ് നടത്തുന്നുണ്ട്. എന്നാലിത് താരതമ്യേന ചെലവേറിയതാണ്.

∙ പകരം ചെലവുകുറഞ്ഞ മറ്റൊരു മാർഗമുണ്ട്. പശ്ചിമ ബംഗാളിലെ Bagdogra വിമാനത്താവളത്തിലേക്ക് കൊച്ചിയിൽ നിന്നും നേരിട്ട് ഇൻഡിഗോ, എയർ ഇന്ത്യ, ജറ്റ് എയർവെയ്സ് തുടങ്ങിയവരെല്ലാം സർവീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളിൽ, മുൻകൂട്ടി ബുക്ക് ചെയ്താൽ ആറായിരം രൂപ മുതൽ വിമാനടിക്കറ്റുകൾ ലഭ്യമാണ്. Bagdogra  യിൽ നിന്ന് ടാക്സിയിൽ 162 കിലോമീറ്റർ യാത്ര ചെയ്താൽ ഇന്ത്യ –ഭൂട്ടാൻ അതിർത്തി ഗ്രാമമായ ജയ്ഗോണിൽ എത്തും. അവിടെ നിന്ന് ട്രാവൽ പെർമിറ്റ് എടുത്ത് യാത്ര തുടർന്നാൽ ടാക്സി യിൽ അഞ്ചു മണിക്കൂർ കൊണ്ട് ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവിൽ എത്താം. കുത്തനെയുള്ള മലകൾ തുരന്ന് നിർമിച്ച ജയ്ഗോൺ–തിമ്പു റോഡിലെ യാത്ര മനോഹരമായ ഒരനുഭവ മാണ്. വിമാനത്തിൽ നേരിട്ട് പാറോവിൽ എത്തുന്നവർക്ക് കിട്ടാതെ പോകുന്നതും ഇതാവും.

∙ ദീർഘമായ ട്രെയിൻ യാത്ര ഇഷ്ടമുള്ളവർക്ക് കൊൽക്കത്ത യിൽ നിന്ന് കാഞ്ചൻകന്യ എക്സ്പ്രസിൽ ഒരു രാത്രി മുഴുവന്‍ യാത്ര ചെയ്താൽ ഭൂട്ടാൻ അതിർത്തി നഗരമായ ജയ്ഗോണിന് അടുത്തെത്താം. വടക്കൻ ബംഗാളിന്റെ ഉൾനാടുകളെ മുറിച്ചു കടന്നു പോകുന്ന ഈ തീവണ്ടിയാത്രയും സവിശേഷമായ ഒരനുഭവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com