sections
MORE

നാലുപെണ്ണുങ്ങളുടെ യാത്ര, ലഡാക്കിന്റെ ഉയരം തേടി

8shutterstock_482155456
SHARE

ഓരോ മനസ്സിലും ഓരോ രീതിയിലാണ് ലഡാക്ക് പതിയുന്നത്. റൈഡേഴ്സിന് ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ റോഡുകളായി, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ട്രക്കിങ്ങിനായി... എന്നാൽ ഞങ്ങളെ പോലെ സാധാരണ സഞ്ചാരികൾക്ക് ലഡാക്ക് എന്നാൽ മൊണാസ്ട്രീകളും, സ്തൂപങ്ങളും പിന്നെ കണ്ടാൽ മതിവരാത്ത പ്രകൃതി രമണീയതയും ഒരുക്കി വച്ച സ്വർഗമാണ്.

ജമ്മുകാശ്മീരിന്റെ ഭാഗമെങ്കിലും കശ്മീരിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ  സംസ്‌കാരമാണ് ലഡാക്കിലെ ജനതയ്ക്ക്. സിന്ധു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറിയ ജില്ലയിൽ ഇന്ത്യയുടെയും ചൈനയുടെയും ടിബറ്റിന്റേയും, നേപ്പാളിന്റേയും സംസ്‌കാരം ഇടകലർന്നിരിക്കുന്നു. സ്നേഹത്തിന്റെ മന്ത്രങ്ങൾ ഉരുവിടുന്ന പ്രാര്‍ഥനാ ചക്രങ്ങളും, സമാധാനത്തിന്റെ പ്രതീകമായി കാറ്റിൽ പാറിപ്പറക്കുന്ന കൊടികളും ലഡാക്കിലേക്ക് ഞങ്ങൾക്ക് സ്വാഗതമരുളി.

4travel

ലഡാക്ക്, സഞ്ചാരിയുടെ സ്വപ്നഭൂമി

ചെന്നൈ നഗരത്തിന്റെ തിരക്കിൽ നിന്ന് ലഡാക്കിന്റെ ഉയരം തേടിയുള്ള യാത്ര ശരിക്കും സ്വപ്നസാക്ഷാത്കാരമായിരുന്നു. ഖാത്ത (KHATHA) എന്ന സില്‍ക്ക് സ്‌കാര്‍ഫ് പുതപ്പിച്ചാണ് ഹോട്ടലുകാർ ഞങ്ങളെ എതിരേറ്റത്. ഈ പുതപ്പ് അണിയുന്ന ആളുടെ ഹൃദയ പരിശുദ്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത്ര നേരത്തെ യാത്രാക്ഷീണം  അൽപ നേരത്തെ വിശ്രമത്തിലൊതുക്കി ഞങ്ങൾ കാഴ്ചകൾ കാണാനിറങ്ങി. ഉയര്‍ന്ന ആള്‍റ്റിറ്റൂഡിനോട് ശരീരം പ്രതികരിക്കാതിരിക്കാൻ മരുന്ന് കഴിച്ചു. ലേ പാലസ്സും ശാന്തി സ്തൂപവും കാണുകയെന്നതാണ് ആദ്യലക്ഷ്യം. തണുപ്പ് ശരീരത്തെ വലിഞ്ഞുമുറുക്കുന്നുണ്ട്. 17 ാം നൂറ്റാണ്ടില്‍ സെന്‍ജി നമഗാള്‍ എന്ന രാജാവ് പണികഴിപ്പിച്ച കൊട്ടാരമാണ് ലേ പാലസ്. കൊട്ടാരം എന്നാല്‍ നമ്മുടെ നാട്ടിൽ കണ്ടുശീലിച്ച മണിമന്ദിരമല്ല. മറിച്ച് തടിയില്‍ തീര്‍ത്തതും മനോഹരമായ കൊത്തുപണികളോടും കൂടിയ ഒമ്പത് നിലകളോടു കൂടിയ ഒന്ന്. കൊട്ടാരത്തിന്റെ മുകള്‍ നിലയില്‍ നിന്നാല്‍ ലേ പട്ടണത്തിന്റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാം.

6Shanti-stupa

ലേയില്‍ എവിടെ നിന്നാലും കാണാന്‍ കഴിയുന്ന ഒന്നാണ് ശാന്തി സ്തൂപം. 1991 ല്‍ ലോക സമാധാനത്തിനായി പണികഴിപ്പിച്ചത്. ഇരു നിലകളുള്ള ശാന്തി സ്തൂപത്തിന് ആദ്യത്തെ നിലയില്‍ ധര്‍മ ചക്രവും രണ്ടാം നിലയില്‍ ധ്യാനത്തിനായുള്ള മുറിയുമാണുള്ളത്. ധര്‍മചക്രത്തില്‍ ജനനം, മരണം, ദുഷ്ട ശക്തികളോടുള്ള പ്രതിരോധം എന്നിവയ്ക്ക് നടുവിലായി സ്വര്‍ണ നിറത്തില്‍ ഗൗതമ ബുദ്ധ പ്രതിമയും നിലകൊള്ളുന്നു. അന്തരീക്ഷത്തില്‍ എവിടെയും പ്രതിധ്വനിക്കുന്നത് ശാന്തി മന്ത്രം മാത്രം. രണ്ടാം ദിവസം ലേ- ശ്രീനഗര്‍ ഹൈവേയിലൂടെയാണ് യാത്ര. സിന്ധു നദിയും സന്‍സ്‌കാര്‍ നദിയും സംഗമിച്ച് സിന്ധുവുമായി മുന്നോട്ട് ഒഴുകുന്ന മനോഹരമായ  കാഴ്ച. സിന്ധുവിന് നീല നിറവും സന്‍സ്‌കാറിന് മണ്ണ് കലര്‍ത്തിയ നിറവുമാണ്. അതിനാൽ അവ ഒന്നുചേരുന്നതും  കെട്ടിപിണഞ്ഞ് ഒഴുകിയകലുന്നതും കൃത്യമായി കാണാം. ലേയില്‍ നിന്നും 25 കിലോമീറ്റർ അകലെയുള്ള പത്തര്‍ സാഹിബ് ഗുരുദ്വാരയായിരുന്നു അടുത്ത ലക്ഷ്യസ്ഥാനം. പൂർണമായും പട്ടാള അധീനതയിലുള്ള സിക്ക് ദേവാലയമാണിത്.

ഗുരു നാനാക്ക് ലഡാക്ക് സന്ദര്‍ശിച്ചപ്പോൾ ഇവിടെ ധ്യാനത്തിലിരുന്നതായി വിശ്വാസം. അദ്ദേഹത്തെ ശല്യം ചെയ്യാന്‍ ഒരു രാക്ഷസന്‍ പാറക്കല്ല് എറിഞ്ഞു. എന്നാൽ ആ പാറക്കല്ല്  ഉരുകി ഗുരുവിന്റെ രൂപത്തിലായി എന്നാണ് സങ്കല്‍പം. ഗുരുദ്വാരയില്‍ ഈ പാറക്കല്ല് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു, ഇവിടെ എത്തുന്ന സഞ്ചാരികൾക്കെല്ലാം ഭക്ഷണം നല്‍കിയാണ് പട്ടാളക്കാർ യാത്രയാക്കുന്നത്.

3Mythreya-Bhuddha-Dixit-Monastry

സമാധാനത്തിന്റെ മണ്ണ്, ബുദ്ധന്റെയും

മാഗ്നറ്റിക് ഹില്‍ അഥവാ കാന്തികശക്തിയുള്ള മലയാണ് മറ്റൊരു അത്ഭുതം. വണ്ടികള്‍ നിര്‍ത്തിയിട്ടാല്‍ അവ സ്വയം കുന്നിന്റെ അരികിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു. കാഴ്ചയില്‍ ചരിവുകള്‍ കാണാനില്ല. നാല് വശങ്ങളിലും മലകളായതിനാൽ വഴിയുടെ ചരിവ് കാണാത്തതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ബുദ്ധദേവാലയങ്ങളായ മൊണാസ്ട്രികളിലേക്കാണ് ഇനി യാത്ര. ലേ- ശ്രീനഗര്‍ ഹൈവേയില്‍ അനേകം മൊണാസ്റ്ററികള്‍ ഉണ്ട്. അവയില്‍ പ്രധാനം “ആല്‍ച്ചി”യും “ലൈക്കറും” ആണ്. സിന്ധു നദീതടത്തിലാണ് ആല്‍ച്ചി സ്ഥിതി ചെയ്യുന്നത്. ബുദ്ധിസവും ഹിന്ദുയിസവും കൂടി ചേര്‍ന്ന ആചാരങ്ങളും, അനുഷ്ഠാനങ്ങളുമാണ് ഇവിടെ. കശ്മീരി രീതിയില്‍ മൂന്ന് നിലകളിലായ് പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം.

5Sangam

പ്രധാനമായും മൂന്ന് ക്ഷേത്രങ്ങളാണിവിടെ ഉള്ളത്. അതില്‍ ബുദ്ധദേവന്റെ പല ഭാവങ്ങള്‍ നിറഞ്ഞ സ്തൂപങ്ങളുണ്ട്. ആകാശം മുട്ടെ ഉയരമുള്ള സ്തൂപങ്ങളിൽ അവലോകേശ്വര സ്‌നേഹത്തിന്റയും മഞ്ചുശ്രീ ബുദ്ധിയേയും മൈത്രേയ ബുദ്ധന്‍ വരാനിരിക്കുന്ന ലോക രക്ഷകനേയും പ്രതിനിധീകരിക്കുന്നു. ക്ഷേത്രത്തിനു പുറത്ത് നദിക്കരയിലെ കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ലഡാക്കില്‍ വന്നിറങ്ങിയ നിമിഷം മുതല്‍ പട്ടണം ചുറ്റും നിരവധി പ്രാര്‍ഥനാ ചക്രങ്ങള്‍ കണ്ടിരുന്നു. എന്നാൽ തടിയിലും, ലോഹത്തിലും, തുകലിലും, കല്ലിലും തീർത്ത കുറേയധികം പ്രാർഥനാചക്രങ്ങൾ ഒരുമിച്ച് കണ്ടത് ആ നദിക്കരയിൽ വച്ചാണ്. ‘ഓം മണിപത്‌മേ ഹും’ എന്നാണ് ഓരോ വട്ടം ഇത് കറക്കുമ്പോഴും പ്രാർഥിക്കുന്നത്. ദുഷ്ട ചിന്തകള്‍ മാറി ബുദ്ധിക്ക് തെളിച്ചവും, സമാധാനവും ഉണ്ടാകാനാണ് ഈ പ്രാർഥന.

ഇനി യാത്ര ലൈക്കര്‍ മൊണാസ്ട്രയിലേക്ക്. 120 സന്യാസിമാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇതോടൊപ്പം ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രത്യേക പ്രാർഥനകളും നൃത്തവും നിറയുന്ന ‘ഡസ്‌മോച്ചെ’ ആണ് ഇവിടുത്തെ പ്രധാന ഉത്സവം.

ഹാള്‍ ഓഫ് ഫെയിം

ഇന്ത്യ പാക് യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ ഓര്‍മയ്ക്കായി നിര്‍മിച്ചതാണ് ‘ഹാള്‍ ഓഫ് ഫെയിം’. ഇന്ത്യൻ ആര്‍മിയാണ് ഇത് നിര്‍മിച്ചതും നോക്കി നടത്തുന്നതും. താഴത്തെ നിലയില്‍ ലഡാക്കിന്റെ മാപ്പും, കലാസാംസ്കാരിക മേന്മകളും, വന്യജീവി സമ്പത്തും, മിഗ് വിമാനങ്ങളുടെ മിനിയേച്ചറുകളുമാണ്. ഇതോടൊപ്പം ഒരു സുവനീര്‍ കടയും ഹാളും ഉണ്ട്. ഹാളിൽ ഇന്ത്യ പാക് യുദ്ധത്തിന്റെ വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നു. പരമ്പാരഗത ലഡാക്കന്‍ വസ്ത്രങ്ങളില്‍ ഫോട്ടോ എടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

3Nubra

മൂന്നാം ദിവസം നൂബ്ര വാലിയിലേക്കായിരുന്നു യാത്ര. ഖർദുങ് ലേ പാസ്സിലൂടെയാണ് മുന്നോട്ടു പോകുന്നത്. ലോകത്തിലെ സഞ്ചാരയോഗ്യമായ ഏറ്റവും ഉയരത്തിലുള്ള റോഡാണിത്. മഞ്ഞുമൂടിയ ഹിമാലയന്‍ സാനുക്കളിലൂടെ യാത്ര ചെയ്ത്, പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന നൂബ്ര താഴ്‌വരയില്‍ എത്തിച്ചേർന്നു. ലേയിൽ നിന്ന് 150 കിലോമീറ്റർ ദൂരമുണ്ട് നൂബ്രയിലേക്ക്. ഒട്ടകപ്പുറത്തെ സാഹസികയാത്രയാണ് നൂബ്രയിലെ പ്രധാന വിനോദം. നാല് ഒട്ടകങ്ങളെ പരസ്പരം ബന്ധിച്ചാണ് സവാരി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ഒട്ടകസവാരിക്ക് ശേഷം തിരിച്ച് കലാപരിപാടികള്‍ നടക്കുന്ന കൂടാരത്തിലേക്കെത്തി. ലഡാക്കിന്റെ തനതായ ജബ്രോ നൃത്തം ചെയ്യുന്ന സുന്ദരിമാർ. ഡാമിനന്‍ എന്ന ഗിറ്റാര്‍ പോലുള്ളൊരു ഉപകരണത്തിന്റെ അകമ്പടിയോടെ  പാട്ട് പാടുന്ന പുരുഷന്‍മാർ. അവര്‍ക്കൊപ്പം ചേർന്ന് അവരിലൊരാളായി നൃത്തം ചെയ്തും ചിത്രങ്ങളെടുത്തും ഞങ്ങള്‍ പിരിഞ്ഞു.

ഡിസ്‌കിറ്റ് മൊണാസ്ട്രിയിലേക്ക്

താഴ്‌വരയിലെ കൂടാരത്തിലെ രാത്രിയാണ് ഒരിക്കലും വിസ്മരിക്കാനാവാത്തത്. കൊച്ചരുവിയുടെ കരയിൽ ഒരുക്കിയ മനോഹരമായ കൂടാരങ്ങളിലായിരുന്നു താമസം. പ്രഭാതത്തില്‍ അവിടെ നിന്നും ഡിസ്‌കിറ്റ് മൊണാസ്ട്രിയിലേക്ക് യാത്ര തിരിച്ചു. 105 അടി പൊക്കത്തിലുള്ള മൈത്രേയ ബുദ്ധ പ്രതിമയാണ് ഇവിടുത്തെ പ്രത്യേകത. ഭാവിയില്‍ അവതരിക്കാനിരിക്കുന്ന ബുദ്ധ ദേവന്റെ പ്രതീകമാണ് മൈത്രേയ ബുദ്ധൻ. ബുദ്ധമതം അനുസരിച്ച് 4500 വര്‍ഷത്തെ നിയമനിഷേധത്തിന്റെ ഫലമായി ബുദ്ധന്‍ വീണ്ടും അവതരിക്കും എന്നാണ് വിശ്വാസം. ഡിസ്‌കിറ്റ് മൊണാസ്ട്രി, ലഡാക്കിലെ രണ്ടാമത്തെ വലിയ മൊണാസ്ട്രിയാണ്.

നാലാം ദിവസമാണ് Pangong Tso തടാകം കാണാനുള്ള യാത്ര. ഇന്ത്യ ചൈന അതിര്‍ത്തിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മൂന്നാമത്തെ, ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ ഛാങ്‌ലാ പാസിലൂടെയായിരുന്നു യാത്ര. ഈ ചുരം അവസാനിക്കുന്നിടത്താണ് ചാങ് താങ് വന്യജീവി സങ്കേതം. വഴിയില്‍ ധാരാളം മംഗൂസുകളെയും, യാക്കിനേയും കാണാന്‍ സാധിച്ചു. Pangong Tso തടാകം ഏറ്റവും ഉയര്‍ച്ചയിലുള്ള ഉപ്പുവെള്ള തടാകമാണ്. തണുപ്പിനെ വക വയ്ക്കാതെ ഞങ്ങള്‍ അതില്‍ മുങ്ങി കയറി. പിന്നെയും കണ്ട് തീര്‍ക്കാന്‍ ഏറെയുണ്ട് ലഡാക്ക് കാഴ്ചകൾ. കാളീമാതാ ക്ഷേത്രം, അനേകം മൊണാസ്ട്രികൾ, തിക്‌സേ മൊണാസ്ട്രി, ഷേ പാലസ് ഇവയൊക്കെ ഒരു എത്തിനോട്ടത്തിലൂടെ കണ്ട് തീര്‍ത്ത് ലേയിലേക്ക് മടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA