ADVERTISEMENT

വിനോദസഞ്ചാര മേഖലയിലെ ഒരു പുത്തൻ പ്രവണതയാണ് മരങ്ങൾക്കു മുകളിൽ നിർമിച്ച ചെറുവീടുകൾ. കാർട്ടൂണുകളിലും സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടും വായിച്ചും പരിചയിച്ച മരത്തിന്റെ ഉയരങ്ങളിൽ പണിതിരിക്കുന്ന വീടുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. മരമുകളിലുള്ള താമസവും വിശാലമായ വനത്തിന്റെ കാഴ്ചകളും തണുപ്പുമൊക്കെ സമ്മാനിക്കുന്ന വൃക്ഷ ഭവനങ്ങളിലെ താമസം ഏതൊരാളെയും പ്രണയാതുരനാക്കും. പ്രകൃതിയെ ഏറ്റവുമടുത്തറിയാൻ സഹായിക്കും ഇത്തരം വീടുകളിലെ താമസങ്ങൾ.

മരത്തിലൂടെ കയറി, നീണ്ടുകിടക്കുന്ന വൃക്ഷശിഖരങ്ങളും ഇലച്ചാർത്തുകളും കണ്ടുകൊണ്ടു ഏറെ പ്രിയപ്പെട്ടൊരാൾക്കൊപ്പം താമസിക്കാനിതാ ഇന്ത്യയിലെ പ്രധാനപ്പെട്ട കുറച്ചു മരവീടുകൾ. മധുവിധു ആഘോഷിക്കുന്നവർക്കു മാത്രമല്ല, കാടിന്റെ സൗന്ദര്യം അടുത്തറിയണമെന്നു ആഗ്രഹിക്കുന്നവർക്കും ഇത്തരം വൃക്ഷ ഭവനങ്ങളിലെ താമസം ഇഷ്ടപ്പെടും.

ട്രീ ഹൗസ് ഹൈഡ്എവേ, ബാന്ധവ്ഗർ, മധ്യപ്രദേശ്

വന്യമായ കാടിനു നടുവിൽ, കടുവകളും മറ്റു വന്യമൃഗങ്ങളും റോന്തുചുറ്റുന്ന കാഴ്ച കണ്ടുകൊണ്ടു മരത്തിനു മുകളിൽ സകല സൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് ഒരു താമസം. ബാന്ധവ്ഗർ വന്യജീവി സങ്കേതത്തിലെ താമസം ഏതൊരു സഞ്ചാരിക്കും അവിസ്മരണീയമായ അനുഭവമായിരിക്കും.

സുരക്ഷിതമായ താമസമൊരുക്കുന്ന അഞ്ചു വൃക്ഷ ഭവനങ്ങൾ ഇവിടെയുണ്ട്. എയർ കണ്ടീഷൻ, വലിയ ഊണുമുറി, ഇരുപത്തിനാലു മണിക്കൂറും ജലവിതരണം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഇവിടെയൊരുക്കിയിട്ടുണ്ട്. വൃക്ഷത്തലപ്പുകളിലിരുന്നു പക്ഷികൾ കാടിന്റെ മനോഹാരിത കാണുന്നതുപോലെ ഒരു വിഹഗവീക്ഷണം നടത്താൻ... വനത്തിലെ ചെറുശബ്ദങ്ങളും മുരൾച്ചകളും കേട്ടുകൊണ്ട് അല്പം സാഹസികത നിറഞ്ഞ പകലും രാത്രിയും പ്രിയപ്പെട്ടവർക്കൊപ്പം ആസ്വദിക്കാൻ ട്രീ ഹൗസ് ഹൈഡ് എവേ അതിഥികളെ സഹായിക്കും.

ദി ട്രീ ഹൗസ് റിസോർട്ട്, ജയ്‌പൂർ, രാജസ്ഥാൻ

The-Tree-House-Resort,-Jaipur,-Rajasthan
Image From Official site

പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം അതും വനമധ്യത്തിൽ എന്നു കേൾക്കുമ്പോൾ അൽപം കൗതുകം തോന്നുന്നുണ്ടോ? ജയ്‌പൂരിലെ ട്രീ ഹൗസ് റിസോർട്ട് സഞ്ചാരികൾക്കു ഇത്തരം കൗതുകകരമായ കാര്യങ്ങൾ സമ്മാനിക്കുന്നൊരിടമാണ്. അത്യാഡംബരം നിറഞ്ഞ ഇവിടുത്തെ താമസം അതിഥികൾക്കു വിസ്മയം നിറഞ്ഞതായിരിക്കും.

കൂടാതെ, അതിമനോഹരമായ പ്രകൃതിയും വനത്തിന്റെ കുളിർമയും പക്ഷികളുടെ നാദങ്ങളും നൽകുന്നതു വാക്കുകൾക്കതീതമായ അനുഭവങ്ങളായിരിക്കും. രാത്രിയും പകലും നീളുന്ന വൃക്ഷഭവനത്തിലെ താമസം ഒരു സമയത്തും മുഷിപ്പിക്കുകയില്ലെന്നു മാത്രമല്ല, എല്ലായ്‌പ്പോഴും സുഖകരമായ അനുഭൂതി പ്രദാനം ചെയ്യും. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഇവിടുത്തെ താമസം ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഒന്നായിരിക്കും.

ദി മച്ചാൻ, ലോണാവാല, മഹാരാഷ്ട്ര

The-Machan,-Lonavala,-Maharashtra
Image From Official site

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വൃക്ഷഭവനങ്ങൾ ഏതൊക്കെയെന്നു തിരഞ്ഞാൽ അതിൽ പ്രഥമസ്ഥാനമുള്ള ഒരിടമാണ് ലോണാവാലയിലെ ദി മച്ചാൻ. പശ്ചിമഘട്ട മലനിരകളിൽ, പ്രകൃതിയുടെ മടിയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഈ മരവീട് തറയിൽ നിന്നും 35 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

സുഖകരമായ താമസത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമെങ്കിലും ഇന്റർനെറ്റിന്റെ സഹായമൊന്നും പ്രതീക്ഷിക്കരുത്. കാടിന്റെ തനതു വന്യതയും സൗന്ദര്യവും ആസ്വദിക്കാൻ അവസരം ലഭിക്കുമ്പോൾ എന്തിനു ഫേസ്ബുക്ക്, വാട്സാപ് പോലുള്ള സമൂഹമാധ്യമങ്ങൾ എന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിപക്ഷവും ചോദിക്കുന്നത്. പക്ഷിനിരീക്ഷണം പോലുള്ള കാര്യങ്ങളിൽ താൽപര്യമുള്ളവർക്ക് ഏറെ മുതൽക്കൂട്ടാണ് ഈ മരവീട്ടിലെ താമസം. സുഖചികിത്സ പോലുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

വൈത്തിരി റിസോർട്ട്, വയനാട്

Vythiri-Resort,-Waynad,-Kerala1
Image From Official site

കേരളത്തിലെ വയനാട്ടിൽ വനത്തിനു നടുവിൽ അത്യാഢംബര സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്ന വൃക്ഷഭവനം അതാണ് വൈത്തിരി റിസോർട്ട്. നീന്തൽക്കുളം, മികച്ച റസ്‌റ്റോറന്റ്, സ്പാ തുടങ്ങി അതിഥികളെ തൃപ്തിപ്പെടുത്തുന്ന എല്ലാ സൗകര്യങ്ങളും റിസോർട്ടിലുണ്ട്. കാടിന്റെ സൗന്ദര്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് റിസോർട്ട് നിർമിച്ചിരിക്കുന്നത്.

ഇതിനുചുറ്റുമുള്ള ചെറു വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടുത്തെ പ്രധാന ആകർഷക കേന്ദ്രങ്ങളാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും കാനനഭംഗി ആസ്വദിക്കാനായി സാഹസിക യാത്രകളുമൊക്കെ ചെയ്യാമെന്നതാണ് വൈത്തിരി റിസോർട്ട് സഞ്ചാരികൾക്കു മുമ്പിൽ വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങൾ.

സഫാരി ലാൻഡ് റിസോർട്ട്, മസിനഗുഡി

കാടിന്റെ വന്യത നുകരുവാൻ സഫാരി ലാൻഡ് റിസോർട്ടിനോളം മികച്ചയിടങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്. താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും മനോഹരമാക്കുന്ന കാടിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് മസിനഗുഡിയിലെ പ്രധാന ആകർഷണം. ധാരാളം സാഹസിക വിനോദങ്ങൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ഒരിടം കൂടിയാണിത്. കുതിര സവാരി, ആന സവാരി എന്നിവ അവയിൽ ചിലതുമാത്രം.

പക്ഷിനിരീക്ഷണത്തിൽ താൽപര്യമുള്ളവർക്ക് ഏറെ സഹായകരമാണ് ഇവിടുത്തെ താമസം. കൂടാതെ ഫോട്ടോഗ്രാഫർമാർക്ക് വനഭംഗി നിറഞ്ഞ മികച്ച ചിത്രങ്ങളും ഇവിടെ നിന്നും ലഭിക്കും. മനോഹരമായ നിരവധി സ്ഥലങ്ങൾ സഫാരി ലാൻഡ് റിസോർട്ടിനു ചുറ്റിലുമുണ്ട്. മുതുമലൈ വന്യജീവി സങ്കേതവും തെപ്പക്കാട് ആന സങ്കേതവുമൊക്കെ മസിനഗുഡിയിലെത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചിലയിടങ്ങളാണ്.

ട്രീ ഹൗസ് കോട്ടേജസ്, മണാലി, ഹിമാചൽപ്രദേശ് 

കുളു - മണാലി യാത്ര ചെയ്യാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ കുറവായിരിക്കും. അത്രയധികം മനോഹരമാണ് ആ നാടും അവിടുത്തെ കാഴ്ചകളും. നഗരത്തിരക്കുകളിൽ നിന്നും ഏകദേശം മുപ്പതു മിനിറ്റോളം യാത്ര ചെയ്താൽ ട്രീ ഹൗസ് കോട്ടേജസിൽ എത്തിച്ചേരാൻ കഴിയുന്നതാണ്.

മഞ്ഞുമൂടി കിടക്കുന്ന സുന്ദരമായ പ്രകൃതിയും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കോട്ടേജുമൊക്കെ അതിഥികൾക്കു വിസ്മയം പകരുന്ന കാഴ്ചയായിരിക്കും. മികച്ചതും രുചികരവുമായ നാടൻ ഭക്ഷണം ലഭിക്കുന്ന ഇവിടുത്തെ താമസത്തിനു മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു ചെലവ് കുറവാണ്. പ്രാഥമിക സൗകര്യങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും സുരക്ഷിതവും ഏറെ ആകർഷകവുമാണ് മണാലിയിലെ ട്രീ ഹൗസ് കോട്ടേജസിലെ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com