sections
MORE

ഒമ്പതു കവാടങ്ങൾക്ക് മുകളിലുള്ള പാലം

697936426
SHARE

പ്രകൃതി സ്നേഹികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരിടമെന്ന പ്രത്യേകതയുണ്ട് ശ്രീലങ്കയിലെ എല്ലയ്ക്ക്. ആദ്യകാഴ്ചയിൽ മനം കവരുക എല്ലയുടെ സൗന്ദര്യമാണ്. ആ അഭൗമമായ സൗന്ദര്യം ആസ്വദിച്ചു മതിയാകുന്നതിനു മുൻപ് തന്നെ അവിടുത്തെ പർവ്വതനിരകൾ ഉയരമാർന്ന ശിഖരങ്ങൾ കാണിച്ചു മോഹിപ്പിക്കിക്കും, നിങ്ങൾക്കുവേണ്ടി കാത്തുവെച്ചിരിക്കുന്നതു ഇതിലും മനോഹരമായ കാഴ്ചകളാണെന്നു ആ ഗിരിശൃംഗങ്ങൾ വിളിച്ചുപറയുമ്പോൾ പർവതമുകളിലെ കാഴ്ചകൾ കാണാനായി ആരുമൊന്നു മോഹിക്കും.

അതിസാഹസികമായ ഹൈക്കിങ്ങിലൂടെ ലിറ്റിൽ ആഡംസ് പീക്കിനു മുകളിലെത്താം. എല്ലയിലെത്തുന്ന സഞ്ചാരികളെ പിന്നെയും കാത്തിരിക്കുന്നുണ്ട് നിരവധി വിസ്മയങ്ങൾ, അതിൽ പ്രധാനിയാണ് ഒമ്പതു കവാടങ്ങൾക്ക് മുകളിലുള്ള പാലം. പൗരാണികതയുടെ പ്രൗഢിയും ആഢ്യത്വവും വിളിച്ചു പറയുന്ന ഈ പാലത്തിന്റെ കാഴ്ചകൾ ഓരോ സഞ്ചാരിയുടെയും കണ്ണുകളിൽ കൗതുകമുണർത്തും.

എല്ല ടൗണിൽ നിന്നും അധികം ദൂരെയല്ലാതെയായാണ് നിർമിതിയുടെ വൈദഗ്ധ്യവുമായി 9 ആർച്ച് പാലം  സഞ്ചാരികളെ മോഹിപ്പിക്കുന്നത്. വനത്തിനു നടുവിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടു തന്നെ രസകരമാണ് പാലത്തിനടുത്തേയ്ക്കുള്ള യാത്ര. ഇരുപതു മിനിറ്റ് ദൂരം കാൽനടയായി സഞ്ചരിച്ചാൽ എല്ല ടൗണിൽ നിന്നും പാലത്തിനു സമീപത്തെത്തി ചേരാൻ സാധിക്കും. ഓട്ടോറിക്ഷ പോലുള്ള ചെറു വാഹനങ്ങളെ യാത്രയ്ക്കായി ആശ്രയിക്കാവുന്നതാണ്.

എല്ല സ്റ്റേഷനെയും ഡെമോദാര സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായാണ് ഗോട്ടുവാലയിൽ കോളനി ഭരണകാലത്തു ഈ പാലം നിർമിക്കപ്പെട്ടത്. സിംഹള ഭാഷയിൽ ഈ പാലം അറിയപ്പെടുന്നത് ''ആഹാസ് നാമായെ പാലമാ'' എന്നാണ്. ഇതിനർത്ഥം ഒമ്പതു ആകാശങ്ങളുള്ള പാലം എന്നാണ്. പാലത്തിന്റെ താഴ്ഭാഗത്തു നിന്നും മുകളിലേയ്ക്കു നോക്കുമ്പോൾ ഒമ്പതു കവാടങ്ങളിൽ കൂടിയും ഗഗനനീലിമ കാണുവാൻ കഴിയുന്നത് കൊണ്ടാണ് ആഹാസ് നാമായെ പാലമാ എന്ന് പ്രദേശവാസികൾ 9 ആർച്ച് പാലത്തിനെ വിളിക്കുന്നത്.

കരിങ്കല്ലും ഇഷ്ടികയും സിമെന്റും മാത്രമാണ് പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ള അസംസ്‌കൃത വസ്തുക്കൾ. യാതൊരു തരത്തിലുള്ള ലോഹങ്ങളും പാലത്തിന്റെ നിർമിതിയുടെ ഭാഗമായിട്ടില്ല. 1941 ൽ കമ്മീഷൻ ചെയ്യപ്പെട്ട 9 ആർച്ച് പാലത്തിനു രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട  ഒരു കഥയും പറയാനുണ്ട്. ലോഹങ്ങളും സ്റ്റീലും ഉപയോഗിച്ചുകൊണ്ട് പാലം പണി നടത്താനായിരുന്നു തീരുമാനമെങ്കിലും യുദ്ധാവശ്യങ്ങൾക്കായി അവയെല്ലാം മാറ്റി ഉപയോഗിക്കേണ്ടി വന്നു. അങ്ങനെയാണ് കരിങ്കല്ലും ഇഷ്ടികയും സിമെന്റും പാലത്തിന്റെ നിർമാണത്തിൽ പ്രധാന ചേരുവകളായത്.

പാലത്തിന്റെയും വനത്തിനെയും സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഇതിലൂടെ ഒരു ട്രെയിൻ യാത്ര നടത്തണമെന്നു ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സൗകര്യങ്ങളും ലഭ്യമാണ്. ഇതിലെ കടന്നുപോകുന്ന ട്രെയിനുകളുടെ സമയം അറിഞ്ഞുവെച്ചുകൊണ്ടു യാത്രയ്ക്കായി തയ്യാറെടുക്കാം. ഫോട്ടോഗ്രാഫർമാർക്ക് അതിമനോഹരമായ ചിത്രങ്ങൾ  സമ്മാനിക്കുന്നൊരിടം കൂടിയായാണ് 9 ആർച്ച് പാലം. പാലത്തിന്റെ കാഴ്ചകൾ കണ്ടു നടക്കുമ്പോൾ ക്ഷീണവും വിശപ്പും അകറ്റണമെന്നുണ്ടെങ്കിൽ അതിനും വഴിയുണ്ട്. മലമുകളിൽ അതിനുള്ള സൗകര്യമൊരുക്കുന്ന കഫേകൾ ഒന്നിലധികമുണ്ട്.  കേരളത്തിലെ തെന്മല പാലത്തിനോടു സാമ്യമുള്ള ഈ പാലം ശ്രീലങ്കൻ യാത്രയിൽ ഏതൊരു സഞ്ചാരിയും മറക്കാതെ സന്ദർശിക്കാറുള്ള ഒരിടമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA