ADVERTISEMENT

പതഞ്ഞൊഴുകി മുകളിൽ നിന്നും താഴേയ്ക്കു പതിക്കുന്ന ജലധാരകൾ എല്ലായ്‌പ്പോഴും കണ്ണിനിമ്പം പകരുന്ന കാഴ്ചകളിലൊന്നാണ്. വർഷക്കാലത്തു ആർത്തലച്ചുപെയ്യുന്ന മഴയിൽ കുത്തിയൊലിച്ചും വേനലിൽ ചെറു നീരുറവയായും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? കൊടുംകാടുകളിലൂടെ ഒഴുകിവരുന്ന ഈ ജലധാരയ്ക്കു ശരീരത്തിനും മനസിനും കുളിർമ പകരാൻ കഴിയും. ഈ വേനൽ ചൂടിൽ സന്ദർശിക്കാൻ കഴിയുന്ന അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദുവാന്ദർ. ആരെയും ആകർഷിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചും ആ ജലധാരയിൽ നനഞ്ഞും അവധിക്കാലം ആഘോഷിക്കാൻ താല്പര്യമുള്ളവരുണ്ടെങ്കിൽ മടിക്കാതെ ദുവാന്ദർ വെള്ളച്ചാട്ടം കാണാൻ യാത്രതിരിക്കാം.

മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും 30 കിലോമീറ്റർ അകലെ ബേദാഘട്ട് എന്ന സ്ഥലത്താണ് ദുവാന്ദർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ദുവാൻ എന്നാൽ പുക എന്നാണ് അർഥം. പാറക്കല്ലുകളിൽ തട്ടി ജലം അതിവേഗത്തിൽ താഴേക്ക് പതിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന മൂടല്മഞ്ഞുപോലെയുള്ള പുകപടലമാണ് ദുവാന്ദർ വെള്ളച്ചാട്ടത്തിനു ആ പേര് സമ്മാനിച്ചത്. പുകഞ്ഞ വെള്ളച്ചാട്ടം എന്നാണ് ദുവാന്ദർ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ഇന്ത്യയിലെ അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ പ്രത്യേക സ്ഥാനമുണ്ട് ദുവാന്ദറിന്. 98 അടി മുകളിൽ നിന്നാണ് ഇവിടെ ജലം താഴേയ്ക്കു പതിക്കുന്നത്. പച്ചയണിഞ്ഞു നിൽക്കുന്ന വനമധ്യത്തിലൂടെയാണ് കുളിരു പകരുന്ന ജലം ഒഴുകി വരുന്നത്. വൻവൃക്ഷങ്ങളും കുറ്റിച്ചെടികളും അതിനു നടുവിലൂടെ ഒഴുകി വരുന്ന ജലപാതയും ഏതൊരു സഞ്ചാരിയുടെയും ഉള്ളം നിറയ്ക്കും. ഇന്ത്യയിലെ അതിവിശുദ്ധമെന്നു കരുതപ്പെടുന്ന അഞ്ചുനദികളിൽ ഒന്നായ  നർമദ നദിയിൽ നിന്നാണ് ദുവാന്ദറിന്റെ ഉദ്ഭവം. അതുകൊണ്ടു തന്നെ ഈ വെള്ളച്ചാട്ടത്തിൽ മുങ്ങി നിവർന്നാൽ സകല പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നൊരു വിശ്വാസവും ഇവിടവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട്.

വെള്ളച്ചാട്ടത്തിന്റെ മനോഹാരിത മാത്രമല്ല, ദുവാന്ദർ സന്ദർശകർക്കായി കാത്തുവെച്ചിരിക്കുന്നത്. ഏതൊരു സഞ്ചാരിയ്ക്കും ഒരിക്കലും വിസ്മരിയ്ക്കാൻ കഴിയാത്ത അതിസുന്ദരമായ ഒരനുഭവവും ഇവിടം സമ്മാനിക്കും, ചാന്ദ്രവെളിച്ചത്തിൽ നദിയിലൂടെയുള്ള ബോട്ടിങ്. പക്ഷേ, നവംബർ  മുതൽ മെയ് വരെയുള്ള മാസങ്ങളിൽ മാത്രമേ ബോട്ടിങിനുള്ള സൗകര്യമുള്ളൂ. മൺസൂൺ സമയത്തു നർമദാ നദിയിൽ ബോട്ടിങ് അനുവദിക്കുകയില്ല. സാഹസിക വിനോദങ്ങൾ  ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് റോപ്‌വേയിലൂടെ നദിക്കു കുറുകെ ഒരു സഞ്ചാരം. അതേറെ ഹരം പിടിപ്പിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.   മനോഹരമായ വ്യൂ പോയിന്റുകളും സുന്ദരമായ പ്രകൃതിദൃശ്യങ്ങളും മാത്രമല്ലാതെ ഷോപ്പിംഗിനുള്ള സൗകര്യങ്ങളും ഈ വെള്ളച്ചാട്ടത്തിനു സമീപത്തായുണ്ട്. മാർബിളിൽ തീർത്ത ശില്പങ്ങളും കൗതുക വസ്തുക്കളുമൊക്കെ ഇവിടെ നിന്നും വാങ്ങിക്കുവാൻ കഴിയുന്നതാണ്.

സാംസ്കാരികപരമായും ചരിത്രപരമായും ഒരുപാട് സവിശേഷതകൾ പേറുന്ന ഒരു സംസ്ഥാനമാണ് മധ്യപ്രദേശ്. ദുവാന്ദർ വെള്ളച്ചാട്ടമല്ലാതെ വേറെയും നിരവധി കാഴ്ചകൾ ജബൽപൂരിലും മധ്യപ്രദേശിലുമുണ്ട്. ബാലൻസിങ് റോക്ക്സ്, ചൗസാത് യോഗിനി ക്ഷേത്രം, ദുംന പ്രകൃതി സംരക്ഷണ കേന്ദ്രം, ബസ്റ്റർ കൊട്ടാരം, മദൻ മഹൽ കോട്ട, ബാർഗി ഡാം,ബന്ദാർ കോടിനി പോയിന്റ് തുടങ്ങിയവയൊക്കെ അവിടുത്തെ അതിവിശിഷ്ട കാഴ്ചകളാണ്.

താമസത്തിനായി നിരവധി ഹോട്ടലുകൾ ജബൽപൂരിലുണ്ട്‌. കയ്യിലുള്ള പണത്തിനനുസരിച്ചു ഇവയിലേതെങ്കിലും തെരഞ്ഞെടുക്കാം. ഇന്ത്യൻ, ചൈനീസ് ഭക്ഷണങ്ങൾ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകളും ഇവിടെ കാണുവാൻ കഴിയുന്നതാണ്. കുറഞ്ഞ മുതൽമുടക്കിൽ രുചികരമായ ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും. സെപ്തംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ദുവാന്ദർ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുകൂലമായ സമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com