ADVERTISEMENT
Big-Foot-Museum-Goa2
Image From Facebook

ഗോവയിലെ  ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയർത്തി നിൽക്കുന്ന ദേവാലയ കാഴ്ചകൾ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവൻ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാൻ, പതിറ്റാണ്ടുകൾക്കു മുമ്പുള്ള  ഗോവയുടെ മിടിപ്പറിയാൻ ഈ തുറന്ന മ്യൂസിയ സന്ദർശനം ഓരോ സഞ്ചാരിയെയും സഹായിക്കും.

Big-Foot-Museum-Goa1
Image From Facebook

ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും മുപ്പതു കിലോമീറ്റർ യാത്ര ചെയ്താൽ ബിഗ് ഫൂട്ട് മ്യൂസിയത്തിൽ എത്തിച്ചേരാം. ആദ്യത്തെ കാഴ്ച തന്നെ ഓരോ അതിഥിയുടെയും ഹൃദയം കവരത്തക്കതാണ്. അണിഞ്ഞൊരുങ്ങി വിളക്കും പുഷ്പങ്ങളും താലവുമായി സ്വീകരിയ്ക്കാൻ സുന്ദരികളായ ഗോവൻ യുവതികൾ പ്രവേശന കവാടത്തിൽ തന്നെ കാത്തുനിൽക്കുന്നുണ്ട്. ആരതിയുഴിഞ്ഞു, നെറ്റിയിൽ അവർ അണിയിക്കുന്ന കുങ്കുമവുമായാണ് ഓരോ അതിഥികളും അകത്തേയ്ക്കു പ്രവേശിയ്ക്കുക. നീണ്ടു കിടക്കുന്ന നടപ്പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ ഗോവയുടെ പഴമക്കാഴ്ചകൾ വൃത്തിയായും ഭംഗിയായും ഏകീകരിച്ചിരിക്കുന്ന സുന്ദരകാഴ്ച കാണാം. 

ഗോവയിലെ ജനങ്ങളുടെ ജീവിതവും തൊഴിലും എന്തെന്നു വ്യക്തമാക്കി തരുന്ന ജീവൻ തുടിക്കുന്ന ശില്പങ്ങൾ ആ കാലഘട്ടത്തിലേയ്ക്ക് ഓരോ യാത്രികനെയും നടത്തിയ്ക്കും. അക്കാലത്തെ അവിടുത്തെ ജനതയുടെ പ്രധാന തൊഴിലുകളായിരുന്ന മൺപാത്ര നിർമാണം, മൽസ്യബന്ധനം, കൃഷി, കച്ചവടം, നെയ്ത്ത് തുടങ്ങിയവയെല്ലാം ഇവിടെ ശില്പങ്ങളിലൂടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ മ്യൂസിയത്തിലെത്തുന്നവരുടെ കണ്ണുടക്കുന്ന ഒരു പ്രധാന കാഴ്ചയാണ് പതിനാലു മീറ്റർ നീളമുള്ള മീരാഭായിയുടെ ചെങ്കൽ ശിൽപം. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച, ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ മീരാഭായിയുടെ ശില്പമാണിത്. മീരാഭായുടെ ശില്പത്തിനൊപ്പം സെൽഫിയെടുക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

മരുന്ന് ചെടികൾ നിറഞ്ഞ ഉദ്യാനം, വിവിധ വർണ ചിറകുകളുള്ള പക്ഷികളുടെ പാർക്ക്, പഴയ ഗോവൻ കുടിലുകളുടെ ചെറുമാതൃകകൾ, ഗോവൻ ഫെനിയുടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ അവയുടെ വിവരണങ്ങൾ എന്നിവയെല്ലാം കാണാൻ കഴിയുന്നതാണ്. കൂടാതെ ഗോവയിൽ മാത്രമുള്ള വിശേഷപ്പെട്ട  ഉൽപന്നങ്ങൾ ഇവിടെ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. ആവശ്യക്കാർക്കു ഇവ വിലകൊടുത്തു വാങ്ങാം. മ്യൂസിയത്തിന്റെ കാഴ്ചകൾ അവസാനിക്കുന്നത് ഒരു സുവനീർ ഷോപ്പിലാണ്. യാത്ര പോകുന്ന നാട്ടിലെ ഓർമകൾ സൂക്ഷിക്കാനായി എന്തെങ്കിലുമൊക്കെ സാധനങ്ങൾ വാങ്ങി കയ്യിൽ കരുതുന്നവരെ തൃപ്തിപ്പെടുത്തും ഈ ഷോപ്പും ഇവിടെ വില്പനയ്ക്കു വെച്ചിരിക്കുന്ന വസ്തുക്കളും.

സന്ദർശകർക്കു ഗോവയെക്കുറിച്ചും ആ നാടിന്റെ സംസ്കാരത്തെക്കുറിച്ചും വലിയ അളവിൽ ധാരണ പകരാൻ സഹായിക്കും ബിഗ് ഫൂട്ട് മ്യൂസിയസന്ദർശനം. കാലത്തു ഒമ്പതു മുതൽ വൈകിട്ട് ആറുമണിവരെയാണ് സന്ദർശകർക്ക് മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം. വർഷത്തിലെ മുഴുവൻ ദിവസവും തുറന്നു പ്രവർത്തിക്കുന്ന ഇവിടം സന്ദർശിക്കുന്നതിനു മുതിർന്നവർക്കു അമ്പതു രൂപയും പത്തുവയസിൽ താഴെയുള്ളവർക്കു ഇരുപത്തിയഞ്ചു രൂപയുമാണ് ഈടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com