sections
MORE

അതിഥികൾക്കു മയക്കുമരുന്നു നൽകുന്ന ഗ്രാമം! ഇതും ഇന്ത്യയിലാണ്

Bishnoi-Village-pic
SHARE

ഹീറോ ആയിരുന്ന സൽമാൻ ഖാനെ ഒരു മാനാണ് സീറോ ആക്കിയത്.  നീലനഗരം എന്നറിയപ്പെടുന്ന ജോധ്പുരിലെ  ബിഷ്ണോയ് ഗ്രാമക്കാരാണ് അന്നു ഹീറോസ് ആയത്. ഒരു വെടിയൊച്ച കേട്ടതും  പുഷ് ബട്ടൺ അമർത്തിയാൽ ഉണരുന്ന ഫിഗോയുടെ എൻജിൻ പോലെ ഒറ്റയടിക്ക്  ബിഷ്ണോയ് ഗ്രാമം ഉണർന്നു. കൃഷ്ണമൃഗം വീണതു കണ്ട  വെള്ളത്തലേക്കെട്ടുകാരനായ ഗ്രാമവാസി ഓടിച്ചെന്ന് ഗ്രാമത്തിൽ അറിയിച്ചു. പിന്നെ പൊലീസിനു പോലും നിയന്ത്രിക്കാനാവാത്തം വിധം സംഗതി കൈവിട്ടുപോയി. സൽമാൻ ഖാന്റെ താമസസ്ഥലത്തിനു ചുറ്റും ആൾക്കൂട്ടം വളഞ്ഞു. ഒരു തരത്തിലാണ് താരം അന്നു രക്ഷപ്പെട്ടത്.

Village

സ്നേഹിച്ചാൽ കറുപ്പു തന്നു സ്വീകരിക്കും. ഇല്ലെങ്കിൽ മുഖം കറുപ്പിച്ച് വാതിലടക്കും. ഇതാണു ബിഷ്ണോയ് ഗ്രാമക്കാർ. രാജസ്ഥാൻ എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന വെള്ളത്തലേക്കെട്ടുകാരുടെയും ചുവപ്പണിയുന്ന  വനിതകളുടെയും ആ ഗ്രാമം അങ്ങനെയൊന്നും അതിഥികളെ സ്വീകരിക്കില്ല. അതുകൊണ്ടുതന്നെ ബിഷ്ണോയ്ക്കാരനായ ഗംഗാറാമിനെ ഞങ്ങൾ കൂടെക്കൂട്ടി.  ഇപ്പോഴും മൺതേച്ച കുടിലിൽ അന്തിയുറങ്ങുന്ന ആ ഗ്രാമങ്ങളിലേക്കാണ് നാം പൊടിപറത്തി പോകുന്നത് 

ഹരിയാനക്കാരനായ സുഹൃത്ത് അഭിനവ് ആണ് കൂടെ വരുന്നത്.  ജോധ്പുരിന്റെ നഗരപരിധി വിട്ടു ഗ്രാമങ്ങളിലേക്കു കുതിക്കാൻ തുടങ്ങി. കിടിലൻ റോഡുകൾ. ഇരുവശത്തും ഒന്നും നട്ടാൽ കുരുക്കാത്ത ഭൂമി. നൂറ്റിനാൽപതു കിലോമീറ്റർ വേഗം കയറിയാണ് ഹൈവേകൾ താണ്ടിയത്. ഇടത്തോട്ട് ബൈഷ്ണോയ് വില്ലേജ് ക്യാംപ് എന്നൊരു ബോഡ് ചൂണ്ടിക്കാണിച്ച വഴിയിലൂടെ മുന്നോട്ട്. അവിടെ ഗംഗാറാം കാത്തുനിന്നിരുന്നു.

504930124

സൽമാനെ കുടുക്കിയ മാൻ

krishnamrigm

 ‘‘ ജീപ്പെടുക്കട്ടെ?’’ വേണ്ട. നഗരത്തിലെ നല്ല റോഡുകൾ കഴിഞ്ഞാൽപ്പിന്നെ റോഡുകൾ ഇല്ലെന്നുതന്നെ പറയാവുന്ന അവസ്ഥയാണ്.  പൊടിനിറഞ്ഞ പറമ്പുകളിലെ മുൾമരങ്ങൾക്കിടയിലൂടെ മയിലുകളും അരിപ്രാവുകളും കൂട്ടംകൂടി ഇരതേടുന്നു. വേഗത്തിൽ പോകുമ്പോഴും ഗംഗാറാമിന്റെ കണ്ണുകൾ ആ മാനിനെ തേടിക്കൊണ്ടിരുന്നു. ഒടുവിലതു കണ്ടെത്തി. അങ്ങുദൂരെ കറുത്ത കോട്ടിട്ടൊരു മാൻ. സൽമാനെ വെള്ളം കുടിപ്പിച്ച കൃഷ്ണമൃഗം അഥവാ. ബ്ലാക്ക് ബക്ക്. വളഞ്ഞുപിരിഞ്ഞ കൊമ്പുകളാണ് പ്രത്യേകത. ആന്ധ്രപ്രദേശിന്റെയും പഞ്ചാബിന്റെയും ഔദ്യോഗിക മൃഗമാണിത്. കുറച്ചപ്പുറത്തു മാറി കൃഷ്ണമൃഗങ്ങളിലെ പെണ്ണുങ്ങളുമുണ്ട്. ഇവരെ എന്തു വിളിക്കും രാധാമൃഗമെന്നോ? ഞങ്ങൾ വണ്ടി നിർത്തിയിടത്താണ് വേട്ടയാടൽ നടന്നത്.  

ബിഷ്ണോയ് ഗ്രാമത്തിൽ 

krishnamrigam1

  ഒറ്റമുറി വീടുകളുടെ കൂട്ടമാണ് ഗുഡ എന്ന ചെറുഗ്രാമം. ചുവന്ന തട്ടമിട്ട ഒരു വല്യമ്മ ഒരു കുടം വെള്ളവുമായി വന്നു. ഗംഗാറാമിന്റെ അമ്മയാണ്. ഇരുകാലുകളിലും  തളയുണ്ട്. കല്യാണം കഴിച്ചവരുടെ രീതിയാണത്.  മുഖം തട്ടത്താൽ മറച്ചാണു സംസാരം. മുഖത്ത് ആ കൊടുംവെയിലടിച്ചാൽ നമ്മളും തട്ടമിട്ടുപോകും എന്റെ സാറേ.  അയൽവാസികളായ വില്ലത്തിക്കുട്ടികൾ കാറിന്റെ ഡോർ തുറന്നും അടച്ചും കളിക്കുന്നു. കുറച്ചുമാറി വലിയൊരു ഗ്രാമം. അവിടെ രാമു റാം എന്ന വല്യപ്പന്റെ വീട്ടിലേക്ക് ഗംഗാറാം ഞങ്ങളെ കൊണ്ടുപോയി. വലിയമുറ്റത്തിനപ്പുറം വേറിട്ട അടുക്കളയും  ലോഡ്ജ് പോലെ നിരയായി ഒറ്റമുറികളുള്ള നീണ്ട വീടും നമുക്കപരിചിതമായ കാഴ്ചകളാണ്. ഇതാണ് ഉത്തരേന്ത്യ. നാം ചിത്രങ്ങളിൽ കാണുന്നതരം പളപളാമിന്നുന്ന കൊട്ടാരങ്ങളും മറ്റും ഇവർക്ക് അപ്രാപ്യം. 

ഇരുപത്തൊൻപതു നിയമങ്ങൾ 

Village

ഇരുപ്പത്തിയൊൻപതു നിയമങ്ങൾ പാലിക്കുന്ന ജനതയാണ് ബിഷ്ണോയിക്കാർ. ബീസ് നൗ എന്നതു പറഞ്ഞുപറഞ്ഞാണ് ബിഷ്ണോയ് ആയത്. വീട്ടിൽ ജനനം നടന്നാൽ കുഞ്ഞിനും അമ്മയ്ക്കും മുപ്പതുദിവസവും ആർത്തവമുള്ളപ്പോൾ വനിതകൾ അഞ്ചുദിവസവും പുലയാചരിക്കണം, എന്നിവ ആ നിയമങ്ങളിലുണ്ട്. രാമുറാം അഭിനവിനെ ഉള്ളിലേക്കാനയിച്ചു. തന്റെ തലേക്കെട്ടും ഷാളും അതിഥിക്കു നൽകി അടുത്തിരുത്തി. പിന്നെ സാക്ഷാൽ കറുപ്പിട്ട് അരിച്ചെടുത്ത വെള്ളം ഉപചാരമായി നൽകി. നമ്മൾ അതിഥികൾക്കു  സംഭാരം നൽകുന്നതുപോലെയൊരാചാരം. എന്തു മനോഹരമായ ആചാരങ്ങൾ എന്ന് അഭിനന്ദ് എന്ന ആ ചങ്ങാതി മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. 

 രാമുറാമിന്റെ മുന്നിലെ ഉപകരണം നോക്കുക. അതിലൂടെയാണ് കറുപ്പ് അരിച്ചെടുക്കുക. ഇതു കറുപ്പുതന്നെയാണോ എന്നൊരു സംശയം. കള്ളം പറയരുത് എന്നൊരു നിയമം ഇവർ പാലിക്കുന്നുണ്ട്. കറുപ്പു സത്യം പോലെ വെളുപ്പാണ്. ഒപ്പിയം ഉപയോഗിക്കരുത് എന്നും നിയമമുണ്ട്! അതു പാലിക്കപ്പെടുന്നില്ല!. 

ഇനിയൊരു നിയമം, മരം മുറിക്കരുത് എന്നതാണ്. നൂറ്റാണ്ടുകൾക്കു മുൻപ് ഒരു മരം മുറിക്കുന്നതു തടയാൻ മുന്നൂറു ബിഷ്ണോയിക്കാർ  ജീവത്യാഗം ചെയ്ത കഥയുണ്ട്. വെജിറ്റേറിയൻസാണിവർ.ബജ്റ ധാന്യം പോലുള്ളവയുടെ  കൃഷിയാണു ജീവിതമാർഗം.  സന്ധ്യവരെ ആ ഗ്രാമത്തിൽ ചെലവിട്ടശേഷം  തിരികെ ജോധ്പുരിലേക്ക്. 

jodpur-village3

നീലനഗരം

jodpur-village2

രാജസ്ഥാന്റെ രണ്ടാമത്തെ വലിയ നഗരമാണ് ജോധ്പുരിനു രണ്ടു ഭാഗങ്ങളുണ്ട്. പഴയതും നീല കെട്ടിടങ്ങൾ നിറഞ്ഞതുമായ നഗരം അഞ്ഞൂറു വർഷം പഴക്കമുള്ളതാണ്. ഇതിനുള്ളിലൂടെ സ‍ഞ്ചരിക്കുന്നതും  നമ്മുടെ മാർക്കറ്റിലൂടെ നടക്കുന്നതും ഒരുപോലെയാണ്. രണ്ട് ഓട്ടോറിക്ഷകൾ വന്നാൽ വഴിയിടുങ്ങും. ചൂടു കുറയ്ക്കാനാണ് നീലനിറമടിച്ചതെന്നും ‘ഉയർന്ന ജാതിക്കാരുടെ’ വീടുകളെ സൂചിപ്പിക്കാനാണെന്നും വാദങ്ങളുണ്ട്.  പുതിയ നഗരം നമ്മുടേതുപോലെയൊക്കെത്തന്നെ. 

‘സതിയുടെ’  കോട്ട

jodpur-trip

മെഹ്റാൻഗഡ് കോട്ട ജോധ്പുർ പട്ടണത്തിൽ എവിടെനിന്നാലും കാണാം. പക്ഷികളുടെ കുന്ന് എന്നറിയപ്പെടുന്ന ഉയർന്ന സ്ഥലത്താണ്  അതിമനോഹരമായ ഈ കോട്ട. പത്തു കിലോമീറ്റർ നീളമുള്ള മതിലും ഏഴു ഗേറ്റുകളും കോട്ടയുടെയും നഗരത്തിന്റെയും ചുറ്റിനുമുണ്ട്. കോട്ടയ്ക്കുള്ളിൽ ഒരു മതിലിൽ സതിയനുഷ്ഠിച്ചു മരിച്ച രാജകുടുംബാംഗങ്ങളുടെ കൈപ്പത്തികൾ പതിപ്പിച്ചിണ്ട്. രാജാ മാൻസിങ് മരിച്ചപ്പോൾ കൂടെ തീയിൽചാടിയവരാണത്രേ ആ ഹതഭാഗ്യകൾ. കണ്ണാടിമാളിക, പലതരം ശിൽപവേലകൾ നിറഞ്ഞ റൂമുകൾ തുടങ്ങി ഏറെ കാഴ്ചകളുണ്ട് കോട്ടയ്ക്കുള്ളിൽ. ഇപ്പോഴിതൊരു മ്യൂസിയമാണ്. ജയ്പുർ രാജാക്കൻമാർ ജോധ്പുരിനെ അക്രമിച്ചപ്പോൾ പീരങ്കിയുണ്ടയേറ്റ മതിൽ ചരിത്രമായി നിലകൊള്ളുന്നുണ്ട്. ഇന്ന് ആ രണ്ടു ‘രാജ്യങ്ങളും’  ഒരു സംസ്ഥാനത്തിലെ വെറും നഗരങ്ങൾ മാത്രം. റാത്തോഡുമാരുടെതായിരുന്നു ജോധ്പുർ. മെഹ്റാൻഗഡിൽനിന്നു മുൻ രാജാക്കൻമാർ ഉമൈധ് ഭവാൻ പാലസിലേക്കു താമസം മാറ്റി. 

കൊട്ടാരവസതി

travel

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിലൊന്നാണ് ഉമൈധ് ഭവൻ. 347 മുറികളുണ്ടത്രേ!  ഒരു ഭാഗം താജ് ഹോട്ടലാണ്. 1928 ൽ ആണ് പണിതൂടങ്ങിയത്.  കഠിനദാരിദ്ര്യം അനുഭവിച്ചിരുന്ന ജോധ്പുരിലെ ജനങ്ങൾക്കു ജോലി നൽകാനാണ് രാജാവ് കൊട്ടാരമുണ്ടാക്കിയത് എന്നൊരു കഥയുണ്ട്. ഞാൻ മീൻ തിന്നുന്നത് പൂച്ചയ്ക്കു മുള്ളു കൊടുക്കാനാണ് എന്നു പറയുന്നതുപോലെയൊരു തമാശയായിരിക്കാം. പുതിയ നഗരത്തിലാണ് പാലസ്. അങ്ങോട്ടുള്ള വഴി അതിസുന്ദരം. പൊതുജനത്തിന് കൊട്ടാരം ഗേറ്റിനു പുറത്തുനിന്നു കാണാനേ പറ്റൂ.  

mehrangargh-Fort

മനുഷ്യനിർമിത തടാകം

 താർമരുഭൂമിയുടെ അടുത്താണെങ്കിലും ജോധ്പുരിൽ ഏഴു തടാകങ്ങളുണ്ട്. ഇതിൽ കെയ്‍‍ലാന തടാകം കൃത്രിമമായി നിർമിച്ചതാണ്. നൂറ്റിയൻപതു വർഷം മുൻപാണ് രാജാ പ്രതാപ് സിങ് തടാകമുണ്ടാക്കാൻ ഉത്തരവിടുന്നത് ഇപ്പോൾ സൈബീരിയൻ കൊക്കുകൾ അടക്കമുള്ള ദേശാടനക്കിളികൾക്കു പ്രിയപ്പെട്ടയിടമാണു കെയ്‍‍‌ലാന. 84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ തടാകക്കരയിലൂടെ വീതികുറഞ്ഞ റോഡിൽ പിള്ളേരുടെ ബൈക്കഭ്യാസങ്ങൾ നടക്കുന്നു. 

ഹവേലികളും കോട്ടയും

Lake

വെയിൽ അധികമേൽക്കും മുൻപ് നീലനഗരത്തിലേക്കു തിരിച്ചു.  മെഹ്റാൻഗഡ് കോട്ടയുടെ താഴ്‍‍വാരത്തിലുള്ള ഹവേലി എന്ന പുരാതനവീടുകളിലൊന്നിലാണു  താമസം. റാവു ജോധയുടെ കാലത്ത് പിറവിയെടുത്ത നഗരത്തിന്റെ അതേ പ്രായമാണ് ഈ വീടുകൾക്ക്.  അരനൂറ്റാണ്ടിന്റെ പഴക്കമുള്ള ഇവയിൽ പലതും ഇപ്പോൾ ഹോംസ്റ്റേകൾ ആണ്. ജുവൽ പാലസ് ഹവേലിയുടെ   കിളിവാതിലിലൂടെ നോക്കുമ്പോൾ നീലനഗരത്തിന്റെ മേൽ ഒരു കാവൽക്കാരനെപ്പോൽ മെഹ്റാൻഗഡ് കോട്ട തലയുയർത്തി നിൽക്കുന്നതു കാണാം.

ഒരു ചെറുകറക്കത്തിൽ ജോധ്പുർ നൽകുന്ന കാഴ്ചകൾ ഇവയാണ്. മരുഭൂമിയുടെ അടുത്താണെങ്കിലും മനസ്സുനിറച്ചുകാഴ്ചകൾ നൽകുകയാണ് ഈ  നീലനഗരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA