sections
MORE

സ്വപ്നത്തിലേക്ക് നടന്ന 3 ദിനങ്ങൾ

HIGHLIGHTS
  • ട്രെക്കിങ്ങിനു മുന്നേ കൈവരിക്കേണ്ട കായികക്ഷമതയും എടുക്കേണ്ട മുൻകരുതലുകളും
himalaya-dream-destination1
SHARE

കുട്ടിക്കാലത്ത് അച്ഛൻ കൊണ്ടു വന്ന കൈലാസയാത്രയുടെ സിഡി കണ്ടപ്പോൾ മുതലാണ് ഹിമാലയവും മഞ്ഞുമൂടിയ പർവതനിരകളും എന്നെ മോഹിപ്പിക്കാൻ തുടങ്ങിയത്. ജോലി കിട്ടി െബംഗളൂരുവിന് വണ്ടി കയറുമ്പോൾ ആ മോഹവും കൂടെ കൊണ്ടു പോന്നു. കുഞ്ഞുകുഞ്ഞു ബൈക്ക് യാത്രകളും സഹ്യപർവത നിരകളിലെ ട്രെക്കിങ്ങുമൊക്കെ വച്ച് മോഹങ്ങളെ അടക്കി. ഇന്ത്യ ഹൈക്ക്സ് (Indianhikes) എന്ന ട്രെക്കിങ് കമ്യൂണിറ്റിയെ പരിചയപ്പെട്ടത് അടക്കിവച്ച ഹിമാലയൻ സ്വപ്നങ്ങൾക്കു ചിറകു പിടിപ്പിച്ചു. േദവഭൂമി എന്ന് വിളിപ്പേരുള്ള ഉത്തരാഖണ്ഡിലെ നന്ദാദേവി പർവതത്തിന്റെ താഴ്‍വരയിലുള്ള ബ്രഹ്മതാൽ (Brahmatal) തടാകമാണ് ആദ്യ ഹിമാലയൻ യാത്രയുടെ ലക്ഷ്യമാക്കിയത്. സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അതിസുന്ദരമായ പ്രദേശം തണുപ്പു കാലത്തും വേനൽക്കാലത്തും ഒരു പോലെ ട്രെക്കിങ് നടത്താൻ പറ്റുന്ന സ്പോട്ടുകളിൽ ഒന്നാണ്. 

കുട്ടിക്കളിയല്ലിത്

‘‘ഹൈ അൾട്ടിട്യൂഡ് ട്രെക്കിങ് കുട്ടിക്കളിയോ നേരംപോക്കോ അല്ല’’, ട്രെക്കിങ് കോർഡിനേറ്റേഴ്സ് ആദ്യമേ പറഞ്ഞു. ട്രെക്കിങ്ങിനു മുന്നേ കൈവരിക്കേണ്ട കായികക്ഷമതയും എടുക്കേണ്ട മുൻകരുതലുകളും കയ്യിൽ കരുതേണ്ട സാധനസാമഗ്രികളും മരുന്നുകളും എല്ലാത്തിനെയും കുറിച്ചവർ വിശദമാക്കി.  

രണ്ടു മാസം മുൻപെങ്കിലും ട്രെക്കിങ് പാക്കേജും ഫ്ലൈറ്റ് ടിക്കറ്റ്സും ബുക്ക് ചെയ്യുന്നത് സാമ്പത്തിക ലാഭത്തിനും സ്വന്തം കായികക്ഷമത നന്നാക്കാനുള്ള സമയം ലഭിക്കുന്നതിനും ഉപകരിക്കും. മൈനസ് ഡിഗ്രിയിലുള്ള തണുപ്പും ഇടയ്ക്കിടെ ഉണ്ടാവുന്ന മഞ്ഞുവീഴ്ചയും കാറ്റും എല്ലാം പ്രതിരോധിക്കാൻ ആവശ്യമായ മലകയറ്റ സാമഗ്രികൾ (mountaneering gears)  മേടിക്കുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യണം. 

himalaya-dream-destination4

യാത്ര തുടങ്ങുന്നു

ആവശ്യമായ മുൻകരുതലുകളും വേണ്ടുന്ന കായികക്ഷമതയും കൈവരിച്ച് ഫെബ്രുവരിയുടെ തുടക്കത്തിൽ പുറപ്പെട്ടു. ഡൽഹി വരെ വിമാനത്തിൽ. അവിെട നിന്ന് രാത്രി ട്രെയിൻ മാർഗം ഉത്തരാഖണ്ഡിലെ കാത്ത്ഗോഡ (Kathgoda) യിലേക്ക്. അതിരാവിലെ കാത്തഗോഡം എത്തിയപ്പോൾ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ തന്നെ ഇന്ത്യ ഹൈക്സ്ന്റെ 4x4 ജീപ്പുകൾ എന്നെ കാത്തു കിടപ്പുണ്ടായിരുന്നു. 

യാത്ര തുടങ്ങിയപ്പോൾ തന്നെ നമ്മുെട സഹ്യപർവതനിരകൾ പോലെ കാഴ്ചയിൽ തോന്നുന്ന, പച്ചപ്പ് കുറഞ്ഞതും ഉയരം കൂടിയതുമായ മലനിരകൾ ചുറ്റും കണ്ടു. ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം പ്രഭാതഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ നിന്നുമുള്ള സൂര്യോദയത്തിന്റെ കാഴ്ച ക്ഷീണമെല്ലാം അകറ്റി. മലഞ്ചെരിവിലൂടെ ഉദിച്ച് ഉയരുന്ന സൂര്യനും താഴ്‍വരയിലൂടെ ഒഴുകുന്ന കുഞ്ഞരുവിയും ഇപ്പോഴും മനസ്സില്‍ തങ്ങി നിൽക്കുന്നു. ഈ റൂട്ടിൽ തന്നെ ഇടതു തിരിഞ്ഞു പോയാൽ നൈനിറ്റാൽ ഹിൽ സ്റ്റേഷനാണ്. അവിടേക്ക് പിന്നീട് ഒരിക്കൽ എന്ന് മനസ്സിൽ കുറിച്ചിട്ടു യാത്ര തുടർന്നു. 

വനവാസകാലത്ത് ഭീമൻ നിർമിച്ചെന്നു കരുതുന്ന  അമ്പലവും ഭീംതാൽ (BHEEMTAL) തടാകവും സ്റ്റീവ് ജോബ്സ്, മാർക്ക് സുക്കർബെർഗ് തുടങ്ങിയവർ ശാന്തി തേടി വന്നിട്ടുള്ള കൈൻചി ധാം (KAINCHI DHAM) അമ്പലവുമെല്ലാം പോകുന്ന വഴിയിൽ യാത്രയ്ക്ക് നിറം പകർന്നു. ഉച്ചഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ നിന്ന് നോക്കിയാൽ അങ്ങ് ചക്രവാളത്തിൽ നന്ദാദേവി, ത്രിശൂൽ തുടങ്ങിയ പർവതങ്ങൾ അടങ്ങിയ നീണ്ട മലനിരകൾ വ്യക്തമായി കാണാമായിരുന്നു. മഞ്ഞുമൂടി കിടക്കുന്ന ആ പർവതനിരകൾ യാത്രാക്ഷീണത്താൽ തളർന്ന ഞങ്ങളുടെ ഉള്ളിൽ പുതിയ ഒരു ആവേശം നൽകി. ഫൊട്ടോ ആവോളം എടുത്തും മലനിരകളുടെയും നീല നിറത്തിൽ ഒഴുകുന്ന സ്വച്ഛസുന്ദരമായ നദികളുടെയും സൗന്ദര്യം ആസ്വദിച്ചും ബേസ്ക്യാംപായ ലോഹജുങ്ങിൽ എത്തിയപ്പോൾ നേരം നന്നേ ഇരുട്ടി. മെഡിക്കൽ ചെക്കപ്പും ടീം ബ്രീഫിങ്ങും ആയിരുന്നു ആദ്യം. അതിനുശേഷം ഭക്ഷണവും കഴിച്ചു. എല്ലാരും യാത്ര ക്ഷീണത്തിൽ തളർന്നുറങ്ങി

himalaya-dream-destination2

DAY-1

Altitude - 7600 അടി

Location - ലോഹജുങ് (LOHAJUNG)

ഖുഷി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിച്ച കുശാൽ ആയിരുന്നു ട്രെക്ക് ലീഡർ. തലേദിവസം രാത്രി വിശദീകരിച്ചിരുന്ന പോലെ എല്ലാവരും രാവിലെ ഏഴുമണിക്കു തന്നെ റെഡിയായി. ഖുഷി എല്ലാവരുടെയും ഓക്സിമീറ്റർ റീഡിങ് (OXYGEN CONTENT IN BLOOD) പരിശോധിച്ചു, രക്തത്തിലെ ഓക്സിജൻ നിശ്ചിത അളവിന് താഴേക്കു പോയാൽ അപ്പോൾ തന്നെ ട്രെക്കിങ് അവസാനിപ്പിച്ച് ബേസ് ക്യാംപിലേക്കു പറ‍ഞ്ഞു വിടും. ഓക്സിജൻ ലെവൽ ശരീരത്തിൽ വല്ലാതെ കുറയുന്നത് AMS (ACUTE MOUNTAIN SICKNESS) എന്ന അവസ്ഥ ഉണ്ടാകും. അത് ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ കൂടുതൽ അപകടകരമായ HAPE, HAZE തുടങ്ങിയ അവസ്ഥയിലേക്ക് നീങ്ങി മരണം വരെ സംഭവിക്കാം. ഖുഷിയെ കൂടാതെ മൂന്നു ഗൈഡ്സ് ഒപ്പമുണ്ടായിരുന്നു, ഏറ്റവും മുന്നിലും നടുക്കും പിന്നെ ഏറ്റവും പിന്നിലുമായി ഇവർ ട്രെക്കിങ് ഗ്രൂപ്പിനെ നിയന്ത്രിക്കും. ഇതിന് എല്ലാം മേൽനോട്ടം വഹിച്ചുകൊണ്ട് വോക്കി ടോക്കി, ജിപിഎസ് തുടങ്ങിയ സംവിധാനങ്ങളുമായി ഖുഷിയും. 

20 അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ സ്കോട്‍ലൻഡ് സ്വദേശികളായ കമിതാക്കളും ഉണ്ടായിരുന്നു. ഒന്നാം ദിവസം 6.3 കിമീ ദൂരെയുള്ള ആദ്യത്തെ ബേസ് ക്യാംപ് ആയ ബേക്കൽതാലിൽ (bekaltal) എത്തുക എന്നതായിരുന്നു ലക്ഷ്യം. ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവുമായി ഞങ്ങൾ യാത്ര തുടങ്ങി. 

പതിനൊന്ന് കിലോഗ്രാം തൂക്കമുള്ള ബാക്ക് പാക്കുമായി ആ മലകയറ്റം എളുപ്പമായിരുന്നില്ല. ചുറ്റുമുള്ള ഭൂപ്രകൃതി നമ്മുടെ  സഹ്യാദ്രി മലകളെ ഓർമിപ്പിക്കുന്നതായിരുന്നു. അങ്ങ് ദൂരെ മഞ്ഞു പുതച്ചു കിടക്കുന്ന ഗ്രെയ്റ്റർ ഹിമാലയൻ മലനിരകളുടെ കാഴ്ചകൾ ആവേശം ജനിപ്പിക്കുന്നതും ഊർജം പകരുന്നതും ആയിരുന്നു. കോവർകഴുതകളെ ആണ് ടെന്റുകളും ആഹാരസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും മുകളിലേക്ക് എത്തിക്കാൻ ഉപയോഗിച്ചിരുന്നത്. ചെറിയ ചാറ്റൽമഴയും കാറ്റും ഒപ്പം വളരെ ചെറുതായി പൊടിമഞ്ഞും വീണു തുടങ്ങിയപ്പോൾ യാത്ര കൂടുതൽ ദുഷ്കരമായി. ഉച്ചഭക്ഷണം കഴിക്കാനും കൈയിലെ വെള്ളകുപ്പികൾ നിറയ്ക്കാനുമായി ഖുഷി തിരഞ്ഞെടുത്തത് റോഡോഡെൻഡ്രോൺ മരങ്ങൾ നിറഞ്ഞ ഒരു കുഞ്ഞു കാടും അവിടുത്തെ അരുവിയും ആയിരുന്നു. അവിടുന്നങ്ങോട്ട് റോഡോഡെൻഡ്രോൺ മരങ്ങൾ നിറഞ്ഞ കുഞ്ഞു കാടുകളും ധാരാളം അരുവികളുമുള്ള മലഞ്ചെരിവുകളായിരുന്നു കൂടുതൽ. ഉച്ച കഴിഞ്ഞ് അധികം വൈകാതെ ഞങ്ങള്‍ ആദ്യത്തെ ക്യാംപിൽ എത്തി. മഞ്ഞുവീണ വഴികൾ ഞങ്ങളെ ആവേശത്തിലാക്കി, ഒരു ചെറിയ കയറ്റം കഴിഞ്ഞുള്ള സമതലത്തിലാണ് ക്യാംപ്. ബേക്കൽതാൽ (Bekaltal) എന്ന തടാകം അടുത്ത് സ്ഥിതി ചെയ്യുന്നു. ഒരു ടെന്റിൽ മൂന്നു പേർ എന്നായിരുന്നു കണക്ക്. ഭക്ഷണം കഴിക്കാൻ പ്രത്യേകം ടെന്റുണ്ട്. ഉറങ്ങാനുള്ള ടെന്റിൽ കഴിക്കുന്നതും ട്രെക്കിങ് ബൂട്സ് ഉപയോഗിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമെല്ലാം കർശനമായി നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള ഇക്കോ ബാഗ്സ് ഒഴിവാക്കാനുള്ള സൗകര്യവുമിവിടുണ്ട്. 

മല കയറി ക്ഷീണിച്ചു വന്ന ഞങ്ങൾക്കായി ചൂടു ചായയും സ്നാക്സും ഒരുക്കി ഇന്ത്യ ഹൈക്ക്സ് ടീം വരവേറ്റു. ‘‘ദീർഘമായ ട്രെക്കിങ്ങിനു ശേഷം ആരും ഉടനെ കിടന്നുറങ്ങരുത് അത് AMS വരാനുള്ള സാധ്യത വർധിപ്പിക്കും.’’ ഖുഷി കർശന നിർദേശം തന്നു. എല്ലാവരും ആക്ടീവ് ആയി ബേസ് ക്യാംപെല്ലാം ചുറ്റികാണുകയായിരുന്നു. ക്യാംപിങ് സൈറ്റ് ഒരു സമതലപ്രദേശത്താണ്. ചുറ്റുമുള്ള കുഞ്ഞു കുഞ്ഞു മലകൾ എല്ലാം ചെറുതായി മഞ്ഞുമൂടി കിടക്കുന്നുണ്ട്, എന്നാലും പ്രതീക്ഷിച്ചതു പോലെ മഞ്ഞു കാണാൻ സാധിക്കാത്തതിന്റെ വിഷമം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞില്ല, ടെന്റിന്റെ മുകളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു പുറത്തു വന്നു നോക്കിയപ്പോൾ കണ്ട കാഴ്ച നമ്മുടെ നാട്ടിലെ തിരുവാതിര ഞാറ്റുവേലയ്ക്ക് മഴ പെയ്യുമ്പോലെ മഞ്ഞു വീഴുന്നതാണ്. നിമിഷനേരം കൊണ്ട് ചുറ്റുമുള്ളതെല്ലാം മഞ്ഞുകൊണ്ട് മൂടപ്പെട്ടു. ഇടയ്ക്ക് ഒന്നു നിന്നെങ്കിലും വീണ്ടും അധികം ശക്തമായി മഞ്ഞു പെയ്യാൻ തുടങ്ങിയപ്പോൾ ഖുഷിയും മറ്റു ഗൈഡുകളും ഞങ്ങളെ ടെന്റിന്റെ അകത്തു കേറാൻ നിർബന്ധിച്ചു. എല്ലാരുടെയും തല കവർ ചെയ്യിച്ചിട്ടുണ്ടെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പ്രത്യേകിച്ചും ശരീരം പുതിയ കാലാവസ്ഥയുമായി പൂർണമായി ഇഴുകി ചേർന്നിട്ടില്ലാത്ത ഈ സമയത്ത്.

വൈകുന്നേരമായപ്പോഴേക്കും പ്രകൃതി ശാന്തമായി. ചുറ്റുമുള്ള റോഡോഡെൻഡ്രോൺ കാടുകൾ മഞ്ഞുമൂടി കിടക്കുന്നതു കണ്ടാൽ നമ്മൾ ഏതോ വിദേശരാജ്യത്താണെന്നു തോന്നും. എവിടെ നോക്കിയാലും വെളുപ്പ് മാത്രം. നമ്മുടെ ശരീരം എത്രയും വേഗം പുതിയ കാലാവസ്ഥയുമായി ഇഴുകിച്ചേരാൻ വേണ്ടി ഖുഷിയും സംഘവും മൂന്നു നേരവും പ്രത്യേകം ഡയറ്റ് പ്രകാരമുള്ള ഭക്ഷണമാണ് തന്നത്. ഭക്ഷ്യവിഷബാധ വരുന്നത് ഒഴിവാക്കാൻ വെജ് ഫൂഡ് മാത്രമേ ഡയറ്റിൽ ഉണ്ടായിരുന്നുള്ളൂ. ഓക്സിമീറ്റർ റീഡിങ് ട്രെക്ക് തുടങ്ങുന്നതിനു മുമ്പും നോക്കി സ്വന്തം ട്രെക്കിങ് കാർഡിൽ ഖുഷിയെക്കൊണ്ട് രേഖപ്പെടുത്തും. 

എന്റെ ടെന്റിൽ കൂടെ ഉണ്ടായിരുന്നത് കുടക് സ്വദേശി കിഷനും ഫോട്ടോഗ്രാഫർ കിരണും ആയിരുന്നു. രാത്രിയിൽ നല്ല തണുപ്പുണ്ടാരുന്നെങ്കിലും ക്ഷീണം കൊണ്ട് എല്ലാവരും സ്വന്തം സ്ലീപിങ് ബാഗിനുള്ളിൽ സുഖമായി ഉറങ്ങി.

himalaya-dream-destination

DAY -2

Altitude - 9885 അടി

Location - ബേക്കൽതാൽ (BEKALTAL).

പാതിരാത്രിയിൽ ഇടിവെട്ടി മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ഉണർന്നിരുന്ന പലരും പേടിച്ചു. എന്നാൽ, പ്രഭാതത്തിൽ കണ്ട സൂര്യോദയം ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയായി. ചുറ്റുമുള്ള കാടും എന്തിന് ഓരോ ഇലയും മഞ്ഞു കൊണ്ട് മൂടി കിടക്കുന്നു, ചക്രവാളത്തിൽ സൂര്യൻ ഉദിച്ചുയരുന്നത് കണ്ടാൽ ആ റോഡോഡെൻഡ്രോൺ കാടുകൾക്ക് തീ പിടിച്ചത് പോലെ. പ്രാഥമികകാര്യങ്ങളും പ്രഭാതഭക്ഷണവും ടീം ബ്രിഫിങ്ങും കഴിഞ്ഞതിനുശേഷം അന്നത്തെ ട്രെക്കിങ് തുടങ്ങി. പുതിയ കാലാവസ്ഥയിൽ ഭാരിച്ച ട്രെക്കിങ് ബാഗും തൂക്കി ഇനിയും മുകളിലേക്ക് കയറാൻ ആത്മവിശ്വാസം കുറവായിരുന്നു. ‘‘എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ കോവർകഴുതയുടെ സഹായം തേടാം. ആദ്യം ഒന്നു ശ്രമിച്ചു നോക്കൂ.’’ ഖുഷി പ്രചോദിപ്പിച്ചു. അദ്ഭുതമെന്നു പറയട്ടെ അവിടുന്ന് അങ്ങോട്ട് ട്രെക്കിങ് വളരെ ആയാസരഹിതം ആയിരുന്നു. ചിലപ്പോൾ ശരീരം പെട്ടെന്നു പുതിയ കാലാവസ്ഥയുമായി ഇഴുകിച്ചേർന്നതിനാലാകാം അത്. മുകളിലേക്ക് കയറും തോറും ചുറ്റുമുള്ള കാഴ്ചകൾ കൂടുതൽ നയനമനോഹരമായി പലയിടത്തും ആകാശവും ഭൂമിയും  തമ്മിൽ തെറ്റിപ്പോകും., സ്വർഗത്തിലേക്കുള്ള പാതയാണോ എന്നു തോന്നുന്ന വിധത്തിൽ സുന്ദരിയായിരുന്നു പ്രകൃതി. ക്യാമറ കണ്ണുകളാൽ ആവും വിധം എല്ലാം ഒപ്പിയെടുത്തും ഇടയ്ക്കിടെ വിശ്രമിച്ചും ഞങ്ങൾ മുന്നോട്ടു നീങ്ങി. ബെക്കൽതാലിൽ നിന്ന് ഒരു പട്ടി ഞങ്ങളുടെ കൂടെ കൂടിയിരുന്നു. ഗാർഡിയൻ എയ്ഞ്ചൽ എന്നു ഞങ്ങൾ വിളിച്ച ആ പട്ടി എല്ലാവരുടെയും ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സുരക്ഷിതത്വം നൽകി. വന്നു പോയ യാത്രികരിൽ ആരൊക്കെയോ കൂട്ടിവെച്ച കല്ലുകളും ഒരു കൊടിയുമുള്ള, ജണ്ടടോപ് എന്നു വിളിക്കുന്ന, ഒരു പ്രധാന വിശ്രമകേന്ദ്രത്തിനരികെ ഇരുന്ന് എല്ലാവരും ലഞ്ച് കഴിച്ചു. അവിടെ നിന്നു നോക്കിയാൽ നന്ദാദേവി, ത്രിശൂൽ, നന്ദഗുണ്ടി തുടങ്ങിയ മലനിരകൾ വ്യക്തമായി കാണാൻ കഴിയും. എന്നാൽ, ആകാശം മേഘാവൃതമായതിനാൽ ഒന്നും കാണാൻ സാധിച്ചില്ല. അത് ഒരു കണക്കിന് നന്നായി. കാരണം ആ വ്യൂ അപ്പോൾ കണ്ടിരുന്നെങ്കിൽ ട്രെക്കിങ്ങിന്റെ അവസാനം മൊത്തം മലനിരകളും അടുത്ത് കാണുമ്പോൾ കിട്ടുന്ന ത്രില്ലിനു കോട്ടം തട്ടിയേനെ. ഏകദേശം ഉച്ച കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടാമത്തെ ക്യാംപ് സൈറ്റ് ആയ ബ്രഹ്മതാൽ എത്തി. 

മഞ്ഞുമൂടിയ ഉയരുമുള്ള മലകളാലും റോഡോഡെൻഡ്രോൺ നിറഞ്ഞ കാടുകളാലും പുറപ്പെട്ടു കിടക്കുന്ന അതിമനോഹരമായ ക്യാംപ് സൈറ്റ്. ചൂടു ചായയും സ്നാക്സും കഴിച്ചു കൊണ്ട് ഞാൻ സ്ഥലം ചുറ്റിക്കണ്ടു. ക്യാംപിൽ നിന്നും 500 മീറ്റർ മാറി കുറച്ചു താഴെ റോഡോ ഡെൻഡ്രോൺ മരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടത്താണ് ബ്രഹ്മതാൽ തടാകം, തണുപ്പുകാലം ആയതിനാൽ പകുതി ഉറഞ്ഞ അവസ്ഥയിലായിരുന്നെങ്കിലും മനോഹാരിതയ്ക്ക് തെല്ലും കുറവുണ്ടായിരുന്നില്ല. ബെദ്നി (BEDNI) എന്ന സ്ഥലത്തു വേദവ്യാസനും ഗണപതിയും ഇരുന്നു മഹാഭാരതം എഴുതുമ്പോൾ വെള്ളം തൊട്ട് താളുകൾ മറിക്കാൻ, ബ്രഹ്മാവിനാൽ ബെദ്നിയുടെ ഇടതുവശത്തായി നിർമിക്കപ്പെട്ടതാണത്രെ ഈ തടാകം. 

ബ്രഹ്മതാൽ ക്യാംപ് ബേക്കൽതാലിനെ അപേക്ഷിച്ച് ഏറെ ഉയരത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അന്തരീക്ഷ ഊഷ്മാവ് –5 ഡിഗ്രി ഉള്ള ഇവിടെ പലയിടത്തും ഫ്രോസൺ ഐസ് രൂപപ്പെട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതിന് മുകളിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ എത്ര പ്രഫഷനൽ ആയട്രെക്കർ ആണെങ്കിലും നടുവടിച്ചു തെന്നി വീഴും. ഫ്രോസൺ ഐസിലൂടെ ട്രെക്ക് ചെയ്യാൻ എല്ലാവർക്കും ബേസ് ക്യാംപിൽ വച്ച് തന്നെ CRAMPON നൽകിയിരുന്നു. ക്രാംപോൺ എന്നു പറയുന്നത് അറ്റം കൂർത്ത ചങ്ങലകളോട് കൂടിയ ഒരു സ്ട്രാപ്പ് ആണ്. ഫ്രോസൺ ഐസ് ഉള്ള സമയത്ത് ഇതു ഷൂസിനോട് ചേർത്ത് കെട്ടി നടക്കുന്നത് മഞ്ഞിൽ കൂടുതൽ ഗ്രിപ് കിട്ടാൻ ഉപകരിക്കും. ഇതല്ലാതെ ഷൂസിന്റെ അകത്തും ട്രെക്കിങ് പാന്റ്സിന്റെ അകത്തും മഞ്ഞു കയറാതെ ഇരിക്കാൻ HIGH GAITERS എന്ന് വിളിക്കുന്ന കാൻവാസിന്റെ ഒരു കവറിങ് കൂടെ ബേസ്ക്യാംപിൽ നിന്ന് തന്നിരുന്നു. ബെകാൽതാൽ മുതൽ മഞ്ഞ് അധികം ആയതിനാൽ എല്ലാവരും GAITERS ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. രാത്രിയിൽ ക്യാംപിൽ ഭക്ഷണവും അന്താക്ഷരിയും ഡാൻസും ഒക്കെയായി ഖുഷിയും ഞങ്ങളും ആഘോഷിച്ചു. ബേക്കൽതാൽ ക്യാംപിൽ സ്ലീപ്പിങ് ബാഗിന്റെ അകത്ത് എനിക്ക് ചെറുതായി ചൂടെടുത്തിരുന്നു. എന്നാൽ, ബ്രഹ്മതാലിൽ സ്ഥിതി മാറി, രാത്രിയിൽ –10 ഡിഗ്രി വരെ എത്തിയ തണുപ്പിൽ സ്ലീപ്പിങ് ബാഗിന്റെ അകത്തായിട്ടു പോലും വിറയ്ക്കാൻ തുടങ്ങി. ബയോളജിക്കൽ ഹോട്ട്സ്പോട്ട് ആയ‌തിനാൽ ക്യാംപ് ഫയർ ഇവിടെ നിയമപരമായി തെറ്റാണ്. അതുകൊണ്ട് തന്നെ തണുപ്പ് അകറ്റാൻ ഇവിടെ വേറെ മാർഗങ്ങൾ ഒന്നും ഇല്ല. 

DAY -3 

Altitude - 10440 അടി

Location - ബ്രഹ്മതാൽ (BRAHMTAL).

പതിവിലും ഒരു മണിക്കൂർ നേരത്തെ ഞങ്ങൾ അന്നത്തെ ട്രെക്കിങ് തുടങ്ങി. ഖുഷിയുടെ ഭാഷയിൽ ഇന്നു summit climb ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടം. ഇന്നത്തെ ദിവസം ഏകദേശം 13000 അടി വരെ നടന്നു കയറണം, ഈ ഉയരത്തിൽ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. AMS അല്ലങ്കിൽ അതിലും ഗുരുതരമായ HAPE/ HAZE തുടങ്ങിയവ വരാൻ വളരെയധികം സാധ്യതയുള്ളതിനാൽ ഇടയ്ക്കിടെ വിശ്രമിച്ചു വേണം മുകളിലേക്ക് കയറാൻ. എങ്കിലും ആരെയും അധികനേരം വിശ്രമിക്കാനും ഖുശി അനുവദിച്ചില്ല. കാരണം അത് ശരീരത്തിലെ ചൂട് കുറയുന്നതിനും അതുവഴി മറ്റു ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകും. എല്ലാവരും വലിയ ബാക്പാക് ക്യാംപിൽ വച്ച് ചെറിയ ബാഗുകളിൽ ഭക്ഷണവും വെള്ളവും ആയിട്ടാണ് മുകളിലേക്ക് കയറിയത്. ഏതാനും അടി കയറിയപ്പോൾ തന്നെ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് എല്ലാവർക്കും മനസ്സിലായി. പലയിടത്തും അരയാൾ പൊക്കത്തിൽ മഞ്ഞുണ്ടായിരുന്നു. 

എങ്കിലും കയറുംതോറും ചുറ്റുമുള്ള കാഴ്ചകളുടെ ഭംഗിയും കൂടി വരാൻ തുടങ്ങി. ഗ്രെയ്റ്റർ ഹിമാലയാസ് അതിന്റെ എല്ലാ ഗാംഭീര്യത്തോടെയും ഞങ്ങളുടെ മുന്നിൽ തലയുയർത്തി നിന്നു. ഏറ്റവും അവസാനത്തെ ലാപ്പുകൾ ഖുഷി ഞങ്ങളെ ഒറ്റവരിയായിട്ടാണ് മുകളിലേക്കു കയറാൻ അനുവദിച്ചത്. കൂട്ടം തെറ്റാതിരിക്കാനും ആർക്കെങ്കിലും ദേഹാസ്വാസ്ഥ്യം തോന്നിയാൽ വേഗം മനസ്സിലാക്കാനുമായിരുന്നു അങ്ങനെ ചെയ്തത്. ഓരോ അടി വയ്ക്കുമ്പോഴും അര വരെ പൊക്കത്തിൽ മഞ്ഞിന്റെ അകത്തേക്ക് കാലുകൾ താഴ്ന്നു പോകുന്നത് യാത്രയുടെ വേഗം നന്നേ കുറച്ചു. പലർക്കും കഠിനമായ തലവേദനയും പേശിവേദനയും കാരണം ഒരടി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയായി. അവിടെ ഖുഷിയും മറ്റു ഗൈഡുകളും തന്ന ഉത്തേജനവും ഇനി അര കിലോമീറ്റർ മാത്രമേയുള്ളൂ എന്ന കുഞ്ഞുകള്ളവുമാണ് ഞങ്ങളുടെ ട്രെക്കിങ് ഗ്രൂപ്പിനെ ലക്ഷ്യത്തിൽ എത്തിച്ചത്. എന്റെ മനസ്സും ശരീരവും കാലാവസ്ഥയും പ്രകൃതിയുമായി നന്നേ പൊരുത്തപ്പെട്ടതിനാൽ ഞാൻ വളരെ മുന്നിൽ ആയിരുന്നു. 

himalaya-dream-destination3

DAY -3

Altitude - 12750 അടി

Location - Brahmatal Summit

‌മുകളിൽ എത്താറായപ്പോൾ ഒരു കുഞ്ഞ് ആഗ്രഹം, അതിസുന്ദരമായ ഗ്രെയ്റ്റർ ഹിമാലയാസ് മലനിരകൾ മറ്റുള്ളവരേക്കാൾ മുന്നേ കാണാൻ. ഒരു കുഞ്ഞു കുട്ടിയെ പോലെ അവസാന ലാപ് ഓടി കയറി. എന്റെ മുന്നിൽ നടന്നിരുന്ന യൂറോപ്യൻ കമിതാക്കളെ ചിരിച്ചു കൊണ്ട് പിന്നിലാക്കി മുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ച, അതു വരെ പിന്നിട്ട ക്ലേശങ്ങളെല്ലാം അലിയിച്ചില്ലാതാക്കാൻ പോന്നതായിരുന്നു. എല്ലാ പ്രൗഢിയോടെയും ഗ്രെയ്റ്റർ ഹിമാലയൻ മലനിരകൾ മുന്നിൽ തലയുയർത്തി നിൽക്കുന്ന  ആ കാഴ്ച. തൂവെള്ള നിറത്തിൽ ചുറ്റും പരന്നു കിടക്കുന്ന വലുതും ചെറുതുമായ ഹിമാലയൻ മലനിരകൾ. ഖുഷി മുന്നിൽ കാണുന്ന ഓരോ പർവത ശിഖരങ്ങളുടെയും പ്രത്യേകതകൾ എണ്ണമിട്ടു പറഞ്ഞു തരുമ്പോൾ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ഏറ്റവും ഉയരത്തിൽ അടുത്തു കാണുന്നത്, വലുപ്പത്തിൽ 23–മത്തേതും പൂർണമായി ഇന്ത്യിലുള്ള ഏറ്റവും വലിയ പർവതവുമായ മൗണ്ട് നന്ദാദേവി, ഇടതും വലതുമായി മൗണ്ട് ത്രിശൂലും നന്ദാകോട്ടും, കൂടാതെ ചൗഖംബ(Chaukhambha), മന്ദിർ (Mandir), മാനാ (Mana), നീൽഗിരി (Nilgiri), നീലകണ്ഠ (Neelkanth), മൈറ്റോലി (Maitoli) തുടങ്ങിയ മലകളും അവിടെ നിന്നു കാണാം. അങ്ങ് ദൂരെ നന്ദാദേവി മലയുടെ താഴ്‍വാരത്തിൽ ഉള്ള രൂപ്കുണ്ഡ് (roopkund) തടാകം പ്രസിദ്ധമായ ട്രെക്കിങ് ലൊക്കേഷൻ ആണ്. അസ്ഥികളുടെ താഴ്‍വാരം എന്ന് വിളിക്കുന്ന ആ പ്രദേശത്തു നിന്നു മനുഷ്യ അസ്ഥികൾ ഒരുപാട് കണ്ടെടുത്തിട്ടുണ്ട്. രൂപ് കുണ്ഡ് തടാകം വേനൽക്കാലത്തു സന്ദർശിച്ചാൽ തടാകത്തിന്റെ അടിത്തട്ടിലും അസ്ഥിപഞ്ജരങ്ങൾ കാണാമെന്ന് ഖുഷി പറഞ്ഞു. അധികം നേരം അവിടെ ചിലവഴിക്കാൻ പറ്റില്ല. മലയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് എപ്പോഴും ശക്തമായ കാറ്റ് ഉണ്ടാകും. കൂടാതെ ഈ ഉയരത്തിൽ ഓക്സിജന്റെ അളവു വളരെ കുറവാണ്. സൂര്യപ്രകാശത്തിന്റെ ശക്തി കൂടിയാൽ മഞ്ഞ് ഉരുകാൻ തുടങ്ങും. തന്മൂലം തിരിച്ചിറങ്ങുമ്പോൾ ഗ്രിപ് കിട്ടാനും പാടാണ്. അതിനാൽ ഖുഷിയും ബാക്കി ഗൈഡുകളും ഞങ്ങളുമായി തിരിച്ചിറങ്ങാൻ തയാറെടുത്തു. അപ്പോഴും ആ കാഴ്ചകൾ കണ്ടു മതിയായിരുന്നില്ല. 

എന്നാലും മനസ്സില്ലാമനസ്സോടെ ഞങ്ങൾ താഴേക്ക് ഇറങ്ങി. വരുമ്പോൾ ഹിമാലയത്തോടുണ്ടായിരുന്ന മോഹം ഇപ്പോൾ തിരിച്ചു നടക്കുമ്പോൾ തീവ്രപ്രണയമായി മാറിയിരുന്നു. ഇനിയും വരും ഒരുപാട് തവണ എന്നു മനസ്സിൽ കുറിച്ചിട്ടുകൊണ്ട് ഒരിക്കൽകൂടി ആ ഹിമാലയൻ പർവത നിരകളെ നോക്കി ഞാൻ പതിയെ തിരിഞ്ഞു നടന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA