ADVERTISEMENT

മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന നിലം. അത്രയെളുപ്പമല്ല അതിലൂടെയുള്ള സഞ്ചാരം. എന്നിട്ടും മഞ്ഞു പുതപ്പിന്റെ മുകളിലൂടെ ട്രെക്കിങ് നടത്തുന്നവർ കുറവല്ല. ഇന്ത്യയിൽ മഞ്ഞിന്റെ മുകളിലൂടെ ട്രെക്കിങ് നടത്തുന്ന പ്രശസ്തമായ ഇടമാണ് ലഡാക്ക്. ലോകത്തെ സാഹസിക യാത്രകളിൽ തന്നെ അടയാളപ്പെട്ട യാത്രയാണ് ജമ്മു കശ്മീരിലെ ലഡാക്കിലുള്ള ഈ "ചഡർ ട്രെക്കിങ്ങ്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തിരക്ക് കൂടുന്ന ലഡാക്കിൽ പതിനാറു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ട്രെക്കിങ്ങ് സൗകര്യമാണുള്ളത്. സംസ്‌കാർ നദിയുടെ തീരത്തു തന്നെയാണ് ഈ മഞ്ഞു വിരിപ്പുള്ളത്.

തണുപ്പ് അധികമാകുമ്പോൾ സംസ്‌കാർ നദി പതുക്കെ മഞ്ഞു കഷ്ണമായി തുടങ്ങും. പിന്നെ നദി ഇല്ലാതെയാകും, മഞ്ഞ് മാത്രം. അപ്പോഴാണ് ട്രെക്കിങ്ങിനു ഇവിടെ കൂടുതൽ സൗകര്യപ്രദമാവുക. അമിതമായ തണുപ്പും ഓൾട്ടിട്യൂടും ഇവിടെ പ്രശ്നം തന്നെയാണ്. സ്‌കേറ്റിങ് പ്രേമികൾക്കും സാഹസിക സഞ്ചാരികൾക്കും ഒരിക്കലും ഒഴിവാക്കാൻ തോന്നാത്തതാണ്. മഞ്ഞുകാലത്ത് പൊതുവെ ഇവിടെ സഞ്ചാരം അത്ര എളുപ്പമല്ല. ചെങ്കുത്തായും വഴുക്കിയും കിടക്കുന്ന മലനിരകൾ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.

നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് ഇവിടേക്കുള്ള പല റോഡുകളും ഏതാണ്ട് സഞ്ചാരത്തിന് പോലും സാധ്യമല്ലാത്ത വിധത്തിലാകും. ഇത്തരം സന്ദർഭങ്ങളിലാണ് ട്രെക്കിങ്ങിനു അധികം പേർ എത്തുന്നത്. സംസ്‌കാറിലുള്ള പലയിടങ്ങളെയും തമ്മിൽ ചേർത്താണ് ഈ ട്രെക്കിങ്ങ് നടത്തുന്നത്.

മഞ്ഞുകാലം അല്ലാത്തപ്പോൾ അതിമനോഹരമായി ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണ് സംസ്‌കാർ നദി. എന്നാൽ മുകളിൽ മഞ്ഞിന്റെ വിരിപ്പുകളും താഴെ ഒഴുക്കുമായി മഞ്ഞുകാലം വരുമ്പോൾ അവളുടെ രൂപം മാറും. ട്രെക്കിങ്ങ് നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.  ഗൈഡിന്റ നിർദ്ദേശമനുസരിച്ചു മാത്രമേ ഇവിടെ ട്രെക്കിങ്ങ് നടത്താനാവൂ, അതാണ് സുരക്ഷിതവും. രാവിലെ മുതൽ ഇവിടെ ട്രെക്കിങ്ങ് ആരംഭിക്കും. ലേ മലകളിലെ പട്ടണത്തിൽ നിന്നാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്.  എല്ലാ വശത്തും മഞ്ഞാൽ ചുറ്റപ്പെട്ട സ്ഥലമായതുകൊണ്ട് ഇവിടെ എത്താനുള്ള ഏക മാർഗ്ഗം ആകാശ മാർഗ്ഗമാണ്. വിമാനത്തിൽ വരുമ്പോൾ ഈ മഞ്ഞു കടൽ കാണാനാകും. സംസ്‌കാർ നദി മഞ്ഞായി തുടങ്ങുന്ന ഫെബ്രുവരി മുതൽ ഇവിടെ ട്രെക്കിങ്ങ് ആരംഭിക്കും.

യാത്രയ്ക്ക് പോകുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്‌കേറ്റിങ് നടത്തുന്ന മഞ്ഞു പാളിയുടെ വലിപ്പം പ്രധാനമാണ്, അതിനെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചില പാളികളുടെ മുകളിൽ വിള്ളലുകൾ ഉണ്ടാകാം, അവ ഒഴിവാക്കുന്നതാണ് നല്ലത്. തെന്നി വീഴുന്ന നിരവധി ഇടങ്ങൾ കാണാം, ഇതിലൂടെയുള്ള നടത്തം അപകടകരമാണ്. കാലിനടിയിൽ വിള്ളലുകൾ ഉണ്ടെന്നു മനസ്സിലായാൽ പെട്ടെന്ന് തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് ഓടി മാറുക. ചൂടുള്ള വസ്ത്രങ്ങളും  ട്രെക്കിങ്ങിനു ഉപയോഗിക്കുന്ന തരം ഷൂസുകളും കൈയിൽ കരുതാം. നടക്കുന്നതുകൊണ്ട്  തണുപ്പ് അപകടമാകാം, അതിനു അനുയോജമായ വസ്ത്രങ്ങൾ സഹായിക്കും. ട്രെക്കിങ്ങിനു ഉപയോഗിക്കേണ്ടുന്ന ഉപകരണങ്ങൾ സഞ്ചാരികൾ കൂടെ കരുതേണ്ടി വരും, കാരണം അവ കിട്ടുന്ന ഇടങ്ങൾ ലേയിൽ കുറവാണ്. ശാരീരികമായ പ്രയാസമില്ലാതെ സഞ്ചരിക്കാൻ തക്ക ആരോഗ്യ സ്ഥിതി ഉള്ളവർക്കാണ് ഈ ട്രെക്കിങ്ങ് അഭികാമ്യം. ഹൃദയ അസുഖം, ബി പി എന്നിവയൊക്കെ ഉള്ളവർ പോകാതെ ഇരിക്കുകയാണ് നല്ലതെന്ന് സാരം. ഒൻപതു ദിവസത്തോളമാണ് ഒരു ട്രെക്കിങ്ങ് പീരീഡ്.

മഞ്ഞു കാലത്ത് ലഡാക്കിൽ റോഡ് വഴി എത്തുക അത്ര എളുപ്പമല്ല. അതുകൊണ്ട് ആകാശ മാർഗ്ഗം തന്നെയാണ് നല്ലത്. ഡൽഹിയിൽ നിന്നും ലേയിലേക്ക് ആകാശ മാർഗം സഞ്ചാര സൗകര്യം ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com