ADVERTISEMENT

പുണെ-ബെംഗളൂരു ഹൈവേയിൽ ഒന്നരമണിക്കൂർ പിന്നിട്ടാൽ ശിശൂർ ഗ്രാമം. ഇടത്തോട്ടു തിരിഞ്ഞു മുന്നോട്ടു നീങ്ങിയാൽ അതുവരെ കണ്ട വരണ്ട കാഴ്ചയാകില്ല മുന്നിൽ. ചുറ്റും മലനിരകൾ. അടിവാരത്തിൽ കരിമ്പിൻചെടികൾ തഴച്ചുനിൽക്കുന്നു; പലയിനം പച്ചക്കറികൾ, പഴങ്ങൾ. ഇരുവശത്തും കൃഷിയിടങ്ങളാണ്. പാടത്തു പൂത്തുനിൽക്കുന്ന ജമന്തിപ്പൂക്കൾ തലയാട്ടിച്ചിരിക്കുന്നു. ആൽമരങ്ങൾ തണൽവിരിച്ചുനിൽക്കുന്ന പാതയിലൂടെ ചെമ്മരിയാട്ടിൻകൂട്ടങ്ങൾ കടന്നുപോയി.

ദേശീയപാതയിൽനിന്നു തിരിഞ്ഞ് 25 കിലോമീറ്റർ പിന്നിട്ടാൽ പാഞ്ചഗണിയായി. അവിടെനിന്ന് 20 കിലോമീറ്റർകൂടി യാത്ര ചെയ്താൽ മഹാബലേശ്വറിലെത്താം. സമുദ്രനിരപ്പിൽനിന്ന് 1300 മീറ്റർ ഉയരത്തിലുള്ള മലനിരയാണു മഹാബലേശ്വർ. മഹാരാഷ്ട്രയുടെ ഇതരമേഖലകൾ വേനൽച്ചൂടിൽ വെന്തുരുകുമ്പോഴും ചൂട് അധികം ഏശില്ലെന്നതാണ് ഇൗ മലനിരകളുടെ സവിശേഷത. ബ്രിട്ടിഷ് ഭരണകാലത്തു ബോംബെ പ്രവിശ്യയിലെ ‘സമ്മർ ക്യാപിറ്റൽ’ ആയാണു മഹാബലേശ്വറിനെ വിശേഷിപ്പിച്ചിരുന്നത്.

ദേശീയപാതയിൽനിന്നു 12 കിലോമീറ്റർ പിന്നിട്ടതോടെ താഴ്‌വാരമെത്തി. ഇടവിട്ടു ബസുകളുണ്ടെങ്കിലും ബൈക്കുകളിലും െഷയർ ജീപ്പിലും യാത്ര ചെയ്യുന്ന ഗ്രാമവാസികൾ ഏറെയാണ്. സ്വകാര്യ വാഹനങ്ങളിലേറെയും പാഞ്ചഗണിയിലെയും മഹാബലേശ്വറിലെയും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു പോയ്‌വരുന്നവയാണ്. എംഎച്ച് 07സി 9556 നമ്പറുള്ള ചുവന്ന പെയിന്റടിച്ച സർക്കാർ ബസിനു പിന്നാലെയായിരുന്നു ഞങ്ങളുടെ വാഹനം. താഴ്‌വാരത്ത് പച്ചപ്പ്, റോഡരിക് അൽപം വരണ്ടിരിക്കുന്നു, മുകളിൽ നീലാകാശം. ഇൗ മൂന്നു നിറങ്ങളെയും വകഞ്ഞു ചുവന്ന നിറത്തിലുള്ള ബസ് ചുരങ്ങളൊന്നായി പിന്നിടുന്നു.

കാഴ്ചകളിലേക്കു കണ്ണോടിച്ചു കുറെ ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ മുന്നിലൊരു ബോർഡ് - വെൽകം ടു പാഞ്ചഗണി. റിസോർട്ടുകളുടെ പരസ്യങ്ങൾ, വിവിധ സ്ട്രോബെറി ഉൽപന്നങ്ങളുടെ ബോർഡുകൾ. അൽപദൂരം പിന്നിട്ടപ്പോൾ ടോൾ ബൂത്ത് പോലൊരു സംവിധാനം. അവിടെ നിന്നിരുന്നയാൾ 50 രൂപയുടെ രസീത് കീറിത്തന്നു - പൊലൂഷൻ ടാക്സ്. കൗതുകം സമ്മാനിച്ച ആ കടലാസുകഷണം പഴ്സിൽ സൂക്ഷിച്ചു.പാഞ്ചഗണി ടൗണിൽ കാർ നിർത്തി പുറത്തിറങ്ങി നിന്നപ്പോൾ അതാ അടുത്ത കൗതുകക്കാഴ്ച – മലബാർ ബേക്കറി എന്നു വലിയ അക്ഷരത്തിലുള്ള ബോർഡ്. വട്ടത്തിൽ കണ്ണോടിച്ചപ്പോൾ അതാ അപ്സര ഹോട്ടൽ. ‘‘ഞമ്മള് കണ്ണൂരുന്നാ...’’ അതിഥികൾ മലയാളികളാണെന്നറിഞ്ഞപ്പോൾ കാഷ് കൗണ്ടറിലിരുന്നയാൾ സ്വയം പരിചയപ്പെടുത്തി. തലശ്ശേരിയിൽനിന്നു പതിറ്റാണ്ടുകൾക്കു മുൻപു കുടിയേറിയവരാണ് ‘അപ്സരയുടെയും മലബാറിന്റെയും’ ഉടമകൾ.

പാഞ്ചഗണിയിലെ പ്രഭാതത്തിലേക്കു പിറ്റേന്നു കൺതുറക്കുമ്പോൾ രാവിലെ 5.40. സുഹൃത്ത് ജിതിനും ഡ്രൈവർ കോൺഡുവയും റെഡി. യാത്ര മഹാബലേശ്വറിലെ സ്ട്രോബെറി തോട്ടങ്ങളിലേക്കാണ്. പാഞ്ചഗണിയിൽ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ടേബിൾ‍ ടോപ് എന്ന വിനോദസഞ്ചാരകേന്ദ്രം പിന്നിട്ടു വാഹനം നീങ്ങി. ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിതും കജോളും പഠിച്ച സെന്റ് ജോസഫ് റെസിഡൻഷ്യൽ സ്കൂൾ ജിതിൻ ചൂണ്ടിക്കാണിച്ചു. നടൻ ആമിർ ഖാന്റെ അവധിക്കാല വസതി അതിനടുത്താണ്.ദക്ഷിണേന്ത്യയിൽ ഉൗട്ടിക്കു സമാനമായി മഹാരാഷ്ട്രയിലെ റെസിഡൻഷ്യൽ സ്കൂളുകളുടെ ആസ്ഥാനമാണു പാഞ്ചഗണി. നാൽപതോളം റെസിഡൻഷ്യൽ സ്കൂളുകളാണിവിടെയുള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നും വിദേശരാജ്യങ്ങളിലുംനിന്നുമുള്ള വിദ്യാർഥികളുണ്ട്.

20 മിനിറ്റോളം കഴിഞ്ഞപ്പോൾ റോഡിനിരുവശവും ഇടതൂർന്ന മരങ്ങൾ. അവയെ തഴുകി തണുത്ത കാറ്റ് കടന്നുവന്നു. ഓൾഡ് മഹാബലേശ്വറിലെത്തുമ്പോൾ നാലു മലനിരകൾക്കു നടുവിൽ ഒരു തടാകം. അകലെനിന്നു നോക്കുമ്പോൾ ഒരു പെയിന്റിങ് പോലെ മനോഹരമാണ് ആ കാഴ്ച. തടാകത്തിലേക്കു കണ്ണുംനട്ടു കൃഷ്ണാബായി ക്ഷേത്രം. അതിനു തൊട്ടടുത്തായാണ് അമാൻ നാൽബന്തിന്റെ സ്ട്രോബെറി തോട്ടം. ഹൃദയാകൃതിയിൽ പഴങ്ങൾ ചുവന്നുതുടുത്തു കൊതിയുണർത്തി തോട്ടത്തിൽ നിരന്നുകിടപ്പുണ്ട്. മഞ്ഞുവീണ ഇലകൾക്കടിയിൽ ഒളിഞ്ഞും ഒരായിരം സ്ട്രോബെറി പഴങ്ങളുണ്ട്.കേരളത്തിൽ ഇഞ്ചി നടാൻ മണ്ണു തടുത്തുകൂട്ടി തട്ടിനിരപ്പാക്കി ചെറിയ മേടാക്കുന്നതുപോലെ നിലമൊരുക്കി അതിലാണു സ്ട്രോബെറി കൃഷി ചെയ്യുന്നത്. മണ്ണുതട്ടി അണുബാധ ഏൽക്കാതിരിക്കാൻ ചെടി നട്ടയുടനെ കണ്ടത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. അതിനു മുകളിലേക്കാണു ചെടി പടരുന്നതും കായ വിരിഞ്ഞുകിടക്കുന്നതും. പറിച്ചുകഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം മാത്രമാണു സ്ട്രോബെറി പഴങ്ങളുടെ ആയുസ്സ്.

കലിഫോർണിയയിൽനിന്നാണ് ഇൗ തോട്ടത്തിലെ സ്ട്രോബെറിയുടെ മാതൃചെടി കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക ബോക്സിലാക്കി കൊണ്ടുവരുന്ന റാണിച്ചെടികൾ വിതരണം ചെയ്യുന്ന ഏജന്റുമാരും നഴ്സറി ഉടമകളും മഹാബലേശ്വറിൽ ഏറെയുണ്ട്. റാണിച്ചെടി ഒരു കവറിൽ നട്ടു മണ്ണിലിറക്കിവയ്ക്കും. തുടർന്ന് അതിനു ചുറ്റും പ്ലാസ്റ്റിക് കവറുകൾ നിരത്തിവയ്ക്കും. റാണിയിൽനിന്നു പൊട്ടിമുളച്ചു പടരുന്ന തണ്ടുകൾ ചുറ്റും വച്ചിരിക്കുന്ന കവറുകളിലെ മണ്ണിലേക്കു വേരു പടർത്തിത്തുടങ്ങുമ്പോൾ മുകളിൽനിന്നു മുറിക്കും. ഓരോ കവറിലും പടർന്നിരിക്കുന്ന വേരുകൾ പിന്നീട് മുളച്ചുവരുമ്പോൾ ചെടിയായി (കുരുമുളകുചെടി കൂടയിൽ വളർത്തുംപോലെ) മാറും. അവയാണു പിന്നീടു കൃഷിക്കായി നടുന്നത്.ആരോഗ്യമുള്ള റാണിച്ചെടിയിൽനിന്നു നൂറിലേറെ തൈകൾ ഉണ്ടാക്കാമെന്ന് അമാൻ നാൽബന്ത് പറഞ്ഞു. അവയിൽ പരാഗണത്തിനു പ്രത്യേകം സ്പ്രേ അടിച്ചാലേ പൂത്ത് കായയുണ്ടാകൂ. അവിടെനിന്നു മഹാബലേശ്വർ മാർക്കറ്റിലേക്കായിരുന്നു യാത്ര. വിൽപനയ്ക്കായി കുട്ടകളിൽ സ്ട്രോബെറി പഴങ്ങൾ അലങ്കരിച്ചുവയ്ക്കുകയാണു കച്ചവടക്കാർ. മൾബെറി, റാസ്ബെറി പഴങ്ങളും കാരറ്റും പച്ചക്കറികളുമെല്ലാമായി വിൽപന സംഘങ്ങൾ നടന്നുനീങ്ങുന്നു.

യാത്ര തുടരുകയാണ്. അടുത്ത ലക്ഷ്യം മാപ്രോ ഗാർഡനാണ്. ജാം, സ്ക്വാഷ്, മിഠായി, പലഹാരങ്ങൾ എന്നിങ്ങനെ സ്ട്രോബെറികൊണ്ടുള്ള വിവിധ തരം ഉൽപന്നങ്ങളുടെ നിർമാതാക്കളാണു മാപ്രോ ഫുഡ്സ്. സ്ട്രോബെറിയുടെ തീമിൽ അവർ നിർമിച്ചിരിക്കുന്ന മാപ്രോ ഗാർഡനിൽ വലിയ സൂപ്പർ മാർക്കറ്റും കുട്ടികൾക്കുള്ള ചെറിയ പാർക്കുമുണ്ട്. സ്ട്രോബെറി പഴങ്ങളിൽനിന്നു കിങ്ബെറി എന്ന പേരിൽ വൈൻ ഉണ്ടാക്കുന്ന കമ്പനിയുടെ സെയിൽസ് ഓഫിസിലേക്കാണു പിന്നീടു പോയത്. സോലാപുരിലാണു കിങ്ബെറിയുടെ വൈൻ നിർമാണശാല (വൈനറി).വൈൻ ലഹരിയിൽനിന്ന് അബ്രാൾ ഗ്രാമത്തിലെത്തുമ്പോൾ നട്ടുച്ച. ഇവിടത്തുകാരുടെ പ്രധാന വരുമാനങ്ങളിലൊന്നാണു സ്ട്രോബെറി കൃഷി. തട്ടുതട്ടായുള്ള പാടങ്ങൾ. ‘‘ദീപാവലിക്കു ശേഷമാണു സ്ട്രോബെറി കൃഷി തുടങ്ങുക. രണ്ടുമാസങ്ങൾക്കൊണ്ടു പൂക്കളാകും. അധികം വൈകാതെ പഴങ്ങളാകും. തുള്ളിനനയ്ക്കുള്ള പൈപ്പിലൂടെ ടോണിക് ആയാണു വളം നൽകുക. ജലസേചനത്തിനു നല്ല സൗകര്യമുള്ള പാടങ്ങളാണെങ്കിൽ ഡിസംബർ മുതൽ മേയ് വരെ വിളവുകിട്ടും’’- കർഷകൻ പ്രമോദ് അംബ്രാണെയുടെ സാക്ഷ്യം.

പാടത്തുനിന്നു പറിച്ച് പല അളവിലുള്ള ഹാർഡ്ബോർഡ് ബോക്സുകളിൽ പഴങ്ങൾ നിറച്ചുവച്ചാൽ മതിയെന്നും വിളിച്ചുപറഞ്ഞാൽ പതിവു കച്ചവടക്കാർ വീട്ടിലെത്തി അവ ശേഖരിച്ചു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സ്ട്രോബെറി കൃഷിയുടെ 85 ശതമാനവും മഹാബലേശ്വറിലാണെന്നറിയുമ്പോൾതന്നെ ഓർ‍ക്കുക, ഇൗ നാടിന്റെ രുചിയും മണവും. പുണെയിൽനിന്നു 120 കിലോമീറ്റർ ദൂരമേയുള്ളൂ മഹാബലേശ്വറിലേക്ക്. തണുപ്പും മലനിരകളുടെ സൗന്ദര്യവും സ്ട്രോബെറി രുചിയും ശുദ്ധവായുവുമെല്ലാം ചേരുന്ന ഇൗ ഭൂമിക നഗരജീവിതത്തിരക്കിൽ ഓടുന്നവർക്ക് ആശ്വാസം പകരുമെന്നുറപ്പ്; ഉള്ളിൽ ആ തണുപ്പുമായി മടക്കയാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com