sections
MORE

മഞ്ഞൂരിൽനിന്നു ഡ്രൈവ് ചെയ്യാനൊരു കിടുക്കൻ മഞ്ഞുവഴി

Kinnakorai-Tourism4
SHARE

മഞ്ഞും മലയും അതിർത്തി നിർണയിക്കുന്ന കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിലേക്കൊന്നു പോയിവന്നാലോ…? 

ഊട്ടിവഴി കുടുംബവുമായി പോകുന്നുണ്ട്, പുതുമയുള്ള വല്ല സ്ഥലവുമുണ്ടെങ്കിൽ പറയണം എന്ന സുഹൃത്തിന്റെ ആവശ്യമാണു കിന്നക്കൊരൈ എന്ന മലമുകൾഗ്രാമത്തെ വീണ്ടും ഓർക്കാനിടയായത്. 

Kinnakorai-Tourism5

പ്രകൃതിഭംഗി കണ്ടു കൊണ്ടു ഡ്രൈവ് ചെയ്യണം. അധികമാരും കടന്നു ചെല്ലാത്ത സ്ഥലമാവുകയും വേണം. ഇങ്ങനെയും ഡിമാൻഡുകൾ വന്നപ്പോൾ ഉറപ്പിച്ചുപറഞ്ഞു വണ്ടി കിന്നക്കൊരൈയിലേക്കു വിട്ടോ എന്ന്. 

മഞ്ഞുമൂടിയൊരു ദിനത്തിലാണ് കിന്നക്കൊരൈയിലേക്കു സംഘം പുറപ്പെടുന്നത്. ഊട്ടിയിൽനിന്നു മഞ്ഞൂർ. മഞ്ഞൂരിൽനിന്നു മുപ്പതുകിലോമീറ്റർ അതിസുന്ദരമായ, ഏതാണ്ടു വിജനമായ വഴി. മഞ്ഞൂരിൽനിന്നു തിരിയുമ്പോഴേ കാറ്റ്  ആഞ്ഞുവീശാൻ തുടങ്ങിയിരുന്നു. ഒരു മലയുടെ വിളുമ്പിലൂടെയാണു റോഡ്. ഇടതുവശത്ത് അഗാധമായ ചെരിവുകൾ. അതിനപ്പുറം പുൽമേടുകളുമായി കാറ്റിനോടു മല്ലിട്ടുനിൽക്കുന്ന സഹ്യപർവതത്തിന്റെ മുനമ്പുകൾ.

Kinnakorai-Tourism3

ഒറ്റച്ചാട്ടത്തിന് ഈ മലയിൽനിന്ന് അങ്ങേ മലയിലേക്കെത്താനുള്ള കഴിവ് ഒരു തവണയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നു മനസ്സാഗ്രഹിക്കും. കാർ നിർത്തിയിറങ്ങി. കാറിനെ പൊക്കിക്കൊണ്ടുപോകുംവിധം ശക്തിയുള്ള കാറ്റ്. ദേ അക്കാണുന്ന മലമുകളിലാണു കിന്നക്കൊരൈ എന്ന് തേയിലത്തോട്ടത്തിലെ ഒരു ചേച്ചി പറഞ്ഞുതന്നു.  ''നല്ല വഴിയല്ലേ…?''  അതേ. ആ മലമ്പാതയിലൂടെ കാർ മുന്നോട്ടുനീങ്ങി. 

Kinnakorai-Tourism8

ഇടയ്ക്കിടെ കാഴ്ചകൾ മാറുന്നുണ്ട്. ചിലപ്പോൾ ചോലക്കാടിനുള്ളിലൂടെയാകും വാഹനം പോകുന്നത്. കിന്നക്കൊരൈ എത്തുന്നതിനു മുൻപ്  ചെറുകാടിനുള്ളിലൂടെയാണു റോഡ് . കാറ്റാടിപോലെയുള്ള റെഡ് വാറ്റിൽ  മരങ്ങൾ. മഞ്ഞിന്റെ മേലാപ്പിനെ തുളച്ചുവരുന്ന ചുവപ്പുനിറമുണ്ട് ആ മരങ്ങൾക്ക്. 

Kinnakorai-Tourism7

അവയിൽനിന്നു വീണുകിടക്കുന്ന ചെറുചില്ലകൾ, റോഡിൽ പൊഴിഞ്ഞുകിടക്കുന്ന ഇലകൾ, മുഖം മറയ്ക്കുംവിധം കട്ടിയുള്ള മഞ്ഞ്, ഏതോ കിളികളുടെ പാട്ടുകൾ, കുഞ്ഞരുവികൾ തീർക്കുന്ന ചെറുവെള്ളച്ചാട്ടങ്ങളുടെ സംഗീതം… കിന്നക്കൊരൈ ഗ്രാമത്തെക്കാളും  ഈ വഴിയിലൂടെയുള്ള യാത്രയാണു പ്രിയപ്പെട്ടതാകുക. ഒരു സുന്ദരയാത്രയ്ക്കു ശേഷം ശാന്തമായൊരിടത്തു ചെന്നിരുന്ന് നീലമലകളെ സാക്ഷിയാക്കി ഒറു ചൂടുചായ മൊത്തിക്കുടിക്കുന്നതിന്റെ രസമാണു കിന്നക്കൊരൈ നൽകുക. 

Kinnakorai-Tourism2

കിന്നക്കൊരൈ ചെറിയൊരു ഗ്രാമമാണ്. വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടേയുള്ളൂ.  അതുകൊണ്ടുതന്നെ അത്രയേറെ സൗകര്യങ്ങളൊന്നുമില്ല. തേയിലത്തോട്ടങ്ങളിലൂടെ മലമുകളിലേക്കു നടന്നു കയറുമ്പോൾ അങ്ങുതാഴെ അട്ടപ്പാടിയുടെ കാഴ്ചകൾ കാണാമെന്ന് തടിവെട്ടുന്ന ചേട്ടൻ പറയുന്നു. പക്ഷേ, മഞ്ഞുമൂടുമ്പോൾ മറ്റുകാഴ്ചകൾ ശ്രദ്ധിക്കാൻ നേരമെവിടെ… 

Kinnakorai-Tourism1

ഒരു സ്ഥലം കാണുന്നതിനുള്ള യാത്രയല്ല കിന്നക്കൊരൈയിലേക്ക്. മറിച്ച് ആ മലമുകൾഗ്രാമത്തിലേക്ക് പ്രകൃതിയാസ്വദിച്ചു സഞ്ചരിക്കുന്നതിലാണു രസമിരിക്കുന്നത്. ഊട്ടിയിൽനിന്ന് ഒരു ദിവസം കൊണ്ടു പോയിവരാം. അതിസുന്ദരമായ വഴിയാണിത്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മെല്ലെ ഡ്രൈവ് ചെയ്തുപോകാം.  കേരളത്തിൽനിന്ന് അഗളി-അട്ടപ്പാടി-മുള്ളി വഴിയുള്ള സാഹസികപാത താണ്ടിയെത്തുന്നത് മഞ്ഞൂരിൽ. അവിടെനിന്ന് മുപ്പതു കിലോമീറ്റർ ആസ്വദിച്ചു യാത്ര ചെയ്താൽ കിന്നക്കൊരൈയിലെത്താം. 

റൂട്ട്

Kinnakorai-Tourism

തൃശ്ശൂരിൽനിന്ന് 

ആലത്തൂർ- പാലക്കാട്-അട്ടപ്പാടി-മുള്ളി-മാഞ്ഞൂർ 250 Km

കോഴിക്കോടുനിന്ന്- 

താമരശ്ശേരി-വൈത്തിരി- കൽപ്പറ്റ- പാന്തല്ലൂർ-ദേവാല-ഗൂഡല്ലൂർ-ഊട്ടി-മഞ്ഞൂർ-കിന്നക്കൊരൈ 220 Km

നിലമ്പൂർ-വഴിക്കടവ്-നാടുകാണി-ഗൂഡല്ലൂർ-ഊട്ടി-മഞ്ഞൂർ  മറ്റൊരു വഴിയാണ്. 

ആഹാരവും വെള്ളവും വാഹനത്തിൽ കരുതണം. ഇരുട്ടുംമുൻപ് കിന്നക്കൊരൈയിൽനിന്നു തിരിച്ചുപോരുംവിധം യാത്ര പ്ലാൻ ചെയ്യുക. 

താമസം

മഞ്ഞൂരിലെ ഇരുനിലവീട്ടിൽ താമസിക്കാം. ഊട്ടിയിലെ തിരക്കിൽനിന്നൊഴിഞ്ഞ്, തേയിലത്തോട്ടത്തിനുള്ളിൽ ഭംഗിയുള്ള ഇരുനിലവീടാണിത്. വിളിച്ചു മുൻകൂട്ടി ഉറപ്പിച്ചു ചെല്ലുക. വിളിക്കേണ്ട നമ്പർ- 9488252064(പ്രഭാകർ)

ഊട്ടിയിലാണു താമസമെങ്കിൽ തടാകത്തിനു മുന്നിലെ എൽവി റസിഡൻസിയിൽ  കോട്ടേജ് ബുക്ക് ചെയ്യാം.  പട്ടണത്തിനുള്ളിലാണെങ്കിലും ഉറക്കമുണർന്ന് കണികാണുന്നതു തടാകത്തിന്റെ ശാന്തമായ ജലപ്പരപ്പാണ്. കൊളോണിയൽ ശൈലിയിൽ പണിതീർത്ത മനോഹരമായ മുറികളും ശാ്നതമായ അന്തരീക്ഷവുമാണു പ്രത്യേകതകൾ  വിളിക്കേണ്ട നമ്പർ- 8754980849

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA