ADVERTISEMENT
60950072_2743057892435394_5849515225430097920_n

ഒരിക്കലെങ്കിലും റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ..? വിഷമിക്കേണ്ട ISRO ശ്രീഹരിക്കോട്ടയിൽ അവസരം ഒരുക്കിയിരിക്കിട്ടുണ്ട്. ഇനി മുതൽ ഏതൊരു ഇന്ത്യൻ പൗരനും സൗജന്യമായി ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണം ഗ്യാലറിയിൽ ഇരുന്ന് കാണാം. ഒരേസമയം 5000 പേർക്ക് ഇരുന്ന് കാണാനുള്ള സൗകര്യമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററി ഒരുക്കിയിരിക്കുന്നത്.

മെയ് 22ന് വിക്ഷേപിച്ച PSLV C46 എന്ന റോക്കറ്റ് കാണുക എന്ന ദൗത്യവുമായി 20ന് തന്നെ നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് വണ്ടികേറി. മെയ് 22 രാവിലെ 5:30നാണ് റോക്കറ്റ് വിക്ഷേപണം. വെളുപ്പിനെ 3 മുതൽ 5 വരെയാണ് കാണികൾക്കുള്ള പ്രവേശനവും. ആ സമയത്ത് ആന്ധ്രയിലെ ഒരു ദ്വീപായ ശ്രീഹരിക്കോട്ടയിൽ എത്തുകയെന്നത് പ്രയാസകരമായ ഒരു കാര്യമായത് കൊണ്ടാണ് തലേന്നുതന്നെ ശ്രീഹരിക്കോട്ട ലക്ഷ്യമാക്കി യാത്ര തിരിച്ചു. (സ്വന്തമായി വാഹനം ഉള്ളവർക്ക് പ്രശ്‌നമില്ല)..

rocket-launch3

മെയ് 21ന് ഉച്ചയോടെ ശ്രീഹരികോട്ടക്ക് അടുത്തുള്ള പട്ടണമായ ആന്ധ്രയിലെ സുല്ലുരുപേട്ടയിലെത്തി. ഇവിടെനിന്നും 18 കിലോമീറ്റർ യാത്രയുണ്ട് ശ്രീഹരിക്കോട്ടയിലേക്ക്. ഭക്ഷണം, വെള്ളം എന്നിവ ഇവിടുന്ന് കരുതണം. ആന്ധ്രയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ നെല്ലൂരിലേക്കൊക്കെ പോകുന്ന ഹൈവേയിൽത്തന്നെയാണ് ഈ ചെറുപട്ടണവും സ്ഥിതിചെയ്യുന്നത്. (ചെന്നൈയിൽനിന്നും നെല്ലൂർക്കുള്ള ബസിന് കേറിയാൽ മതിയെന്ന് സാരം).

സുല്ലുരുപെട്ട ബസ് സ്റ്റാൻഡിൽ നിന്നും 2കിലോമീറ്റർ ഓട്ടോയിൽ പോയാൽ മാത്രമേ ശ്രീഹരിക്കോട്ടയിലേക്ക് ബസ്, ഷെയർ ഓട്ടോ, ജീപ്പ് ഒക്കെ കിട്ടുന്ന സ്ഥലത്തെത്തുകയുള്ളു. ഞാൻ അവിടെ നിന്നും ബസിൽ കയറിയെങ്കിലും 10km പിന്നിട്ടപ്പോൾ കണ്ട കാഴ്ച എന്നെ ശരിക്കും അതിശയിപ്പിച്ചു. റോഡിൻറെ ഇരുവശങ്ങളിലും നോക്കെത്താ ദൂരത്തോളം പടർന്ന് കിടക്കുന്ന ജലാശയം. ശ്രീഹരിക്കോട്ടയിലേക്ക് പോകുന്ന വഴിക്കുതന്നെ മറ്റൊരു ചെറിയ ദ്വീപുകൂടെ ഉണ്ട്. ഈ പ്രദേശമാണ് പുളിക്കാട്ട് എന്നറിയപ്പെടുന്നത്. അവിടെയൊരു പക്ഷി സങ്കേതവുമുണ്ട്. ഞാൻ അവിടെ ബസിറങ്ങി കാഴ്ചകൾ കണ്ട് നടന്നു.

rocket-launch

അടുത്ത ദ്വീപായ ശ്രീഹരിക്കോട്ടയിലേക്ക് ഇവിടെനിന്നും 5 കിലോമീറ്റർ കൂടിയുണ്ട്. ശ്രീഹരിക്കോട്ടയിലേക്ക് പോകണമെങ്കിൽ പോലീസ് ചെക്ക് പോസ്റ്റ് കടക്കണം. അനുമതി ഇല്ലാതെ ആരെയും മുന്നോട്ടു കടത്തി വിടില്ല. അവരോട് കാര്യം അവതരിപ്പിച്ചെങ്കിലും വെളുപ്പിന് 3 മണിക്കുശേഷം വരാനായിരുന്നു മറുപടി. അൽപനേരം ചുറ്റിപറ്റിനിന്നപ്പോൾ എസ്ഐ തമിഴൻ ആണെന്ന് മനസിലായി. പുള്ളിയോട് കാര്യം പറഞ്ഞു. കൈവശമുള്ള പാസ് കാണിച്ചു. കേരളത്തിൽനിന്നും വന്ന എന്നെ കണ്ടപ്പോൾ അൽപം കത്തിവച്ചെങ്കിലും അധികം വൈകാതെ അകത്തേക്ക് പോകാൻ അനുമതി നൽകി.

5 കിലോമീറ്റർ എങ്ങനെ പോകുമെന്ന് ചോദിച്ചപ്പോൾ സ്ഥലം കണ്ട് നടന്നോളാമെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കി. അൽപദൂരം സൂര്യാസ്തമയവും കണ്ട് നടന്നു. ധാരാളം വാഹനങ്ങൾ അകത്തേക്കും പുറത്തേക്കും പോകുന്നുണ്ട്. കുടുതലും അവിടെ ജോലി ചെയ്യുന്നവർ ആണ്. ഒരു ബൈക്കിന് കൈകാണിച്ച് കയറിയതുകൊണ്ട് അഞ്ചുമിനുട്ടുകൊണ്ട് ശ്രീഹരിക്കോട്ടയുടെ പ്രവേശന കവാടത്തിലെത്തി. വൈകുന്നേരം ആറുമണിയായതേയുള്ളുവെങ്കിലും ധാരാളം പേർ റോക്കറ്റ് വിക്ഷേപണം കാണാൻ എത്തിച്ചേർന്നിരുന്നു. വരുന്നവർ എല്ലാം ശ്രീഹരിക്കോട്ടയുടെ അകത്തേക്ക് പോകുന്നുണ്ടായിരുന്നു. റോക്കറ്റ് വിക്ഷേപണം കാണാനുള്ള ഗ്യാലറിയിലേക്കുള്ള വഴി പുറത്തുകൂടെയാണെങ്കിലും രാവിലെ 3 മണിക്ക് ശേഷമേ അവിടേക്ക് പ്രവേശനമുള്ളൂ.

ശ്രീഹരിക്കോട്ടയിൽ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ താമസ സൗകര്യം കിട്ടും. അങ്ങനെ വരുന്നവർക്ക് അവർ അതിനുള്ള പാസ് റെഡിയാക്കി കൊടുക്കാറുണ്ട്. ആ പാസ് ഉണ്ടെങ്കിൽ മാത്രമേ ശ്രീഹരിക്കോട്ടയുടെ അകത്തേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളു. അതുകൊണ്ട് തന്നെ ഈ പ്രവേശന കവാടത്തിനു മുന്നിൽ 3 മണിവരെ ഇരിക്കുക എന്നതുമാത്രമായിരുന്നു എനിക്കുമുന്നിലുള്ള ഒരേയൊരു വഴി.

rocket-launch1

കൃത്യം മൂന്നുമണിക്കുതന്നെ ലോഞ്ച് വ്യൂ ഗ്യാലറിയിലേക്കുള്ള റോഡ് തുറന്നു. ബാഗ്, പാസ് അടക്കം എല്ലാം ചെക്ക് ചെയ്തതിനുശേഷം അകത്തേക്ക് കടത്തിവിട്ടു. ഇവിടെനിന്നും 2 കിലോമീറ്ററുണ്ട് ഗ്യാലറിയിലേക്ക്. അവരുടെ തന്നെ ബസ് സർവീസിൽ പോകാം. ചെക്കിങ് എല്ലാം കഴിഞ്ഞ് ഏകദേശം മൂന്നരയോടെ ഗ്യാലറിയിലെത്തി.

സന്ദർശകർക്കായി ഗ്യാലറിക്ക് പിന്നിൽ ടോയ്‌ലറ്റും മൂന്നുനാലു താൽകാലിക കടകളും ഒരു ചെറിയ മ്യൂസിയവും ഒരുക്കിയിട്ടുണ്ട്.. അഞ്ചുമണിയോടെതന്നെ ധാരാളം പേർ അവിടെ എത്തിയിരുന്നു. കൃത്യം 5:27നുതന്നെ PSLV C46 എന്ന റോക്കറ്റ് RISAT 2B എന്ന സാറ്റലൈറ്റുമായി കുതിച്ചുയർന്നു. കുറേ നാളായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമാക്കിയതിൽ സന്തോഷം. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണീ അഭിമാനത്തിന്റെ രണ്ടുമിനിട്ട്. പതിനഞ്ച് മിനിറ്റ് കൊണ്ട് PSLV C46 തന്റെ ദൗത്യം നിറവേറ്റുന്നത് ലൈവായി ഗ്യാലറിക്കുമുന്നിൽ വെച്ചിരിക്കുന്ന സ്‌ക്രീനിൽ കാണാം.

rocket-launch2

ആറുമണിയോടെ തിരിച്ച് ശ്രീഹരിക്കോട്ടയുടെ പ്രവേശന കവാടത്തിന് മുന്നിലെത്തി. ഇവിടെനിന്നും സുല്ലുരുപേട്ട റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് ബസ്. റോക്കറ്റ് വിക്ഷേപണത്തിന് വരുന്ന കാഴ്ചക്കാർക്ക് വേണ്ടി രാവിലെ രണ്ടര മുതൽ 4 വരെ ആന്ധ്ര ട്രാൻസ്പോർട്ടിന്റെ ബസ് സുല്ലുരുപേട്ട മുതൽ ശ്രീഹരിക്കോട്ടയിലേക്കും 6 മണിമുതൽ തിരിച്ചും ഉണ്ടായിരുന്നു. ശരിക്കും അദ്ഭുതകരമായ കാഴ്ചയായിരുന്നു.

എങ്ങനെ പാസ് എടുക്കാം:

അടുത്ത റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ 5 ദിവസം മുൻപേ shar.gov.in എന്ന സൈറ്റിൽനിന്നും ഏതൊരു ഇന്ത്യൻ പൗരനും സൗജന്യമായി ഓൺലൈനിൽ ബുക്കുചെയ്യാം. ഒരു ദിവസം മുൻപേയെത്തിയ യാത്രയ്ക്ക് ഭക്ഷണം അടക്കം ചെലവായത് - 1385രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com