sections
MORE

ഊട്ടിയല്ലാതെ നീലഗിരിയിൽ എന്തൊക്കെയുണ്ട് ?

Kallatti-Churam
SHARE

നീലഗിരി– പേരു കേൾക്കുമ്പോൾ തന്നെ നീലനിറമാർന്ന മലനിരകളും തണുപ്പും മനസ്സിലേക്കെത്തുന്നില്ലേ? സഹ്യപർവതത്തിന്റെ  ഭാഗമായ നീലഗിരി മലനിരകൾ തെക്കേ ഇന്ത്യയുടെ മാത്രം സ്വത്തല്ല, മറിച്ച് ലോകത്തിന്റെ ജൈവസമ്പത്തിനൊരുമുതൽക്കൂട്ടാണ്. അതുകൊണ്ടാണ് 2012 ൽ യുനെസ്കോ നീലഗിരിയെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.

ooty

കേരളത്തിനു വടക്കുള്ള ആറളം വന്യജീവി സങ്കേതവും പാലക്കാട് സൈലന്റ് വാലിയും വയനാട്  ഉൾപ്പെടെ തമിഴ്നാടിന്റെ മുതുമലൈ, മുക്കുർത്തി, സത്യമംഗലം  എന്നിവയും  കർണാടകയിലെ നാഗർഹോളെ, ബന്ദിപ്പുര എന്നീ സങ്കേതങ്ങളും ഉൾപ്പെടുന്ന വിശാലമായ ഒരു സംരക്ഷിതമേഖലയാണു നീലഗിരി. എങ്കിലും സഞ്ചാരികൾക്ക് നീലഗിരി എന്ന പേരു സുപരിചിതമാകുന്നത് ഊട്ടിയും ചുറ്റുവട്ടങ്ങളുടെയും അനുഭവത്തിലാണ്. ഗൂഡല്ലൂർ  മുതൽ പാലക്കാട് അതിർത്തിയിലുള്ള കിന്നക്കൊരൈ വരെ ഈ നീലഗിരി നാമത്തിൽ അറിയപ്പെടുന്നു. അതിനു കാരണം നീലഗിരി ജില്ലയിലാണ് ബയോസ്ഫിയറിന്റെ ഭൂരിഭാഗവും എന്നതാണ്. നീലഗിരി കാണാനിറങ്ങുന്നവർക്ക്, ഊട്ടിയല്ലാതെ മറ്റു കാഴ്ചകളെന്തൊക്കെയാണ്? അവയാണു നീലഗിരിയുടെ സഖികൾ. 

ഊട്ടിതന്നെയാണ് നീലമലനിരകളിൽ ആദ്യം മനം കവരുക. ചിരപരിചിതമായ സ്ഥലങ്ങളാണെന്നതിനാൽ വിവരണം വേണ്ടല്ലോ? നമുക്ക് ഊട്ടിയ്ക്കു ചുറ്റുമുള്ള ഇടങ്ങളേതൊക്കയെന്നു നോക്കാം 

പൈക്കര ഡാം 

ഏതോ വിദേശ ലൊക്കേഷനിലെത്തിയതുപോലെയാണ് ഡാമിന്റെ കാഴ്ച. അങ്ങോട്ടുള്ള വഴിയും രസകരം. വാറ്റിൽ മരങ്ങൾ ഉയർന്നുനിൽപ്പുണ്ട് ഇരുവശത്തും. അവിടത്തെ കാക്കകൾക്കുപോലും എന്തൊരു ഭംഗിയാണ് എന്നു കാണാം. ഊട്ടി ഗൂഡല്ലൂർറൂട്ടിലാണ് ഡാം. പൈക്കരയിലേത് ഇന്ത്യയിലെ ആദ്യത്തെ പവർഹൗസുകളിലൊന്നാണ്. സ്വതന്ത്ര്യം കിട്ടുന്നതിനു മുൻപ് പൈക്കര നദിയിലാണിതു പണിതുടങ്ങിയത്. ബോട്ട് ഹൗസ്, റസ്റ്ററന്റ്, റെസ്റ്റ് റൂം എന്നിവ സഞ്ചാരികളെ കാത്തിരിക്കുന്നു.   

pykara-dam

ഗൂഡല്ലൂരിൽനിന്നു മുപ്പതുകിലോമീറ്റർ ദൂരം. 

ഊട്ടിയിൽനിന്ന് ഗൂഡല്ലൂർ റൂട്ടിൽ 21 കിലോമീറ്റർ 

ശ്രദ്ധിക്കാൻ– കുരങ്ങൻമാരെ സൂക്ഷിക്കുക. കാടിനുള്ളിലേക്കു കയറാതിരിക്കുക. 

ഗൂഡല്ലൂർ 

ഊട്ടിയിലേക്കുള്ള വഴിയിലെ ഇടത്താവളം മാത്രമല്ല ഗൂഡല്ലൂർ. ബ്രിട്ടീഷ് കാലത്തെ ജയിലും തേയിലമ്യൂസിയവും നീഡിൽറോക്ക് വ്യൂപോയിന്റും സിംകോണ മരത്തോട്ടവും നീലഗിരി ജില്ലയുടെ ഈ ആസ്ഥാനത്ത് സഞ്ചാരികളെ നോക്കിയിരിപ്പുണ്ട്. അതുകൊണ്ട് ഇനി അടുത്ത ട്രിപ്പിൽ ഗൂഡല്ലൂരിനെയും ഒന്നു പരിഗണിക്കാവുന്നതാണ്.  

ദൂരം 

gudallur

 ഊട്ടി– ഗൂഡല്ലൂർ 50 കിലോമീറ്റർ 

ശ്രദ്ധിക്കാൻ– ടൂറിസ്റ്റു സ്പോട്ടുകൾ അത്ര വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ല. നോക്കി നോക്കി പോകണം. 

കോത്തഗിരി 

നീലഗിരിയിലെ മൂന്നാമത്തെ വലിയ ഹിൽസ്റ്റേഷൻ എന്ന വിശേഷണമുണ്ട് കോത്തഗിരിക്ക്. ഊട്ടിയുടെ സ്ഥിരം കാഴ്ചകൾ കൂടുതൽ സമാധാനത്തോടെ കാണാൻ കോത്തഗിരിയിലേക്കു വരാം. മേട്ടുപ്പാളയം സമതലങ്ങളിലേക്കിറങ്ങുന്നതിനു മുൻപുളളഇടത്താവളമാണിത്. ഭംഗിയാർന്ന േതയിലത്തോട്ടങ്ങൾ ആസ്വദിക്കാം. 

 ദൂരം 

kotagiri

ഊട്ടി–കോത്തഗിരി 38 കിലോമീറ്റർ 

 ശ്രദ്ധിക്കാൻ– താമസസൗകര്യങ്ങൾ അധികമില്ല 

കൂനൂർ 

പുകതുപ്പിവരുന്ന പൈതൃകതീവണ്ടിയിലെ യാത്രയ്ക്കായി കൂനൂരിലെത്താം. അതിസുന്ദരമായ റയിൽവേസ്റ്റേഷൻ നിങ്ങളെ ആകർഷിക്കും. സിംസ് പാർക്ക്, ലാംപ്സ് റോക്ക് വ്യൂ പോയിന്റ്, തുടങ്ങി വെള്ളച്ചാട്ടങ്ങളും മറ്റും കൂണൂരിന്റെകാഴ്ചകളാണ്. കാതറിൻ വെള്ളച്ചാട്ടത്തിലേക്ക് അതിസാഹസികമായൊരു എത്തിനോട്ടമാകാം.  സിംസ് പാർക്കിൽ സംഘടിപ്പിക്കുന്ന ഫ്രൂട്ട് ഷോ ഏറെ ശ്രദ്ധേയമാണ്. രാജ്യത്തുനിന്നുള്ള ഇരുനൂറോളം പഴവർഗങ്ങൾ ഫ്രൂട്ട് ഷോയിൽ അണിനിരന്നിട്ടുണ്ടായിരുന്നു ഇത്തവണ. മെയ് മാസത്തിലാണു ഫ്രൂട്ട് ഷോനടക്കുക. 

ദൂരം 

coonoor

 ഊട്ടി–കൂണൂർ 21 കിലോമീറ്റർ 

മഞ്ഞൂർ 

പേരിനോടു ന്യായം പുല‍ർത്തുന്ന നാടാണു മഞ്ഞൂർ. ശരിക്കും മഞ്ഞിന്റെ ഊര്. ഊട്ടിയുടെ തനിമ ഇനിയറിയണമെങ്കിൽ മഞ്ഞൂരിലെത്താം. തിരക്കുകളില്ലാത്ത റോഡ്. തെളിമയുള്ള ആകാശം. പച്ചപ്പാർന്ന ചുറ്റുപാട്. ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്നമഞ്ഞും കാറ്റും. മഞ്ഞൂരിന്റെ വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല. ഊട്ടിയുടെ അതേ കാലാവസ്ഥയറിഞ്ഞ്, എന്നാൽ ബഹളങ്ങളില്ലാതെ താമസിക്കാൻ നല്ലയിടമാണു മഞ്ഞൂർ. കിന്നക്കൊരൈ എന്ന മലമുകൾ ഗ്രാമത്തിലേക്കുള്ള ഡ്രൈവ് രസകരമാകും. 

റൂട്ട് 

ഊട്ടി– മഞ്ഞൂർ 35 കിലോമീറ്റർ 

ooty-trip

ശ്രദ്ധിക്കാൻ– താമസം വിളിച്ചുപറഞ്ഞ് ഉറപ്പാക്കിയിട്ടു മാത്രം മഞ്ഞൂരിൽ െചല്ലുക. പലയിടത്തും ഫോണിനു റേഞ്ച് കിട്ടില്ല. ആഹാരം ചെറിയ അങ്ങാടിയിൽനിന്നു ലഭിക്കും. 

താമസസൗകര്യത്തിന്- 9488252064

മുതുമല

തണുപ്പേറ്റു മടുത്തെങ്കിൽ ഒരു വനയാത്രയാകാം. ഊട്ടിയിൽനിന്നു കല്ലട്ടിച്ചുരം ഇറങ്ങിയാൽ മുതുമലയിലെ കാടായി. മസിനഗുഡി വനഗ്രാമത്തിലെ അതിമനോഹരമായ പാതയിലൂടെ വണ്ടിയോടിച്ച് മുതുമലയിലെത്താം. ബസ് സഫാരിയോ, ജിപ്സി സഫാരിയോ ബുക്ക് ചെയ്യാം. കാട്ടിലൂടെഗൂഡല്ലൂർ വരെയോ ഗുണ്ടൽപേട്ട് വരെയോ വണ്ടിയോടിക്കുന്നതു തന്നെ ഒരു വനയാത്രയ്ക്കു തുല്യമാണ്. എന്നിരുന്നാലും ഉൾക്കാട്ടിലേക്കുള്ള യാത്ര കൂടുതൽ രസകരമാകും. താമസവും മുതുമലയിലാക്കാം. 

റൂട്ട്

trip-through-Mudumalai

ഊട്ടി-മുതുമല (തെപ്പക്കാട്) 38 കിലോമീറ്റർ

ശ്രദ്ധിക്കേണ്ടത്

കാട്ടിൽ ഒരിടത്തും വണ്ടി നിർത്തരുത്. കുറ്റകൃത്യമാണത്. വണ്ടിനിർത്തി പുറത്തിറങ്ങരുത്, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയരുത്. വന്യജീവികൾക്ക് ആഹാരം നൽകരുത്. ശബ്ദമുണ്ടാക്കി സഞ്ചരിക്കരുത്. 

താമസസൗകര്യത്തിന് https://www.mudumalaitigerreserve.com

Mudumalai Tiger Reserve – Tamil Nadu State Government 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA