sections
MORE

പുകയുന്ന പാറകൾക്കിടയിലൂടെ കുട്ടവഞ്ചിയിലെ യാത്ര; ഇത് ഡ്രീം ലൊക്കേഷൻ

HIGHLIGHTS
  • ഇന്ത്യൻ നയാഗ്ര
Hogenakkal-trip-4
SHARE

പുകയുന്ന പാറ, ഈ വിശേഷണം കേട്ടു തല പുകയ്ക്കേണ്ട. കൈപ്പത്തിയിൽ വിരലുകളെന്നവണ്ണം ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഒരിടത്തുനിന്നു പതിക്കുന്നതുകൊണ്ടു പാറ പോലും പുകയുന്നു എന്നു തോന്നിപ്പിക്കുന്നതിലാണ്  ഹോഗനക്കൽ എന്ന ഡ്രീം ലൊക്കേഷന് ആ പേരുവന്നത്.  അടുത്തുചെന്നാലറിയാം ആ കല്ലുകളിൽ ജലം തീർക്കുന്ന 'പുക'യുടെ കുളിർമ. ഇതൊരു യാത്രയാണ്. കുട്ടവഞ്ചിയിലേറാൻ… ഈ കുഞ്ഞുജലപാതങ്ങളുടെ അടിയിലെത്താൻ… 

Hogenakkal-trip-2

പലരും വിശേഷിപ്പിക്കാറുണ്ട് ഹോഗനക്കൽ ഇന്ത്യൻ നയാഗ്രയാണെന്ന്. ദൂരക്കാഴ്ചയിൽ അങ്ങനെയൊക്കെ തോന്നാമെങ്കിലും അടുത്തറിഞ്ഞാൽ വളരെ ചെറുതാണ് ഈ വെള്ളച്ചാട്ടസമൂഹം.  പക്ഷേ, ആ 'പുക' നമുക്ക് അനുഭവിക്കാം. രാത്രിയിൽ പുറപ്പെട്ടാൽ ഒറ്റ ഡ്രൈവിന് ഹോഗനക്കലിലെത്താം.  പാലക്കാടു കഴിഞ്ഞാൽ പിന്നെ വിസ്താരമുള്ള ഹൈവേകളാണ്. അതുകൊണ്ടുതന്നെ കണ്ണുംപൂട്ടി വണ്ടിവിടാം. 

ഹോഗനക്കൽ  തമിഴ്നാട്ടിലാണെങ്കിലും ഒരു കന്നഡ ടച്ചാണ് പ്രദേശങ്ങൾക്ക്.  വെള്ളച്ചാട്ടത്തിന്റെ പേരു പോലും കന്നഡയിൽനിന്നെടുത്തതാണ്. ഹോഗെ എന്നാൽ പുക. കൽ കല്ലുതന്നെ. പുകയുന്ന കല്ല്.   കന്നഡ അതിർത്തിയിലാണു കാവേരി ഈ വെള്ളച്ചാട്ടസമൂഹത്തിനു രൂപം കൊടുക്കുന്നത് എന്നതിനാലാണിങ്ങനെ. ഏറ്റവും അടുത്ത മെട്രോനഗരം ബംഗളുരുവാണ്. 

രാത്രിയാത്രിൽ കൊയമ്പത്തൂർ-ഈറോഡ്-മേട്ടൂർ എന്നിവ കഴിഞ്ഞത് അറിഞ്ഞതേയില്ല. രാവിലെ എണീക്കുമ്പോൾ വരണ്ട പ്രകൃതിയാണു കാണുന്നത്. കാവേരി രണ്ടുസംസ്ഥാനങ്ങളുടെ അതിരു നിശ്ചയിച്ചൊഴുകുന്നു. വെള്ളച്ചാട്ടമെത്തുന്നതിനുമുൻപ് സ്റ്റാൻലി റിസർവോയർ ഉണ്ട്. 

Hogenakkal-trip5

കുട്ടവഞ്ചിയാത്ര തുടങ്ങും മുൻപേ ഹോഗനക്കലെത്തി നടപ്പുതുടങ്ങി. വഴികളില്ലെങ്ങും. പ്രത്യേകിച്ചു നിർദേശങ്ങളോ, നടപ്പാതകളോ ഇല്ല. കാവേരിയുടെ കുളിർജലം കണ്ട്, സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവുംപഴക്കമേറിയതെന്നു കരുതപ്പെടുന്ന ചുണ്ണാമ്പുപാറകളിലൂടെ നടക്കാം. അതൊരു അനുഭവമാണ്. ഓരോ കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും നിങ്ങൾക്കരികിലൂടെ കടന്നുപോകും. ഇതെല്ലാം കൂടിച്ചേരുന്നിടത്തേക്ക് നടന്നാൽ കുട്ടവഞ്ചിതുഴച്ചിലുകാർ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.  എത്ര കുട്ടവഞ്ചികളാണു കരയിൽ കമിഴ്ത്തിവച്ചിട്ടുള്ളത്!  ഇവരെല്ലാം ജീവിക്കുന്നത് യാത്രികരുടെ വരവു നോക്കിയാണ്.  പരിശൽ എന്നാണു കുട്ടവഞ്ചിക്കു തമിഴിൽ പറയുന്നത്. 

Hogenakkal-trip

മേലഗിരിക്കുന്നുകൾക്കു താഴെയാണ് ഈ ലോകവിനോദസഞ്ചാരകേന്ദ്രം.  ഏറെ സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട് ഹോഗനക്കൽ. മോഹൻലാലിന്റെ നരൻ അതിൽ ശ്രദ്ധേയമായതാണ്. കുട്ടവഞ്ചിക്കാരൻ വിളിക്കുന്നുണ്ട്. ഒരു കുളത്തിലേക്കിറങ്ങുന്നതുപോലെ കൽക്കെട്ടിറങ്ങി കുട്ടവഞ്ചിയിൽ കയറി. ചെറിയൊരു പേടിതോന്നാം. ആ പേടിയെ മാറ്റാൻ പരിശൽ തുഴയലുകാർക്കൊരു പരിപാടിയുണ്ട്. വെള്ളച്ചാട്ടങ്ങളുടെ നടുവിലേക്കു കൊണ്ടുപോകും. പിന്നെ കുട്ടവഞ്ചിയൊരു കറക്കലാണ്. ഓരോ വെള്ളച്ചാട്ടവും നമ്മുടെ മുന്നിലൂടെ കറങ്ങിയടിച്ചുപോകും. പലരും കൂവിയാർക്കുന്നുണ്ട്. പേടിച്ചിട്ടാണെന്നു തോന്നുന്നു. ക്യാമറയുള്ളതുകാരണം വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ചെന്നില്ല. പക്ഷേ, ആ കറക്കം ഒരു അനുഭവമാണ്. കുളിർകണങ്ങളേറ്റ്, ഒരു കൂട്ടം വെള്ളച്ചാട്ടങ്ങളുടെ അടിയിൽ കുട്ടവഞ്ചിയാത്ര… മറ്റെവിടെ കിട്ടും… 

Hogenakkal-trip-1

കുട്ടവഞ്ചിയാത്ര കഴിഞ്ഞാൽ വേണമെങ്കിൽ ഒന്നു മസ്സാജ് ചെയ്യിക്കാം. എണ്ണയിട്ടു തിരുമ്മിത്തരാൻ ആളുകളേറെ നിൽപ്പുണ്ട്. മീൻ വരഞ്ഞുകോറി വറുത്തുവച്ചതു കണ്ടാൽ കാവേരിയെക്കാളും വായിൽവെള്ളമൂറും. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് ഹോഗനക്കൽ. എറണാകുളത്തുനിന്ന് നാനൂറു കിലോമീറ്റർ ദൂരം. 

Hogenakkal-trip6

എങ്ങനെ എത്താം

എറണാകുളം–പാലക്കാട്–കോയമ്പത്തൂർ–ഇൗറോഡ്–മേട്ടൂർ–ഹോഗനക്കൽ  395 km

ഹോഗനക്കൽ – ബെംഗളൂരു -  126 Km

അടുത്ത ടൗൺ  – ധർമപുരി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA