ADVERTISEMENT

∙ മഹാനഗരം! 

2005

പാലക്കാട് വിക്ടോറിയ കോളജിൽ പോയിരുന്ന കാലം. അമ്മാവൻ വെറുതെ ചോദിച്ചതാണ്, അടുത്ത യാത്രക്ക് പോരുന്നോ എന്ന്. ആദ്യമായി ഇത്ര ദൂരെ? അമ്മയും അച്ഛനും ഇല്ലെന്ന് പ്രഖ്യാപിച്ചു. ധന്യ ചേച്ചി നാട്ടിലില്ല, ഭർത്താവിന്റെ കൂടെ ഡെറാഡൂണിലാണ്. ആലോചിക്കാതെ ഉണ്ടെന്ന് പറഞ്ഞു. പുതിയ ലോകം എന്നെ കൈ നീട്ടി വിളിച്ചു. ഒലവക്കോട് നിന്നാണ് ട്രെയിൻ കയറിയത്. ശ്രീദേവി അച്ചോൾ,ശ്രുതി,അമ്മാവൻ, ഞാൻ. ദീപക് ഏട്ടന് വരാൻ പറ്റിയില്ല.വണ്ടി കോയമ്പത്തൂർ കടന്നതും വല്ലാത്ത നാടോർമ അലട്ടാൻ തുടങ്ങി.

kolkata-trip
Image courtesy: MUKOOT BISWAS, KOLKATHA

ഫോണില്ല, അതായത് മൊബൈൽ. സെക്കൻഡ് ക്ലാസ്സായിരുന്നു, ഉഷ്ണം കൂടി കൂടി വന്ന് ആന്ധ്ര എത്തുമ്പോൾ ഞാൻ ഇഡലി വെന്ത പോലെ ആയി. അടുത്ത ആളുകൾക്കു പല മണം,കേൾക്കാത്ത ഭാഷ. ഖോരക്പൂർ ഇറങ്ങി മൺപാത്രത്തിൽ ചായ, ഇനി അധികമില്ല മഹാനഗരം!

ഹൗറ പാലം കാണാനായിരുന്നു ആദ്യ മോഹം. കാറിലാണ് ആദ്യം കയറിയത്. അടുത്തു കൂടി ബസുകൾ, ബൈക്ക് വെട്ടിച്ചു പായുന്ന പിള്ളേർ, മതിലിൽ റാണി മുഖർജി. ഹാവൂ പരിചയമുള്ള ഒരു മുഖം. മഞ്ഞയും കറുപ്പുമുള്ള പുതിയ തരം മഞ്ചാടികൾ പോലെ നിരത്തിൽ മുഴുവൻ ടാക്സികൾ. എത്ര ദൂരം താണ്ടിയിട്ടും കാണാത്ത പാലം തപ്പിയ ഞാൻ അപ്പോഴാണ് ഞെട്ടലോടെ അറിഞ്ഞത്. അത്ര നേരം ചുറ്റിയ റോഡുള്ള സാധനം തന്നെയാണ് ഹൗറ!

2019 

ഇപ്പോൾ വീടിനു ചുറ്റും മുനിസിപ്പാലിറ്റി വക അഴുക്കു ചാലിന്റെ പണി നടക്കുന്നുണ്ട്. പണിക്കാർ മിക്കവരും ബംഗാളികളാണ്. കഞ്ഞിയും തൊടിയിൽനിന്ന് പൊട്ടിച്ച പച്ച മാങ്ങയും ആണ് എന്നും അവർ ഉച്ചയ്ക്ക് കഴിക്കുന്നത്. അവരിൽ ഒരാളുടെ മൂളിപ്പാട്ടാണ് എന്നെ കൊൽക്കത്ത ഓർമകളിലേക്ക് എത്തിച്ചത്. അവരുടെ മണ്ണിൽ വർഷങ്ങൾക്കു മുൻപ് ആ നാടിന്റെ അദ്ഭുതങ്ങൾ കണ്ട പാലക്കാടുകാരി, ഇന്ന് ഈ മുറ്റത്തുനിന്ന് സ്വന്തം ഉറവ് ഓർത്തു പാടുന്ന അവന്റെ ഈണത്തിന് ചെവിയോർക്കുന്നു!

ബെഹാലയിലേക്ക്

സംഗീതചേച്ചിയുടെ അച്ഛൻ ആണ് ആദ്യമായി വീട്ടിലേക്ക് കൊണ്ടുപോയത്. മുഷിഞ്ഞു നാറിയ ഞാൻ സ്വർഗം കണ്ടു.

വെള്ളത്തിന്റെ കഴിവിൽ അസൂയപ്പെട്ടു. മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്. പുറത്തു ജീവിച്ചവർക്കേ പലതിന്റെയും മൂല്യം അറിയൂ എന്ന് മനസിലായി. എന്റെ ബാഗിന് ചുറ്റും കറുത്ത കൊതുകുകൾ വട്ടം ചുറ്റി. നല്ല ആഹാരം കഴിച്ച ശേഷം ബെഹാലയിലേക്ക്. പുഷ്‌പശ്രീ ഫ്ലാറ്റ് സമുച്ചയം, അവിടെ ഒരു അമ്മാവന്റെ വീടുണ്ട്. വാടകയ്ക്ക് കൊടുത്തത്. അവിടെയാണ് ഇനിയുള്ള രാത്രികൾ. ഞങ്ങൾ ഇറങ്ങിയ വഴി നേരെ പോയാൽ സൗരവ് ഗാംഗുലിയുടെ വീടെത്തും.

പോകുന്ന വഴി നിറയെ കുതിരകളൊക്കെ ഉള്ള ഒരു വലിയ മൈതാനം കണ്ടു. ബസ് വളരെ അഴുക്കു പിടിച്ചതാണ്. ഓടി തുടങ്ങിയ കാലം മുതൽ കഴുകിയിട്ടേ ഇല്ലെന്ന് തോന്നും. നമ്മുടെ ഒക്കെ ആവണം! ആനക്കുട്ടിയെ പോലെ എത്ര വെള്ളം ഒഴിച്ചു കുളിപ്പിച്ചേനെ? 

ഘോഷ് അങ്കിൾ,ഘോഷ് ആന്റി,ബുക്കുൻ ദിദി ഞങ്ങളുടെ അയൽക്കാർ. എതിർ വീട്ടിൽ ഉള്ളവർ. രണ്ടു ചുമരാണെങ്കിലും ഒരേ വീട്ടുകാർ. പഴയ സ്നേഹത്തിൽ അവർ എല്ലാരും കുറേ അടുത്തിരുന്നു സംസാരിച്ചു. ദീദിയുടെ കല്യാണാഘോഷം ആൽബത്തിൽ കണ്ടു. ചുവന്ന പരമ്പരാഗത സാരിയിൽ അതി സുന്ദരിയായി കാണപ്പെട്ട ആ സഹോദരി ഓരോ പേജിലും തിളങ്ങി നിന്നു. 

വിവാഹ ശേഷം ഒരസുഖം അവരെ തളർത്തി. പിന്നീട് ഭേദപ്പെട്ട് അവർ ജീവിതം തിരികെ പിടിച്ചു. അവർ പറഞ്ഞ ഭാഷ ഒട്ടും പിടികിട്ടിയില്ലെങ്കിലും അർത്ഥം മനസ്സിലായി. ഒറ്റ മകൾ വലിയൊരു ഭാവിയുടെ ഏക അവകാശി. മുഖം എല്ലാം പറയും.

ഹൂബ്ലിയിലെ ഓരോ തുള്ളിക്കും പറയാനുള്ളത്

‘പാടാനിവിടെ കരുതിയ ഗാനം പാടീലല്ലോ,ഞാനിനിയും

പാടണമെന്നുണ്ടെന്നാൽ അതിനൊരു പദം വരുന്നീലല്ലോ’

kolkata-howrahkolkata-trip
Image courtesy: MUKOOT BISWAS, KOLKATHA

മലയാളത്തിൽ പരിഭാഷ ഇത്ര ഭംഗിയാണെങ്കിൽ ബംഗാളിയിൽ ഗീതാഞ്ജലി, കവിതകളുടെ സൗന്ദര്യ മത്സരത്തിൽ അക്ഷരമുള്ള കാലം വരെ മറ്റൊന്നിനും സാധ്യത പോലും കൊടുക്കാത്ത ലോക റാണി തന്നെയാവും, തീർച്ച! ഓരോ വീടുകളിലും ചുമരിൽ ആ മഹാത്മാവിന്റെ ചിത്രം കണ്ടു. കാസെറ്റ്‌ ശേഖരത്തിൽ പാട്ടുകളും, അലമാരയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളും. എത്ര അഭിമാനമാണ്,വികാരമാണ് ഈ മഹാപ്രതിഭ അവർക്ക്! ഹൂബ്ലിയിലെ ഓരോ തുള്ളിക്കും പറയാനുണ്ട് ആരാധനയുടെ ഗാഥകൾ.

ഇത്ര വൈവിധ്യമുള്ള മണ്ണ്,പല തരം മനുഷ്യരുടെ ജീവിത സ്വപ്‌നങ്ങൾ നെയ്ത ഒരു വലിയ പ്രതാപകാലത്തിന്റെ ബാക്കി!

അവിടത്തെ സ്ത്രീകൾ,ഭാര്യമാർ അരയിൽ സാരിത്തലപ്പിൽ എപ്പോഴും താക്കോൽ കെട്ടി നടക്കും. ഓരോ ചുവടിലും അത് ശബ്ദിക്കും. കയ്യിലും താലി ഉണ്ടാകാം എന്ന് വളകൾ ഇട്ട് അദ്ഭുതത്തോടെ നിന്ന എനിക്ക് അവർ കാട്ടിത്തന്നു. ശംഖിന്റെ വെള്ള,പിന്നെ ഒരു പ്രത്യേക ചുവപ്പ്. രണ്ടു കൈകളിലും നെടു മംഗല്യത്തിന്റെ ലക്ഷണമൊത്ത നാലു വട്ടങ്ങൾ.

ആതിഥ്യ മര്യാദ ആദ്യം കാണിക്കുക, കുടിവെള്ളം(ജോൽ ) തന്ന് ബൊഷോ ബൊഷോ എന്ന് പറഞ്ഞു കസേരയിൽ ഇരുത്തിയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ പെൺകുഞ്ഞിന്റെ വിവാഹം നീളുമെന്നാണ് വിശ്വാസം. പിന്നെ കുറേ നാൾ കഴിഞ്ഞു കാണുകയാണെങ്കിൽ രസഗുള, അതും നേരിട്ട് വായിലിട്ടു തരും.

ഖൂബ് ഭാലോ !

∙ വാതിൽതുറന്നെത്തുന്ന രുചികൾ

അപ്പാർട്മെന്റിൽ ഒരേ കാലത്തു കല്യാണം കഴിഞ്ഞ എല്ലാർക്കും ഏതാണ്ട് ഒരേ പ്രായക്കാരായ മക്കൾ. പറയാനും കേൾക്കാനും താല്പര്യമുള്ള കാര്യങ്ങൾ ഒരേ പോലുള്ളതാവുമ്പോൾ സൗഹൃദവലയം താനേ വലുതാവും. എന്നെ കൊണ്ടു പോയവർ വളരെ അധികം കൂട്ടുകാർ ഉള്ളവരാണ്. ഇന്നും അവർ കൂടാറുണ്ട്. ശ്രുതി ജനിച്ചത് അവിടെയാണ്. കുഞ്ഞാവുമ്പോൾ അപ്പുറത്തെ മോം ദിദി, അവളുടെ മുത്തശ്ശി ടാകുമ എന്നിവർ എന്റെ അച്ചോൾക്ക് വളരെ ഉപകാരികളായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പലരും ഭക്ഷണം പങ്കു വെക്കും. വാതിൽ തള്ളി തുറന്നു കയറാൻ സ്വാതന്ത്ര്യമുള്ള ഓരോ വീട്ടിലെയും രുചികൾ അങ്ങനെ കുട്ടികൾ വഴി കുറേപേരിലെത്തും. ടാകുമ ഞങ്ങൾ പോകുന്നതിന് എത്രയോ കാലം മുൻപ് മരിച്ചു. 

പൊലീസ് ജെട്ടു എന്ന വയസ്സായ ഒരാളെ പേരക്കുട്ടി വീൽ ചെയറിൽ ഉന്തി നടക്കുന്നത് കണ്ടു. ആയ കാലത്തു നാട് വിറപ്പിച്ചിരുന്ന ഉന്നത ഉദ്യോഗക്കാരൻ, ഓർമ കുറഞ്ഞു കുറഞ്ഞ രോഗം വന്ന് ഈ അവസ്ഥയിലായി. ആരെയും മനസിലാവാതായി. ഇത്ര നിസ്സാരനാണ് മനുഷ്യൻ.

മറ്റൊരു വീട്. അത്താഴം തന്നവർ. രണ്ടു മക്കൾ. അമ്മ ചിട്ടയോടെ അവരെ ആഹാരം കൊടുത്തു പഠിക്കാൻ അയക്കുന്നു. 

മൂത്ത മകൻ മിടുക്കനാണ് എന്ന് പറയുന്നു. ഞങ്ങളോട് ആ കുട്ടികൾ പക്ഷെ ഒന്നും മിണ്ടിയില്ല. അവർ കഴിക്കുന്ന രീതിയും ഏറെ മിതത്വമുള്ള ഒന്ന്. ടവൽ കൊണ്ട് ഒപ്പി മുഖത്തെ വെള്ളം തൂത്തു വൃത്തിയാക്കി അവർ മുറിയിൽ പോയി.ഞാൻ നാട്ടിൽ നിലത്തിരുന്ന് വേണ്ടതൊക്കെ എടുത്ത് കഴിച്ചു, അമ്മയോട് മിണ്ടി കൈ കഴുകി, കെട്ടിപ്പിടിച്ചു സെറ്റ് മുണ്ടിന്റെ വാലിൽ എന്റെ കൈ തുടച്ചു സ്വാതന്ത്രയാവുന്നത് ഓർത്തു.

അവരുടെ ഭർത്താവ്,ഹിന്ദു പത്രത്തിൽ. നല്ല തലയെടുപ്പുള്ള ഒരു പുരുഷൻ കയറി വന്നു. ഭാര്യ പെട്ടി വാങ്ങി ചിരിച്ചു സ്വാഗതം ചെയ്‌തു. ഭാവിയിൽ അനുകരിക്കാവുന്ന ഒരു കാര്യമാണല്ലോ ഇത് എന്ന് ഞാൻ എന്നോട് പറഞ്ഞു. വീട്ടിൽ വന്നതും ആൾ ഇംഗ്ലീഷ് വാർത്ത വച്ചു. ആരോ മരിച്ച വാർത്ത കാണാൻ. ടിവി എത്ര മലയാളതനിമ നിറഞ്ഞ ഒരു പെട്ടിയാണ്, എന്റെ വീട്ടിൽ!

14 വർഷങ്ങൾ പോയി. 2019 ആയി. ഇന്നലെ അറിഞ്ഞു അയാൾ കുറച്ചായി കിടപ്പിലാണ്. തലച്ചോറിനാണ്.  അറുപത് വയസേ ഉള്ളു. മക്കൾ എന്തായെന്ന് ചോദിക്കാൻ തോന്നിയില്ല.

∙ റോംയ കി ?

അവിടെയെത്തി ഒരു നേരം പോലും ഹോട്ടലിൽ കയറി കഴിക്കേണ്ടതായി വന്നില്ല. അത്ര ആതിഥേയർ അമ്മാവന് വിരുന്നു കൊടുക്കാൻ തയാറായുണ്ട്, ഇന്നും. കൊടും ചൂടാണ്. രാത്രി പുഴുങ്ങും. ഒരു ബംഗാളി കുടുംബത്തിൽ പോയി. വർത്തമാനം നീണ്ട് നീണ്ട് ആൽബം കാണിക്കാം എന്ന അവസാനത്തെ ഐറ്റമായി. അവർ കല്യാണം കഴിഞ്ഞു മധുവിധു പോയ നല്ല നല്ല സ്നേഹ നിർഭരമായ ചിത്രങ്ങൾ ഓരോ പേജിലും. ചിലത് കണ്ടപ്പോൾ ഇത് എടുത്തു കൊടുത്ത സമയത്തെ ആ ഫോട്ടോഗ്രാഫറുടെ അവസ്ഥ എന്താവും എന്ന് ഓർമിച്ചു നാണിച്ചു!

ശേഷം ഭക്ഷണമായി. മേശ നിറയെ വിഭവങ്ങൾ. ‘മത്സ്യം’. ഇല്ലത്തെ കുളത്തിൽ കാണുന്ന ചാവാലി രൂപമല്ല. നല്ല മൊരിഞ്ഞു കണ്ണുകളൊക്കെ 'എന്നെ ആദ്യം, എന്നെ ആദ്യം 'എന്ന് ആംഗ്യം കാട്ടും പോലത്തെ! ഞാൻ നീങ്ങി മാറി, അന്നും ഇന്നും അതു വയ്യ. അവർ ഞെട്ടി.

‘‘കി ബോൽബോ, തുമി മാച്ച് ഘാബേ നാ ?’’ ‘‘അമി മാച്ച് സത്യമായിട്ടും ഘാബേ നാ’’. ഇത്ര  വേഗം രണ്ടു മഹാ ഭാഷകൾ അതിർത്തി മറന്ന് ലയനത്തിലായി,അഖില ലോക മീനുകളേ നിങ്ങൾക്ക് ആയിരം നന്ദി. മൂന്നാം നാൾ ആവുമ്പോളേക്കും കുറേശ്ശ മറുപടി പറയാം എന്നായി.

അപ്പോഴേക്കും ജാതി പ്രശ്‍നം തുടങ്ങി. കേരളത്തിൽ ആരും പൊതുവെ അതു ചോദിക്കുക പതിവില്ല. അവിടെ അങ്ങനെയല്ല.

ചാറ്റർജി , മുഖർജി , ഘോഷ് പിന്നെ പല വകുപ്പുണ്ട്. അമ്മാവൻ ബ്രാഹ്മണൻ ആണ്. ഭാമാനാൻ ദാ എന്നാണ് അവർ വിളിക്കുന്നത്. ആ മനുഷ്യന്റെ മരുമകൾ ആയ എന്നെ ഏതു ഗണമാവാൻ ആണ് സാധ്യത എന്ന് പരീക്ഷിക്കും പോലെ , ഓരോ വീട്ടിലെയും ആളുകൾ മുഖത്തു നോക്കി ആദ്യ കാഴ്ചയിൽ തന്നെ തുറിച്ച കണ്ണുകൾ നീട്ടി കൊണ്ട് ചോദിച്ചു.

"നാം കി?" അമി രമ്യ "റോംയ കി?" രമ്യ "കി റോംയ ??" വെറും രമ്യ. സാധാരണ രമ്യ. അത്രന്നെ.

(അന്യ നാടായിപ്പോയി, എന്റവടെയെങ്ങായും ആവണർന്ന്)

ഇന്നും ഈ ചോദ്യത്തിന് എന്റെ കയ്യിൽ ഉത്തരമില്ല ബംഗാളികളേ. റോംയ കി ??. ആ...

∙ ദാ " ട്രാം "

നടു റോഡിലൂടെ ആരെയും ശല്യം ചെയ്യാതെ ഇടക്കുള്ള ഒരു ഹോൺ കൊണ്ടു മാത്രം ആളുകളെ അകറ്റുന്ന ഒരു പാവം പെട്ടി വണ്ടി! " ട്രാം " മെട്രോയുടെ സെക്കൻഡ് വെച്ചുള്ള പാച്ചിലിൽ, ഇടം പിടിക്കാനാവാത്ത, വയസായവർക്കും, ഓടേണ്ട ആവശ്യമില്ലാത്തവർക്കും, ധാരാളം സമയമുള്ളവർക്കും സഞ്ചരിക്കുന്ന ഈ തീവണ്ടിയിൽ നടന്നു കയറാം. മലമ്പുഴയിലെ ഓടാത്ത ഒരു കളിപ്പാട്ടം പോലെയുള്ള ഈ വലിയ തേരട്ട ഞങ്ങളെ പലയിടങ്ങൾ കാണിച്ചു. കണ്ണട ഫ്രെയിം, ആൽബം , മധുര പലഹാരങ്ങൾ എല്ലാം വളരെ വിലക്കുറവിൽ കിട്ടും. നല്ല കുർത്തകൾ എല്ലാം വിശ്വസിച്ചു വാങ്ങാം. മാർക്കറ്റ് എപ്പോഴും സജീവം.

അറിയിക്കാതെ വരുന്ന പെരുമഴ കാറ്റിന്റെ ശബ്ദത്തിൽ ചെവിയോർത്തു തിരിച്ചറിഞ്ഞു നിമിഷം കൊണ്ട് വില്പനക്ക് വെച്ച സാധനങ്ങൾ പൊതിഞ്ഞു കെട്ടി കച്ചവടക്കാർ വളരെ വേഗം സുരക്ഷിതരാവും. എല്ലാം കഴിഞ്ഞാൽ ഒന്നും നടക്കാത്ത പോലെ വീണ്ടും അവയെല്ലാം നിരത്തും. വർഷങ്ങളുടെ കൈ വഴക്കം ! ഞാൻ അന്ന് വാങ്ങിയ അസ്തമയ സൂര്യന്റെ നിറമുള്ള ഓറഞ്ചു കലർന്ന ചുവന്ന സാരി ഇന്നും അതേ ഗുണത്തിൽ പാലക്കാടിരുന്ന്  മിന്നുന്നു.

" മാ കാളി "

റോഡിന്റെ രണ്ടു വശങ്ങളിലും പ്രസാദങ്ങൾ നിരത്തി വില്പനക്ക് വെച്ചിരിക്കുന്നു. മിക്കവാറും മധുരമാണ്. നമുക്ക് തിന്നാൻ തോന്നുന്നത് നോക്കി വാങ്ങുക, കാശു കൊടുത്തു ഭഗവതിക്ക് നിവേദിക്കുക,എന്നിട്ട് വീട്ടിലേക്ക് എടുത്ത് കൊണ്ടു പോയി അകത്താക്കുക. അവിടെ രസീതിയില്ല.

അത് നമ്മുടെ വിശ്വാസങ്ങൾ പഠിപ്പിച്ച പോലെ പരിശുദ്ധമായ ഒരു വസ്തുവല്ല. മനുഷ്യർ ഉണ്ടാക്കി മനുഷ്യർ കഴിക്കുന്ന പല വസ്തുക്കളിൽ ഒന്ന് മാത്രം.

മാ കാളി !

അമ്പലത്തിന്റ ഉള്ളിൽ മഹിഷാസുരനെ നിഗ്രഹിക്കുന്ന  മഹാ ശക്തിശാലിയായ ജഗദംബ! ഉള്ളിൽനിന്നും പ്രവഹിക്കുന്ന സ്ഥൈര്യത്തിന്റെ ഞെട്ടിപ്പിക്കുന്ന ആൾ രൂപം! പുരുഷന്റെ ആസുര ഭാവത്തെ ശൂലം കൊണ്ട് കുത്തി, കുത്തിക്കൊല്ലുന്ന സർവേശ്വരി! പുറത്തു കടന്നാൽ അവിടെ എത്തുന്ന വഴിയിൽത്തന്നെ ഇതിനു വൈരുധ്യമായി സ്ത്രീത്വത്തിന്റെ മറ്റൊരു തലം. "കാളിഘട്ട് "

അമ്പലത്തിന്റെ പരിസരത്തായി നിറം മങ്ങിയ കുറേ കെട്ടിടങ്ങൾ. താഴെയും മുകളിലും ജനലുകൾ പുറത്തേക്ക് നീട്ടി ഇറക്കിയ ചെറു വരാന്തകളിലും നിറയെ പല സ്ത്രീകൾ. അന്നന്നത്തെ വരുമാനത്തിന് ആളെ തപ്പുന്നവർ. അതെ ,ശരീരം വിൽക്കാൻ തീരുമാനിച്ചവർ,അപകടപ്പെട്ട് അവിടെ എത്തപ്പെട്ടവർ,പോകാൻ വേറെ ഇടമില്ലാത്തവർ, കൂട്ടാൻ ആരും ചെല്ലാത്തവർ!

kolkata-trip1
Image courtesy: MUKOOT BISWAS, KOLKATHA

മീരാ ജാസ്‌മിൻ അഭിനയിച്ച ഒരു പടമുണ്ട്, അത് അവിടെത്തന്നെ ചിത്രീകരിച്ചതാണ് എന്നു കേട്ടിട്ടുണ്ട്. ആ കാഴ്ച്ചകൾ സത്യമാണ്. ദുഃഖമാണ്. നമ്മൾ പേടിക്കുന്ന പലതും എന്നും അനുഭവിക്കുന്നവരാണ് ആ സഹോദരിമാരിൽ പലരും. മുഖങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലാത്തവർ! ഇത് വായിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടെങ്കിൽ, പ്രത്യകിച്ചും നിങ്ങൾ സ്ത്രീ ആണെങ്കിൽ, തിരിച്ചറിയുക നിങ്ങളും ഞാനും ഇന്നു കഴിയുന്നത് വളരെ വലിയ സ്വർഗത്തിലാണ്.

∙ "പേരശ്ശി"

അമ്മക്ക് രണ്ടു മാസം പ്രായമുള്ളപ്പോൾ കല്യാണം കഴിഞ്ഞു പോയ അമ്മയുടെ ചേച്ചി! അദ്ഭുതം തന്നെ അല്ലേ ?

മുത്തശ്ശിക്ക് അന്ന് 45 വയസ്സ് പ്രായം, മൂത്ത മകൾ സാവിത്രി, അങ്ങനെ കൽക്കത്തക്ക് ഭർത്താവിനൊപ്പം പോയി. അവർ നാട്ടിൽ (കണ്ണൂർ ) വരുമ്പോൾ കുഞ്ഞനിയത്തിക്ക്, എന്റെ അമ്മക്കുട്ടിക്ക് രസഗുള, നല്ല ഭംഗിയുള്ള ഉടുപ്പുകൾ,കണ്ണെഴുത്തു പോലത്തെ ഒരു പൊട്ട് , നീളൻ ബിസ്ക്കറ്റ് ,ടിന്നു പെട്ടിയിൽ നിറയെ മിട്ടായി എല്ലാം കൊടുക്കും. കൂട്ടു കുടുംബമായിരുന്നു. എല്ലാവർക്കും ഉള്ളത് ഓർമിച്ചു കൊണ്ടുവരും.

അമ്മ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പ്രായം. കറുപ്പിൽ സ്വർണ നൂലു കൊണ്ട് തുന്നൽ ഉള്ള ഒരു ജോഡി ചെരുപ്പ് അവർ കൊടുത്തു. ഏറെ കാലം അത് കൊതിയോടെ ഇട്ട് നടന്നു. കുളത്തിന്റെ കരയിൽ നിന്ന് ചാടി നോക്കിയപ്പോൾ അതിന്റെ വള്ളി പൊട്ടി. കുറേ കരഞ്ഞു. ഏറെക്കാലം അതും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. ആകാശത്തു പല നിറങ്ങൾ കാണുമ്പോൾ വിഷ്ണു അമ്മാമനും അമ്മയും പറയും "അതാ നമ്മുടെ കുഞ്ഞേച്ചി കൽക്കത്തയിൽ ഇരുന്ന് നമ്മുടെ മേലെ ചായങ്ങൾ പൂശുന്നു"

ഭാവന എന്നു പറഞ്ഞാൽ ഇതാണ്. ഓർമയുള്ളത് പറയൂ എന്ന് ഇന്ന് ചോദിച്ചതും തലച്ചോറിലെ ഇതു വരെ ഒളിഞ്ഞിരുന്ന കുറേ സഹോദരി സ്മരണകൾ പുറത്തു ചാടി. ഇരുപത് വർഷങ്ങൾക്കിപ്പുറം ജനിച്ചു വീണ പേരശ്ശിയുടെ 'മോള് ' അവർ ജീവിച്ച സ്ഥലമാണ് ഭവാനിപൂർ. മൂന്നു മക്കൾ. ക്രിഷ്ണൻ, വാമനൻ, ബാബു(ഹരി ജയന്തൻ ). ഭർത്താവ് ചിറ്റ്മൂസമ്മാമൻ ആണ് എന്റെ അമ്മാവനെ പത്താം ക്ലാസ്സിന് ശേഷം അങ്ങോട്ട് കൊണ്ടു പോകുന്നത്. കുഞ്ഞനിയൻ ആണല്ലോ. ഇല്ലം രക്ഷപ്പെടണമല്ലോ.

Dipanwita Namboodiri  എന്റെ ബാബു ഏട്ടന്റെ ഭാര്യ.(അടുത്ത സ്‌ട്രീറ്റിലെ ബംഗാളി പെൺകുട്ടി,സ്നേഹം വിവാഹം), ഒരു മകൻ Kanishkan Variketta (ടിൻ ടിൻ)എന്ന് വിളിക്കും.

ആഗ്രഹിച്ചു പോയതാണ്, കുറേ കേട്ടിട്ടുള്ള ആ സ്ഥലം കാണാൻ. പേരശ്ശിയുടെ വീടിന്റെ മുന്നിൽ. അത് വിറ്റു പോയിരിക്കുന്നു. ഉള്ളു കാണാൻ പറ്റിയില്ല. അമേരിക്കയിൽ നിന്ന് അവധിക്ക് വന്ന ടിൻ ടിൻ അതാ റോഡിൽ നിന്ന് ക്രിക്കറ്റ് കളിക്കുന്നു. അവിചാരിതമായി കണ്ടു മുട്ടിയെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു.

∙ വിക്ടോറിയ മെമ്മോറിയൽ !

സിറ്റിയിൽ കയറിയാൽ തന്നെ കാണാം. ഈ മാർബിൾ കൊട്ടാരം കണ്ണിൽ പെടാതെ കൽക്കത്തയിലൂടെ യാത്ര അസാധ്യം. ബ്രിട്ടീഷുകാരുടെ നീണ്ട 25 വർഷത്തെ ഭരണ മികവിനെ മാനിച്ചു കൊണ്ട് അവർ തന്നെ കെട്ടി ഉയർത്തിയ വെള്ളനിറം മാത്രമുള്ള സൗധം. വൈകുന്നേരം ലൈറ്റ് & സൗണ്ട് ഒക്കെ ഉണ്ട്. ഭാരതം അവരുടെ കയ്യിലായിരുന്നല്ലോ. ഏക്കറു കണക്കിന് സ്ഥലം , അതും നഗര മധ്യത്തിൽ! കാണാൻ കൊള്ളാം. പക്ഷെ നമ്മുടെ എത്ര പൂർവികർ ഈ വിജയ സ്മരണിക കെട്ടി പൊക്കാൻ വിയർത്തു പണിയെടുത്തിട്ടുണ്ടാവും ? ഈ വെളിച്ചം അവരുടെ ആത്മാക്കളെയെങ്കിലും സുഖിപ്പിക്കട്ടെ !

ആനന്ദമ്മായി, മകൻ, ബാപ്പറ്റ ദീപാ രേവതിമാർ അവരുടെ അമ്മ, നരിക്കോട് സരളാ രാമൻ കുടുംബം, വീണ്ടും ഘോഷ് അങ്കിൾ ആന്റി, ലോലു ചേച്ചി കുടുംബം, ദീപ ചേച്ചി കുടുംബം,മ്യൂസിയം ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഒരു അങ്കിൾ ആന്റി,(പേരു മറന്നു )ഇവിടെയൊക്കെ പോയി ഓരോ നേരം ആഹാരം കഴിച്ചിട്ടുണ്ട്. പികു, ആമി, പറിനീത, പഥേർ പാഞ്ചാലി, അപരാജിത, അപുർ സാൻസാർ  ഇവയൊക്കെ കണ്ടാൽ കുറേ കിട്ടും ഈ സ്ഥല ചരിത്രം!

മാധവിക്കുട്ടി കുട്ടിയാവുമ്പോൾ കഴിഞ്ഞ കൽക്കത്ത ! ഞാൻ ,ആദ്യമായി ,ബ്യൂട്ടി പാർലറിൽ കയറി ലെയർ കട്ട് ചെയ്ത, റോഡ് സൈഡിൽ നിന്ന് പാനി പുരി , ഭേൽ പൂരി(ഇതിൽ ഏതോ ഒന്നിന് പുച്ക എന്ന് പറയും ) ആസ്വദിച്ച് തിന്ന,മെട്രോയിൽ കയറിയ, മമത ബാനർജി പ്രസംഗിക്കുന്നത് കണ്ട, 5 രൂപക്കും 5000 രൂപക്കും ഒരു നേരത്തെ ആഹാരം കിട്ടുന്ന ഒരു ദേശം കണ്ട, ഒരു രൂപ തുട്ട് ഉണ്ടാക്കുന്ന ഓഫിസ് കണ്ട, ബ്രിറ്റാനിയ ബിസ്ക്കറ്റ് ഉണ്ടാക്കുന്ന ഫാക്ടറിയുടെ മുന്നിൽ കൂടി ബസിൽ പോയ(മണം, കുറേ നേരം പിന്തുടർന്ന), അയൽക്കാർക്ക് കൊടുക്കാൻ ദുർഗയുടെ മുഖം വാങ്ങിയ, എന്റെ നാടു പിടിക്കാൻ വണ്ടി കയറിയ, ഉള്ളിൽ നിറഞ്ഞ, കൊൽക്കത്ത!

ഹൗറ അപ്പോഴേക്കും വർഷങ്ങളുടെ അടുപ്പം കാട്ടിതുടങ്ങി. വീണ്ടും വരില്ലേ എന്ന് ചോദിക്കാനും! പോയതും കണ്ടതും എല്ലാം എഴുതി എന്ന് തോന്നുന്നു. ഇനിയും പോകണം. ദുർഗാ പൂജ കാണാൻ! വിശ്വഭാരതി കാണാൻ! അദ്ഭുതം. ഒരൊറ്റ ഫോട്ടോ പോലും ആരും എടുത്തിട്ടില്ലാത്ത ഒരേ ഒരു യാത്ര! ചിത്രങ്ങൾ മനസ്സിൽ വീണാൽ പിന്നെ എന്തിന്‌ ക്യാമറ ? അല്ലേ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com