ADVERTISEMENT

കോഴിക്കോട്∙ ഹിമാലയത്തിലൊരു ട്രക്കിങ്ങെന്നു പറഞ്ഞാൽ വളരെ സിംപിളല്ലേ, പല തവണ ഹിമാലയം കയറിയ മിനി പറയുമ്പോൾ വിശ്വസിച്ചേ പറ്റു. അതും അൻപത്തിമൂന്നാം വയസ്സിലെന്നറിയുമ്പോൾ ഒന്നു കണ്ണുമിഴിക്കുക കൂടിയാവാം. 65 പേരടങ്ങിയ ട്രക്കിങ് സംഘത്തിനൊപ്പം മഞ്ഞുമലകൾ കയറിയും സ്ലൈഡ് ചെയ്ത് ഇറങ്ങിയും സർപാസ് കടന്ന മിനിക്ക് സാഹസിക യാത്രകൾ എപ്പോഴും ഹരം തന്നെ. കോട്ടയത്തു ജനിച്ച് കോയമ്പത്തൂരിൽ വളർന്ന ചാലപ്പുറം കനറാ ബാങ്ക് റീജനൽ ഓഫിസിൽ സീനിയർ മനേജർ മിനി അഗസ്റ്റിന് ഹിമാലയ യാത്ര പുതിയ കാര്യമല്ല. 2017ൽ ബുള്ളറ്റിൽ ഹിമാലയൻ യാത്ര പോയിട്ടുള്ള മിനി ചന്ദ്രേഗ്‌നി പാസിലും ട്രക്കിങ് നടത്തി കഴിഞ്ഞു.  ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ സർപാസിലേക്കുള്ള 10 ദിവസത്തെ ട്രക്കിങ്ങിനു 65 പേരടങ്ങുന്ന സംഘത്തോടൊപ്പമാണു മിനി പോയത്. കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ഈ വനിതയാകട്ടെ എല്ലാ കടമ്പകളും താണ്ടി കയറിയത് ഒപ്പമുണ്ടായിരുന്നവരുടെ ഹൃദയത്തിലേക്കു കൂടിയാണ്. 

കസോൾ, ഗ്രഹാം, പാദ്രി, മിങ്താച്ച്, നഗാറു, എന്നീ ക്യാംപുകൾ കടന്ന് സർപാസിലൂടെ യാത്ര ചെയ്തപ്പോൾ പ്രതീക്ഷകൾക്കുമപ്പുറം വലിയ അനുഭവം തന്നെയായിരുന്നു അതെന്നു മിനി പറയുന്നു. 4ാം ദിവസം ഗ്രഹാമിലേക്കുള്ള യാത്രയ്ക്കിടയിൽ മിനി കാൽ വഴുതി താഴേക്കു വീണു. മരച്ചില്ലയിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ താഴെയുള്ള പുഴയിലേക്കു വീണേനെ. യാത്രാനുഭവത്തിൽ ഭയപ്പെടുത്തിയ സംഭവം അതു മാത്രമാണന്നു മിനി പറഞ്ഞു. എന്നാൽ വീഴ്ച്ചയിൽ നിന്നെഴുന്നേറ്റ് കൂടുതൽ ഉൻമേഷത്തോടെ യാത്ര തുടർന്ന മിനി കൂട്ടത്തിലെ മറ്റുള്ളവർക്കും കൂടി പ്രചോദനമായി. സമുദ്ര നിരപ്പിൽ നിന്ന് 13,800 അടി ഉയരത്തിലുള്ള സർപാസ് കടക്കുക എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് മിനിയിപ്പോൾ. 

ഉയരം കടും തോറും വന്ന ശ്വസതടസ്സവും മറ്റ് ആരോഗ്യപ്രശ്നങ്ങളും തണുപ്പും സാഹസികതയ്ക്ക് ഭംഗി കൂട്ടിയെന്നാണ് മിനിയുടെ പക്ഷം. 2017ൽ 51ാം വയസ്സിൽ മണാലിയും സർച്ചുവും ഖാർദുങ്‌ലാപാസുമെല്ലാം കടന്ന് ലേയിലേക്ക് ബുള്ളറ്റിൽ യാത്രപോയ മിനിയുടെ സാഹസികത അന്നേ ചർച്ചയായിരുന്നു. ദിവസവും ജോഗിങ്ങും സൂര്യനമസ്ക്കാരവും നടപ്പും ശീലമാക്കിയ മിനിക്ക് ഇനിയും യാത്രകൾ പോകണമെന്നു തന്നെയാണ് ആഗ്രഹം. മിനിയുടെ മിന്നും സ്വപ്നങ്ങൾക്ക് അൻപത്തിമൂന്നിന്റെ പകിട്ട്. ഇടുക്കി സെൻട്രൽ എക്സൈസ് ആൻ‍ഡ് കസ്റ്റംസിൽ അസി. കമ്മിഷണറാണു മിനിയുടെ ഭർത്താവ് ബിജു പോൾ. മകൻ കെവിൻ സംഗീതജ്ഞനാണ്. മകൾ ആൻ എലിസബത്ത് ബംഗളൂരു ക്രൈസ്റ്റ് കോളജിൽ എംഎ അപ്ലൈഡ് എക്കണോമിക്സ് വിദ്യാർഥിനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com