ADVERTISEMENT

മഴ നൂലുകൾ ആഴ്ന്നിറങ്ങുന്ന കർണാടകയുടെ പടിഞ്ഞാറൻ മലനിരകൾ ലക്ഷ്യമാക്കി നിങ്ങൾ ഒരു യാത്ര നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അഗുംബെ എന്ന മഴയുടെ കാമുകിയെ തേടി ഒരു യാത്ര തിരിക്കണം.

മണ്ണും വിണ്ണും ഗാഢാലിംഗനം ചെയ്യുന്ന ദക്ഷിണ ശിഖിരത്തിലെ മഴമേഘങ്ങൾ,നിമിഷ നേരം കൊണ്ട് നിറകുടം കണക്കേ മഴയെ കോരിച്ചൊരിയുമ്പോൾ കുളിരുകോരുന്ന ആ മഴയെ ഒന്ന് വാരിപ്പുണരുമ്പോൾ കൂട്ടായിയെത്തുന്ന മഞ്ഞിനും, കാറ്റിനു പോലും വല്ലാത്തൊരു അനുഭൂതിയാണ്. ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന നാട്ടിടവഴികളും,വന്യം തീർത്ത വനാന്തരങ്ങളും മഴയോർമ്മകളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഗ്രാമാന്തരീക്ഷവും മനസ്സിനുള്ളിൽ പ്രണയം നിറയ്ക്കും.

agumbe

അഗുംബെ ഏതു കൊടും ചൂടിലും കുളിരു പകരുന്ന ഇടമാണ്. കർണാടകയിലെ ഷിമോഗ ജില്ലയിലെ തീർത്തഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ്. ആർ കെ നാരായണന്റെ പ്രശസ്തമായ "മാൽഗുഡി ഡേയ്സ്" ടെലി- സീരിയലാക്കിയപ്പോൾ അഗുംബെ എന്ന കൊച്ചു ഗ്രാമം ലോകപ്രശസ്തമായി.

പ്രകൃതി അതിന്‍െറ സൗന്ദര്യം വിളിച്ചോതുന്ന അഗുംബെേയിലെ മഴക്കാടുകൾ പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത വനപ്രദേശം കൂടിയാണ്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 826 മീറ്റർ അടി ഉയരത്തിലാണ്. കാലാവസ്ഥാ ഗവേഷകരെ പോലും അദ്ഭുതപ്പെടുത്തിയ അഗുംബെയിലെ മഴയെ പറ്റി പിന്നെ പറയേണ്ടതില്ലല്ലോ.  7640 മില്ലി ലിറ്റർ മഴ ലഭിക്കുന്നതു കൊണ്ടാകാം അഗുംബെയെ സൗത്ത് ഇന്ത്യയുടെ ചിറാപുഞ്ചി എന്നു വിളിക്കുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയിൽ പച്ചപ്പ്‌ നിറഞ്ഞും. പൂത്തുലഞ്ഞു നില്‍ക്കുന്ന മുളങ്കാടുകള്‍ക്കിടയില്‍ നിശബ്ദതയിലൂടെ ഇഴഞ്ഞു പോകുന്ന നാഗങ്ങളും,ചിരിച്ചു നില്‍‍ക്കുന്ന ഹരിത വനങ്ങളുമെല്ലാം അഗുംബെക്ക് വല്ലാത്തൊരു ഗ്രാമീണ സൗന്ദര്യമാണ് നൽകുന്നതെന്ന് പറയാതിരിക്കാൻ വയ്യ.

മാല്‍ഗുഡി ഡേയ്സിലെ മാല്‍ഗുഡിക്ക് ദൃശ്യഭംഗി പകര്‍ന്ന അഗുംബെയിലെ "ദൊഡ്ഡമന്നെ "എന്ന പ്രദേശം, ഇപ്പോഴത്തെ കസ്തുരി അക്കയുടെ സ്വന്തം ദൊഡ്ഡമന്നെയിലെ ആ വീട് തന്നെ ഒരു ഉദാഹരണമാണ്. വർഷങ്ങളുടെ പഴമ കൈവിടാതെ തലയെടുപ്പോടെ നിൽക്കുന്ന ആ വീട്ടിൽ വർഷങ്ങൾക്കു മുൻപ് വരെ നൂറിൽ അധികം കുടുബങ്ങൾ താമസിച്ചിട്ടുണ്ടായിരുന്നു.

agumbe-travel
Image From Agumbe Rainforest Research Station Facebook page

ഇനി ആഗുംബയിൽ കാണാനുള്ള കുറച്ചു സ്ഥലങ്ങളെ പരിചയപ്പെടാം .

അഗുംബെ 

ഭാരതത്തിൽ ഏറ്റവും കൂടുതല്‍ രാജ വെമ്പാലകൾ ഉള്ളത് അഗുംബെ എന്ന മനോഹരമായ ഈ ചെറു ഗ്രാമത്തിലാണ്. അതുകൊണ്ട് തന്നെ ആഗുംബെയെ ‘king cobra യുടെ’ തലസ്ഥാനമായും  അറിയപ്പെടുന്നു . രാജവെമ്പാലയുടെയും ഇതര പാമ്പ് വര്‍ഗങ്ങളുടെയുമെല്ലാം പഠനവും ചരിത്രവും ലക്ഷ്യമിട്ട് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഗവേഷകരും വിദ്യാര്‍ഥികളും ശാസ്ത്ര തല്പരരുമായ നിരവധി പേർ ഇന്നും ഇവിടേക്കെത്തുന്നുണ്ട് .

ജോഗിഗുണ്ടി വെള്ളച്ചാട്ടം

angube2

അഗുംബെ ഗ്രാമത്തിനടുത്തായിട്ടുള്ള ചെറിയ ഒരു വെള്ളച്ചാട്ടമാണ്  ജോഗിഗുണ്ടി. ഇവിടേക്ക് അഗുംബയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട് , ജോഗിഗുണ്ടി വെള്ളച്ചാട്ടം ട്രക്കിംഗിന് എത്തുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. മലപഹാരി നദിയിൽ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന്റ ഉത്ഭവം. ജോഗിഗുണ്ട് വെള്ളച്ചാട്ടത്തിലെ വെള്ളം താഴ്വരയിലൂടെ ഒഴുകി അവസാനം തുംഗ നദിയുമായി ലയിക്കുന്നു.

കുന്ദാദ്രി മല

angube8

അഗുംബെയിൽ നിന്നും 17 km അകലെ ഉള്ള കുന്ദാദ്രി മലയിലേക്ക് ഇരുപത് ഹെയർപ്പിന് വളവുകൾ താണ്ടി വേണം എത്തിച്ചേരാൻ. പശ്ചിമഘട്ട മലനിരകളുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഭൂപ്രകൃതിയിലേക്ക് പോകുമ്പോൾ വഴി നിറയെ വാനരപ്പടയെ കാണാം. 2000 വർഷങ്ങൾക്കു മുമ്പ് കുന്ദ എന്ന ജൈന സന്യാസി ഇവിടെ താമസിക്കുകയും ജൈന ക്ഷേത്രം പണിയുകയും ചെയ്തു. ക്ഷേത്രത്തോട് ചേർന്ന് രണ്ട് കുളങ്ങളുമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പുരാതന ജൈനക്ഷേത്രത്താൽ ഈ കുന്നുകൾ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ വലതു വശത്തെ വ്യൂ പോയിന്റ്ൽ നിന്ന് നോക്കിയാൽ അഗുംബെ ഗ്രാമവും കൃഷി ഇടങ്ങളും കാണാൻ കഴിയും.

അഗുംബെ 

പശ്ചിമ ഘട്ട മലനിരകൾക്ക് മുകളിൽ അറബിക്കടലിന്റെ ചക്രവാളത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന കാഴ്ചകൾ ഇവിടെ കാണാം സൂര്യാസ്തമയം കാണാൻ പറ്റിയ വളരെ മനോഹരമായ ഒരു ഇടം ആയതിനാൽ ഈ സൂര്യാസ്തമന ദൃശ്യങ്ങൾ കാണുവാൻ മാത്രം നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്‌.

കൂഡ്ലു തീർത്ഥ വെള്ളച്ചാട്ടം 

സൺസെറ്റ് പോയന്റിൽ നിന്ന് കൂഡ്ലു തീർത്ഥ വെള്ളച്ചാട്ടത്തിലേക്ക് എത്താം. നഗരത്തിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇടതൂർന്ന വനത്തിലൂടെയുള്ള മനോഹരമായ ഒരു ട്രെക്കിംഗാണ് ഇവിടുത്തെ ആകർഷമം.  പ്രകൃതിദൃശ്യങ്ങളും ട്രക്കിങ് റൂട്ടുകളും ഉള്ളതുകൊണ്ട്  സാഹസിക പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ പാതകൂടിയാണ് കൂഡ്ലു തീർത്ഥ വെള്ളച്ചാട്ടത്തിലേക്കുള്ളത്.

അബ്ബി വെള്ളച്ചാട്ടം

angube4

അഗുംബയിൽ നിന്ന് 8 കിലോമീറ്റർ അകലെയായി കാടിന് അകത്ത് സ്ഥിതി ചെയ്യുന്നതാണ് അബ്ബി വെള്ളച്ചാട്ടം. അതിനാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പെർമിഷൻ വേണം ഇങ്ങോട്ടേക്ക്  എത്തിച്ചേരാൻ. കാട്ടിനുള്ളിലൂടെ അട്ട കടിയും കൊണ്ട് നടക്കുമ്പോൾ ഒരു അരുവി എത്തും അതു മുറിച്ചു കടന്നു വേണം വെള്ളച്ചാട്ടത്തിനു അടുത്ത് എത്താൻ 400 അടിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് ഏകദേശം 4 കി മീ. ട്രെക്കിങ് ചെയ്തു എത്തിച്ചേർന്നാൽ വെള്ളച്ചാട്ടത്തിന്റെ പൂർണ്ണമായൊരു കാഴ്ച ലഭിക്കും. ഇവിടെ നിന്ന് അഗുംബിലെ താഴ്വരകളുടെ മനോഹരമായ കാഴ്ചകളും കാണാൻ കഴിയും.

ബർകാന വെള്ളച്ചാട്ടം 

ഇന്ത്യയിലെ ഏറ്റവും വലിയ പത്താമത്തെ വെള്ളച്ചാട്ടമാണ് ബർകാന വെള്ളച്ചാട്ടം. ബാർക്കാന വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഇടതൂർന്ന വനത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാം.

കുഞ്ചികൽ വെള്ളച്ചാട്ടം

വരാഹി നദിയുടെ തീരത്ത് 1493 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുഞ്ചികൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത് .

ഇനിയും ഒത്തിരി കാഴ്ചകൾ ആഗുംബെയിലും പരിസരപ്രദേശങ്ങളിലും തീർച്ചയായിട്ടും ഒളിഞ്ഞു കിടപ്പുണ്ടാകും. !!

ചെറിയൊരു ഗ്രാമവും കുറച്ചു ഹോംസ്റ്റേയും, ലോഡ്‌ജും. എന്നാൽ അത്രയധികം താമസ സൗകര്യങ്ങൾ ലഭ്യമല്ലാത്ത അഗുംബെയിൽ പോകുന്നവർക്ക് വേണ്ട താമസ സൗകര്യത്തിന് മുൻകൂട്ടി വിളിച്ചു ബുക്ക്‌ ചെയ്യാൻ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.

08181- 233075 (കസ്തൂരി അക്ക)

അഗുംബെയിലെ കാഴ്ചകൾ കാണാനുള്ള വാഹനം, ഹോംസ്റ്റേ തുടങ്ങിയവ ആവശ്യമുള്ളവർക്ക് 

8075007066 919447021714.

എങ്ങനെ എത്താം

108 കി. മീ.അകലെയുള്ള മംഗലാപുരം 

വിമാനത്താവളം ആണ് അഗുംബെയ്ക്ക് അടുത്തുള്ളത്.

ട്രെയിൻ വഴി വരുകയാണേൽ അഗുംബെയ്ക്ക് 55 കിലോമീറ്റർ അകലെയുള്ള ഉഡുപ്പി റെയിൽവേ സ്റ്റേഷനാണ് അടുത്തായിട്ടുള്ളത്.

കർണാടകയിലെ മംഗലാപുരം ഷിമോഗ, തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം അഗുംബെയിലേക്ക് ബസ് സർവ്വീസുകളും ലഭ്യമാണ്.

മഴയെ പ്രണയിച്ചു മഴ നനഞ്ഞൊരു അഗുംബെ യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ ജൂലൈ മുതൽ നവംബർ വരെയാണ് സന്ദർശിക്കാൻ അനുയോജ്യമായ സമയം . സീസൺ നോക്കി മഴ ആഘോഷമാക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം ആണ് ഈ അഗുംബെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com