ADVERTISEMENT

നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളം എത്രനേരം നോക്കിനിന്നാലും മതിവരാത്ത കൗതുകമാണ്. അതു ജലപാതമാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ആ ചന്തം നുകരാൻ എത്ര കാതങ്ങളും പിന്നിട്ടു പോകാൻ തയാറാകുന്നവരെത്രയോ ഉണ്ട് ഇന്ന് യുവാക്കൾക്കിടയിൽ. അങ്ങനെയൊരു യാത്ര അതിന്റെ എല്ലാ ആഴത്തിലും അനുഭവിക്കണമെങ്കിൽ ബാഗൊരുക്കിക്കോളൂ, ഹൊഗെനക്കലിലേക്കു പോകാൻ. 

പാറക്കല്ലുകളിൽ തലതല്ലിപ്പാഞ്ഞൊഴുകി അലറിക്കുതിച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം... ഒന്നല്ല ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ.. ദൂരെ വ്യൂപോയിന്റിൽ നിന്നല്ല നദിയുടെ നടുവിൽ കുട്ടവഞ്ചിയിലിരുന്ന് വെള്ളച്ചാട്ടങ്ങളുടെ ഗാംഭീര്യം ആസ്വദിക്കാം. പിന്നെ മണൽപ്പരപ്പിലൂടൊഴുകുന്ന പുഴയിലും വെള്ളച്ചാട്ടത്തിനു കീഴെ നിന്നും കുളിയും പാസാക്കി പൊരിച്ച മീനും തിന്ന് വയറും മനസ്സും നിറച്ച് തിരികെപ്പോരാം. 

സിനിമാക്കാരുടെ ഇഷ്ടസ്ഥലം

മോഹൻലാൽ നായകനായ നരൻ സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു  ഹൊഗനക്കൽ.  ചിന്ന ചിന്ന ആസൈ പാടി മധുബാല കുട്ടവഞ്ചിയേറി പോയതും ഹൊഗനക്കലിൽ ആണ്. അഥർവം സിനിമയിലും കാണാം ഹൊഗെനക്കലിന്റെ ചന്തം. പേരു കൊണ്ടാകാം പലരുടെയും ധാരണ ഹോഗെനക്കൽ കർണാടകയിലെ ഏതോ അതിർത്തി ഗ്രാമമാണെന്നാണ്. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് ഹൊഗെനക്കൽ. കർണാടകയുമായി അതിരുപങ്കിടുന്ന സ്ഥലമാണ് ഇവിടം. കർണാടകയിലൂടെ ഒഴുകി തമിഴ്നാട്ടിലെത്തുന്ന കാവേരി നദിയുടെ കരയിലെ ചെറുപട്ടണമാണ് ഹൊഗെനക്കൽ.

hogenkkal
ഹൊഗെനക്കലിൽ നിന്നുള്ള കർണാടകയുടെ ഭാഗത്തെ കാഴ്ച

പേരു വന്നത് കന്നടയിൽ നിന്നു തന്നെ. ഹൊഗെ എന്നാൽ കന്നടയിൽ പുക. പാറക്കെട്ടുകളിലൂടെ ചിതറി വീഴുന്ന വെള്ളം പുകപോലെ പരക്കുന്ന സ്ഥലമായതിനാൽ പേര് ഹൊഗെനക്കൽ എന്നായി. മൺസൂൺ കാലത്ത്  വെള്ളച്ചാട്ടങ്ങൾ അതിന്റെ രൗദ്രഭീകരത മുഴുവൻ പുറത്തുകാട്ടിയാകും അലച്ചാർത്തു വീഴുക. ഈ സമയം സുരക്ഷ കണക്കിലെടുത്ത് ഹൊഗെനക്കലിന്റെ പ്രധാന ആകർഷണമായ കുട്ടവഞ്ചി സവാരി നിർത്തി വയ്ക്കും. അതുകൊണ്ട് വെള്ളച്ചാട്ടം കണ്ടാസ്വദിച്ചാൽ മതിയെങ്കിൽ മാത്രം ഈ സമയം യാത്രയ്ക്കു തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ജനുവരി മുതൽ മേയ് മാസം വരെയാകും ഹൊഗെനക്കൽ യാത്രയ്ക്ക് ഉചിതം. 

സേലം വഴി പോകാം

കേരളത്തിൽ നിന്നു പോകുന്നവർക്ക് ട്രെയിനിലാണെങ്കിൽ സേലത്തിറങ്ങി വണ്ടി പിടിച്ചു പോകാം. സേലത്ത് നിന്ന് ഏകദേശം 90 കിലോമീറ്റർ യാത്ര ചെയ്യണം ഹൊഗെനക്കലിലെത്താൻ. സേലം, ഓമല്ലൂർ, മേച്ചേരി വഴി യാത്ര ചെയ്ത് വെള്ളച്ചാട്ടത്തിന്റെ നാട്ടിലെത്താം. മികച്ച റോഡാണ് റൂട്ടിൽ. വിട്ടു പോകാം. പക്ഷേ എല്ലായിടത്തെയും പോലെ റോഡിൽ ജാഗ്രത കാട്ടുക.

രണ്ടു രാത്രി ട്രെയിനിൽ ചെലവഴിക്കാമെങ്കിൽ ഇടയിൽ കിട്ടുന്ന ഒറ്റ പകൽ മതി ചുരുങ്ങിയ ചെലവിൽ ഹൊഗെനക്കലിനെ അറിഞ്ഞുപോരാൻ. കേരളത്തിൽ തെക്കുനിന്നും വടക്കു നിന്നും വരുന്നവർക്ക് രാവിലെയോടെ സേലത്തിറങ്ങാൻ പാകത്തിൽ ട്രെയിൻ കിട്ടും. സേലത്തിറങ്ങി റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഒന്നു ഫ്രഷായ ശേഷം രാവിലെ തന്നെ ഹൊഗെനക്കലിലേക്ക് ബസോ ടാക്സിയോ പിടിക്കാം. രണ്ടു മണിക്കൂർ യാത്ര വരും ഇവിടേക്ക്. 

കാണാനുണ്ട് ഏറെ..

അവിടെയെത്തിയാൽ വഞ്ചിയാത്രയ്ക്കു പോകും മുമ്പ് ചുറ്റിയടിക്കാൻ സ്ഥലങ്ങളുണ്ട്. ക്രോക്കഡൈൽ പാർക്ക്, തൂക്കുപാലം, വ്യൂ പോയിന്റ്. തീർഥമലൈ ടെംപിൾ ഇങ്ങനെ ചില സ്ഥലങ്ങൾ. ഇവിടെയൊക്കെ ഒന്നു കറങ്ങി ഉച്ചയാകുമ്പോഴേക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി നല്ല ശാപ്പാടടിക്കാം. മുഴുത്ത കഷണം മീൻ പൊരിച്ചതും., ചിക്കൻ കറിയും, ഓംലെറ്റുമടക്കം സ്പെഷൽ ഊണ് 200 രൂപയ്ക്കു കിട്ടും. കേരളത്തിലെ വില നിലവാരം വച്ചു നോക്കുമ്പോൾ പൊരിച്ച മീനിനു മാത്രമാകും 100– 150 രൂപ. 

ഊണ് കഴിച്ച് കുട്ടവഞ്ചി സവാരിക്കു പോകാം. മൂന്നുമണിക്കൂറോളം കറങ്ങാനുണ്ട് കുട്ടവഞ്ചിയിൽ. ഉച്ചകഴിഞ്ഞായാൽ വെയിലിന്റെ കാഠിന്യം അൽപം കുറയും. ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു തുടങ്ങുമ്പോൾ തന്നെ നിങ്ങളെ നീലക്കുപ്പായക്കാർ വളയും. അവരിലൊരാളുമായി സംസാരിച്ച് കുട്ടവഞ്ചിയാത്രയുടെ ടിക്കറ്റ് നിരക്കും മറ്റും മനസ്സിലാക്കി നോക്കാം. വില പേശി നോക്കിയാലും കുറച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. നാലു പേർക്കാണ് ഒരു വഞ്ചിയിൽ കയറാനാകുക. ഒരാൾക്ക് 450–500 രൂപ നിരക്കിൽ ഈടാക്കും. (ഈ തുക അധികമെന്നു തോന്നുന്നെങ്കിൽ, കുട്ടവഞ്ചി യാത്ര കഴിഞ്ഞെത്തുമ്പോൾ മനസ്സിലാകും അതൊട്ടും കൂടുതലല്ല എന്ന്. മാത്രമല്ല നിങ്ങൾ ആവേശം കൊണ്ട് തുഴച്ചിൽകാരൻ വീണ്ടുമൊരു നൂറുരൂപ കൂടി വച്ചുകൊടുക്കാനും സാധ്യതയുണ്ട്.) 

hogenakkal-03
ഹൊഗെനക്കലിലെ കുട്ടവഞ്ചി യാത്ര.

കുട്ടവഞ്ചി യാത്രയ്ക്കിറങ്ങും മുൻപ് ഓർക്കേണ്ട കാര്യം: ദേഹം നനയില്ലെന്നു കരുതി  യാത്രാ വേഷത്തിൽ തന്നെ കുട്ടവഞ്ചിയാത്രയ്ക്കു തിരിക്കാതിരിക്കുക. കഴിയുമെങ്കിൽ ചുരുങ്ങിയ ചെലവിൽ കിട്ടുന്ന ഒരു മുറിയെടുത്ത് ബാഗും ഫോണടക്കമുള്ള, നനഞ്ഞാൽ കേടാകുന്ന വസ്തുക്കൾ മുറിയിൽ സൂക്ഷിക്കുക. ഫോട്ടോയെടുക്കാൻ ഫോൺ മാത്രമേയുള്ളൂവെങ്കിൽ അതു കയ്യിൽ കരുതാം. പക്ഷേ ഫോൺ നനയാതിരിക്കാൻ എന്തെങ്കിലും സംവിധാനം കരുതാം. പ്ലാസ്റ്റിക് നിരോധനം നിലവിലുള്ള സ്ഥലമാണ് ഹൊഗെനക്കൽ. അതുകൊണ്ട് യാത്രയിൽ പ്ലാസ്റ്റിക് ഒഴിവാക്കുക (പക്ഷേ പുഴയിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റ്ക് കുപ്പികളും പുഴനടുവിൽ കുട്ടവഞ്ചിയിലുള്ള കുപ്പിവെള്ളം, ശീതളപാനീയം കച്ചവടവും കണ്ട് നിങ്ങൾ അമ്പരക്കും. പക്ഷേ പുഴയെ മലിനമാക്കില്ലെന്ന് നാം സ്വയം തീരുമാനിക്കുക)

മതിൽ കെട്ടി തിരിച്ചിരിക്കുന്ന ടിക്കറ്റ് കൗണ്ടറിലെ കമ്പിവേലികൾക്കിയിലൂടെ പുഴക്കരയിലെത്താം. നേരത്തേ പണം കൊടുത്തേൽപിച്ചാൽ തുഴച്ചിൽകാരനോ അവരുടെ സഹായികളോ പ്രവേശനടിക്കറ്റ് എടുത്ത് നമ്മുടെ യാത്രയ്ക്കുള്ള വഞ്ചിക്കാരെയും തയാറാക്കി നിർത്തിയിരിക്കും. ലൈഫ് ജാക്കറ്റും അവർതന്നെ കൊണ്ടു വന്നു തരും. (തിരക്കുള്ള സമയത്ത് മൂന്നു മണിക്കൂറെങ്കിലും ക്യൂ നിൽക്കേണ്ടി വരുമെന്ന് ഒപ്പം വന്ന ബോട്ട്മാൻ രാമകൃഷ്ണൻ പറഞ്ഞു. കുട്ടവഞ്ചികളും തുഴച്ചിൽക്കാരും ധാരാളമുണ്ട്. പക്ഷേ ലൈഫ് ജാക്കറ്റുകൾ കുറവായതാണ് പ്രശ്നം. പോയവർ തിരികെ വന്നെങ്കിലേ കൂടുതൽ പേർക്ക് പോകാൻ കഴിയൂ. ലൈഫ് ജാക്കറ്റ് ധരിക്കാതെ ആരെയും കുട്ടവഞ്ചി യാത്രയ്ക്ക് അനുവദിക്കില്ല.) കൗണ്ടറിൽ പേരും ഫോൺ നമ്പരും പറഞ്ഞ് കടവിലേക്കിറങ്ങാം. 

കുട്ടവഞ്ചിയെന്ന കൗതുകം

ഏഴടിയോളം വിസ്താരം വരും ഈ കുട്ടവഞ്ചികൾക്ക്. നമ്മുടെ നാട്ടിൽ നാടോടികൾ ആറിലും പുഴയിലുമൊക്കെ കൊണ്ടുവന്നിറക്കി മീൻപിടിക്കുന്ന കുട്ടവഞ്ചിയില്ലേ, അതു തന്നെ സാധനം. ചൂരൽകൊണ്ട് വരിഞ്ഞ് അടിയിൽ പ്ലാസ്റ്റിക് ഷിറ്റ് വിരിച്ച് ടാർ കൊണ്ട് സീൽ ചെയ്ത് ഭദ്രമാക്കിയ കുട്ടവഞ്ചിയിൽ ഏഴെട്ടുപേർ വരെ കയറും. പക്ഷേ സുരക്ഷ കണക്കിലെടുത്താണ് തുഴച്ചിൽക്കാരനടക്കം അഞ്ചു പേരായി നിജപ്പെടുത്തിയിരിക്കുന്നത്.

ഹൊഗെനക്കലിൽ മാത്രം ഏതാണ് 450 ഓളം കുട്ടവഞ്ചികളും അത്രതന്നെ തുഴച്ചിൽക്കാരുമുണ്ട്. തുഴച്ചിൽക്കാർക്ക് നീല യൂണിഫോം നൽകിയിരിക്കുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചു വന്നാൽ കടവിൽ ചേർത്തു നിർത്തുന്ന കുട്ടവഞ്ചിയിൽ കയറാം. കയറും മുമ്പ് തുഴച്ചിൽക്കാരന്റെ മുഖം നന്നായി മനസ്സിലോർത്തു വയ്ക്കുക. കാരണം ഇടയ്ക്ക് ഒരിടത്ത് ഇറങ്ങിക്കയറണം. അപ്പോൾപ്പിന്നെ കൊണ്ടുവന്നയാളെ തിരഞ്ഞ് ബുദ്ധിമുട്ടേണ്ടി വരില്ല. വഞ്ചിയുടെ മുന്നിലുറപ്പിച്ച മുളങ്കഷ്ണത്തിലിരുന്നാണ് തുഴച്ചിൽക്കാരൻ ചെറിയൊരു തുഴകൊണ്ട് വഞ്ചി നിയന്ത്രിക്കുന്നത്. നിയന്ത്രണമെന്നു പറഞ്ഞാൽ അസാധ്യ നിയന്ത്രണം. അത് യാത്ര മുന്നേറുമ്പോൾ മനസ്സിലായിക്കൊള്ളും.

കാവേരി നദിയേ...

തിരത്തോടു ചേർന്ന് പാറക്കെട്ടുകൾക്കിടയിലൂടെയൊഴുകുന്ന നദിയിൽ നിന്ന് മറുകരയെത്തിച്ചാൽ അവിടെ നമ്മൾ ഇറങ്ങണം. നോക്കെത്താ ദൂരത്തോളം പാറക്കെട്ടുകളാണ് ഇവിടെ. അടർന്നു വീഴുമോ എന്നു തോന്നത്തക്കവിധം അടുക്കടുക്കായി ഇരിക്കുന്ന പാറക്കെട്ടുകൾ. നൂറ്റാണ്ടുകൾക്കു മുമ്പ് ആരോ കൃത്യമായി പെറുക്കിയെടുത്ത് അടുക്കിക്കൂട്ടിയതോ എന്നു തോന്നിപ്പോകും. 50 ശതമാനത്തിൽ അധികം കാർബൊണേറ്റ് മിനറൽസ് അടങ്ങിയ  ഇത്തരം പാറക്കെട്ടുകൾ സൗത്ത് ഏഷ്യയിൽ ഏറ്റവും പഴക്കമേറിയവയാണത്രെ. കർണാടകയിൽ നിന്നുദ്ഭവിക്കുന്ന കാവേരി നദി തമിഴ്നാട്ടിലേക്കു കടക്കുന്ന സ്ഥലമാണിവിടം. കാവേരിയുടെ മോഹിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഇവിടെ നമുക്കു കാണാം. 

കുട്ടവഞ്ചിയിൽ നിന്നിറങ്ങി പാറക്കെട്ടുകൾക്കിടയിലെ കോൺക്രീറ്റ് നടപ്പാതയിലുടെ നടക്കാം. പാതയ്ക്കിരുവശത്തും ഉപ്പിലിട്ടതും വിവിധ പഴവർഗങ്ങളുമൊക്കെ കഴിക്കാൻ കിട്ടും. മീൻ പൊരിച്ചു വിൽക്കുന്ന ചിലർ ഇവിടെയുമുണ്ട്. പിന്നീട് കുത്തനെയുള്ള പടവുകളിറങ്ങി ഇടുങ്ങിയ ഒരു താഴ്ചയിലേക്ക്. നാം എത്തുമ്പോഴേക്ക് നമ്മുടെ കുട്ടവഞ്ചിയും തലയിലേറ്റി തുഴച്ചിൽക്കാരനുമവിടെയെത്തും. വീണ്ടും കുട്ടവഞ്ചിയിൽ കയറാം. 

ഇനിയാണ് ഹരം പിടിപ്പിക്കുന്ന യാത്ര. വലിയൊരു പാറക്വാറിയുടെ നടുക്ക് അകപ്പെട്ടവരെപ്പോലെ തോന്നിക്കും യാത്ര തുടങ്ങുമ്പോൾ. പിന്നീട് വെള്ളച്ചാട്ടങ്ങൾ ദൃശ്യമായിത്തുടങ്ങുമ്പോൾ യാത്ര ഹരം പിടിപ്പിക്കുന്നതാകും. വെള്ളച്ചാട്ടത്തിനടുത്തേക്ക് കൊണ്ടു പോകുമോ എന്ന് തുഴച്ചിൽക്കാരനോട് ചോദിക്കേണ്ടതില്ല. അയാൾ നമ്മെക്കാൾ ഉത്സാഹത്തിലായിരിക്കും. വെള്ളച്ചാട്ടത്തിനു കീഴേക്കൂടി വിദഗ്ധമായി തുഴച്ചിൽക്കാരൻ വഞ്ചി കൊണ്ടു പോകും. ഒന്നു കറക്കി വഞ്ചിയിലിക്കുന്ന എല്ലാവരെയും വെള്ളച്ചാട്ടത്തിൽ നനച്ചെടുക്കും. വഞ്ചിക്കുള്ളിൽ വെള്ളം കയറാതെയാകും ഈ കറക്കിയെടുക്കൽ.

നല്ലപോലെ നനയും. ഇനി നനയാതെ മസിൽ പിടിച്ചിരിക്കുന്നവരെ പിന്നാലെയെത്തുന്ന കുട്ടവഞ്ചിയിലെ തുഴച്ചിൽക്കാരനോ യാത്രക്കാരോ വെള്ളം തേകി നനയിച്ചു കൊള്ളും. ഇഷ്ടം പോലെ ചിത്രങ്ങളെടുക്കാം. ഇങ്ങനെ വേറേയും ചില വെള്ളച്ചാട്ടങ്ങളുണ്ട്. ഇവയൊക്കെ കണ്ട് യാത്ര മുന്നേറുന്നതിനിടയിലാണ് തുഴച്ചിൽക്കാരൻ തരുന്ന സർപ്രൈസ്. വെള്ളച്ചാട്ടത്തിനു നടുവിലിട്ട് കുട്ടവഞ്ചി പമ്പരം പോലെയൊരു കറക്കലാണ്... ചുറ്റിനും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും മാറിമാറി പ്രത്യക്ഷമാകും. അലറി വിളിക്കാം.  അകമ്പടിയായി മറ്റു കുട്ടവഞ്ചിയാത്രക്കാരുമുണ്ടാകും. വിഡിയോ ക്യാമറ ഓൺ ചെയ്തു വച്ച് ആ കറക്കം പകർത്താം. മതിയേ എന്നു പറയും വരെ തുഴച്ചിൽക്കാരൻ കറക്കും. പിന്നെ വീണ്ടും തുഴഞ്ഞ് വഞ്ചി കർണാടകയുടെ ഭാഗത്തേക്ക്.

ഇവിടെ ഒരു മൺതിട്ടയോട് ചേർത്ത് വഞ്ചി നിർത്തും. ലൈഫ് ജാക്കറ്റും ചെരുപ്പും കുട്ട വഞ്ചിയിൽ ഊരി വച്ച് മൺതിട്ടയ്ക്കു മറുപുറത്തുള്ള പുഴയിലേക്ക് ഓടിയിറങ്ങാം. അങ്ങേയറ്റം സുരക്ഷിതമായി പുഴയിൽ കുളിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വേനൽക്കാലത്ത് ആഴവും കുറവാണ്. മൺതിട്ടയ്ക്കു മുകളിലൂടെ ഒഴുകി പാറക്കെട്ടുകൾക്കിടയിലെ ആഴമേറി

hogenakkal-02
പടവിറങ്ങി കുട്ടവഞ്ചിയേറാൻ. ഹൊഗനക്കലിൽ നിന്നുള്ള ദൃശ്യം.

യ ഭാഗത്ത് നദി ചേരുന്ന സ്ഥലമാണിവിടം. കുട്ടവഞ്ചി നിർത്തുന്ന ഭാഗത്ത് പുഴയിലിറങ്ങരുത്. അഗാധ ഗർത്തമാണിവിടം. മൺതിട്ടയിലെ വെള്ളത്തിലെ കുളി ആവേശകരമാണ്. കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ നന്നായി ആസ്വദിക്കാം. 

മറുകരയിൽ കർണാടകയാണ്. അവിടെ പുഴയിലേക്കിറങ്ങുന്ന കടവുണ്ട്. ഇവിടെയും കുട്ടവഞ്ചികൾ നിരയായി കമഴ്ത്തി വച്ചിരിക്കുന്നത് കാണാം. 

ബാക്കി കുളി വെള്ളച്ചാട്ടത്തിൽ..

ഇവിടെ കുളിച്ചു മതിയായെങ്കിൽ തിരികെ കുട്ടവഞ്ചിയിൽ കയറാം. വഞ്ചി തീരത്തോട് ചേർത്ത് മെല്ലെ യാത്ര തുടങ്ങിയ ഇടത്തേക്ക്. വഴിയിൽ പാറക്കെട്ടുകൾക്കിടയിൽ നിന്ന് പൊരിച്ചമീൻ വിൽപനക്കാരായ സ്ത്രീകളുടെ വിളി. തീരത്തോട് ചേർത്തു നിർത്തി മീൻ വാങ്ങാം. സാമാന്യം വലിയൊരു കഷ്ണം പൊരിച്ച മീൻ 25 രൂപയ്ക്കു കിട്ടും. ന്യൂസ് പേപ്പറിൽ പൊതിഞ്ഞാണ് തരുന്നതെന്നു മാത്രം. പൊരിച്ചമീനിന്റെ മണത്തിലൂടെ രൂചിയെപ്പറ്റി ഓർക്കുമ്പോൾ മറ്റൊന്നും ചിന്തിക്കില്ല. പടവിറങ്ങി  രണ്ടാമത് കുട്ടവഞ്ചിയിൽ കയറിയ സ്ഥലത്ത് വഞ്ചി അടുപ്പിക്കും. അവിടെയിറങ്ങി മറ്റൊരു ഭാഗത്തേക്ക് കയറിപ്പോകാം. കയറ്റം കയറി പാറക്കെട്ടുകൾക്കു മുകളിലെത്തുമ്പോൾ അതാ അവിടെ ഉഗ്രനൊരു വെള്ളച്ചാട്ടം. ഈ ഭാഗവും സുരക്ഷിതമാണ്. പാറക്കെട്ടുകളിൽ വഴുക്കാതെ സൂക്ഷിച്ചിറങ്ങിച്ചെന്ന് വെള്ളച്ചാട്ടത്തിനു താഴെ നിന്ന് കുളിക്കാം. പക്ഷേ മറ്റൊരു പ്രശ്നമാണ് ഇവിടെ കാത്തിരിക്കുന്നത്. വെള്ളത്തിൽ കാൽ കുത്തുമ്പോൾ തന്നെ നിങ്ങളുടെ കാലിൽ എന്തോ വന്നു കൊത്തും. പിന്നെ തുടർച്ചായ കൊത്തലുകൾ. ആദ്യമൊന്നു ഭയന്നു പോകും.

പക്ഷേ കാര്യമറിയുമ്പോൾ ഭയം ചിരിക്കു വഴിമാറും. മീനുകളാണ്. വിരൽ വണ്ണത്തിലുള്ള മീനുകൾ. അവ കൂട്ടമായി വന്ന് നിങ്ങളുടെ കാലുകൾ കൊത്തി വലിക്കും. അവഗണിക്കുകയാണെങ്കിൽ വെള്ളച്ചാട്ടത്തിൽ നല്ലൊരു കുളി കുളിക്കാം. അല്ലെങ്കിൽ കാലിളക്കി ചാടിച്ചാടി നിന്നു വേണം കുളി. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ ഓയിൽ മസാജിങ് നടത്തുന്നവരുമുണ്ട്. കുളി കഴിഞ്ഞാൽ മുകളിലേക്ക് കയറി വന്ന വഴിയിലൂടെ മടങ്ങാം. കുട്ടവഞ്ചിയിൽ ആദ്യം കയറിയ സ്ഥലത്തിന്റെ മറുകരയിലെത്തും. ഇവിടെ നിന്ന് അക്കരെക്കു പോകുന്ന ഏതെങ്കിലും കുട്ടവഞ്ചിയിൽ കയറി മറുകരയണയാം. ലൈഫ് ജാക്കറ്റുകൾ കൗണ്ടറിൽ ഏൽപിച്ച് കടവിൽ നിന്നു റോഡിലേക്ക് കയറാം. 

പൊരിച്ച മീനിന്റെ മണം...

കിലുക്കം സിനിമയിൽ രേവതി പറയുന്ന ഡയലോഗ് ഒന്നു മാറ്റി ‘‘പൊരിച്ച മീനിന്റെ മണം....’’ എന്ന് ആരും പറഞ്ഞു പോകും ഈ വഴി നടക്കുമ്പോൾ. റോഡരികിലെല്ലാം പൊരിച്ചമീൻ വിൽപന സ്റ്റാളുകൾ. വലതു ഭാഗത്ത് ഒരു ഏരിയ തന്നെ മീൻ പൊരിച്ചു വിൽപന നടത്തുന്നവർക്കായി മാറ്റി വച്ചിരിക്കുന്നു. മസാല പുരട്ടി വച്ചിരിക്കുന്ന മീനുകളും വാങ്ങാൻ കിട്ടും. വില പറഞ്ഞുറപ്പിച്ച് ഇഷ്ടപ്പെട്ട മീനുകൾ വാങ്ങാം. കട്‌ല, രോഹു, വാള തുടങ്ങിയ മീനുകളും പേരറിയാത്ത ഒട്ടേറെ മീനുകളും പൊരിക്കാൻ പാകത്തിന് തയാറായിരിക്കുന്നു. മീൻ വാങ്ങിക്കഴിഞ്ഞാൽ അതുമായി പൊരിച്ചു കൊടുക്കുന്നവരുടെ അരികിലെത്താം. നിമിഷങ്ങൾക്കുള്ളിൽ അവർ കൊതിയൂറുന്ന പൊരിച്ചമീൻ തയാറാക്കിത്തരും. അവിടെയിരുന്നു തന്നെ കഴിക്കാം. ചൂടോടെയുള്ള ഈ മീൻതീറ്റി ഹൊഗെനക്കൽ യാത്രയിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ്. യാത്രകഴിഞ്ഞാലും പിന്നെയും ഹൊഗെനക്കലിലേക്കു പോകാൻ നിങ്ങളെ പ്രേരിപ്പിക്കും ഈ മീൻരുചി.

തിരികെ മുറിയിലെത്തി നനഞ്ഞ വസ്ത്രങ്ങൾ മാറ്റി മടക്കയാത്രയെക്കുറിച്ച് ആലോചിച്ചു തുടങ്ങാം. 

നമ്മുടെ തൊട്ടടുത്തുള്ള കുറ്റാലം പോലെയൊരു ചെറുപട്ടണമാണ് ഹൊഗെനക്കൽ. ചെലവു കുറഞ്ഞ താമസ സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ലഭ്യമാണ്. ചില ഓൺലൈൻ സൈറ്റുകൾ വഴിയും മുറികൾ ബുക്ക് ചെയ്യാം. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള താമസ സൗകര്യങ്ങളും ലഭ്യമാണ്. തിരക്കില്ലാത്ത സമയമാണെങ്കിൽ നേരിട്ടെത്തിയാലും ചെറിയ ലോഡ്ജുകളിൽ റൂം കിട്ടും. പക്ഷേ ഒരു ദിവസത്തെ കാഴ്ചയ്ക്കുള്ളതേ ഹൊഗെനക്കലിൽ ഉള്ളൂ. അത്തരത്തിൽ യാത്ര പ്ലാൻ ചെയ്താൽ പോക്കറ്റ് കനത്തിൽ തന്നെയിരിക്കും. 

യാത്രാമൊഴി: കുട്ടവഞ്ചിയിൽ ആസ്വാദ്യകരമായ യാത്ര തരപ്പെടുത്തിത്തന്ന ബോട്ട്മാൻ രാമകൃഷ്ണൻ, യാത്രപറയുമ്പോൾ തന്റെ വിസിറ്റിങ് കാർഡ് എടുത്തു നീട്ടി. നോക്കുമ്പോഴുണ്ട് പേരിനും ഫോൺ നമ്പരിനുമൊപ്പം നമ്മുടെ ലാലേട്ടനെയും കെട്ടിപ്പിടിച്ചു കക്ഷി നിൽക്കുന്ന ചിത്രം. സംശയത്തോടെ നിൽക്കുമ്പോൾ അഭിമാനത്തോടെ രാമകൃഷ്ണൻ പറഞ്ഞു: നാൻ വന്ത് നരൻ പടത്തിൽ ലാൽ സാറിനു വേണ്ടി ഡ്യൂപ്പായി നടിച്ചിറുക്കേ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com