sections
MORE

വേരു പിടിക്കാത്ത കശ്മീർ മരങ്ങള്‍; ഷീബ ഇ.കെയുടെ യാത്രക്കുറിപ്പ്

EK Sheeba Kashmir Travelogue
SHARE

ലോക്സഭ ഇലക്‌ഷനും പുല്‍വാമ സ്‌ഫോടനവും അവിചാരിതമായി വന്ന കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുമായി തികച്ചും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു കശ്മീരിലേക്കുള്ള യാത്ര.

ശ്രീനഗറില്‍ ഇറങ്ങുമ്പോള്‍ വെയിലിന് നല്ല ചൂടുണ്ടായിരുന്നു. തലസ്ഥാന നഗരത്തിന്റെ  ആര്‍ഭാടങ്ങളില്ലാതെ ലളിതസുന്ദരമായ നിരത്തുകള്‍ ശാന്തമാണ്... എങ്കിലും ഓരോ പത്തുമിനുട്ടിലും തോക്കും ചൂണ്ടിപ്പിടിച്ച് നില്‍ക്കുന്ന സൈനിക/അർധ സൈനിക/പൊലീസ് വിഭാഗങ്ങളുടെ അതിപ്രസരവും ചുരുളായിക്കിടക്കുന്ന വൈദ്യുതവേലികളും കണ്ടപ്പോള്‍ അലോസരം തോന്നാതിരുന്നില്ല. താമസസ്ഥലത്തേക്കുള്ള  മുക്കാല്‍ മണിക്കൂര്‍ യാത്ര തീര്‍ന്നപ്പോള്‍ത്തന്നെ  തോക്കുധാരികള്‍ ഒരു സാധാരണ കാഴ്ചയായി മാറുകയും ചെയ്തു. ഡല്‍ഹിയിലുള്ള ഈസി വേ എന്ന കമ്പനിയാണ് ശ്രീനഗറില്‍ താമസ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നത്.

ദാല്‍ തടാകത്തിന് അഭിമുഖമായിരുന്നു ഹോട്ടല്‍ ഷാ അബ്ബാസ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു പണിയാന്‍ നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിലനിര്‍ത്തിപ്പോകുന്ന ശ്രീനഗറിലെ ഹോട്ടലുകളിലൊന്ന്. ആതിഥ്യമര്യാദ ആവോളമുള്ള ജീവനക്കാര്‍. കശ്മീരില്‍ പ്രീ–പെയ്ഡ് സിം കാര്‍ഡുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല എന്നറിയാമായിരുന്നു. മൊബൈലും ഇന്റര്‍നെറ്റുമില്ലാത്ത കുറച്ചു ദിവസങ്ങള്‍. അത്യാവശ്യത്തിനു വിളിക്കാന്‍ പബ്ലിക് ഫോണ്‍ സൗകര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ സ്വന്തം മൊബൈല്‍ തന്ന് പൈസയൊന്നും വേണ്ട എപ്പോള്‍ വേണമെങ്കിലും ഇഷ്ടമുള്ളത്ര വിളിച്ചോളൂ ദൈവം അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ ഹോട്ടല്‍ ജീവനക്കാരന്‍. കശ്മീരിനെക്കുറിച്ചുള്ള സങ്കൽപങ്ങള്‍ മാറിമറിയുകയായിരുന്നു.

1dal-lake-2

ജനാല തുറന്നപ്പോള്‍ പൊന്‍വെയിലില്‍ കുളിച്ചു നില്‍ക്കുന്ന ദാല്‍ തടാകം. കശ്മീരിന്റെ കിരീടത്തിലെ രത്‌നമാണ് ദാല്‍. ഹൗസ് ബോട്ടുകളും ഷിക്കാരകളും സന്ദര്‍ശകരെ കാത്തുകിടക്കുന്നു. വൈകുന്നേരം സ്വര്‍ണ്ണം പൂശിയ  തടാകത്തിലൂടെ ഷിക്കാരയില്‍ കറങ്ങുമ്പോള്‍ കച്ചവടാവശ്യാർഥം കേരളത്തില്‍ വന്നിട്ടുണ്ടെന്ന് ഷിക്കാരക്കാരന്‍ പറഞ്ഞു. പൂക്കളും പഴങ്ങളും വാള്‍നട്ടും ആഭരണങ്ങളും കുങ്കുമപ്പൂവും വിൽപന ഈ ചെറു വള്ളങ്ങളില്‍ത്തന്നെയാണ്. പരമ്പരാഗത കശ്മീരി വസ്ത്രം ധരിപ്പിച്ച് ഷിക്കാരയിലിരുന്ന് ഫോട്ടോയെടുപ്പിക്കുന്നവരുമുണ്ട്. ഹൗസ് ബോട്ടുകളിലും കച്ചവടം പൊടിപൊടിക്കുന്നു. ഷാളുകള്‍, തണുപ്പു വസ്ത്രങ്ങള്‍, ഉണക്കിയ പഴങ്ങള്‍, നട്ട്‌സ്, ചിക്കന്‍ ടിക്ക അങ്ങിനെ.. 

ഡ്രൈ ഫ്രൂട്ട്‌സിനും നട്ട്‌സിനും കുങ്കുമപ്പൂവിനും പഷ്മീന ഷാളിനും ശിലാജിത്തിനും ഖ്യാതി കേട്ട ഇടമാണ്  കശ്മീര്‍. പുല്‍വാമ സംഭവത്തിനു ശേഷം ടൂറിസ്റ്റുകള്‍ വന്നു തുടങ്ങുന്നതേയുള്ളു എന്നു ഷിക്കാരക്കാരന്‍ പറഞ്ഞു. നോട്ട് നിരോധനം സാരമായി ബാധിച്ചുവെന്നും അതിന്റെ കെടുതികളില്‍ നിന്ന് നിവരാനായിട്ടില്ലെന്നും  അയാള്‍ കൂട്ടിച്ചേര്‍ത്തു. നല്ല പഴങ്ങളും നട്ട്‌സും കിട്ടുന്ന അംഗീകൃതസ്ഥാപനത്തില്‍  അയാള്‍ തോണിയടുപ്പിച്ചു. രുചി നോക്കാന്‍ കൈ നിറയെ പഴങ്ങളും നട്ട്‌സും തരുന്ന കച്ചവടക്കാരന്‍. ഗുണമേന്മയുള്ള സാധനങ്ങളായിരുന്നു എല്ലാം. ന്യായമായ വിലയും. തിരിച്ചെത്തുമ്പോള്‍ രാത്രിയായിരുന്നു. തടാകം വെളിച്ചത്തില്‍ മുങ്ങിക്കിടന്നു. പ്രാർഥനാ നിര്‍ഭരമായ അന്തരീക്ഷമാണ് ശ്രീനഗറിന്. ഉറുദുവിലും അറബിയിലും മനോഹരമായ പ്രാർഥനകള്‍ പ്രഭാതങ്ങളെയും സന്ധ്യകളെയും ഉണര്‍ത്തുന്നു.

∙ സോനാമാര്‍ഗിലെ സുല്‍ത്താന്‍

രാവിലെ എന്‍എച്ച് 1ലൂടെ സോനമാര്‍ഗിലേക്ക്. ഷട്ട് ഡൗണ്‍ ഉള്ളതിനാല്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ റോഡ് അടച്ച് യാത്ര മുടങ്ങിയേക്കാം. വീതി കുറഞ്ഞ റോഡുകളില്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ പലയിടത്തുമുണ്ട്. മലമ്പ്രദേശമായതിനാല്‍ സർവീസ് നടത്തുന്ന ബസുകളെല്ലാം ചെറിയതാണ്. ആഡംബരക്കാറുകളോ വ്യാപാരസമുച്ചയങ്ങളോ മാളുകളോ  കാണാനായില്ല. ആശുപത്രികളും കുറവ്. സോനമാര്‍ഗിലേക്ക് ശ്രീനഗറില്‍ നിന്ന് ഗണ്ഡേര്‍ബാല്‍ വഴി 80 കി.മീ ദൂരമുണ്ട്. അഴകിന്റെ ഉത്സവങ്ങളാണെങ്ങും. ഇലയില്ലാതെ നിവര്‍ന്നു നില്‍ക്കുന്ന  ഭൂര്‍ജ വൃക്ഷങ്ങള്‍, ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കുന്ന വില്ലോ മരങ്ങള്‍. ബാറ്റ് നിർമാണക്കമ്പനികള്‍ റോഡരികില്‍ത്തന്നെയുണ്ട്. അട്ടിയട്ടിയായി ക്രിക്കറ്റ് ബാറ്റുകള്‍  അടുക്കി വച്ചിരിക്കുന്നു. മരം മുറിക്കല്‍ വല്ലാതെ നടക്കുന്നുണ്ടെന്നു വ്യക്തം. എങ്കിലും ധാരാളം വനപ്രദേശങ്ങളുണ്ട്. കാട്ടിലൊരിടത്ത് മരക്കൂട്ടങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബോര്‍ഡില്‍ എഴുതിയ വരികള്‍ മനസ്സിലുടക്കിക്കിടന്നു.

‘ഒരു വിത്ത് മുളയ്ക്കുന്നത് നിശബ്ദമായാണ്. പക്ഷേ ഒരു മരം വീഴുന്നത് വലിയ ശബ്ദത്തോടെയാണെന്നു മറക്കാതിരിക്കുക...’

2hasrat-bal-masjid

റോഡരികില്‍ ആപ്പിളും ചെസ്റ്റ് നട്ടും പിസ്തയും ചെറിബ്ലോസവും ചിനാറും പൂത്തുലഞ്ഞു കിടക്കുന്നു. വെളുപ്പും പിങ്കുമായ പൂക്കളുടെ ഉത്സവം. ഓഗസ്റ്റ്–സെപ്റ്റംബർ ആണ് വിളവെടുപ്പുകാലം. ഏറ്റവും ഗുണമേന്മയുള്ള അക്രൂട്ട് (വാള്‍നട്ട് ) ആണ് കശ്മീരിലേത്. വാള്‍നട്ടും കുങ്കുമപ്പൂവും വില്‍ക്കുന്നവരെ എല്ലായിടത്തും കാണാം. സോനാമാര്‍ഗിലേക്ക് തിരിയുന്നിടത്ത് ചൂടുള്ളൊരു ചായക്ക് കാത്തിരിക്കുമ്പോഴാണ് സുല്‍ത്താന്‍ എന്ന വൃദ്ധനെ കണ്ടത്. എഴുപതിനു മേല്‍ പ്രായം വരും. വളരെച്ചെറിയൊരു കട നടത്തുന്നു. കടയുടെ മുൻപിലുള്ള അഴുക്കും കരിയും പുരണ്ട  മഞ്ഞു കൂമ്പാരത്തിലേക്ക് അദ്ഭുതത്തോടെ നോക്കുന്നതു കണ്ടാവാം, വൃദ്ധന്‍ പതിയെപ്പറഞ്ഞു.

‘ബര്‍ഫി... കടയുടെ ഉമ്മറപ്പടി വരെ മഞ്ഞായിരുന്നു. കുറച്ചു ദിവസങ്ങളായിട്ടുള്ളൂ ഉരുകിയിട്ട്.’

നാമമാത്രമായ സാധനങ്ങള്‍ മാത്രമുള്ള ഒരു  കൊച്ചുകട. ഇത്തവണ സഞ്ചാരികള്‍ കുറവാണ് എന്നു  പറഞ്ഞു. പേരില്‍ മാത്രം സുല്‍ത്താനായ ആ വൃദ്ധന്റെ കടയില്‍ നിന്നു കുറച്ചു ച്യൂയിങ് ഗം അല്ലാതെ മറ്റൊന്നും വാങ്ങാനില്ലായിരുന്നു. ഗം ചവയ്ക്കുന്ന ശീലമില്ലാഞ്ഞിട്ടും വാങ്ങാതെ പോരാന്‍ മനസ്സനുവദിച്ചതുമില്ല. ഏറെ തളര്‍ന്ന, പരീക്ഷീണിതമായ കണ്ണുകളിലെ  നിസ്സഹായത വാർധക്യത്തിന്റേതു മാത്രമല്ല എന്നു തിരിച്ചറിയാനായി.

Kashmir Shop Keeper

സ്‌നോ പോയിന്റിലേക്ക് ആളുകളെ കൊണ്ടുപോകാനായി ചെറുവാഹനങ്ങള്‍ വിലപേശിക്കൊണ്ട് നില്‍ക്കുന്നു. ഒരാള്‍ക്ക് 250 രൂപ മുതല്‍ റേറ്റ് പറയുന്നുണ്ടായിരുന്നു. കുന്നിന്‍ ചെരുവില്‍  വെയിലേറ്റു തിളങ്ങുന്ന മഞ്ഞുപാളികള്‍. നടക്കാന്‍ താല്‍പര്യമില്ലാത്തവരെ വലിച്ചു കൊണ്ടുപോകാന്‍ തയ്യാറായി സ്ലെഡ്ജുകളുമായി ചെറുപ്പക്കാരും വൃദ്ധരുമുണ്ട്. മരം കൊണ്ടുണ്ടാക്കിയ രണ്ടാള്‍ക്കിരിക്കാവുന്ന  ചെറുപലകയാണ് സ്ലെഡ്ജ്. മഞ്ഞിലൂടെ നടന്നുകയറുമ്പോള്‍ സ്ലെഡ്ജ് വലിക്കുന്ന പയ്യന്മാര്‍ വന്ന് കയറാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. കെട്ടിയുറപ്പിച്ച കയറില്‍ ആയാസത്തോടെ വലിച്ചുകയറ്റുന്നത് മനസ്സിനും ശരീരത്തിനും അത്ര സുഖപ്രദമായി തോന്നിയില്ല. കയറ്റം കഴിഞ്ഞ് ആ ചെറുപ്പക്കാര്‍ മഞ്ഞിലേക്ക് കമിഴ്ന്നടിച്ചു വീണു വിശ്രമിക്കുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി. ശ്രമകരമായ പണിയാണല്ലോ എന്നു പറഞ്ഞപ്പോള്‍ അവര്‍ നിസ്സാരമാക്കി .

‘ദൈവം തമ്പുരാന്‍ ഞങ്ങളുടെ തലയില്‍ വരച്ചത് ഇതാണ്. ബുദ്ധിമുട്ടു കണ്ട്  വലിക്കേണ്ട എന്നു പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും? മഞ്ഞുരുകിക്കഴിഞ്ഞാല്‍ ഈ പണി ചെയ്യാനാവില്ല. അതുകൊണ്ട് സന്തോഷത്തോടെ ചെയ്യുന്നു...’

ഇറക്കം പക്ഷേ അതീവ രസകരമായിരുന്നു. മഞ്ഞിന്റെ ധവളിമയില്‍  തട്ടും തടവുമില്ലാതെ അനായാസം, അതിവേഗത്തില്‍ സ്ലെഡ്ജ് താഴേക്ക് പോയി . ആമിര്‍, ഇമ്രാന്‍ എന്നു പേരുള്ള ആ യുവാക്കള്‍ പക്ഷേ ചിരിക്കാന്‍ മറന്നു പോയിരുന്നു. നിരന്തരമായി മഞ്ഞും വെയിലുമേറ്റ് ചുവന്നിരുണ്ടിരുന്നു അവരുടെ മുഖങ്ങള്‍. കശ്മീരില്‍ ഉടനീളമുള്ള യാത്രയില്‍ കണ്ടവരെല്ലാം അവരെപ്പോലെയായിരുന്നു. വിഷാദമഗ്നരായ, ചിരിക്കാന്‍ മറന്നുപോയ മുഖങ്ങള്‍.

Kashmir zero pint bridge

സിന്ധു നദിയുടെ ഓരത്താണ് സോനാമാര്‍ഗ്. ലഡാക്കിലൂടെ ഒഴുകി വരുന്ന സിന്ധുവിന്റെ തണുത്തുമരവിച്ച ഓളങ്ങളില്‍ ഒരു കശ്മീരി പെണ്‍കുട്ടി പാത്രം കഴുകുന്നു. തിരിച്ചു വരുമ്പോഴും അവള്‍  പാത്രങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കുന്നതു കണ്ടു. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ബോംബിട്ട് നശിപ്പിക്കുകയും ഇന്ത്യ  പുനര്‍നിര്‍മ്മിക്കുകയും ചെയ്ത സീറോ പോയിന്റ് പാലത്തിനു മുകളില്‍ സഞ്ചാരികള്‍ ഫോട്ടോയെടുക്കുന്നുണ്ട്. തിരിച്ചു വരുമ്പോള്‍ ചായക്കടയുടെ ഉടമസ്ഥന്റെ വീട്ടില്‍ കയറി. ലജ്ജയോടെ മുഖം കുനിച്ചു സംസാരിക്കുന്ന സുന്ദരികളായ രണ്ട് കൊച്ചു പെണ്‍കുട്ടികള്‍. ഏഴാം ക്ലാസിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. വീടിനകത്ത് വെളിച്ചം കുറവായിരുന്നു. ഫര്‍ണിച്ചറോ ഗൃഹോപകരണങ്ങളോ ഒന്നുമില്ലാതെ മണ്ണ് അടിച്ചുറപ്പിച്ച തറ.

‘ഞങ്ങള്‍ കുറച്ച് കാര്‍പ്പറ്റ് വിൽപനയൊക്കെ നടത്തുന്നുണ്ടിവിടെ...’

കുട്ടികളുടെ അമ്മ പറഞ്ഞു.

‘ദരിദ്രരുടെ വീടുകള്‍ ഇങ്ങനെയൊക്കെയാണ്. കണ്ടോളൂ...’

കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ കൂട്ടിച്ചേര്‍ത്തു. മേളകളും മറ്റും ഉണ്ടാവുമ്പോള്‍ കാര്‍പ്പറ്റും ഷാളുകളുമായി അയാള്‍ കേരളത്തിലേക്ക്  വരാറുണ്ട്. കേരളം എത്ര നല്ല പ്രദേശമാണ്. നല്ല സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ജോലി... അയാള്‍ ആവേശത്തോടെ പറയുന്നുണ്ടായിരുന്നു. അടുക്കളയില്‍ കുറച്ചു പാത്രങ്ങള്‍ വൃത്തിയായി അടുക്കിയിട്ടുണ്ട്. വിശേഷാവസരങ്ങളിലല്ലാതെ അടുക്കളകളില്‍ പാചകവും കുറവാണെന്നു പിന്നീടറിഞ്ഞു.

Roti seller Kashmir

കശ്മീരി റൊട്ടിയാണ് സാധാരണ ഭക്ഷണം. പലതരത്തിലുള്ള  റൊട്ടികള്‍ എല്ലായിടത്തും ധാരാളമായി വിൽപനയ്ക്കു വച്ചിട്ടുണ്ട്. ഖന്തൂര്‍ എന്നറിയപ്പെടുന്ന ബേക്കിങ്  കുടുംബങ്ങള്‍ എല്ലാവര്‍ക്കും വേണ്ട റൊട്ടിയുണ്ടാക്കുന്നു. കാലികളെ മേയ്ക്കലും നെയ്ത്തും കരിയുണ്ടാക്കലും കൃഷിത്തോട്ടങ്ങളിലെ പണിയും ചെയ്യുന്ന സ്ത്രീകള്‍ക്ക് ആയാസം കുറയട്ടെ എന്നതാവാം അടുക്കളജോലിയുടെ ഭാരമൊഴിവാകാന്‍ കാരണം. കരിങ്കല്ലും ഇഷ്ടികയും പടുത്തുണ്ടാക്കിയ വീടിന്റെ മേല്‍ക്കൂരകള്‍ തണുപ്പിനെയും മഞ്ഞുവീഴ്ചയെയും  പ്രതിരോധിക്കാനായി തകര ഷീറ്റുകള്‍ പാകിയിരിക്കുന്നു. തട്ടിന്‍പുറം ഒഴിച്ചിട്ടിരിക്കുകയാണ്. കാലികള്‍ക്കുള്ള പുല്ലും വൈക്കോലും സൂക്ഷിക്കുന്നതിവിടെയാണ്. ചിലയിടത്ത് തൊഴുത്തായും തട്ടിന്‍പുറം ഉപയോഗിക്കുന്നതു കണ്ടു. കെട്ടിടങ്ങള്‍ ഭൂരിഭാഗവും ഇഷ്ടികയോ കല്ലോ പടുത്തുകെട്ടിയവയാണ്. സിമന്റ് പൂശിയിട്ടേയില്ല. ജീർണിച്ചതുപോലെ തോന്നുന്ന  ആ കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട പ്രതാപകാലങ്ങളെ ഓര്‍മ്മിപ്പിച്ചു.

പൊതു ടോയ്‌ലറ്റുകള്‍ കുറവും വൃത്തിഹീനവുമായിരുന്നു. വഴിയരിലെ ഒരു വീട്ടിലെ ടോയ്‌ലറ്റ് സൗകര്യം ഉപയോഗപ്പെടുത്തേണ്ടി വന്നു. വഴിയരികില്‍ നില്‍ക്കുമ്പോള്‍ ആപ്പിള്‍ക്കവിളുകളുള്ള കൊച്ചു കുഞ്ഞുങ്ങള്‍ മുത്തച്ഛന്റെ കയ്യും പിടിച്ചടുത്തുവന്നു. അപരിചിതര്‍ കൊടുക്കുന്ന മിഠായി വാങ്ങരുതെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നവരാണ് നമ്മള്‍.  പക്ഷേ ഇവിടെ സ്‌നേഹപൂര്‍വ്വം ചൂയിങ് ഗം വാങ്ങാന്‍ പേരക്കുട്ടികളോട് നിർദേശിക്കുന്ന മുത്തച്ഛന്‍. കശ്മീരിന്റെ നന്മ നിറഞ്ഞ മുഖങ്ങളിലൊന്ന്. രണ്ടുമൂന്നു വയസ്സേ ഉള്ളൂവെങ്കിലും കുതിരയെ തനിച്ചു നടത്തിക്കൊണ്ടു പോവുകയും പുറത്ത് അള്ളിപ്പിടിച്ചു കയറുകയും ചെയ്യുന്നുണ്ട് കുഞ്ഞ്. അതിജീവനത്തിന്റെ പാഠങ്ങള്‍ ചെറുപ്പം മുതലേ അഭ്യസിക്കുന്ന ഗ്രാമനിവാസികളാണവര്‍.

∙ ദില്ലിയില്‍ വേരു പിടിക്കാത്ത കശ്മീര്‍ മരങ്ങള്‍ 

തിരിച്ചു ഹോട്ടലില്‍ എത്തിയപ്പോള്‍ വെയില്‍ അസ്തമിക്കുന്നതേയുള്ളൂ.തടാകക്കരയിലൂടെ തനിച്ചു നടക്കുമ്പോള്‍ ശ്രീനഗറിനെ ഭയന്നിരുന്ന നാളുകള്‍ ഓര്‍മ്മ വന്നു. ചില ഷിക്കാരകളിൽ കശ്മീരി കഹ്‌വ വില്‍ക്കുന്നുണ്ട്. കുങ്കുമപ്പൂവും ബദാമും ഏലക്കയും ഗ്രീന്‍ ടീയും ചേര്‍ത്ത് പ്രത്യേകതരം സമോവറില്‍ ഉണ്ടാക്കുന്ന ഇളംമഞ്ഞനിറമുള്ള കശ്മീരി കഹ്‌വ പ്രസിദ്ധമാണ്. തണുപ്പില്‍ ഇളം ചൂടുള്ള കഹ്‌വ കഴിച്ചപ്പോള്‍ ഉണര്‍വു തോന്നി. തടാകക്കരയില്‍ ചിനാര്‍മരങ്ങള്‍ സംരക്ഷിച്ചു വളര്‍ത്തുന്നുണ്ട്. മൂന്നു കാലാവസ്ഥകളില്‍ പച്ചയും തവിട്ടും സ്വർണവുമായി ഇലകളുടെ നിറം മാറുന്ന ചിനാര്‍ കശ്മീരിന്റെ അഭിമാന വൃക്ഷമാണ്. ചിനാറിന്റെ ഇലകള്‍ കാമറയില്‍ പകര്‍ത്തുന്നതു കണ്ട് ഷിക്കാര തുഴയുന്ന   ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു.

dal lake and Chinar

‘ഇതാണ് ചിനാര്‍. കശ്മീരിന്റെ സ്വന്തം വൃക്ഷം. നമ്മുടെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ കൊണ്ടുപോയി വളര്‍ത്താന്‍ നോക്കി, പക്ഷേ കരിഞ്ഞുണങ്ങിപ്പോയി. കശ്മീരിന്റെ വൃക്ഷങ്ങള്‍ക്ക് ഡല്‍ഹിയിലെ ചൂട് പിടിക്കില്ല. അതിന് അവിടെ വേരിറങ്ങില്ല’.

ഗുല്‍സാര്‍ എന്നു പരിചയപ്പെടുത്തിയ അയാളുടെ വാക്കുകളില്‍ പരിഹാസവും പുച്ഛവുമുണ്ടായിരുന്നു. കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കു സന്തോഷം. രാഹുല്‍ ഗാന്ധി ജയിക്കില്ലേ എന്നായി. ഇലക്ഷന് എന്താണ് നിങ്ങളുടെ പ്രതീക്ഷ എന്ന ചോദ്യത്തിനു മറുപടി നിരാശയോ അവജ്ഞയോ നിറഞ്ഞ ചിരി തന്നെ. കശ്മീരികള്‍ക്ക് എന്തു തിരഞ്ഞെടുപ്പ്. വാഗ്ദാനങ്ങള്‍ വരും. ഒന്നും പാലിക്കപ്പെടാറില്ല. ഇത്തവണയും കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. ആസാദ് കശ്മീരിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്നു കൂടി ചോദിക്കാതിരിക്കാനായില്ല. എന്തിനാണ് സ്വന്തമായൊരു കശ്മീര്‍? അതവസാനം പാക്കിസ്ഥാനും ബംഗ്ലദേശുമായി മാറും. ഇന്ത്യയുടെ ഭാഗമല്ലേ നമ്മളെല്ലാം. തികഞ്ഞ രാഷ്ടീയ ബോധമുള്ളവരാണ് എല്ലാവരുമെന്നുതോന്നി. ഒരുപക്ഷേ നിരന്തരമായി നടക്കുന്ന അനീതികളും അന്യായങ്ങളും കണ്ട് ജനങ്ങള്‍ ജാഗ്രതയുള്ളവരായി മാറിയതുമാവാം.

പുല്‍വാമ സംഭവത്തിനു ശേഷം സഞ്ചാരികള്‍ വരാന്‍ മടിക്കുന്നു എന്ന് ഗുല്‍സാറും പറയുകയുണ്ടായി. ‘മാധ്യമങ്ങള്‍ പറയുന്നപോലെ പ്രശ്‌നമൊന്നുമില്ല. പുല്‍വാമയും രാഷ്ട്രീയമാണ്. എല്ലാ ദിവസവും യുവാക്കള്‍ അറസ്റ്റിലാവുന്നു. ചിലപ്പോള്‍ കൊല്ലപ്പെടുന്നു. യാഥാർഥ്യം ഇവിടുത്തുകാര്‍ക്കേ അറിയൂ. മാധ്യമങ്ങള്‍ ധാരാളമായി കള്ളക്കഥ പരത്തുന്നുണ്ട്. ഇവിടെ തനിച്ചിങ്ങനെ നടക്കാന്‍ നിങ്ങള്‍ക്ക് ഭയം തോന്നുന്നുണ്ടോ? വരുന്നവരെങ്കിലും തിരിച്ചറിയട്ടെ ഈ നാടിന്റെ അവസ്ഥ’.

പാപ എന്നു പേരുള്ള ക്യാംപിനെക്കുറിച്ചാണ് പെട്ടെന്നോര്‍മ്മ വന്നത്. നിരപരാധികളായ കശ്മീരിയുവാക്കള്‍ എത്രയോ പേരാണ് ആരുമറിയാതെ പാപയില്‍ തടവില്‍ക്കിടക്കുന്നത്. ആണ്‍മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളി നിറഞ്ഞ ഒരു ഡോക്യുമെന്ററിയും ആ ക്യാമ്പിനെക്കുറിച്ചുണ്ട്. ഭരണകൂട ഭീകരതയുടെ ഭയപ്പെടുത്തുന്ന ചില സത്യങ്ങള്‍.

തണുപ്പും ഇരുട്ടും കൂടിവരുന്നതിനാല്‍ ഗുല്‍സാറിനോട് യാത്ര പറഞ്ഞു. കഴിയുമെങ്കില്‍ ഇനിയും കാണാം എന്നു പറഞ്ഞെങ്കിലും പിന്നീട് തടാകക്കരയില്‍ പോയപ്പോഴൊന്നും അയാളെയോ അയാളുടെ ചെറുവള്ളത്തെയോ കാണാനായില്ല. സഞ്ചാരികള്‍ക്കൊപ്പം തടാകത്തിലായിരുന്നിരിക്കണം. കൗതുകമുള്ള പേരുകളാണ് ഷിക്കാരകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും. എച്ച് ബി ലളിത, നീലം, പാരിസ്, പഗുമ, സോളമന്‍ ആന്റ് ഷീബ...ഹൗസ് ബോട്ടുകള്‍ക്കു പിന്നില്‍ കരയില്‍ വീടുകളുണ്ട്. അതിലെ താമസക്കാരായ സത്രീകളും കുട്ടികളും പ്രഭാതങ്ങളില്‍ തനിയെ വള്ളം തുഴഞ്ഞ് വരുന്നത് കാണാം. മിക്കവരും റൊട്ടി വാങ്ങി തിരിച്ചുപോകുന്നതും കാണാറുണ്ട.്   

∙ ഗുല്‍മാര്‍ഗിലെ മഞ്ഞുവണ്ടികള്‍

52 കിലോ മീറ്റര്‍ ദൂരത്തുള്ള ഗുല്‍മാര്‍ഗാണ് അടുത്ത ലക്ഷ്യം. സമുദ്രനിരപ്പില്‍ നിന്ന് 8694 അടി ഉയരത്തിലുള്ള മഞ്ഞുപാടം. ഹിമാലയത്തിന്റെ പിര്‍ പഞ്ചാല്‍ നിരകളിലാണ് ഗുല്‍മാര്‍ഗ്. രാജ്യസുരക്ഷയില്‍ നിർണായകമായ ലൈന്‍ ഒാഫ് കണ്‍ട്രോള്‍ ഇവിടെ നിന്ന് 79 മൈല്‍ ദൂരം മാത്രം. ഷട്ട് ഡൗണ്‍ ഭയന്ന്  വളരെ നേരത്തെയിറങ്ങി. ബാരമുള്ള ജില്ലയിലാണ് പൂക്കളുടെ പാത എന്നറിയപ്പെടുന്ന ഗുല്‍മാര്‍ഗ്. ഗൗരിമാര്‍ഗിനെ മുഗള്‍ രാജാക്കന്‍മാര്‍ പേരുമാറ്റിയതാണ്. പഴയ ഹിന്ദി സിനിമകളില്‍ ധാരാളം കണ്ടു പരിചയിച്ച സ്ഥലം.

EK Sheeba Gulmarg

‘സ്വിറ്റ്‌സര്‍ലന്റിന്റെ പിതാവാണ് ഗുല്‍മാര്‍ഗ്. സ്വിസ്സിനേക്കാള്‍ മനോഹരം’– ഗൈഡ് ആവേശത്തോടെ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്, കാരണം ഇന്നു സൂര്യവെളിച്ചം നിറയെയുണ്ട്. വേനലില്‍ നാല്‍പതിലധികം പൂക്കള്‍കൊണ്ട് സമ്പന്നമാവും ഗുല്‍മാര്‍ഗ്.’

എവിടെയും  സ്വപ്‌നതുല്യമായ കാഴ്ചകളായിരുന്നു. പൈന്‍മരങ്ങളുടെ ചുവടുകളില്‍ മഞ്ഞിന്റെ വെളുത്ത കമ്പളം പടര്‍ന്നു കിടക്കുന്നു. വാഹനമിറങ്ങുന്നിടത്ത് തണുപ്പു വസ്ത്രങ്ങളുടെ വില്‍പന തകൃതിയായി നടക്കുന്നു. ഇവിടെയും ടോയ്‌ലറ്റ് സൗകര്യം വളരെ മോശമായിരുന്നു. വെള്ളമില്ല തകര്‍ന്നു കിടക്കുന്ന ക്ലോസറ്റുകളും. ഉപയോഗിക്കാനാവാത്ത വിധം പരിതാപകരമായിരുന്നു എല്ലാം. എന്നാല്‍ പൈസ വാങ്ങാന്‍ ആളിരിക്കുന്നുമുണ്ട്. പരാതി പറഞ്ഞപ്പോള്‍ അയാള്‍ വെള്ളമില്ലാഞ്ഞിട്ടാണ് എന്നു പറഞ്ഞു. തണുപ്പു വസ്ത്രങ്ങള്‍  വാടകയ്ക്കെടുക്കാന്‍ കിട്ടും. 250 രൂപയാണ് വസ്ത്രത്തിനും ബൂട്ടിനുമടക്കം വാടക. സോന മാര്‍ഗ് പോലെ കയറ്റമല്ല, ഗുല്‍മാര്‍ഗ് അധികവും മഞ്ഞുപാടമാണ്... സ്ലെഡ്ജിങ്ങും സ്‌കീയിങ്ങും നടത്തുന്നവര്‍ ധാരാളം.

Kashmir Snow Gulmarg

ആള്‍ക്കൂട്ട ബഹളമില്ലാത്ത സ്ഥലങ്ങളിലൂടെ കിലോമീറ്ററുകളോളം നടന്നു. എല്ലായിടത്തും മഞ്ഞ് മാത്രം. ശിവക്ഷേത്രത്തിലേക്കുള്ള പടവുകള്‍ ഇടിഞ്ഞുകിടപ്പാണ്. ബം ബം ബോലേ എന്നു ചുവന്ന അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. വിരല്‍ തൊട്ടപ്പോള്‍ മഞ്ഞിന്റെ ഏകാന്തതയില്‍ പൗരാണികമായ ഓട്ടുമണിയുടെ ശബ്ദം പ്രതിധ്വനിച്ചു. 1902ല്‍ ബ്രിട്ടിഷുകാര്‍ പണിത  സെന്റ് മേരീസ് ചര്‍ച്ച് മുകള്‍ഭാഗമൊഴികെ മഞ്ഞില്‍പ്പുതഞ്ഞു കിടപ്പാണ്. ക്രിസ്മസ് കാലത്ത് വിദേശികള്‍ വരുമെന്നും ചര്‍ച്ചിനു മുന്നിലെ ക്രിസ്മസ് മരം അലങ്കരിച്ച് പള്ളിയില്‍ കൂര്‍ബാന കൂടുമെന്നും സ്ലെഡ്ജ് വലിക്കുന്ന ബാരമുള്ളക്കാരന്‍ ബിലാല്‍ അഹമ്മദ് പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ടയാള്‍ക്ക്. ഇത്തവണ പ്രതീക്ഷിച്ചത്ര സഞ്ചാരികളില്ല എന്ന നിരാശ ബിലാലും പങ്കുവെച്ചു.. 

Kashmir Church

ക്രിസ്മസ് കാലത്ത്  മഞ്ഞുമാന്‍ വലിക്കുന്ന സ്ലെഡ്ജില്‍ സാന്റാക്ലോസും വരുന്നുണ്ടാവുമെന്ന് തോന്നാതിരുന്നില്ല ആ അന്തരീക്ഷം കണ്ടപ്പോള്‍. ശീതക്കാറ്റില്ലായിരുന്നു. എങ്കിലും പൊള്ളിക്കുന്ന വെയില്‍. അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ വെയിലിന്റെ തീക്ഷ്ണത കൂടും. സണ്‍ ബേണ്‍ വന്ന് തൊലി വികൃതവുമാവും. സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാതിരുന്നാല്‍ മുഖം പൊള്ളിയടരും. കണ്ണുകളും കൂളിംഗ് ഗ്ലാസ് കൊണ്ട് സംരക്ഷിക്കേണ്ടതുണ്ട്.

kashmir gulmarg

ഇല പൊഴിഞ്ഞ വൃക്ഷങ്ങളും തെന്നുവണ്ടികളും നിറഞ്ഞ ഗുല്‍മാര്‍ഗ് പ്രകൃതി വരച്ചിട്ട ഒരു മനോഹരചിത്രം തന്നെ. നാലഞ്ചു മണിക്കൂര്‍ നടന്നിട്ടും മഞ്ഞില്‍ക്കിടന്നുരുണ്ടിട്ടും മതിവരാത്തപോലെ. പൈന്‍മരങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന പ്രദേശത്ത് ധാരാളം കോട്ടേജുകള്‍ കണ്ടു. ബോബി ഫിലിം ഷൂട്ട് ചെയ്ത കോട്ടേജ് നിലനിര്‍ത്തിയിട്ടുണ്ട്. ഗൊണ്ടോല എന്ന കേബിള്‍കാര്‍ ആണ് ഗുല്‍മാര്‍ഗിന്റെ ആകര്‍ഷണീയത. ഏറെ ഉയരത്തില്‍ മഞ്ഞുപാളികള്‍ക്കു മുകളിലൂടെ പോകുന്ന കേബിള്‍കാര്‍ ലോകത്തിലെ തന്നെ ഉയരം കൂടിയ കേബിള്‍കാര്‍ ആണ്.

തുടരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA