sections
MORE

മഴ കടന്നപ്പുറത്തേക്ക് യാത്ര ചെയ്യാൻ അഞ്ചു സ്ഥലങ്ങൾ

monsoon-travel
SHARE

ഹോ, എന്തൊരു മഴ… ഒന്നു പുറത്തിറങ്ങാൻപോലും പറ്റുന്നില്ലല്ലോ… എന്നിങ്ങനെ  ഏറെകാത്തിരുന്നു പെയ്ത മഴയെപ്പോലും ശപിക്കുന്നവരുണ്ട്. മഴമാസങ്ങൾക്കവസാനം ഇങ്ങനെയുള്ളവരെ കാത്ത് മഴയില്ലാത്ത ചിലയിടങ്ങളുണ്ട്. മേഘത്തെ തടുത്തുനിർത്തി മഴപെയ്യിക്കുമെന്നു നാം പഠിച്ചിട്ടുള്ള സഹ്യനെ ഒന്നു മറികടന്നാൽ നമുക്ക് മഴ താരതമ്യനേ കുറവായ തമിഴ്നാടിന്റെ സുന്ദരഭൂമികതേടാം.  

1) ഹോഗനക്കൽ 

ഒരു നീണ്ട യാത്രയാണുദ്ദേശ്യമെങ്കിൽ ഹോഗനക്കലിലേക്കു വച്ചു പിടിക്കാം. ഇന്ത്യൻ നയാഗ്ര എന്ന പേരുള്ള വെള്ളച്ചാട്ടസമൂഹമാണു ഹോഗനക്കൽ. മോഹൻലാലിന്റെ നരൻ തുടങ്ങി ഏറെ സിനിമകൾ ഹോഗനക്കലിൽ വച്ചു ഷൂട്ട് ചെയ്തിട്ടുണ്ട്. കാവേരിയിൽ ജലം കൂടുമ്പോൾ വെള്ളച്ചാട്ടത്തിന്റെ രൗദ്രത കൂടും. മഴ കഴിയുന്ന മാസാവസാനങ്ങളിലാണ് ഹോഗനക്കൽ സന്ദർശിക്കാനുള്ള നല്ല സമയം. 

hogenekal

തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് ഹോഗനക്കൽ. എറണാകുളത്തുനിന്ന് നാനൂറു കിലോമീറ്റർ ദൂരം. 

റൂട്ട്

എറണാകുളം–പാലക്കാട്–ഇൗറോഡ്–മെട്ടൂർ–ഹോഗനക്കൽ 395 കിലോമീറ്റർ

ഹോഗനക്കൽ -ബെംഗളൂരു 126 കിലോമീറ്റർ

അടുത്തുള്ള ടൗൺ – ധർമപുരി

2) മറയൂരും ചിന്നാറും

മൂന്നാറിന്റെ ഇരട്ടസഹോദരിയാണ് മറയൂർ. പക്ഷേ, മൂന്നാറിൽകിട്ടുന്ന മഴ മറയൂരിലെത്താറില്ല. അതുകൊണ്ടുതന്നെ തിമിർത്തുപെയ്യുന്ന മഴകടന്ന് മലകടന്ന് മറയൂരിലെത്താം. ചന്ദനക്കാടുകളിലൂടെ ഡ്രൈവ് ചെയ്ത്, ചരിത്രാതീത കാലത്തെ മുനിയറകളൊക്കെ കണ്ട് നല്ല തണുപ്പറിഞ്ഞു താമസിക്കാം. കരിമ്പിൻതോട്ടങ്ങളിലൂടെ നടക്കാം.  കാടു കയറണമെങ്കിൽ മറയൂരിൽനിന്ന് ചിന്നാറിലേക്ക് ഡ്രൈവ് ചെയ്യാം. കേരളത്തിന്റെ മഴനിഴൽക്കാട്ടിൽ ഒരു രാത്രി ചെലവിടാം. കാട്ടിൽ ട്രെക്കിങ് സൗകര്യമുണ്ട്. ഉൾക്കാട്ടിലെ മരവീടുകളിൽ താമസിക്കാം. 

monsoon-travel1

റൂട്ട്

എറണാകുളം-കോതമംഗലം-നേര്യമംഗലം-അടിമാലി-മൂന്നാർ-മറയൂർ-ചിന്നാർ 143 കിലോമീറ്റർ

താമസസൗകര്യങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും

http://munnarwildlife.com

3) കർണാടകയുടെ പാരമ്പര്യമറിയാം

ശിൽപങ്ങളാൽ മനോഹരമായ ഏറെ ക്ഷേത്രങ്ങളും സ്മാരകങ്ങളുമുണ്ട്  കർണാടകയിൽ. അതിൽ വിശ്വപ്രസിദ്ധമായ മൂന്നിടങ്ങളിലേക്ക് ഈ മഴക്കാലത്തു പോകാം. നല്ല കാലാവസ്ഥയായിരിക്കുമെന്നത് ശ്രദ്ധേയം. മാനന്തവാടി വഴി പോകുകയാണെങ്കിൽ നാഗർഹോളെ നാഷണൽ പാർക്കിലൂടെ ഒരു വൈൽഡ് ലൈഫ് സഫാരി കൂടിയാകാം. 

ഹംപിയാണതിൽ ആദ്യത്തേത്. ഹംപിയിൽ ഒരു തവണ പോയവർ ചൂടു കാലാവസ്ഥയെ പഴി പറഞ്ഞിട്ടുണ്ടാകും. ഇക്കാലത്ത് അത്ര ചൂടുണ്ടാകില്ല. മാത്രമല്ല, ഇത്തിരി മഴയത്ത് ചരിത്രത്തിനുള്ളിലേക്കു നടന്നു കയറുന്നതു രസകരവുമാണ്. ഹോയ്സാല രാജവംശക്കാരുടെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ബേലൂർ ഹാലേബിഡു എന്നീ സ്ഥലങ്ങളാണു രണ്ടാമത്തെ ഡെസ്റ്റിനേഷൻ. ഹംപിയിലേതു പോലെ ചിതറിക്കിടക്കുന്ന സ്മാരകങ്ങളല്ല ഇവിടെയുള്ളത്, മറിച്ച് കല്ലിൽതീർത്ത അതിമനോഹരമായ രണ്ടു ക്ഷേത്രങ്ങളാണ്. മികച്ച റോഡുകളാണ്. മഴ പെയ്താലും രസകരമായ യാത്രയാകുമിത്. ശ്രാവണബേൽഗോളയും സന്ദർശിക്കാം. 

monsoon-travel3

റൂട്ട്- എറണാകുളം-തൃശ്ശൂർ-കോഴിക്കോട്- താമരശ്ശേരി-മാനന്തവാടി- കാട്ടിക്കുളം-കുട്ട-പെരിയ പട്ടണ- ഗോരൂർ-ഹാസ്സൻ-ബേലൂർ 487 Km

ഹംപി റൂട്ട്

എറണാകുളം-പാലക്കാട്-കൊയമ്പത്തൂർ-അന്നൂർ-പുലിയാംപെട്ടി- ചാമരാജ് നഗർ-തുംകുരു- ചിത്രദുർഗ-ഹംപി 775 km

നിലമ്പൂർ- വഴിക്കടവ്-ഗൂഡല്ലൂർ-ഗുണ്ടൽപേട്ട്-ചാമരാജ് നഗർ വഴിയും പോകാം. 

4 )കൊല്ലിമലയിലേക്ക്

എഴുപതു ഹെയർപിൻവളവുകൾ താണ്ടിയൊരു മലമുകളിലേക്കു ഡ്രൈവ് ചെയ്യണോ… കൊല്ലിമലയിലേക്കൊന്നു പോയിവരാം. മഴയായാലും വെയിലായാലും കൊല്ലിമല സുന്ദരിയാണ്. അപകടകരമായ വളവുകളൊന്നുമല്ല, എങ്കിലും സൂക്ഷിക്കണം ഏറെ. കൊല്ലിമലയ്ക്ക മുകളിലെത്തിയാൽ ആയിരം പടവുകൾ ഇറങ്ങി ആകാശഗംഗ എന്ന വെള്ളച്ചാട്ടം കാണാം. മഴ കഴിഞ്ഞാൽവെള്ളച്ചാട്ടത്തിനു ശക്തി വർധിക്കും. കൂടുതൽ രസകരമാകും.  അവിടെ രണ്ടു നല്ല റിസോർട്ടുകളുണ്ട്. 

റൂട്ട്- എറണാകുളം-തൃശ്ശൂർ-പാലക്കാട്-കൊയമ്പത്തൂർ-നാമക്കൽ-കൊല്ലിമല 346 Km

5) തെങ്കാശി-സുന്ദരപാണ്ഡ്യപുരം

തെൻമലയുടെ കാടറിഞ്ഞ്, മഴ കൊണ്ട് ചുരം കയറി തമിഴ് ഗ്രാമങ്ങളിലേക്ക്. ഇവിടെയും മഴയുണ്ടാകും. പക്ഷേ, കുറവായിരിക്കുമെന്നു മാത്രം. വിശാലമായ പാടങ്ങൾക്കിടയിലൂടെ കിടിലൻ വഴി.  പച്ചപ്പു കൂടിയിട്ടുണ്ടാകും. പക്ഷികളെ നിരീക്ഷിക്കുന്നവർക്കും ബൈക്ക് യാത്രികർക്കും ഈ വഴി നല്ല അനുഭവം നൽകും. വെള്ളമുള്ള കുറ്റാലം വെള്ളച്ചാട്ടം, സുന്ദരപാണ്ഡ്യപുരത്തെ ഗ്രാമം, അന്യൻ ഷൂട്ടിങ് നടന്ന അഗ്രഹാരം എന്നിവയാണു കാഴ്ചകൾ. 

monsoon-travel2

റൂട്ട് 

എറണാകുളം-കോട്ടയം-ചെങ്ങന്നൂർ- അടൂർ-പത്തനാപുരം-തെൻമല-തെങ്കാശി 216 km

താമസം തെങ്കാശിയിൽ ആണു നല്ലത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA