sections
MORE

തെന്നിന്ത്യയിലെ ഏറ്റവും മനോഹരമായ റോഡ് ട്രിപ്പിനായി ഇവിടെയെത്താം

road-trip-Masinagudi-OOty-road
SHARE

തെന്നിന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പിനുള്ള വഴി ചോദിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരാണ് ഗൂഡല്ലൂർ–ഗുണ്ടൽപേട്ട് വഴി. ഏറെ കേട്ടിട്ടുണ്ടാകുമെങ്കിലും ഈ മാസങ്ങളിൽ റോഡുകൾക്ക് ഒരു പ്രത്യേകതയുണ്ട്. മഴകൊണ്ട്തഴച്ചുവളർന്നു മനസ്സുകുളിർപ്പിക്കുന്ന പച്ചപ്പാണ് കറുത്തിരുണ്ട വെളുത്തവരയുള്ള റോഡുകൾക്കിരുവശവും.

road-trip-gudallur

മഴകൊണ്ടും കണ്ടും കാട്ടിലൂടെയും വനഗ്രാമത്തിലൂടെയും കാർഷികപ്രദേശങ്ങളിലൂടെയും ഒരുദിവസത്തെ യാത്രയ്ക്ക് സജസ്റ്റ് ചെയ്യാവുന്ന റൂട്ടാണ് ഗൂഡല്ലൂർ–ഗുണ്ടൽപേട്ട്. കുറച്ചുകൂടികൃത്യമായി പറഞ്ഞാൽ നിലമ്പൂർ–ഗൂഡല്ലൂർ റൂട്ട്. നാടുകാണിച്ചുരത്തിൽ ഇപ്പോൾ റോഡ് വീതികൂട്ടുന്ന പണിനടക്കുകയാണ്. അതുകൊണ്ടു മനോഹാരിതയാസ്വദിക്കാൻ ചിലപ്പോൾ പറ്റിയെന്നു വരില്ല. എങ്കിലും നിലമ്പൂരിന്റെ താഴ്‌വാരങ്ങളിൽ മഴമേഘങ്ങൾ പൊഴിയുന്നതു കാണാൻ ഇടത്തുചേർത്തുവണ്ടിനിർത്തുന്നവർ ഏറെ. മേഘങ്ങൾക്കു താഴെ പച്ചപ്പിന്റെ കയറ്റിറക്കങ്ങൾ കണ്ടങ്ങനെ നിൽക്കുന്നതിന്റെ രസം ഒന്നുവേറെത്തന്നെ. 

road-trip-Gundalpett

നാടുകാണിയെത്തിയാൽ തനിത്തമിഴ്നാടായി. മൂന്നു സംസ്ഥാനങ്ങളെ ഇണക്കുന്ന കണ്ണി. തേയിലത്തോട്ടങ്ങൾ കണ്ട് ഗൂഡല്ലൂർ വരെയുള്ള യാത്രയിൽ ട്രാഫിക് കൂടുതലാണ്. എങ്കിലും ഇടയ്ക്കിടെയുള്ള ചെറുചായക്കടയിൽനിന്നു കട്ടൻചായനുകർന്ന് െചറിയ അരുവികളിൽ കാൽ നനച്ച് മുന്നോട്ടുപോകാം. 

 ഗൂഡല്ലൂരിലെ ടി ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് മൈസൂർ റോഡ് പിടിക്കുക. മുതുമലൈ കടുവാസങ്കേതത്തിന്റെ കവാടം മുതൽ അസ്സൽ റോഡ് ട്രിപ്പ് തുടങ്ങുന്നു. ഒരു കടുവാസങ്കേതത്തിന്റെ ഉള്ളിലൂടെയാണ് റോഡ് എന്നറിയാമല്ലോ? റോഡിലിറങ്ങിയ കടുവകളെ വരെ ഇവിടെവച്ചു കണ്ടിട്ടുണ്ട്. ആനകൾ നിത്യക്കാഴ്ചയാണെങ്കിലും ഒട്ടും മടുക്കുകയില്ല, ആ പച്ചപ്പിനിടയിലൂടെ കറുപ്പുശിൽപ്പങ്ങൾ നിൽക്കുന്ന കാഴ്ച. കാട്ടുപോത്തുകൾ റോഡിന്റെ വളരെ അടുത്തുവരെ വന്നുനിൽക്കും. ഒരു കൂട്ടർ സെൽഫിയെടുക്കുന്നതു കണ്ടു. അത്തരംഅപകടസെൽഫികൾ കാട്ടിൽവച്ചുവേണ്ട എന്ന ബോർഡ് കാണാം. വാഹനത്തിന്റെ വേഗം മണിക്കൂറിൽ മുപ്പതു കിലോമീറ്റർ ആണ്. വേഗം പാലിക്കുക. ശബ്ദമുണ്ടാക്കാതിരിക്കുക. 

road-trip-Bandipura-Road-2

തെപ്പക്കാട് ഫോറസ്റ്റ് ഓഫീസിലെത്തിയാൽ പിന്നെയും രണ്ടു സുന്ദരവഴികൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും. വലത്തോട്ട് ഇരുമ്പുപാലം കയറിയാൽ മസിനഗുഡി–ഊട്ടി റോഡാണ്. പച്ചയുടെ കൂടാരത്തിലൂടെയുള്ള യാത്ര അവിസ്മരണീയം. തുറന്ന കാടും വനഗ്രാമവും എത്ര മുരട്ടുസ്വഭാവക്കാരിലും ഉല്ലാസം നിറയ്ക്കും. മസിനഗുഡി അങ്ങാടിയിൽനിന്ന് ഇടത്തുതിരിഞ്ഞ് മോയാർ ഡാമിനടുക്കലേക്കു ചെല്ലാം. അതിസുന്ദരമായ കാട്ടുവഴിയാണിത്. വൈകിട്ട് ആറുമണി കഴിഞ്ഞാൽ വനംവകുപ്പ് ഗതാഗതം തടയും.വലത്തോട്ടുതിരിഞ്ഞാൽ സിംഗാര ഗ്രാമം. ഇതുവഴിയും വെറുതേ വണ്ടിയോടിക്കുന്നതിന്റെ രസം വണ്ടിയോടിക്കുന്നവർക്കേ മനസ്സിലാകൂ. ആ യാത്രയിൽ മറ്റെന്തു കാര്യവും നിങ്ങൾ മറക്കും തീർച്ച. 

road-trip-Masinagudi-OOty-road

മസിനഗുഡിയിൽനിന്നു തിരികെ മുതുമലയിലെത്തി വലത്തോട്ടു തിരിഞ്ഞാൽ കാട്ടിലൂടെത്തന്നെ പോകാം. നാലുകിലോമീറ്റർ ദൂരം മുതുമലയുടെ കാടുതന്നെ. പിന്നെ കർണാടകയുടെ ബന്ദിപ്പുർ കടുവാസങ്കേതം. കുറച്ചുകൂടി വരണ്ട കാടാണെങ്കിലും കാഴ്ചകൾക്കു സമൃദ്ധി തന്നെയാണ്. മൈസൂരിലേക്കുള്ള റോഡാണിത്. കാടുകഴിഞ്ഞാൽ പിന്നെ വിശാലമായ പാടശേഖരങ്ങളിലൂടെയുള്ള നീണ്ടു നിവർന്ന വഴി. വേഗമെടുക്കാം, എടുക്കാതിരിക്കാം.

മിതവേഗത്തിൽ വണ്ടിയോടിച്ച്, വഴിയോരത്തുള്ള ആൽമരത്തണലുകളാസ്വദിച്ച്, ഭൂമിതൊടാനിറങ്ങുന്ന വേടുകളിൽ ഊഞ്ഞാലാടി, കട്ടപ്പച്ച തണ്ണിമത്തൻ വെട്ടിക്കഴിച്ച് ഗുണ്ടൽപേട്ട് വരെ യാത്ര ചെയ്തുവരൂ...  ഗുണ്ടൽപേട്ട് എത്തുന്നതിനു മുൻപ് ഇടത്തോട്ടു തിരിഞ്ഞാൽ ഗോപാൽസ്വാമി പേട്ടയിലേക്കും പോകാം. ഇടത്തു കാടും വലത്തുകൃഷിയിടങ്ങളും പട്ടുവരിച്ചതുപോലെ ഒഴുക്കൻ റോഡും ആസ്വദിക്കൂ... തിരിച്ചു േകരളത്തിലെത്തുമ്പോൾ അറിയാം ഈ വഴികൾ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന, റോഡ് ട്രിപ്പുകൾ ആസ്വദിക്കുന്നവരുടെ ‘ത്രിവേണിസംഗമ’ മാകുന്നത് എങ്ങനെയാണെന്ന്. 

road-trip-Mudumalai-Road-

താമസത്തിന് മുതുമലയിലെ വനംവകുപ്പിന്റെ കോട്ടേജുകൾ തെരഞ്ഞെടുക്കാം. വലിയൊരു സംഘത്തിനു പറ്റിയ ഡോർമിറ്ററികളുമുണ്ടിവിടെ. mudumalaitigerreserve.com വഴി ബുക്ക് ചെയ്യാം. 

ദൂരം

നാടുകാണി–ഗുണ്ടൽപേട്ട് 87 കിലോമീറ്റർ 

നിലമ്പൂർ–നാടുകാണി 36 കിലോമീറ്റർ 

സുൽത്താൻ ബത്തേരി– ഗൂഡല്ലൂർ 44 കിലോമീറ്റർ 

മുതുമലൈ–ഊട്ടി 29 കിലോമീറ്റർ 

ശ്രദ്ധിക്കാൻ 

വേഗം കുറച്ചു വണ്ടിയോടിക്കുക. കാട്ടിൽ പ്രത്യേകിച്ച്. 

മൃഗങ്ങൾക്കു തീറ്റ കൊടുക്കരുത്. അവയുടെ അടുത്തു വണ്ടി നിർത്തി ശല്യം ചെയ്യരുത്. സെൽഫിയെടുക്കരുത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA