sections
MORE

റോഡ് ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

157428449
SHARE

യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒറ്റയ്ക്കോ കൂട്ടുകൂടിയോ കുടുംബവുമൊത്തോ ചെറുതും വലുതുമായ യാത്രകൾ ചെയ്യുന്നവരാണ് പലരും. ചിലര്‍ വളരെ പ്ലാന്‍ ചെയ്ത് യാത്ര ചെയ്യുമ്പോള്‍ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങിപ്പോകുന്നവരും നമുക്കിടയിലുണ്ട്. യാത്രകള്‍ ആസ്വാദ്യകരമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. റോഡ് യാത്രയ്ക്ക് തയാറെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്ര കൂടുതൽ മനോഹരമാക്കാം. 

സ്ഥലനിര്‍ണ്ണയം

ആദ്യമായി, എവിടെയാണ് പോകേണ്ടതെന്നു തീരുമാനിക്കുക. ഊട്ടിക്കു പോകാം എന്നുപറഞ്ഞ്  ഇറങ്ങി ഉടുമ്പൻചോലയ്ക്കു പോകുന്ന ടീംസുണ്ട്. കാര്യം രസമായിരിക്കുമെങ്കിലും എല്ലാ പ്ലാനും ആദ്യം തന്നെ പൊളിയും. അതുകൊണ്ട് നിങ്ങള്‍ ഒറ്റയ്ക്കായാലും അല്ലെങ്കിലും പോകുന്ന സ്ഥലം ആദ്യമേ തീരുമാനിച്ചു വയ്ക്കുക.

ദൂരം

ചിലരുണ്ട്, വണ്ടിയെടുത്ത് ഇറങ്ങും. പോകേണ്ട സ്ഥലം എത്ര ദൂരെയാണെന്നോ കിലോമീറ്റര്‍ എത്രയുണ്ടെന്നോ ഒരു ഐഡിയയും ഉണ്ടാകില്ല. അവസാനം വഴിയറിയാതെ പെരുവഴിയില്‍ കിടക്കേണ്ട അവസ്ഥയും വരും. യാത്ര തുടങ്ങുന്ന സ്ഥലത്തുനിന്നു പോകേണ്ടയിടത്തേക്ക് ദൂരം എത്രയെന്ന് ഗൂഗിളില്‍ അന്വേഷിക്കുകയോ ഗൂഗിള്‍ മാപ്പ് നോക്കുകയോ ചെയ്യാം. യാത്ര റോഡിലൂടെയായതിനാല്‍ ദൂരം കണക്കാക്കേണ്ടത് വളരെ പ്രധാനമാണ്.

ഒരു സ്ഥലത്തേക്ക് ഒന്നില്‍ കൂടുതല്‍ റോഡുകൾ ഉണ്ടാകാം. കുണ്ടും കുഴിയുമില്ലാത്ത റോഡാകും ഫാമിലിയുമായി പോകുന്ന മിക്കവരും തിരഞ്ഞെടുക്കുക. ആ വഴി ദൂരം കൂടുതലാണെങ്കിലും നിങ്ങള്‍ക്ക് നടുവൊടിയാതെ എത്തിച്ചേരാനാകും. എങ്കിലും എളുപ്പത്തിലും വേഗത്തിലും എത്തിച്ചേരുന്ന വഴി തിരഞ്ഞെടുക്കുന്നതാകും ഉചിതം.

ചെലവ്

എത്ര രൂപ ചെലവാകും എന്ന് ഒരു ഏകദേശ ധാരണയെങ്കിലും വേണം. നമ്മുടെ സാധാരണ ചെലവില്‍നിന്നു മാറിവേണം യാത്രച്ചെലവിനെക്കുറിച്ചു ചിന്തിക്കാന്‍. പ്രത്യേകിച്ച് റോഡിലൂടെയുള്ള യാത്രയാകുമ്പോള്‍. ഇന്ധനം, ഭക്ഷണം എന്നിങ്ങനെ ഓരോന്നും തരംതിരിച്ചു വകമാറ്റണം. സംസ്ഥാനത്തിനു പുറത്തേക്കാണ് യാത്രയെങ്കില്‍ പലയിടത്തും ടോള്‍ കൊടുക്കേണ്ടി വരും. കാര്‍, ബൈക്ക് എന്നിവയിലാണെങ്കില്‍ അത്യാവശ്യം റിപ്പയറിങ്ങിനുള്ളതും കയ്യിലുണ്ടാകണം. എടിഎം കാര്‍ഡാണ് പലരുടെയും ഫിനാന്‍സ് മാനേജര്‍. എങ്കിലും കുറച്ചു പണം കയ്യില്‍ കരുതണം. യാത്ര ഗ്രാമങ്ങളിലൂടെയോ ഹൈറേഞ്ചിലൂടെയോ ഒക്കെയാണെങ്കില്‍ എടിഎം എന്ന ആശാനെ കാണാന്‍ കൂടി കിട്ടില്ല. 

രാത്രിയാത്ര വേണ്ട

രണ്ടു ദിവസത്തില്‍ കൂടുതലുള്ള യാത്രയാണ് പ്ലാനെങ്കില്‍ രാത്രിയാത്ര ഒഴിവാക്കുക. കുടുംബത്തോടൊപ്പമാണെങ്കില്‍ നിര്‍ബന്ധമായും 7 മണിക്കു ശേഷം യാത്ര ചെയ്യാതിരിക്കുക. അതിനു വേണ്ടത്, പുറപ്പെടും മുമ്പ് നിങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലെ നല്ല ഹോട്ടലുകള്‍ ഏതെന്നു നോക്കുകയാണ്. യാത്രയുടെ ഗതിവച്ച് ഒരു ഏകദേശ സമയം കണക്കാക്കുകയും  ആ വഴിയിലുള്ള ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക. നേരത്തേ ബുക്ക് ചെയ്താല്‍ നന്ന്. അതാകുമ്പോള്‍ അല്‍പം വൈകിയാലും നിങ്ങള്‍ക്ക് ധൈര്യമായി ഹോട്ടലില്‍ ചെല്ലാമല്ലോ. കൂട്ടുകാര്‍ക്കൊപ്പമാണ് യാത്രയെങ്കില്‍ മാറി മാറി വാഹനം ഓടിക്കാന്‍ അറിയുന്നവരായിരിക്കണം. ഓടിക്കുന്നതിനിടയില്‍ ഉറക്കം വന്നാല്‍ വാഹനം ഒതുക്കി നിര്‍ത്തി ഉറങ്ങുക. ഒരിക്കലും തുടര്‍ച്ചയായി ഡ്രൈവ് ചെയ്യരുത്.

വാഹനം കണ്ടീഷനാണോ

വാഹനം കണ്ടീഷനാണോ എന്നു നോക്കലാണ് അടുത്ത പടി. പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുക. എയര്‍, റേഡിയേറ്ററിലെ വാട്ടര്‍ ലെവല്‍, ഓയില്‍ എന്നിവ ശരിയായ അളവിലാണോ എന്ന് പരിശോധിക്കുക. ലോങ് ട്രിപ്പിന്, വളരെ പഴയ ടയര്‍ ആണെങ്കില്‍ മാറ്റി പുതിയവ ഇടാന്‍ ശ്രമിക്കാം. വാഹനത്തിന്റെ നിയമപരമായ കാര്യങ്ങള്‍, പുക ടെസ്റ്റ്, ഇന്‍ഷുറന്‍സ് എന്നിവയും ശരിയാക്കിവയ്ക്കുക. 

ചില കരുതലുകൾ

സ്വന്തം വാഹനത്തിലായതിനാല്‍ ചില സാധനങ്ങള്‍ നിങ്ങള്‍ക്ക് കയ്യില്‍ കരുതാം. അതിലൊന്നാണ് വെള്ളം. മിനറല്‍ വാട്ടര്‍ വാങ്ങിക്കുടിച്ച് പ്ലാസ്റ്റിക് കുപ്പി വഴിയില്‍ എറിയുന്നതിനേക്കാള്‍ നല്ലത്, അത്യാവശ്യം വലിയൊരു കാനില്‍ വെള്ളം കൊണ്ടുപോകുന്നതാണ്. ചെറുപലഹാരങ്ങള്‍ വീട്ടില്‍ തയാറാക്കി കയ്യില്‍ കരുതിയാല്‍ പണവും ലാഭിക്കാം നല്ല ഭക്ഷണവും കഴിക്കാം. ട്രെക്കിങ് പോലുള്ള അഡ്വഞ്ചര്‍ പരിപാടികള്‍ യാത്രയില്‍ ഉണ്ടെങ്കില്‍ സ്ലീപ്പിങ് ബാഗ്, സണ്‍ഗ്ലാസ്, തൊപ്പി എന്നിവയും കരുതാം.

സ്ഥലത്തെ അറിയണം

ഗൂഗിള്‍ ഉണ്ടല്ലോ എന്നുകരുതി പോകുന്ന സ്ഥലത്തെക്കുറിച്ച് ഒന്നും അറിയാതിരിക്കരുത്. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ത്തന്നെ പോകുന്ന സ്ഥലത്തെക്കുറിച്ച് അത്യാവശ്യം വേണ്ട അറിവുകള്‍ മനസ്സിലാക്കുക. കാണാനുള്ള കാര്യങ്ങള്‍, ഭക്ഷണം, താമസം, അവിടുത്തെ കാലാവസ്ഥ എന്നിവയെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കുക. സ്ഥലത്തെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ എത്തിക്കഴിയുമ്പോള്‍ എവിടെ പോകണം, എവിടെ തുടങ്ങണം തുടങ്ങിയ സംശയങ്ങളില്ലാതെ യാത്ര മനോഹരമാക്കാം.

ഗൂഗിള്‍ മാപ്പില്‍ ഡെസ്റ്റിനേഷന്‍ ഇട്ട് യാത്ര ചെയ്യുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാല്‍ ചിലയിടങ്ങളില്‍ ഇന്റർനെറ്റ് ലഭിക്കാതെ വരുമ്പോള്‍ വഴിമുട്ടിപ്പോകാതിരിക്കാന്‍, അവിടെ നേരത്തേ പോയവരോടു വഴി ചോദിച്ച് മനസ്സിലാക്കി വയ്ക്കുക. റോഡിലൂടെയായതിനാല്‍ ചിലപ്പോള്‍ വഴി തിരിച്ചുവിടുകയോ വഴി മാറി സഞ്ചരിക്കേണ്ടിവരികയോ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ ഇത് സഹായിക്കും.

ഇങ്ങനെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ച്, പ്ലാനിട്ട് ഒന്നു യാത്ര ചെയ്ത് നോക്കൂ, വ്യത്യാസം കാണാം. നിങ്ങളുടെ യാത്ര കൂടുതല്‍ സുന്ദരമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA