ADVERTISEMENT
pichavaram-mangrov-forest-5

കമലഹാസന്റെ ദശാവതാരം സിനിമയിൽ വിഗ്രഹം കടലിലേക്കു കൊണ്ടുപോകുന്നൊരു നദിയോരമുണ്ട്. ഇരുവശത്തും കടുംപച്ചക്കണ്ടലുകൾ നിറഞ്ഞ ഒരു ഡെൽറ്റ.  ആ സീൻ കണ്ടതുമുതൽ മനസ്സിൽ കണ്ടലുപോലെ പടർന്നുനിന്നിരുന്നു അവിടെയെത്താനുള്ള മോഹം. പിച്ചാവരം എന്ന അതിസുന്ദരമായ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംരക്ഷിത കണ്ടൽക്കാട്ടിലൂടെയാണ് ആ സീനുകൾ ഗ്രാഫിക്സിന്റെ സഹായത്തോടെ ചെയ്തത്. പിന്നീട് എത്രയോ സിനിമകൾ, ദശാവതാരത്തിനു മുൻപും പിൻപും ഈ കണ്ടൽസമൃദ്ധിയെ ഒപ്പിയെടുത്തിട്ടുണ്ട്. പിച്ചാവരത്തിന്റെ കണ്ടലുകൾക്കിടയിലൂടെ ഒരു ബോട്ട് യാത്ര. 

പോണ്ടിച്ചേരിയിൽ പുതുമയുള്ളതെന്താണു കാണാൻ എന്നന്വേഷിക്കുമ്പോഴാണ് അഭ്രപാളികളിൽ ഏറെ കണ്ടിട്ടുള്ളതും നേരിട്ട് അധികമാരും കാണാത്തതുമായ പിച്ചാവരം കൈപൊക്കുന്നത്. ഈയിടെ ഹിറ്റ് ആയ തുപ്പരിവാലൻസിനിമയിൽ ക്ലൈമാക്സ് സീൻ പിച്ചാവരത്തായിരുന്നു. ഇതെല്ലാം പിച്ചാവരത്തേക്ക് കാറിനെ വലിച്ചടുപ്പിക്കാൻ കാരണമായി. 

pichavaram-mangrov-forest-4

ചിദംബരം പട്ടണത്തിൽനിന്ന് അരമണിക്കൂർ യാത്ര മതി പിച്ചാവരത്തെത്താൻ.  പട്ടണത്തിന്റെ ബോറടി മാറാൻ വെറും പതിനഞ്ചുകിലോമീറ്റർ ദൂരം. ചെറുവഴിയാണ്. മീൻപിടിക്കുന്നവരുടെ ഗ്രാമങ്ങളിലൂടെയാണ് ആ ചെറുവഴി ചെല്ലുന്നത്. പിച്ചാവരത്തെത്തുമ്പോൾ ഇടതുവശത്ത് കുടിലുകളും വലതുവശത്ത് ചെറുബോട്ടുകൾ അടുക്കിയിട്ട ചെറുകനാലും കാണാം. പിച്ചാവരത്തിന്റെ കവാടത്തിനപ്പുറം ഒരു വാച്ച്ടവർ. മതിൽകെട്ടിത്തിരിച്ച ഓഫീസ് സമുച്ചയത്തിൽ കാർ പാർക്കിങ് സൗകര്യമുണ്ട്.  ഞങ്ങൾ ചെല്ലുമ്പോൾ അവിടെയൊരു ഷൂട്ടിങ് നടക്കുന്നുണ്ട്. ആളും ആരവവും ഒഴിഞ്ഞ നേരമില്ല. 

pichavaram-mangrov-forest1

സർ, രാവിലെ വന്നാൽ ആദ്യബോട്ടിൽത്തന്നെ നമുക്കു കറങ്ങാമെന്ന് ഒരുദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് തിരിച്ചുപോന്നു. ചിദംബരത്തു താമസിച്ച് രാവിലെ ഏഴുമണിക്ക് വീണ്ടും കണ്ടൽക്കാടുകൾക്കടുത്തെത്തി. ആദ്യംതന്നെ വാച്ച്ടവറിൽ കയറി. അങ്ങുവിശാലമായി കിടക്കുകയാണു പിച്ചാവരം. കൊതിതോന്നും ആ കണ്ടലുകൾ കണ്ടാൽ. ബോട്ടിൽ കയറുമ്പോൾ കൂടെവന്നയാൾ രഹസ്യമായി ഒരു കാര്യം പറഞ്ഞു. സർ, അഞ്ഞൂറു രൂപ കൊടുത്താൽ കണ്ടലിനുളളിലൂടെ നമുക്കു പോകാം. ഉള്ളിലൂടെത്തന്നെ പോകണമെന്നുണ്ട് അതിനു കാശ് കൂടുതൽ കൊടുക്കണോ, പറ്റിക്കലാണോ… അറിയില്ല

pichavaram-mangrov-forest-5

ആദ്യം വിശാലമായ കായൽപ്പരപ്പ്. മുങ്ങിത്തപ്പിനടക്കുന്നവരും വലയെറിയുന്നവരും ഏറെ. കഴുത്തറ്റം വെള്ളമേയുളളൂവെന്ന് കായലിൽ നടക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. വെയിൽ കനത്തുതുടങ്ങിയപ്പോൾ ഡ്രൈവർ ബോട്ടിന്റെ മേൽക്കൂര പൊക്കി. ശേഷം കണ്ടൽക്കാടുകൾക്കരികിലൂടെ. റിസർവ് ഫോറസ്റ്റ്- നോ എൻട്രി ബോർഡ് കണ്ട കണ്ടൽ ഇടനാഴിയിലൂടെ ബോട്ട് ഓടിച്ചുകയറ്റി. അതുവരെവിശാലമായ കായൽച്ചാലിലൂടെയായിരുന്നു യാത്രയെങ്കിൽ വളരെ പെട്ടെന്ന് ഇരുട്ടുവഴിയിലേക്കു കയറി. കണ്ടലുകൾ മേൽക്കൂര തീർക്കുന്ന ചെറിയ ഇടനാഴികൾ. ഒരു ബോട്ടിനുപോകാൻ മാത്രമേ വീതിയുള്ളൂ. ബോട്ടിന്റെ അടിയും വശവും കണ്ടലുകളുടെ വേരുകൾക്കു മേൽ തട്ടുന്നുണ്ട്.  തലതാഴ്ത്തിയില്ലെങ്കിൽ കണ്ടലുകളുടെ ശാഖകൾ കണ്ണിൽത്തട്ടും എന്നതാണ് അവസ്ഥ. 

pichavaram-mangrov-forest-6

കണ്ടൽക്കാടുകളുടെ ഭംഗി ഈ നാടിന്റെ ഇപ്പോഴത്തെ വരുമാനമാർഗമാണ്. അതിനുമുപരിയായി നാടിനെ ഇന്നത്തെപ്പോലെ കാത്തുവച്ചൊരു വൻമതിൽ കൂടിയാണ് ഈ കണ്ടൽക്കാടുകൾ. സുനാമിത്തിരകൾ രാജ്യത്തെ തീരങ്ങളെ നക്കിത്തുടച്ചപ്പോൾ പിച്ചാവരത്തെ ഗ്രാമങ്ങളിൽ കടൽ തൊട്ടതേയില്ല. അതിനു കാരണം  ഈ കണ്ടൽക്കാടുകളാണ്. കടൽത്തിരകളുടെ ശക്തിയെ അരിപ്പയിലെന്നവണ്ണം പലവഴി കടത്തിവിട്ടും കരുത്തുറ്റ വേരുകളാൽ തടഞ്ഞും കണ്ടലുകൾ നേരിട്ടു. ഒരു മണിക്കൂർ യന്ത്ര ബോട്ടിൽ പിച്ചാവരത്തു കറങ്ങാം. ശേഷം തിരികെയെത്തി മീൻവിഭവങ്ങൾ കൂട്ടി ആഹാരം കഴിക്കാം. ചിദംബരത്തിന്റെ നഗരക്കാഴ്ചകൾ കാണാം. 

pichavaram-mangrov-forest-3

പിച്ചാവരത്തെ നിങ്ങളും കണ്ടിട്ടുണ്ടാകും. എങ്ങനെയെന്നല്ലേ, വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ മോഹൻലാൽ സിനിമയായ മാന്ത്രികത്തിൽ അവസാനസീനുകൾ ഈ കണ്ടലുകൾക്കിടയിലാണു ഷൂട്ട് ചെയ്തത്. ഉപ്പുവെള്ളമായതിനാൽ അധികം പക്ഷിജാലങ്ങളെ കാണില്ലെന്നു ബോട്ട് ഡ്രൈവർ. അല്ലെങ്കിലും പക്ഷികളെ കാണാനല്ല ഈ യാത്ര. ശാന്തമായി ഒരു ജലക്കാടിനെ അറിയാനാണ്. കണ്ടൽ പന്തലിലെത്തിയാൽ സാധ്യമെങ്കിൽ ബോട്ട് ഒന്ന് ഓഫ് ചെയ്യാൻ പറയുക. ഇരുട്ടിൽ പ്രേതവിരലുകൾപോലെ താഴ്ന്നിറങ്ങുന്ന കണ്ടൽമരങ്ങളും കുഞ്ഞോളം വെട്ടുന്ന കായലും നിങ്ങളും മാത്രം. ലോകം നമുക്കുചുറ്റിനും ശാന്തതയോടെ നിൽക്കും. ഹോളിവുഡ് സിനിമകൾ കണ്ടാസ്വദിക്കുന്നവർക്ക് ഈ ബോട്ട് യാത്ര പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമയിൽ  കപ്പൽ ഏതോ കടൽഗുഹകളിലേക്കു കയറുന്ന സീനുമായി താരതമ്യം ചെയ്യാം. 

പോണ്ടിച്ചേരിയിൽനിന്ന്  ഒന്നരമണിക്കൂർ ഡ്രൈവ് ചെയ്താൽ ഈ സുന്ദരജലക്കാടിലെത്താം. ബോട്ടിങ് ആസ്വദിക്കാൻവേണ്ടി മാത്രം ഡ്രൈവ് ചെയ്താലും ഇഷ്ടമാകും പിച്ചാവരത്തെ. 

ശ്രദ്ധിക്കുക

രാത്രി കണ്ടൽ ദ്വീപിൽ തങ്ങാം അയ്യായിരം രൂപ മതി എന്ന വാഗ്ദാനവുമായി പലരും അടുത്തുകൂടും. പിച്ചാവരം ഒരു റിസർവ് വനമാണ്. അതിക്രമിച്ചു കടന്നാൽ ശിക്ഷയുണ്ടെന്നോർക്കുക. 

രാവിലെ എട്ടുമണിക്ക് എത്തിയാൽ ബഹളങ്ങളില്ലാതെ ബോട്ടിങ് ആസ്വദിക്കാം. 

റൂട്ട്

എറണാകുളം-പാലക്കാട്- കൊയമ്പത്തൂർ- തിരുച്ചിറപ്പള്ളി-തഞ്ചാവൂർ-കുംഭകോണം-ചിദംബരം-പിച്ചാവരം 570 km

(തഞ്ചാവൂർ ക്ഷേത്രഭംഗി കൂടി ആസ്വദിച്ചു യാത്ര ചെയ്യാനാണീ വഴി)

പോണ്ടിച്ചേരിയിൽനിന്ന്  77 കിലോമീറ്റർ ദൂരംതാമസം-ചിദംബരത്തെ സ്വകാര്യഹോട്ടലുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com