ADVERTISEMENT

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി. സുഹൃത്തുകള്‍ക്കൊപ്പമാണ് യാത്രയെങ്കിൽ ശരിക്കും ആസ്വദിക്കാറുണ്ട് താരം. തന്റെ ഏറ്റവും അടുത്ത സുഹൃത്തും ടെലിവിഷന്‍ താരവുമായ കരണ്‍ വി ഗ്രോവറിന്റെ പിറന്നാള്‍ ആഘോഷം  തകര്‍പ്പന്‍ ട്രക്കിങ് യാത്ര നടത്തി ഗംഭീരമാക്കിയിരിക്കുകയാണ് റായ് അടക്കമുള്ള സുഹൃത് വലയം. തന്റെ യാത്രകളൊക്കെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് റായ് ലക്ഷ്മി. അത്തരത്തിലൊരു യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും അത് ഹിറ്റാവുകയും ചെയ്തിരിക്കുകയാണ്.

raai-laxmi2

ടിക്കോണ കോട്ടയിലേയ്‌ക്കൊരു ട്രക്കിങ്

raai-laxmi

വിദേശത്തടക്കം നിരവധിയിടങ്ങളില്‍ യാത്ര നടത്തിയിട്ടുള്ള റായ് ലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും ഇത്തവണത്തെ യാത്ര പൂനെയ്ക്ക് അടുത്തുള്ള ടിക്കോണ കോട്ടയിലേയ്ക്കായിരുന്നു. വിറ്റാനദ്ഗഡ് കോട്ട എന്നും അറിയപ്പെടുന്ന ടിക്കോണ കോട്ട ലോണാവാലയ്ക്കടുത്തുള്ള മാവല്‍ മേഖലയിലെ ഒരു പ്രധാന കുന്നിന്‍ കോട്ടയാണ്. ടിക്കോണ കോട്ട എന്നതിന്റെ അര്‍ത്ഥം ത്രികോണ കോട്ട എന്നാണ്. മറാത്ത മേഖലയില്‍ നിരവധി രാജവംശങ്ങള്‍ ഭരിച്ചിരുന്നു, അക്കാലത്ത് പണികഴിപ്പിച്ചതാണ് ഈ കോട്ടയെന്ന് ചരിത്രം പറയുന്നു.

raai-laxmi1

കോട്ടയോട് ചേര്‍ന്നുള്ള ചെറിയ ഗ്രാമമായ ടിക്കോണ പെത്തില്‍ നിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. സാഹസിക വിനോദ സഞ്ചാരികളുടെ മികച്ച ട്രെക്കിങ് കേന്ദ്രമാണ് ടിക്കോണ കോട്ട. കോട്ടയിലേക്കുള്ള പ്രവേശനം തന്നെ ആകര്‍ഷകമാണ്. പവാന ഡാമിന്റെയും വിസാപൂര്‍, തുംഗ്, ലോഹഗഡ് എന്നിവിടങ്ങളിലെ കോട്ടകളുടെയും കാഴ്ചകള്‍ ഈ കോട്ടയ്ക്ക് മുകളിലെത്തിയാല്‍ കാണാന്‍ സാധിക്കും. 

മഴക്കാലമാണ് ഇവിടെ ട്രക്കിങ് നടത്താന്‍ മികച്ച സമയം. കോട്ടയ്ക്കുള്ളില്‍, ഒരു തടാകം, സത്വഹാന്‍ ഗുഹകള്‍, 'ത്രിംബാകേശ്വര്‍ മഹാദേവ്' ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്നു. സില്‍ഹാര രാജവംശകാലത്താണ്  ഈ കോട്ട പണികഴിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്. ടിക്കോണയിലെ ട്രക്കിങ് മികച്ചൊരു അനുഭവമായിരിക്കും നല്‍കുക.

View this post on Instagram

#trekkinglife 💪💪💪

A post shared by Raai Laxmi (@iamraailaxmi) on

ടിക്കോണയിലേക്കുള്ള വഴി

ലോണാവാലയില്‍ നിന്ന് കാംഷെറ്റിലേക്കാണ് ആദ്യം പോകേണ്ടത്. കംഷെറ്റില്‍ നിന്ന് ടിക്കോണ പെത്ത് എന്ന ഗ്രാമത്തിലേയ്ക്ക്.  ഈ ഗ്രാമമാണ് ശരിക്കും ട്രക്കിങിന്റെ ബേസ് ക്യാമ്പ്.  ഇവിടെ നിന്നും ട്രെക്കിംഗ്  ആരംഭിക്കാം. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതണം. ഈ മഴക്കാലത്ത് നല്ലൊരു ട്രക്കിംഗ് നടത്തണമെന്ന് ആഗ്രഹമുണ്ടോ എങ്കില്‍ നേരെ ടിക്കോണയിലേയ്ക്ക് വിട്ടോ. യാത്ര ഗംഭീരമാകും, റായ് ലക്ഷ്മി ഗ്യാരണ്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com