ADVERTISEMENT

മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്നതാണ് രത്‌നം. ഇൗ അമൂല്യനിധികൾ ഇന്ത്യയിലാണ് ആദ്യം ഖനനം ചെയ്തതെന്ന് പറയപ്പെടുന്നു. നവരത്‌നങ്ങളില്‍ ഏറ്റവും ശ്രേഷ്ഠവും കാഠിന്യമേറിയതും തിളക്കമേറിയതുമാണ് വജ്രം. തിളക്കമുള്ള വസ്തുക്കളുടെ പിന്നാലെയുള്ള മനുഷ്യന്റെ നടത്തം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. അതിൽ സ്വർണവും വജ്രവുമൊക്കെ ഉൾപ്പെടും. പഴക്കം ചെല്ലുന്തോറും വജ്രത്തിന് തിളക്കം വര്‍ദ്ധിക്കും.

173930424

പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ഭാരതത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്തതാണ്. ഭാരതത്തിലാണ് ആദ്യം വജ്രം കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതെന്നും പറയുന്നു. ഇതിനായി പ്രത്യേക ഖനികളും മനുഷ്യർ കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ബുന്ദേര്‍ഖണ്ഡിലെ 'പന്ന' എന്ന പ്രദേശത്ത് വജ്രം ലഭിക്കുന്നുണ്ട്. കൂടാതെ തമിഴ്‌നാട്, ഒറീസ്സ, ഗുജറാത്ത് എന്നിവിടങ്ങളിലും ഖനികളുണ്ട്. വജ്ര ഖനനം കാണുവാൻ ആഗ്രഹമുണ്ടെങ്കിൽ  നേരെ മധ്യപ്രദേശിന്‌ വിട്ടോളൂ.

ഹൈന്ദവ വിശ്വാസം ഏറ്റവും തീവ്രമായ ഇടമാണ് പന്ന. പതിമൂന്നും പതിനേഴും നൂറ്റാണ്ടുകളിൽ ഗോണ്ടി ഗോത്ര വർഗ്ഗക്കാർ ഇവിടെ കുടിയേറിപാർത്തതോടെ പന്ന എന്ന സ്ഥലം ഗോണ്ടി വിഭാഗക്കാരുടെ പ്രദേശമായി മാറി. വ്യത്യസ്തമായ ആചാരങ്ങൾ പേറുന്നവരാണ് ഗോണ്ടി വർഗ്ഗം. മഹാത്മാവായ മഹാമതി പ്രാൺനാഥ് ഒരിക്കൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരോടൊപ്പം ഇവിടെ താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അനുയായികൾ ഹൈന്ദവ വിശ്വാസികളുടേതായ രീതിയിൽ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. മഹാമതിയുടെ സന്ദർശന സമയത്ത് ഇവിടം മരുഭൂമിയായിരുന്നെന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണം വന്നപ്പോൾ അവർ പിടിച്ചെടുത്ത പന്ന പിന്നീട് ഇന്ത്യ സ്വാതന്ത്രമായപ്പോൾ വിന്ധ്യപ്രദേശിന്റെ ഭാഗമാവുകയും വിന്ധ്യപ്രദേശ് മധ്യപ്രാദേശിനോട് ലയിക്കുകയും ചെയ്തു.

പന്ന നഗരത്തിലെ ഏറ്റവും വലിയ ആകർഷണം വജ്ര ഖനി തന്നെയാണ്. പന്ന ഗ്രൂപ്പ് എന്ന പേരിൽ ഇവിടെ ഏക്കറുകണക്കിനാണ് ഇത്തരം വലുതും ചെറുതുമായ ഖനികൾ വ്യാപിച്ചു കിടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വജ്ര ഖനിയും പന്നയിലാണ്. ഇവിടെ നിന്നും കണ്ടെടുക്കുന്ന വജ്രങ്ങള്‍ അത്ര വലുതോ വിലയിൽ മുന്തിയതോ അല്ല. ഇന്ത്യയിലെ തന്നെ മറ്റു ഖനികളുമായി താരതമ്യപ്പെടുത്തിയാൽ ഇതിന്റെ ബലവും കുറവാണ്. എല്ലാ വർഷവും സർക്കാർ വിവിധ എജന്‍സികൾക്ക് ഈ സ്ഥലം പാട്ടത്തിനു നൽകിയാണ് ഖനികളിലേക്കു വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നത്. ഇവിടേക്ക് വരുന്ന സഞ്ചാരികൾക്ക് ഖനികൾ കാണുവാനും മനസ്സിലാക്കുവാനുമുള്ള സൗകര്യങ്ങളുണ്ട്.

വജ്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകത ഖനികളിൽ നിന്നും ലഭിക്കുന്ന വജ്രങ്ങളും ശേഖരിച്ച് അവ ലേലം നടത്തുന്നത് ഇവിടുത്തെ ജില്ലാ ജഡ്ജിയാണ്. എല്ലാ വർഷവും ജനുവരിയിലാണ് ഇത് നടക്കുക. എല്ലാവര്‍ക്കും ലേലത്തിൽ പങ്കെടുക്കാം, അതിനായി ആദ്യം അയ്യായിരം രൂപ കെട്ടിവയ്ക്കണം. വ്യത്യസ്ത കാരറ്റിലുള്ള നൂറോളം വജ്രങ്ങളും ഇവിടെ നിന്നും ലഭ്യമാണ്.

diamond-Pandav_caves_,_MP

പന്നയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രത്യേകത ഇവിടുത്തെ ടൈഗർ റിസേർവ് വനമാണ്. പന്ന നാഷണൽ പാർക്ക് എന്ന ദേശീയ ഉദ്യാനവുമുണ്ട്.  വനനശീകരണം മൂലം കടുവകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് കടുവകളുടെ സംരക്ഷണത്തിനായി സർക്കാർ സംരക്ഷണ കേന്ദ്രം തുടങ്ങിയത്.

ഒരു ആൺ കടുവയും ഒരു പെൺകടുവയും മാത്രമായിരുന്നു ഇവിടെ ആദ്യം ഉണ്ടായിരുന്നത്. ഇപ്പോൾ ഉദ്യാനത്തിൽ കടുവകളെ കൂടാതെ മറ്റു മൃഗങ്ങളും ധാരാളമുണ്ട്. പന്ന സന്ദർശിക്കാൻ വരുന്നവരെയും കാത്ത് ഇതിനോട് ചേർന്ന് പതഞ്ഞൊഴുകുന്ന റെനേ, പാണ്ഡവ് എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്. മഹാഭാരതത്തിലെ പാണ്ഡവർ ഇവിടെ വനവാസം കാലത്തു എത്തിയിരുന്നതായി ഐതിഹ്യം. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിനു പാണ്ഡവ് വെള്ളച്ചാട്ടം എന്ന പേര് വന്നത്. പാണ്ഡവന്മാർ താമസിച്ചിരുന്ന ഒരു ഗുഹയും ഇതിനോട് ചേർന്ന് കാണാം.

ഒക്ടോബര്‍, നവംബര്‍, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് ഇനി മാസങ്ങളാണ് പന്ന സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇന്‍ഡോറില്‍ നിന്നും പന്നയിലേക്ക് 557 കിലോമീറ്ററാണ് ദൂരം. ഭോപ്പാലില്‍ നിന്നും 385 കിലോമീറ്ററും കോട്ടയില്‍ നിന്നും 530 കിലോമീറ്ററുമുണ്ട് ഇവിടേക്ക്. ഡല്‍ഹി, ആഗ്ര, ലക്‌നൗ, വാരണാസി, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ ധാരാളം ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. അതുകൊണ്ടു പന്ന എന്ന ഈ വജ്ര നഗരത്തിലേക്കുള്ള യാത്ര അത്ര ബുദ്ധിമുട്ടേറിയതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com