ADVERTISEMENT
rishikesh

വീട്, ജോലി, കുടുംബം, ഒരേയിടത്തേയ്ക്കുള്ള യാത്രകള്‍, ഒരേ സുഹൃത്തുക്കള്‍, പിണക്കം, ഇണക്കം, തിരക്കുകള്‍... അങ്ങനെയുള്ള എല്ലാ ഓട്ടപ്പാച്ചിലുകളില്‍ നിന്നും മാറി, ഒരു ദിവസം ബാഗില്‍ പ്രിയമുള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അങ്ങ് ദൂരെയൊരിടത്തേക്ക് ്ഒറ്റയ്‌ക്കൊരു യാത്ര പോകുക. സ്വപ്‌നങ്ങളെന്തെന്നൊരു പെണ്‍ മനസ്സിനോടു ചോദിച്ചാല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഉണ്ടാകും ഈ പുസ്തകം. സ്ത്രീയെന്ന സത്യത്തിന് സമൂഹം നല്‍കുന്ന ചട്ടക്കൂടില്‍ നിന്നൊതുങ്ങിയുള്ള ജീവിതത്തിനിടയില്‍ ഒരായിരം വട്ടം അവള്‍ അവിടെ പോയി വന്നിട്ടുണ്ടാകും.

മനസിൽ ഈ മോഹം ഒളിപ്പിക്കാത്ത, അടുത്ത ചങ്ങാതിയോട് എപ്പോഴും ഇതേക്കുറിച്ച് പറയാത്ത സ്ത്രീകള്‍ ആരാണുള്ളത്. വീട്ടിലൊന്നു വഴക്കിടുമ്പോള്‍ ഭീഷണിയായിട്ടെങ്കിലും പറയാത്തവര്‍ ചുരുക്കമാണ്. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സുരക്ഷ തന്നെയാണു പ്രധാന പ്രശ്‌നം. ഒറ്റയ്ക്കുള്ള യാത്രയില്‍ നിന്ന് അവളെ തന്നെയും പിന്നെ അവള്‍ക്ക് ചുറ്റുമുള്ളവരേയും തടയിടുന്ന ഈ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മനോഹരങ്ങളായ കുറേ യാത്രായിടങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന് അറിയാമോ? ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ മനോഹാരിത കൊണ്ടു കാലങ്ങളായി നമ്മെ മോഹിപ്പിക്കുന്ന സ്ഥലങ്ങള്‍ തന്നെയാണിവ.

Haridwar--Rishikesh-Trip4

ഋഷികേശ്, ഉത്തരാഖണ്ഡ്

ഗംഗയുടെ ഓളങ്ങള്‍ക്കു കാതോര്‍ത്ത് ഹിമവാന്‌റെ നിഴലിനോടു ചേര്‍ന്നു കഴിയുന്ന നാട്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും അതല്ലെങ്കില്‍ മനസ്സിനോടു മാത്രം സംസാരിച്ച് ഏകാന്തമായി കുറേ നേരം ഒരിടത്ത് ഇരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരുപോലെ ചേരുന്നിടമാണ് ഋഷികേശ്. ഋഷികേശ് കണ്ടുമടങ്ങിയ വനിതകളാണ് ആ നാടിന്‌റെ ഈ നന്മയെ കുറിച്ച് പറയുന്നത്. സ്ത്രീകളോടും പെണ്‍കുട്ടികളോടും അങ്ങേയറ്റം സ്‌നേഹമുള്ളവരാണ് ഋഷികേശുകാര്‍.

ജയ്പൂര്‍, രാജസ്ഥാന്‍

jaipur

സദാ തിളങ്ങുന്ന മരുഭൂമികളും, ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള രാജസ്ഥാന്‍ ഏഴു വര്‍ണത്തിലുമുള്ള വസ്ത്രമണിഞ്ഞ ആഭരണവിഭൂഷിതയായൊരു പെണ്ണിന്റെ ചിരിയോളം ഭംഗിയുണ്ട്. അതുകൊണ്ടു കൂടിയാകാം ജയ്പൂരും അതിനടുത്തുള്ള പുഷ്‌കറും ഉദയ്പൂരും ജെയ്‌സാല്‍മറുമൊക്കെ പെണ്‍ യാത്രകരുടെ ഏകാന്ത യാത്രകള്‍ക്കു പറ്റിയ ഇടമാണെന്നു പറയുന്നത്. ചിത്രരചനയും ശിലപങ്ങളും വാസ്തുവും ചരിത്രവുമൊക്കെ ഇഷ്ടമുള്ള സ്ത്രീകളാണെങ്കില്‍ ജയ്പൂര്‍ ഒരു ഛായാചിത്രം പോലെ മനസ്സില്‍ പതിഞ്ഞിരിക്കും. തീര്‍ച്ച. ആടാനും പാടാനുമൊന്നും നാണംകുണുങ്ങി നില്‍ക്കാത്തവരാണെങ്കില്‍ ജയ്പൂരിലെ നാടന്‍കലകളും ത്രില്ലടിപ്പിക്കും.

Goa, Panjim, View of Palolem Beach

ഗോവ

തിരകളെ പോലെ ജീവിക്കുക... കാറ്റു പോലെ പാറി നടക്കുക... അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ പോണ്ടിച്ചേരിയ്ക്കപ്പുറം മറ്റൊരു നാടില്ല. ഫ്രഞ്ചുകാരന്‍ കയ്യടക്കി വച്ചിരുന്ന നാട്ടില്‍ ഇപ്പോഴുമുണ്ട് അവരുടെ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായി കെട്ടിടങ്ങളും കാഴ്ചകളും രുചികളും ഏറെ. ഫ്രഞ്ചിന്റെ സ്വാതന്ത്ര്യ മനോഭാവവും സ്ത്രീയോടുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കരുതലും ബഹുമാനവും കൂടിചേര്‍ന്നിടം കൂടിയാണിവിടം. രണ്ടു സംസ്‌കാരങ്ങളുടെ ചിന്തകളും പിന്നെ സഞ്ചാരികളുടെ ഒഴുക്കിന്റെ താളം തെറ്റരുതെന്ന അവിടുത്തെ ആളുകളുടെ നിലപാടുകളും സ്ത്രീ പുരുഷഭേദം ഇല്ലായ്മ ചെയ്യുന്നു. സ്ത്രീകള്‍ക്കു മാത്രമല്ല, ഒറ്റയ്‌ക്കൊരു യാത്ര കൊതിക്കുന്നവര്‍ക്കാര്‍ക്കും ധൈര്യമായി ചെന്നെത്താം പോണ്ടിച്ചേരിയിലേക്ക്.

കസോള്‍, ഹിമാചല്‍ പ്രദേശ്

908008144

അവിശ്വസനീയമായ, അഭൗമമായ സൗന്ദര്യമുള്ള ഇടങ്ങള്‍ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുണ്ട്. ആരോ വരച്ചത്, അല്ലെങ്കില്‍ നമുക്ക് ചെന്നെത്താവുന്നതിനും അപ്പുറത്തുള്ളൊരിടം എന്ന ധാരണയില്‍ ചുവരിനൊരു അലങ്കാരമായി മാത്രം കണ്ട്് എങ്ങു നിന്നോ വാങ്ങിയ ചിത്രങ്ങള്‍ക്കു ജീവന്‍ വച്ചതു പോലുള്ളൊരിടം. ഹിമാചല്‍ പ്രദേശിലെ കസോള്‍ അങ്ങനെയുള്ളൊരിടമാണ്. പാര്‍വ്വതി മല നരികളുടെ ഭംഗിയില്‍ വിരിഞ്ഞൊരു നാട്.

ഗംഗയുടെ കരയിലുള്ള ശാന്തമായ, നിഗൂഢ ഭംഗിയുള്ള കുഞ്ഞു നാട്. അധികം നാളായിട്ടില്ല ഇവിടം സഞ്ചാരികളുടെ കണ്ണിലിടം പിടിച്ചിട്ട്. ശാന്തമായി ഉറങ്ങിക്കിടക്കുന്നൊരു അപ്‌സരിന്റെ ചേലുള്ള ഈ നാട്ടില്‍ മലനീകരണത്തിന്റെ ഒരു കുഞ്ഞു വിരല്‍ പോലും കടന്നു ചെന്നിട്ടില്ല. അതുകൊണ്ടു നിഷ്‌കളങ്കമാണ് ആ മണ്ണും അവിടുത്തുകാരും

blr-hampi-3-col

ഹംപി, കര്‍ണാടക

ചരിത്രമുറങ്ങുന്ന ഹമ്പി യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലിടം പിടിച്ച നാടാണ്. ലോകം കാലത്തിനായി കാത്തുസൂക്ഷിക്കുന്ന ഇടമെന്നര്‍ഥം. ലക്ഷക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ് ഹമ്പി. ഇന്ത്യന്‍ ആവാസ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന നാട്ടിലേക്കുള്ള യാത്ര അറിവു പകരും എന്നു മാത്രമല്ല, സ്വന്തം നാടിന്റെ ഇന്നലെകളെത്രയോ പ്രൗഢമായിരുന്നുവെന്നൊരു ഓര്‍മപ്പെടുത്തലും കൂടിയാകും.

ലേ-ലഡാക്ക്

solo-trip-ladak

ത്രീ ഇഡിയറ്റ്‌സ് സിനിമയുടെ ക്ലൈമാക്‌സ് ഓര്‍മയില്ലേ. മലകളും പുഴയും അതിന്റെ തീരവും ആമിര്‍ഖാനും അയാള്‍ പറത്തിവിടുന്ന വിമാനും സ്‌കൂട്ടറില്‍ വിവാഹവേഷത്തില്‍ ആമിറിനെ കാണാനെത്തുന്ന കരീന കപൂറും...ഒക്കെ ഓര്‍ക്കുന്നില്ലേ. ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തിടം ഈ ലേ-ലഡാക്ക് മേഖലയിലാണുള്ളത്. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട, പുഴകളുടെ തീരത്തുള്ള നാട് സാഹസികതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഏകാന്തതയിഷ്ടപ്പെടുന്നവര്‍ക്കും വെറുതെയിങ്ങനെ പട്ടം പോലെ പാറിനടക്കാന്‍ കൊതിക്കുന്നവര്‍ക്കും ഏറെയിഷ്ടമാകും. 

യാത്രകളോട് ഭ്രാന്തുള്ളവരും അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ളവരും മാത്രമേ ലേ-ലഡാക്ക് യാത്രയ്ക്ക് സാധാരണ മുതിരാറുള്ളൂവെന്നതിനാല്‍, യാത്രയ്ക്കിടയില്‍ കാണിക്കേണ്ട മാന്യതയും പരസ്പര സഹകരണ മനോഭാവവും അവര്‍ക്കിടയില്‍ പ്രതീക്ഷിക്കാം. ആ നിലപാട് തന്നെയാണു സ്ത്രീകള്‍ക്കുള്ള ശക്തമായ സുരക്ഷാ വലയവും... ഹിമാലയമാണ് ജമ്മുകാശ്മീരിലാണ് മഞ്ഞുവീഴ്ചയുണ്ടാകും എന്നൊക്കെ പറഞ്ഞ് ഇവിടേയ്ക്കുള്ള യാത്രയ്ക്ക് തടസ്സം നില്‍ക്കുന്നവര്‍ക്ക് മറുപടി കൊടുക്കാന്‍ ലേ-ലഡാക്ക് പെണ്‍ സഞ്ചാരികളുടെ ഓര്‍മക്കുറിപ്പുകളും ധാരാളം കിട്ടും. ഒരുപക്ഷേ മുകളില്‍ പറഞ്ഞ മറ്റേതു സ്ഥലത്തേക്കാളും കൂടുതല്‍ യാത്രാവിവരണങ്ങളുള്ളതും ഈ സ്ഥലത്തെ കുറിച്ചായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com