sections
MORE

നൂറു വയസിനുമേൽ പ്രായമുള്ള നാഗങ്ങൾ വസിക്കുന്ന നാഗക്ഷേത്രം

mukthi-naga2
SHARE

അതിപുരാതന കാലം മുതൽ തന്നെ ലോകത്തെല്ലായിടത്തും നാഗങ്ങളെ ആരാധിച്ചിരുന്നു. സർപ്പകാവുകളും പുള്ളുവൻ പാട്ടുകളും  നിറഞ്ഞതായിരുന്നു ഒരുകാലത്തു ഗ്രാമങ്ങളെല്ലാം. നൂറും പാലും നൽകി നാഗങ്ങളെ പ്രസാദിപ്പിക്കുന്ന ആചാരങ്ങൾക്കൊന്നും ഇപ്പോഴും  മാറ്റങ്ങളൊന്നും വന്നിട്ടില്ല. അദ്ഭുതസിദ്ധികളുള്ളവയാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകളും കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. സർപ്പപൂജ ഐശ്വര്യദായകമാണെന്ന ഹൈന്ദവ വിശ്വാസത്തിന് ദശാപ്തങ്ങളുടെ പഴക്കമുണ്ട്.

സന്താനലാഭത്തിനും ഐശ്വര്യലബ്ധിക്കും മംഗല്യത്തിനും സർപ്പപ്രീതി ആവശ്യമാണെന്നും സർപ്പത്തിന്റെ അപ്രീതി മഹാരോഗങ്ങൾക്ക് കാരണമാകുമെന്നുമുള്ള വിശ്വാസം ഇന്നും ജനങ്ങളിൽ പ്രബലമാണ്. നിരവധി പ്രശസ്തങ്ങളായ നാഗക്ഷേത്രങ്ങൾ നമ്മുടെ ഭാരതത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമയുള്ള ക്ഷേത്രം നമ്മുടെ നാട്ടിലാണ്. ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രത്തിലാണ് മുപ്പത്തിയാറു ടൺ ഭാരവും പതിനാറു അടി ഉയരവുമുള്ള ഒറ്റക്കല്ലിൽ തീർത്ത നാഗപ്രതിമ സ്ഥിതി ചെയ്യുന്നത്.  ഇന്നുള്ള മുക്തി നാഗ ക്ഷേത്രം നിർമിച്ചിട്ടു വളരെ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. അതിനും ഏറെ വര്‍ഷങ്ങള്‍ക്കു മുൻപ് അതായതു ഏകദേശം 200 വർഷങ്ങൾക്കു മുൻപ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഗൊല്ല സമൂഹത്തിൽപ്പെട്ട ആളുകളായിരുന്നു താമസിച്ചിരുന്നത്. അവർ നാഗപ്പ എന്ന പേരിൽ ആരാധിച്ചിരുന്നത് നാഗ ദൈവത്തെയായിരുന്നു. ജുഞ്ചപ്പ എന്നാണ് നാട്ടുഭാഷയിൽ നാഗദൈവം അറിയപ്പെട്ടിരുന്നത്. ഇരുപത്തിയഞ്ചു അടി നീളവും നൂറു വയസിനുമേൽ പ്രായവുമുള്ള നാഗദൈവം ഇവിടെയുണ്ടെന്നു അന്നാട്ടുകാർ വിശ്വസിക്കുകയും ആ ഗ്രാമത്തിന്റെ മുഴുവൻ സംരക്ഷകനായി കണ്ടു ആരാധിക്കുകയും ചെയ്തിരുന്നു. ഈ നാഗക്ഷേത്രം പണിയുന്നതിനും ഏറെ മുൻപായിരുന്നു അത്.

mukthi-naga1

നിരവധി പ്രതിഷ്ഠകൾ നിറഞ്ഞൊരു ക്ഷേത്ര സമുച്ചയമാണിത്. സുബ്രമണ്യ സ്വാമിയുടെ നാല് രൂപങ്ങളായാണ് ഇവിടെ മുക്തി നാഗദൈവത്തെ ആരാധിക്കുന്നത്. ബാല്യം മുതലുള്ള  ജീവിതത്തിന്റെ നാല് ഘട്ടങ്ങളും ഇവിടെ ദർശിക്കാവുന്നതാണ്. ക്ഷേത്ര കവാടത്തിലുള്ള ഉപദേവത പ്രതിഷ്ഠ രേണുക യെല്ലമ്മ ആണ്. ആദി  മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക എന്നിവരുടെ പ്രതിഷ്ഠകളും 107  ചെറു നാഗ പ്രതിഷ്ഠകളും ഈ ക്ഷേത്ര മതില്‍കെട്ടിനകത്തുണ്ട്.

mukthi-naga3

ഒമ്പതു തവണ ക്ഷേത്രപ്രദിക്ഷണം വെച്ച് കാര്യസിദ്ധി വിനായകനെ തൊഴുതിന് ശേഷമാണ് മുക്തിനാഗ ദേവനെ തൊഴുന്നത്. സർപ്പദോഷം നീങ്ങുന്നതിനായി സർപ്പദോഷം നിവാരണ പൂജ, ചെറു നാഗ പ്രതിഷ്ഠ, പ്രദോഷ പൂജ തുടങ്ങിയ പൂജകളെല്ലാം വിശ്വാസികൾക്ക് ചെയ്യാവുന്നതാണ്. ഇവിടെയുള്ള ചിതൽ പുറ്റിൽ നാഗത്താന്മാർ വസിക്കുന്നുണ്ടെന്നും 90 ദിവസം ഇവിടെ വന്നു ഈ ചിതല്‍പുറ്റിനെ ഒമ്പതു തവണ വലംവെച്ചാൽ ആഗ്രഹിച്ച കാര്യം സിദ്ധിക്കുമെന്നുമാണ്  വിശ്വാസം.

ബംഗളുരുവിൽ നിന്ന് 18 കിലോമീറ്റർ ദൂരം ബെംഗളൂരു-മൈസൂർ റോഡിലൂടെ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിൽ എത്തി ചേരാവുന്നതാണ്.കെംഗേരിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരം മാത്രമേയുള്ളു ഇവിടേയ്ക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA