ADVERTISEMENT

കോട്ടം തട്ടാത്ത പ്രകൃതി സൗന്ദര്യം, വിപുലമായ ജൈവ വൈവിധ്യം, വിവിധങ്ങളായ ഉത്സവങ്ങള്‍, വേറിട്ട സംസ്‌കാരം,അങ്ങനെ നിരവധി പര്യായമുണ്ട് ഗുവാഹത്തിയ്ക്ക്.  വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനങ്ങളില്‍ ആവേശകരമായ വന്യജീവി വിഭവങ്ങളും ഒരുക്കിവച്ച് പ്രകൃതിയുടെ കവാടം തുറന്ന് സഞ്ചാരികളെ മാടിവിളിക്കുകയാണ് അസമിലെ ഈ മോഹിപ്പിക്കും നാട്. 

അസമിലെ ഏറ്റവും വലിയ നഗരമാണ് ഗുവാഹത്തി. ബ്രഹ്മപുത്ര നദിയുടെ തെക്കേ തീരത്ത് സ്ഥിതിചെയ്യുന്ന  ഈ പ്രദേശം വന്യമായ പ്രകൃതിയുടേയും ശക്തമായ ജലപാതകളുടേയും മേളകളുടെയും ഉത്സവങ്ങളുടെയും കൂടി നാടാണ്. അസമിന്റെ സിരാകേന്ദ്രമായ ഗുവാഹത്തി മികച്ചൊരു വിനോദ സഞ്ചാരകേന്ദ്രം കൂടിയാണെന്നതില്‍ സംശയിക്കണ്ട.

എന്തൊക്കെ കാണാം

കാഴ്ച്ചകള്‍ ഒട്ടേറെയുണ്ട് ഗുവാഹത്തിയില്‍. പ്രശസ്ത ക്ഷേത്രങ്ങളായ കാമാഖ്യ, ഉമാനന്ദ, പബിതോറ വൈല്‍ഡ് ലൈഫ് സാന്ച്വറി, ഡീപോര്‍ ബീല്‍ ബേര്‍ഡ് സാന്‍ച്വറി, സരേഗാട്ട് പാലം, എന്നിവ അതില്‍ ചിലത് മാത്രം. ഓരോ സഞ്ചാരിയ്ക്കും അവരവരുടെ അഭിരുചിയ്ക്കനുസരിച്ച് തെരഞ്ഞെടുക്കാനുള്ളത്ര ഇടങ്ങളാണ് ഈ നാട്ടിലുള്ളത്.

കാമാഖ്യ , ഉമാനന്ദ ക്ഷേത്രങ്ങള്‍

പ്രതിഷ്ഠ കൊണ്ട് പ്രസിദ്ധമായൊരു ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. പരമശിവന്റെ പത്‌നിയായ സതി ദേവിയെ യോനി രൂപത്തില്‍ പ്രതിക്ഷിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം  ഒരു വലിയ പാറയിലാണ് പണിതിരിക്കുന്നത്. ജൂണില്‍ ഇവിടെ നടക്കുന്ന അംബുബാച്ചി മേളയില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ നാനാകോണില്‍ നിന്നും ആളുകളെത്തുന്നു. ബ്രഹ്മപുത്ര നദിയുടെ നടുവിലുള്ള ഒരു കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഉമാനന്ദ ക്ഷേത്രം. ഇവിടേയ്ക്കുള്ള യാത്ര അത്യന്തം മനോഹരമാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ദ്വീപ് മയില്‍ ദ്വീപ് എന്നപേരില്‍ അറിയപ്പെടുന്നു. 

886474742

പക്ഷിക്കൂട്ടങ്ങളുടെ ഇഷ്ടയിടം

അസമിന്റെ വനസമ്പത്തില്‍ സൗന്ദര്യമേറിയ കാഴ്ച്ചകള്‍ ഗുവാഹത്തിയ്ക്കും സ്വന്തമാണ്. ഡീപോര്‍ ബീല്‍ പക്ഷി സങ്കേതവും, പബിതോറ  വന്യജീവി സങ്കേതവും ഗുവാഹത്തിയുടെ ആകര്‍ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. ഒരു വലിയ തടാകമാണ് ഡീപോര്‍ ബില്‍. തടാകക്കരയിലെ പലതരത്തിലുള്ള പക്ഷികളെക്കാണാന്‍ എത്തുന്നവര്‍ക്ക് കണക്കില്ല. 

ഇന്ത്യയിലെ ദേശാടന പക്ഷികളുടെ സ്റ്റേജിംഗ് സൈറ്റുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ശൈത്യകാലത്ത് അസമിലെ ജലജീവികളുടെ വലിയൊരു പങ്കും ഈ തണ്ണീര്‍തടത്തേയാണ് ആശ്രയിക്കുന്നത്. ഏവിയന്‍ ജന്തുജാലങ്ങളുടെ സമൃദ്ധി കാരണം, ഡീപോര്‍ ബീലിനെ ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ പ്രധാനപ്പെട്ട ബേര്‍ഡ് ഏരിയ (ഐബിഎ) സൈറ്റുകളില്‍ ഒന്നായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടാമൃഗങ്ങള്‍ ഉള്ള കാശിരംഗ വന്യജീവിസങ്കേതത്തിനടുത്തായായി സ്ഥിതചെയ്യുന്ന വന്യജീവിസങ്കേതമാണ് പബീതോറ. ഇവിടേയും അനവധി കണ്ടാമൃഗങ്ങളുണ്ട്. കാട്ടാനകളും മറ്റ് വന്യജീവികളും വിഹരിക്കുന്ന ഈ സാന്‍ച്വറി ഗുവാഹത്തി സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ മാത്രം അകലത്തിലായി സ്ഥിതിചെയ്യുന്നു. ഇവിടെ ആനപ്പുറത്തേറി വനത്തിലൂടെ സവാരിയും മറ്റും ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അസം സ്‌റ്റേറ്റ് മ്യൂസിയയവും മൃഗശാലയും, നെഹ്‌റു പാര്‍ക്ക്, പൂര്‍വ്വ തിരുപ്പതി ശ്രീബാലാജി ക്ഷേത്രം, തുടങ്ങി എണ്ണമറ്റയിടങ്ങളും ഗുവാഹത്തിയിലുണ്ട്. 

വശ്യമായ സൗന്ദര്യത്താലും കാഴ്ച്ചാനുഭവത്തിന്റെ കവാടം തുറന്നിട്ട് ഗുവാഹത്തി ക്ഷണിക്കുന്നു ഓരോ സഞ്ചാരിയേയും. കണ്ണും മനസ്സും നിറയ്ക്കാന്‍, പോകാം ഒരു ആകര്‍ഷകയാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com