sections
MORE

തഞ്ചാവൂർ ക്ഷേത്രം; ഈ കൽവിസ്മയത്തിൽ കേരളത്തെ ബന്ധിപ്പിക്കുന്നൊരു കവാടമുണ്ട്

502588778
SHARE

കേരളാന്തകൻ തിരുവാസൽ കടന്നു ബൃഹദീശരൻ കോവിലിനു മുന്നിലെത്തിയാൽ കാറ്റുപോലും ഒന്നു നിൽക്കും. അതു കുഞ്ചരമല്ലൻ  രാജരാജ പെരുന്തച്ചന്റെ കരവിരുതുകൊണ്ടു വിരിഞ്ഞ കൽക്ഷേത്രം കണ്ടിട്ടായിരിക്കും. ആയിരം വർഷമായി കൽഭിത്തികൾക്കുള്ളിലെ  ചത്വരത്തിൽ പ്രതാപത്തിന്റെ പ്രതീകമായി നിലനിൽക്കുകയാണു തഞ്ചാവൂർ ക്ഷേത്രം. ലോകത്തിനു മുന്നിൽ ചോളരടങ്ങുന്ന ദ്രാവിഡവംശക്കാരുടെ മുൻതലമുറ പടുത്തുയർത്തിയ മഹാവിസ്മയം.

Thanjavur-temple1

ദ്രാവിഡരാജാക്കൻമാരുടേതാണെങ്കിലും കേരളാന്തകൻ എന്ന പേര് എവിടെയോ ഉടക്കിനിന്നിരുന്നു ഉള്ളിൽ കയറുമ്പോൾ. പിച്ചാവരം എന്ന കണ്ടൽകോട്ടയിലൂടെ ബോട്ടിങ് നടത്തി തിരികെവരുമ്പോൾ സുഹൃത്ത് ഡെന്നി ജോസഫ് ആണ് തഞ്ചാവൂരിലൂടെ വഴിതിരിച്ചുവിട്ടത്. അണമുറിയാതെ ഒഴുകുന്ന ജനങ്ങളെ പാടുപെട്ട് ഒഴിവാക്കി ആദ്യത്തെ കവാടമായ മറാത്ത എൻട്രൻസിന്റെ പടമെടുക്കുമ്പോൾ പിന്നിൽ തലയുയർത്തിനിൽക്കുന്നുണ്ട്  കേരളാന്തകൻ തിരുവാസൽ അഥവാ ഗോപുരം.

Thanjavur-temple

അഞ്ചുനിലയുള്ള, അതുല്യശിൽപങ്ങൾ നിറഞ്ഞ ആ ഗോപുരം കേരളനാട്ടുരാജാവായിരുന്ന  ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിന്റെ ഓർമയ്ക്കായിട്ടാണത്രേ നിർമിച്ചത്. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന വംശത്തിലെ രാജാവായിരുന്നു ഭാസ്കര രവിവർമ എന്നു ചരിത്രകാരൻമാർ പറയുന്നു.  വലിയ ക്ഷേത്രം എന്നറിയപ്പെടുന്ന രാജരാജീശ്വരം അഥവാ ബൃഹദീശ്വരക്ഷേത്രത്തിനു മുന്നിൽ രണ്ടാമത്തെ കവാടമായിട്ടാണ് കേരളാന്തകൻ തിരുവാസൽ സ്ഥിതി ചെയ്യുന്നത്.   കേരളത്തെ തോൽപ്പിച്ചു എന്നിതിനർഥമില്ല. അന്നത്തെ നാട്ടുരാജ്യങ്ങളിലൊന്നുമായി യുദ്ധം ജയിച്ചതിന്റെ സ്മാരകമായി കണക്കാക്കിയാൽ മതി.

Thanjavur-temple3

രാജരാജചോളനാണ് ക്ഷേത്രനിർമാണത്തിനു മുൻകയ്യെടുത്തത്.രണ്ടാം കവാടം കടന്നു വിശാലമായ മുറ്റത്തെത്തുമ്പോൾ ഒറ്റക്കൽപ്രതിമയായ നന്ദി, മതിൽകെട്ടുകളോടു ചേർന്ന നൃത്തമണ്ഡപത്തിലെ ഗാനങ്ങളും കേട്ടുറങ്ങുന്നുണ്ട്. സംഗീതസാന്ദ്രമാണ് തഞ്ചാവൂർ ക്ഷേത്രമതിൽക്കെട്ടിനുൾവശം. ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം.

ആദ്യം അമ്പലത്തിനൊരു വലംവയ്ക്കാം. ദ്രാവിഡശൈലിയുള്ള കൽഗോപുരങ്ങൾ അടങ്ങിയ പ്രധാന കെട്ടിടം ചുറ്റിവരാൻ സത്യത്തിൽ അധികസമയം വേണ്ട. പക്ഷേ, ശിൽപങ്ങളും കൊത്തുപണികളും ആസ്വദിക്കുകയാണെങ്കിൽ ഈനടത്തം തീരുകയുമില്ല. ആറുവർഷമെടുത്തു പൂർത്തിയാക്കിയ  ക്ഷേത്രം അങ്ങനെ പെട്ടെന്നു ചുറ്റിനടന്നു കാണാൻ പറ്റുമോ… രാജരാജ ചോളൻ ഒന്നാമൻ 1012 എ.ഡിയിൽ ആണ് ക്ഷേത്രം പൂർത്തീകരിച്ചത്.

Thanjavur-temple2

ശിവനെ ശിവലിംഗരൂപത്തിൽ ആരാധിക്കുന്ന തഞ്ചാവൂർ ക്ഷേത്രത്തിന് പെരുവുടയാർ കോവിൽ എന്നും വിളിപ്പേരുണ്ട്. ആദ്യകവാടമായ മറാത്ത എൻട്രൻസിലെ മറാത്താ സാമ്രാജ്യത്തിന്റെ സ്വാധീനം ക്ഷേത്രത്തിന്റെപേരു മാറിയതിലുമുണ്ട്.  മറാത്താ സാമ്രാജ്യങ്ങളുടെ ശക്തികാലത്താണത്രേ ബൃഹദീശ്വര ക്ഷേത്രം എന്ന പേരുവീണത്.

മൂന്നാംഗേറ്റ് ആണ് രാജരാജ തിരുവാസൽ. അതുകഴിഞ്ഞു നേരെച്ചെല്ലുന്നത് നന്ദിമണ്ഡപത്തിലേക്ക്. ഇടതുവശത്ത് പുൽത്തകിടിയിൽ ജനം വിശ്രമിക്കുന്നുണ്ട്. മതിലിനോടു ചേർന്ന് ഏറെ കൽമണ്ഡപങ്ങൾ.  വൻഗോപുരത്തിനു ചുറ്റുമായി ഗണേശക്ഷേത്രം, കരുവൂർ ദേവ മണ്ഡപം ചണ്ഡികേശ്വര കോവിൽ, അമ്മൻ കോവിൽ, നടരാജ മണ്ഡപം എന്നിവയുണ്ട്. ഇതെല്ലാം ചെറുതാണെങ്കിലും ശിൽപ്പമൂല്യമുള്ളവയാണ്.

മൂന്നു കവാടങ്ങളടക്കം മൊത്തം പതിനാലു ശിൽപവൈവിധ്യങ്ങൾ ആസ്വദിച്ചുവേണം തഞ്ചാവൂർ ചതുരക്കെട്ടിനു പുറത്തിറങ്ങാൻ. 

പ്രധാനഗോപുരത്തിന്  59.82 മീറ്റർ ഉയരമുണ്ട്. അക്കാലത്ത് ഏറ്റവും വലിയ ക്ഷേത്രഗോപുരം തഞ്ചാവൂരായിരുന്നത്രേ. അതിനാലാണ് പെരിയകോവിൽ അഥവാ വലിയ ക്ഷേത്രം എന്ന പേരുവീണത്.

നിർമാണത്തിന് 1.3 ലക്ഷം ടൺ കരിങ്കല്ലുവേണ്ടിവന്നു എന്ന് പറയപ്പെടുന്നു.  തീർച്ചയായും വേണ്ടിവന്നിരിക്കാം. കാരണം മുഴുവനായും കല്ലുകൊണ്ടാണ് ക്ഷേത്രനിർമാണം. 13 അടി ഉയരമുള്ള പ്രതിഷ്ഠയായ ശിവലിംഗം തുടങ്ങി കമാനങ്ങളിലെ ചില ഭിത്തികൾവരെ ഒറ്റക്കല്ലിലാണു തീർത്തിട്ടുള്ളത്. ഇങ്ങനെയുള്ള നൂറുകണക്കിനു ശിൽപ്പങ്ങളും ഇടനാഴികളും നൃത്തമണ്ഡപവും കല്ലോടുകല്ല് ചേർത്തൊരുക്കിയ, അന്നത്തെ സാങ്കേതികവിദ്യയുടെ പരിമിതിയിൽനിന്നുകൊണ്ട് ഒരു കൽക്ഷേത്രത്തെ ആയിരംകൊല്ലം അചഞ്ചലമായി നിർത്തിയ ശിൽപ്പികളെയും അവരുടെ കണക്കുകളെയും നമിച്ചുകൊണ്ടേ പെരിയകോവിലിൽനിന്നു പുറത്തിറങ്ങാനാകൂ.

ക്ഷേത്രദർശനസമയം

6 am - 12.30 pm

4 pm-8.30 pm

റൂട്ട്

എറണാകുളം-തൃശ്ശൂർ-പാലക്കാട്-കൊയമ്പത്തൂർ-കരൂർ-തിരുച്ചിറപ്പള്ളി-തഞ്ചാവൂർ 440 Km

ശ്രദ്ധിക്കേണ്ടത്

കാർ പാർക്കിങ് ക്ഷേത്രത്തിനു മുന്നിൽ റോഡിനപ്പുറം ലഭ്യമാണ്. കാറിൽത്തന്നെ ചെരുപ്പുകളും മറ്റും അഴിച്ചുവച്ചു നടന്നു കയറുന്നതാണുചിതം. 

സായാഹ്നത്തിലാണു ക്ഷേത്രത്തിനു ശോഭ കൂടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA