sections
MORE

മഴ നനയാതെ ചിറാപുഞ്ചിയിൽ ഒരു ദിനം

176217718
SHARE

ഒരു കുളിരോർമയാണു ചിറാപുഞ്ചി. കുട്ടിക്കാലത്ത്  മഴവെള്ളം തെറിപ്പിച്ച്,  കുഞ്ഞുകുടചൂടി ക്ലാസിലെത്തി, നനവുള്ള കാലുകൾ ചേർത്ത് ബഞ്ചിലിരിക്കുമ്പോൾ മുതൽ കേൾക്കുന്ന പേര്.  ‘‘ലോകത്തേറ്റവും മഴ പെയ്യുന്ന സ്ഥലമേത്..?’’  ടീച്ചറുടെ ചോദ്യത്തിനു സംഘഗാനം പോലെ കുട്ടികൾ മറുപടി പറഞ്ഞിരുന്നു ചിറാപുഞ്ചിയെന്ന്.

Cherrapunjee-travel

അന്നു നിങ്ങളുടെ മനസ്സിലും പൊടിഞ്ഞിട്ടുണ്ടായിരിക്കില്ലേ ആ നനവേറിയ സ്ഥലത്തൊന്നു പോകണമെന്ന ആഗ്രഹം..?  പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിക്കിടന്നിരുന്ന ആ മോഹം കഴിഞ്ഞവർഷം  തലപൊക്കി. പിന്നെന്ത് ആലോചിക്കാൻ ?  ആസാമിലെ ഏറ്റവും വലിയ നഗരമായ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന ഗുവാഹട്ടിയിൽനിന്നു ഞങ്ങൾ ചിറാപുഞ്ചിയെന്ന മഴക്കോവിൽ തേടിയിറങ്ങി. 

മഞ്ഞിന്റെ മേലാട

സത്യത്തിൽ  ഇന്ത്യൻ രീതികളോടു വേറിട്ടുനിൽക്കുന്ന സംസ്ഥാനങ്ങളാണു വടക്കുകിഴക്കുള്ളത്. അതിൽ മേഘങ്ങളുടെ ആലയം എന്ന അർഥമുള്ള മേഘാല സംസ്ഥാനത്തിലാണ് ചെറാപുഞ്ചി. സോഹ്റ എന്നായിരുന്നു പഴയ പേര്. ലോകത്തിലെ ഏറ്റവും നനവേറിയ സ്ഥലം എന്ന ഖ്യാതിയുണ്ടായിരുന്നു ചെറാപുഞ്ചിക്ക്. എന്നാലിപ്പോൾ മൗസിൻഡ്രാമിനാണ് ആ സ്ഥാനം. കുന്നുകളും താഴ്‌വാരങ്ങളും നിറഞ്ഞ സുന്ദരഭൂമിയാണ് നോർത്ത് ഈസ്റ്റ്. ഖാസിക്കുന്നുകൾ എന്നാണിവ അറിയപ്പെടുന്നത്.

Cherrapunjee-travel1

കിഴക്കൻ ഖാസിക്കുന്നുകളിലെ വിഖ്യാതമായ പ്രദേശമാണ് ചെറാപുഞ്ചി. ചെറാപുഞ്ചി എന്നാണു ശരിയായ ഉച്ചാരണം. ഇപ്പോൾ സോഹ്റ എന്നും പേരുണ്ട്. ചെറാപുഞ്ചി എന്നാൽ ആപ്പിളുകളുടെ നാട് എന്നാണത്രേ അർഥം.  ഒരു മാസത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ മഴ കിട്ടിയ പ്രദേശം എന്ന വിശേഷണം ഇപ്പോഴും ഈ ഖാസിസുന്ദരിക്കുണ്ട്. 9300 മില്ലിമീറ്റർ മഴയാണത്രേ 1861  ജൂലൈ മാസത്തിൽ ചെറാപുഞ്ചിയെ നനച്ചുപെയ്തുപോയത്. കേരളത്തിന്റെ വാർഷിക മഴപ്പെയ്ത്ത് എത്രയെന്നറിയുന്പോഴേ അതിന്റെ ഭീകരത മനസ്സിലാകൂ.. 3107 മില്ലിമീറ്റർ..(കടപ്പാട് വിക്കിപീഡിയ). ഒരു മാസത്തിൽ നമ്മുടെ ഒരു വർഷം പെയ്യുന്ന ശരാശരി മഴയുടെ മൂന്നിരട്ടി. അങ്ങനെ മഴയുടെ താണ്ഡവം നടക്കുന്ന ഇടത്തേക്കാണു യാത്ര.

മേഘങ്ങളുടെ ആലയത്തിൽ

ഗുവാഹത്തിയിൽനിന്നു പുറപ്പെട്ടതിൽപ്പിന്നെ പരിചയമുള്ള ഒരു പേര് ഷില്ലോങ് എന്നതുമാത്രമായിരുന്നു. അല്ലാത്ത പേരുകൾ രസകരമാണ്. നമുക്കറിയുന്ന ഇന്ത്യൻ ചുവയല്ല ഒന്നിനും.  ഉംസ്നിങ് എന്ന കുഞ്ഞുപട്ടണം കഴിഞ്ഞ് പിന്നെയും മുകളിലേക്ക്. 

ആനയ്ക്കു പിടിക്കാവുന്നത്ര വണ്ണമുള്ള വമ്പൻ പൈൻമരങ്ങൾക്കിടയിലൂടെ കാർ കയറ്റം കയറുമ്പോൾ അങ്ങുതാഴെ ഉമിയാം തടാകത്തിനു മുകളിൽ മഞ്ഞുമൂടിയിരുന്നു. സായാഹ്നമാണു തടാകക്കാഴ്ച ഗംഭീരമെന്നു ചോളം വറുത്തുതന്ന വഴിയോരകച്ചവടക്കാരി  റീബ പറഞ്ഞു.

മരതകപ്പച്ചയുടെ നാട്

ഷില്ലോങ് കഴിഞ്ഞാൽപ്പിന്നെ നിരപ്പാണ്. എങ്ങും പച്ചപ്പ്. റോഡുമാത്രം കറുത്തിരിപ്പുണ്ട്. മൈലിം എന്ന ചെറുഗ്രാമത്തിന്റെ വൃത്തിയും വെടിപ്പുമറിഞ്ഞ് അലസമായി ആ മാരുതിക്കാർ നീങ്ങി.

Cherrapunjee-travel2

ഉംമ്ടിംഗർ എന്ന ചെറുനദിക്കുപോലും പച്ചനിറം. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങൾക്കടുത്തുകൂടെയാണ് പോകുന്നത് എന്ന് ഓരോ സ്ഥലവും പറയാതെ പറഞ്ഞു.  റോഡരുകിൽ മാലിന്യങ്ങൾ ഒരു തരിപോലുമില്ല. ഖാസി സുന്ദരിമാരെയും കണ്ട് വൃത്തിയുള്ള ഗ്രാമങ്ങളെ നമിച്ച് ചെറാപുഞ്ചിയിലെത്തുന്പോൾ സന്ധ്യയായി.

ലോകത്തെ നനവേറിയ സ്ഥലം

ഇങ്ങനെയൊരു ബോർഡ് ആണ് ചെറാപുഞ്ചിയെന്ന വളരെച്ചെറിയ ആ പട്ടണത്തിൽ നമ്മെ ആദ്യം വരേവൽക്കുക. പക്ഷേ, മഴ കൊള്ളാൻ വന്ന ഞങ്ങളെ തെളിഞ്ഞ ആകാശമാണു വരവേറ്റത്. മാത്രമല്ല ആ ബോർഡിന്റെ പ്രസക്തി ഇപ്പോഴില്ലാതായി.  വാഗമൺ പോലെ മൊട്ടക്കുന്നുകളാണു ചെറാപുഞ്ചി. പച്ചപ്പാർന്ന ഒരു കുന്നിന്റെ അറ്റം എന്നുവേണമെങ്കിൽ പറയാം. ഇതിന്റെ താഴ്‍‌വാരം ബംഗ്ലാദേശ് ആണ്. ചെറാപുഞ്ചിയിൽനിന്നു മൂത്രമൊഴിച്ചാൽ ബംഗ്ലാദേശിലേക്കൊഴുകും എന്നു കടക്കാരന്റെ തമാശ. ശരിയാണ്. അങ്ങുതാഴെ ഗൂഗിൾ മാപ്പിൽ നോക്കിയാലെന്നവണ്ണം ജലംനിറഞ്ഞ പ്രദേശങ്ങൾ കാണായിരുന്നു. ബംഗ്ലാദേശിലെ പ്രളയമായിരുന്നു അത്.

ഞങ്ങളെത്തുന്നതിന് ഒരു ദിവസം മുൻപേ പതിനാലുദിവസം തുടർച്ചയായി  മഴ പെയ്തു. ആ ജലമെല്ലാം ബംഗ്ലദേശ് സമതലത്തിലേക്കൊഴുകി. ഇപ്പോഴും മഴയുടെ ബാക്കിപത്രങ്ങളായ  ജലപാതങ്ങൾ ഒറ്റഗോപുരത്തിൽ തടവിലാക്കപ്പെട്ട  രാജകുമാരിയുടെ  തലമുടിപോലെ താഴേക്കുനീണ്ടുകിടപ്പുണ്ടായിരുന്നു. ഞങ്ങളെത്തുന്നതിനു തൊട്ടുമുൻപ് മഴ നിന്നു.. അല്ലെങ്കിലും പാപി മലമുകളേറിയാലും പാതാളമാകുമല്ലോ എന്നാരോ തമാശ പറഞ്ഞു. കേട്ടുമോഹിച്ച് മഴകൊള്ളാനാശിച്ച് മഴക്കോവിലിലെത്തിയപ്പോൾ ശ്രീകോവിൽ അടച്ചതുപോലൊരു പ്രതീതി.

147982417

സ്മൃതികൂടീരങ്ങളുടെ കുന്നുകൾ

ഒരു പണിതീരാകെട്ടിടത്തിൽ ചേക്കേറി.  പേരു ഹോംസ്റ്റേ എന്നാണെങ്കിലും കോളജിലെ ഒരു ഹോസ്റ്റൽ പോലെ ഇടുങ്ങിയതായിരുന്നു മുറികൾ. ആ.. അവിടെകിട്ടുന്നതു സ്വർഗം. കാരണം ഒട്ടുമിക്ക  വീടുകളും ചെറുഹോംസ്റ്റേകളും ഒട്ടും ഭംഗിയില്ലാത്തവയാണ്. കൂടുതൽ തിരഞ്ഞിട്ടു കാര്യമില്ല.   മഴയില്ലാത്തതുകാരണം തൊട്ടടുത്ത സെമിത്തേരി സന്ദർശിക്കാൻ പദ്ധതിയിട്ടു. ചെറാപുഞ്ചിയിൽ ഏറെക്കുറേ മലമണ്ടകൾക്കുമുകളിലായി കരിങ്കല്ലുകൾ നാട്ടിയതുപോലെ പൂർവികരുടെ സ്മാരകശിലകൾ. അവയ്കകു മീതെ ഇപ്പോൾ വിങ്ങിപ്പൊട്ടും എന്ന മട്ടിൽ മേഘങ്ങൾ നിന്നിരുന്നെങ്കിലും മഴ ഞങ്ങൾക്കു കിട്ടാക്കനിയായിരുന്നു.

Cherrapunjee-travel3

ഹോംസ്റ്റേയിലെ ബെഡുകൾക്കു പൂപ്പൽമണം. എന്നും മഴയുള്ളപ്പോൾ എങ്ങനെ ഇവ ഉണക്കും എന്ന ചോദ്യമാണ് സൂക്ഷിപ്പുകാരൻ പയ്യന്റെ മുഖഭാവത്തിലുള്ളത്. ശരിയാണ്. ആ റൂമുകൾക്കു മുന്നിലെ വരാന്തയിൽനിന്നു നോക്കുമ്പോൾ പഴയ ഖനികളുടെയും മൊബൈൽ ടവറുകളുടെയും എടുപ്പുകൾ ആകാശത്തെ വികലമാക്കുന്നതു കാണാം. ചെറാപുഞ്ചിയിലെ പ്രകൃതി മനോഹരിയാണെങ്കിലും മനുഷ്യരുടെ നിർമിതി അസഹനീയമാണ്.  പണിതീർന്ന ഒരു വീടുപോലും കണ്ടില്ല. ചില പള്ളികളുണ്ട് അപവാദം. പുൽമേടുകളിലൂടെ നടക്കുമ്പോൾ നമ്മുടെ നീലക്കുറിഞ്ഞികളുടെ വകഭേദങ്ങൾ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 

ചിറാപുഞ്ചിക്കടുത്താണ് അർവാ ഗുഹ. മേഘാലയ മലമുകളിലെ ഗുഹകൾക്കു പ്രസിദ്ധമാണെന്നറിയാമല്ലോ. കിലോമീറ്ററുകളോളം ഉള്ളിലേക്കു നടക്കാവുന്ന ഈ ഗുഹകൾ കണ്ടെത്താനും അതിൽ സാഹസികയാത്രകൾ നടത്താനും വിദേശികൾ ധാരാളമായി എത്തുന്ന സ്ഥലമാണിത്. എന്നാൽപ്പിന്നെ ആ ഗുഹ കണ്ടേക്കാം.

Cherrapunjee-travel4

മലമുകളിലെ കടൽഗുഹ

കോടാനുകോടി വർഷങ്ങൾക്കു മുൻപ് രണ്ടുപാളികൾ ഇടിച്ചുപൊങ്ങി ഉണ്ടായതാണ് ഈ മലനിരകൾ എന്നാണല്ലോ വിദഗ്ധർ പറയുന്നത്. കടലിനടിയിലെ പ്രദേശങ്ങളാണ് ഇങ്ങനെ ഉയർന്നത്. അതുകൊണ്ടുതന്നെ കടൽഗുഹകളാണ് ഇപ്പോൾ ഈ മലമുകളിലുള്ളത്. ഉള്ളിലേക്കു നടക്കുമ്പോൾ മേൽത്തട്ടിൽ ചിപ്പികളുടെയും മറ്റും ഫോസിലുകൾ ഈ സിദ്ധാന്തത്തിനു ബലമേകുന്നു. ചെറിയ അരുവികൾ ഗുഹകളിലൂടെ ഒഴുകുന്നുണ്ട്. ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടിച്ചു കടന്നുപോകാവുന്നത്ര വീതിയേ ഉള്ളൂ. പക്ഷേ, ഖാസിമിഥുനങ്ങൾക്ക് ഇതൊന്നും പ്രശ്നമേയല്ല. അവർ ഉല്ലസിച്ചു നടക്കുന്നു. 

Cherrapunjee-travel5

ഗുഹയിലെ ഇരുട്ടിൽനിന്നു പുറത്തിറങ്ങുമ്പോൾ മലയുടെ വശത്തെ ആ ചെറുവഴിയിൽ മഞ്ഞ് ഇരുട്ടുവീഴ്ത്തിയിരുന്നു. ചെറുമരങ്ങളും വള്ളികളും മാത്രം കറുത്തുകാണാം. നാം നിൽക്കുന്ന ഇടത്തുനിന്ന്  ഒരു ചെറുവെള്ളച്ചാട്ടം പുറപ്പെടുന്നുണ്ട്. അതങ്ങു താഴെയെത്തുന്നുണ്ടോ എന്നു സംശയം തോന്നുംവിധം ഉയരമുണ്ട് മലയ്.ക്ക്

മഴകൊതിച്ചു ചെറാപുഞ്ചിയിലെത്തിയപ്പോൾ മേഘം പോലും കനിയാത്ത അവസ്ഥയിൽ ആകെ തുണയായത് കനത്തമൂടൽ മഞ്ഞായിരുന്നു. ചുരുങ്ങിയപക്ഷം ഇച്ഛാഭംഗം മറ്റാർക്കും കാണില്ലായിരുന്നു. മഴ കൊണ്ടില്ലെങ്കിലും അനുഭവിക്കാൻ പറ്റിയെന്നൊരു തൃപ്തിയോടെ പടിയിറക്കം.

ഗുവാഹത്തിയിൽനിന്ന് നൂറ്റമ്പതു കിലോമീറ്റർ ഉണ്ട് ചിറാപുഞ്ചിയിലേക്ക്.  അടുത്തുള്ള വിമാനത്താവളം-ഗുവാഹത്തി.

മറ്റു കാഴ്ചകൾ- ലിവിങ് റൂട്ട് ബ്രിഡ്ജ്(വേരു വളർത്തി പാലമുണ്ടാക്കുന്ന രീതി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA