ADVERTISEMENT

ആഹ്‍ലദത്തോടൊപ്പം മഞ്ഞ് ഭയപ്പെടുത്തിയ അനുഭവമാണു ഷിംല പകർന്നു തന്നത്. വേനൽ കരുത്താർജിച്ച ഒരു മാർച്ച് മാസത്തിലാണ് ഷിംലയിലേക്ക്, പഴയ ബ്രിട്ടിഷ് ഇന്ത്യയുടെ സമ്മർ ക്യാപിറ്റലിലേക്ക് പുറപ്പെട്ടത്. ഷിംലയിലെത്തുമ്പോഴും തണുപ്പില്ല. താമസം ഒബ്റോയ് ഗ്രൂപ്പിന്റെ ലോകപ്രശസ്തമായ   വൈൽഡ് ഫ്ലവർ ഹാൾ ഹോട്ടലിൽ. ബ്രിട്ടീഷ് സേനയുടെ കമാൻഡർ ഇൻ ചീഫ് ആയിരുന്ന ഹെർബെർട്ട് കിച്ചനറുടെ വസതിയായിരുന്നു വൈൽഡ് ഫ്ലവർ ഹാൾ. ഒരു കുന്നിൽ ദേവദാരുക്കാടിനിടയിൽ വിലസുന്ന ഒരു മാന്ത്രികകൊട്ടാരം പോലെയുണ്ട് ആ ഹോട്ടൽ. റൂമിന്റെ ബാൽക്കണിയിൽനിന്നു നോക്കുമ്പോൾ ഹിമാലയത്തിന്റെ വിദൂരദൃശ്യം കാണാം.ഒരിടത്തും മഞ്ഞിന്റെ കണിക പോലും കണ്ടുകിട്ടാനില്ല. 

shimla-travel2-gif

രാവിലെ പത്രത്തോടൊപ്പം അന്നത്തെ കാലാവസ്ഥാ പ്രവചനക്കുറിപ്പും കിട്ടി.  തെളിഞ്ഞ ദിനം എന്നായിരുന്നു കുറിപ്പിൽ. ഷിംലയിൽ വന്നിട്ട് മഞ്ഞുകാണാൻ പറ്റില്ലേ എന്നൊരു സങ്കടം ഉള്ളിലെത്തി. നാട്ടിൽനിന്നു സുഹൃത്തുക്കൾ വിളിച്ചപ്പോൾ പോലും പറഞത് ഇക്കാര്യമാണ്.  എന്തു ഷിംല ഇതൊരു കുട്ടിക്കാനം ഫീൽ മാത്രമേ നൽകുന്നുള്ളൂ.വഴിയിലൊന്നും മഞ്ഞിന്റെ പൊടിപോലുമില്ല. 

ബൈക്കുമെടുത്ത് കുഫ്രി എന്ന ഗ്രാമത്തിലേക്കായിരുന്നു ആദ്യ റൈഡ്. സഹായിയായി  ഇന്നൊവയുമായി അഭയ് എന്ന ടാക്സിക്കാരനുമുണ്ട്. അഭയ് വഴികാണിച്ചു മുന്നിൽ പോയ്ക്കൊണ്ടിരുന്നു. ഇടുങ്ങിയ വഴികളുള്ള നഗരം കടന്ന് ഗ്രാമങ്ങളിലേക്കുള്ള പോക്ക് രസകരവും അതേസമയം ഭീതി പരത്തുന്നതുമായിരുന്നു.തട്ടുകൃഷിത്തടങ്ങളിൽ ആപ്പിൾ മരങ്ങളും മറ്റു മനോഹരമായ കാഴ്ചകളുമാണു രസം പകർന്നതെങ്കിൽ, ഇപ്പോൾ താഴെവീഴും എന്ന മട്ടിൽ മലവിളുമ്പുകളുള്ള റോഡാണ് ഭീതി പകർന്നത്. 

shimla-travel1-gif

കുഫ്രി സാധാരണ യാത്രക്കാർ ചെല്ലുന്ന  ഒരു ഗ്രാമമാണ്. വൻ ദേവദാരുക്കൾക്കിടയിൽ  മലഞ്ചെരുവിലുള്ള ആ ഗ്രാമവും കടന്ന് ഞങ്ങൾ താഴോട്ടിറങ്ങി. കുറച്ചുകൂടി റിമോട്ട് വില്ലേജ് കാണണം എന്ന ഞങ്ങളുടെ ആഗ്രഹത്തിനനുസരിച്ചാണ് അഭയ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. 

ഒരു ചെറുചായക്കടയും രണ്ടോ മൂന്നോ വീടുകളുമുള്ള ഗ്രാമം കഴിഞ്ഞ് ടാറിടാത്ത വഴി താഴോട്ട് ഒരു മൈതാനത്തിലേക്കു ചേരുന്നു. ഇനി വഴിയില്ല സർ- അഭയ് തന്നെ ഏൽപ്പിച്ച കർമം ചെയ്തു കൈമലർത്തി. ശരി. വണ്ടിനിർത്തി മൈതാനത്തിലേക്കിറങ്ങി. പച്ചപ്പുല്ലുകൾക്കു ചെറുനനവ്. അപ്പുറം കുത്തനെ ചെരിവ്. പെൻസിലുകൾ കുത്തിനിർത്തിയതുപോലെ ദേവദാരുമരങ്ങൾ. ആ ചെരിവു കഴിഞ്ഞാൽ കുത്തനെയുയർന്നു നിൽക്കുന്ന ഹിമവാൻ. ഒന്നു കറങ്ങിയടിച്ചു വന്നപ്പോഴേക്കും കോട്ട് ചെറുതായി നനയാൻ തുടങ്ങി. മഴയാണോ? അല്ല. മഞ്ഞാണ്. മനസ്സൊന്നു കുളിർത്തു. ഇനി മഞ്ഞുകൊണ്ടില്ലാ എന്ന പരാതി വേണ്ട. മഞ്ഞാസ്വദിച്ചു നടക്കുന്നതിനിടയിൽ ദേവദാരുമരത്തിനുകീഴിൽ തീകാഞ്ഞിരിക്കുന്ന രണ്ടു പേരെ കണ്ടു. കുറച്ചുനേരം തീ കാഞ്ഞപ്പോൾ അതിൽ മുതിർന്നയാൾ ഒരു മുന്നറിയിപ്പു നൽകി. ഇനിയൊരു പത്തുമിനിറ്റ് കൂടി നിങ്ങൾ ഇവിടെ നിന്നാൽ തിരിച്ചുപോകാൻ പറ്റില്ല. ഞങ്ങളൊന്നു ചുറ്റും നോക്കി. ആ മൈതാനത്തിൽ ആരുമില്ല. മഞ്ഞുവീഴ്ച കനക്കുന്നു. മരത്തലപ്പുകളിൽമഴപെയ്യുന്നതുപോലെ ശബ്ദം. ശരിയാണ് മഞ്ഞ് കണങ്കാലോളമായാൽ ഇന്നോവ കയറ്റം കയറില്ല. ഫോണിന് റേഞ്ച് കിട്ടുന്നത് ചിലപ്പോൾ മാത്രം. 

അഭയ് ഇന്നോവ സ്റ്റാർട്ട് ചെയ്തു. കുറച്ചുദൂരം മുന്നോട്ടുവന്നു. പിന്നെ ചെളിയിലും മഞ്ഞിലും ഗ്രിപ്പ് കിട്ടാതെ ചക്രം കിടന്നു കറങ്ങുന്ന കാഴ്ചയാണു കാണുന്നത്. ആരെയൊക്കെയോ വിളിച്ചുപറഞ്ഞ്കെട്ടിവലിക്കുന്ന ഒരു ലോറി വരുത്തി. വലിച്ചിട്ടും ഇന്നോവ കയറുന്നില്ല. ആകെ സഹായത്തിനുണ്ടായിരുന്ന ഒരു വല്യപ്പൻ മഞ്ഞുവീഴ്ച കനത്തതോടെ ആ താഴ് വരയിലെ തന്റെ വീട്ടിലേക്കു കുടചൂടി നടന്നുപോയി.  അദ്ദഹം വരെ സുല്ലിട്ടു എന്നു സാരം.  

shimla-travel3-gif

കെട്ടിവലിക്കുന്ന വണ്ടി തിരികെപ്പോയി. ഇനി ഒന്നും നടക്കില്ല എന്ന മട്ട്. ഇരുപതുവർഷമായി വണ്ടിയോടിക്കുന്ന അഭയ് തന്റെ അവസാനത്തെ അടവു പുറത്തെടുത്തു. ബൂട്ട് തുറന്ന് ചങ്ങലകൾ പുറത്തെടുത്ത്ചക്രങ്ങളിൽ ചുറ്റി. ഇനി ഗ്രിപ്പ് കൂടും. നമുക്കു നോക്കാം.  അഭയിനൊപ്പം വണ്ടിയിൽ കയറിയിരുന്നു. ഇടതുവശത്ത് നല്ല താഴ്ചയിലാണ് ആ മൈതാനം. അഭയ് ഇതൊന്നും നോക്കാതെ ഇരപ്പിച്ച് ഇന്നൊവയെ മുന്നോട്ടെടുത്തു. ചങ്ങലയുടെ ഗ്രിപ്പിൽ, ആ കുതിപ്പോടെ വണ്ടി മുകളിലെത്തി. പിന്നെ സാധാരണ റോഡ്. ആ ചായക്കടയിലെത്തിയപ്പോൾ മഞ്ഞ് മഴവീഴുന്നതുപോലെ ഇടമുറിയാതായിരിക്കുന്നു. കുറച്ചുനേരം കൂടി അവിടെയിരുന്നാൽ പണി മഞ്ഞിൽ കിട്ടുമായിരുന്നു. 

ഇങ്ങോട്ടുവരുമ്പോൾ പച്ചപുതച്ചിരുന്ന മരത്തലപ്പുകളിൽ അരിപ്പൊടിതൂവിയതു പോലെ മഞ്ഞിന്റെ ആവരണം. റോഡിൽ ടയർപാടുകൾ മാത്രം കാണാം. പുൽനാമ്പുകൾപോലും മഞ്ഞിനുള്ളിൽ ഒളിച്ചിരിക്കുന്നു. ഏതോ ഹോളിവുഡ്സിനിമയുടെ ലൊക്കേഷനിൽ എത്തിയതുപോലെയുണ്ട്. ആ മൈതാനത്തിൽനിന്നു കയറാൻ കഷ്ടപ്പെട്ടെങ്കിലും ഈ മഞ്ഞിൻകാഴ്ച അവിസ്മരണീയമായിരുന്നു.  നേരത്തെ കണ്ട ദേവദാരുക്കളുടെ അടിവശത്തെല്ലാം മഞ്ഞുനിറഞ്ഞിട്ടുണ്ട്. സഞ്ചാരികൾ അതുവാരിയെറിഞ്ഞുല്ലസിക്കുന്നു.  സുരക്ഷിതസ്ഥലത്താണ് ഉല്ലാസം.

രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണു ഞങ്ങൾ.  അഭയ് ഇതുവരെ മിണ്ടിയിട്ടില്ല. ആദ്യമായിട്ടാണോ അങ്ങനെയൊരനുഭവം…? അറിയില്ല. പക്ഷേ, ആ പരിചയസമ്പന്നൻ പോലും പേടിച്ചിരിക്കുന്നു. കാളി എന്ന ഉഗ്രരൂപിണിയുടെ അവതാരമായ ശ്യാമളാദേവിയുടെ പേരിൽനിന്നാണല്ലോ ഷിംല എന്ന പേരുവന്നത്. അൽപം ഭീതിയൊക്കെയാകാം. അതാണു പ്രകൃതിയെ കളിയാക്കിയാലുള്ള ഫലം എന്നു സുഹൃത്തുക്കൾ കളിയാക്കിയപ്പോഴും പച്ചപുതച്ച ആ മൈതാനം മഞ്ഞുവീഴ്ത്തി ധവളമാക്കുന്നതിന്റെ മാന്ത്രികതയോർത്താണ് ഷിംലയിൽനിന്നു തിരിച്ചത്. 

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമാണു ഷിംല. ബ്രിട്ടിഷുകാർ നിർമിച്ച, ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ട കൽക്ക-ഷിംല റയിൽവേയിൽ കയറി സഞ്ചരിക്കാം. 806 പാലങ്ങളും 103 തുരങ്കളുമുള്ള ഈ പാതയിലൂടെയുള്ള സഞ്ചാരമാണ് ഷിംലയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. 

ഐസ് സ്കേറ്റിങ് നടത്താവുന്ന ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണു ഷിംല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com