ADVERTISEMENT

ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും വിജയിച്ചു അധികാരത്തിലേറിയപ്പോള്‍ ഒപ്പം വന്ന വാര്‍ത്തയായിരുന്നു മോദിയില്‍ പേരിലുള്ള മുസ്ലിം പള്ളികള്‍ എന്നത്. െബംഗളുരുവില്‍ മോദിയുടെ പേരില്‍ മൂന്ന് മുസ്ലീം ദേവാലയങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രചരണം. എന്നാല്‍ സത്യമതൊന്നുമല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ പള്ളികളുടെ വിശേഷങ്ങള്‍ നോക്കാം.

മോദിയുടെ പേരിലെ ദേവാലയം

തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് മോദിയുടെ പേരിലുള്ള പള്ളികള്‍ വാര്‍ത്തകളില്‍ വരുന്നത്. മോദിയുടെ വിജയത്തിനുശേഷമാണ് പള്ളികള്‍ക്ക് ഈ പേര് നല്‍കിയതെന്നായിരുന്നു മോദി ആരാധകര്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്. സത്യാവസ്ഥ അറിയാതെ നിരവധി പേര്‍ ചിത്രവും വാര്‍ത്തയും ഷെയര്‍ ചെയ്യുകയും ചെയ്തു. ഒടുവില്‍ സോഷ്യല്‍ മീഡിയ തന്നെ തെളിവുകള്‍ നിരത്തി ഈ വ്യാജ വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.

ഒറിജിനല്‍ മോദി മസ്ജിദ് 

യഥാര്‍ത്ഥത്തില്‍ മോദിയുടെ പേരില്‍ െബംഗളൂരു മസ്ജിദുകള്‍ ഉണ്ട്. എന്നാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. െബംഗളൂരുവില്‍ മൂന്ന് സ്ഥലങ്ങളില്‍ മോദി മസ്ജിദുകളുണ്ട്. ഇതില്‍ ടാസ്‌കര്‍ ടൗണിലുള്ള പള്ളിയുടെ ചിത്രമായിരുന്നു വ്യാജപ്രചരണത്തിനായി ഉപയോഗിച്ചത്. സത്യത്തില്‍ ഈ പള്ളിക്ക് ഏകദേശം 170 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പറയുന്നത്. ഇവിടെ ജീവിച്ചിരുന്ന മോദി അബ്ദുള്‍ ഗഫൂര്‍ എന്നു പേരായ ഒരു ധനികന്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. അങ്ങനെയാണ് ഈ പള്ളിയ്ക്ക് മോദിയെന്ന പേര് വീഴുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മറ്റ് രണ്ട് പള്ളികള്‍ കൂടി നിര്‍മിക്കുകയായിരുന്നു. താനേരി എന്ന പ്രദേശത്ത് ഒരു മോദി റോഡും കൂടിയുണ്ട്.

ഈ പള്ളി  അടുത്ത കാലത്ത് പുതുക്കി പണിതിരുന്നു. 2015 ല്‍ പള്ളിയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണതുകാരണം പുനര്‍നിര്‍മാണം നടത്തേണ്ടിവന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അടുപ്പിച്ചായിരുന്നു പള്ളി ഉദ്ഘാടനം ചെയ്തത് അങ്ങനെയാണ വാർത്തകളിൽ നിറഞ്ഞതും. പ്രശസ്തമായ ശിവാജി നഗറിന് സമീപമാണ് മോദി മസ്ജീദ് സ്ഥിതി ചെയ്യുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഈ മോദി പള്ളിയെത്തേടി നിരവധി സഞ്ചാരികൾ എത്തുന്നുമുണ്ട്. െബംഗളൂരുവിലെ മറ്റ് കാഴ്ചകൾക്കൊപ്പം മോദി പള്ളി സന്ദർശനവും ചേർക്കുന്നവർ ഒട്ടും കുറവല്ല.

എങ്ങനെ എത്താം 

െബംഗളൂരു മോദി മസ്ജദ് ടാസ്കർ ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ശിവാജി നഗറിന് സമീപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com