മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങിയ ശാലിൻ സോയ അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ്. ബാലതാരമായി സീരിയലിലേക്ക് കടന്നുവന്ന താരത്തിനെ അറിയാത്ത പ്രേക്ഷകരില്ല. ഇന്നു പല മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഇൗ മിടുക്കി. സംവിധാന രംഗത്തും ശാലിൻ കൈയ്യടി നേടി. പ്ലസ്ടു കഴിഞ്ഞ സമയത്ത് മൂന്നു ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളയാളാണ് ശാലിൻ. താരത്തിന് സോളോട്രിപ്പുകൾ ഒരുപാട് ഇഷ്ടമാണ്. യാത്രകളോട് പ്രണയം എന്നുതന്നെ പറയാം. അവതാരകയായും ഡാൻസറായും സംവിധായകയായും അഭിനേത്രിയായും വേഷമണിയുന്ന ശാലിൻ സോയയുടെ യാത്രാ വിശേഷങ്ങളറിയാം.

ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ശാലിനിഷ്ടം
''മറ്റൊന്നുമല്ല. അവരവരുടെ അഭിരുചിക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യുന്നതാണ് എനിക്ക് പ്രിയം. എവിടേക്ക് യാത്ര പോയാലും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും തീരുമാനിക്കാനും മറ്റൊരാളുടെ അനുവാദം ചോദിക്കേണ്ട കാര്യമില്ല. സ്വതന്ത്രമായി യാത്ര ചെയ്യാം അതാണ് ഇഷ്ടവും" ശാലിൻ പറയുന്നു. തിരക്കിൽ നിന്നും തിരക്കിന്റെ ലോകത്തിൽ സഞ്ചരിക്കുമ്പോഴും യാത്രക്ക് എങ്ങനെയും സമയം കണ്ടെത്തും. പ്ലാൻ ചെയ്യുന്ന യാത്രകളൊന്നും നടക്കാറില്ല. പ്രതീക്ഷിക്കാത്ത പല യാത്രകളുമാണ് അതിന്റെ പൂർണതയിൽ എത്തുന്നതെന്നും താരം പറയുന്നു.

മിക്കവര്‍ക്കും പ്രിയം വിദേശയാത്രകളാണ്. എന്നെ സംബന്ധിച്ച് ഇന്ത്യയെ അടുത്തറിയണം അതാണ് ലക്ഷ്യം. വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങൾ ഇന്ത്യയിലുണ്ട്. ആ സുന്ദരകാഴ്ചകളൊക്കെയും മാറ്റി നിർത്തിയാണ് മിക്കവരും വിദേശകാഴ്ചകൾ തേടിപോകുന്നത്. സംസ്കാരവും ചരിത്രവും സുന്ദരകാഴ്ചകളും നിറഞ്ഞ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയാണ് പ്രിയം. കണ്ടക്കാഴ്ചകളും സ്ഥലങ്ങളും വീണ്ടും കാണുന്നത് അത്ര ഇഷ്ടമല്ല. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും അറിവു നേടുന്നതുമാണ് എപ്പോഴും എനിക്കിഷ്ടം. എന്നിരുന്നാലും രാജസ്ഥാൻ എനിക്ക് മുഴുവനായും കണ്ടുതീർക്കാനാവാത്ത പോലെയാണ്. കണ്ട സ്ഥലങ്ങളിൽ പിന്നെയും പോകണമെന്ന് എനിക്ക് ആഗ്രഹമുള്ളത് പുഷ്കർ എന്ന സുന്ദരഭൂമിയാണ്. മൂന്നു വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലകള്‍, അതിന്റെ ഒരു വശത്ത് മനോഹരമായ തടാകം. ഇതൊക്കെയാണ് പുഷ്കർ. അവിടെയെത്തുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. അവിടെ എത്ര നേരം വേണെങ്കിലും ചെലവഴിക്കാനും ഞാൻ റെഡിയാണ്. അതുപോലെ തന്നെ വാരണാസിയും കറങ്ങണമെന്നുണ്ട്.

യാത്രകൾ പുസ്തകം പോലെയാണ് ഓരോ പുസ്തകങ്ങളും നൽകുന്ന വായനാനുഭവം വ്യത്യസ്തമാണ്. ഒരോ രാജ്യത്തിനും പലമുഖങ്ങളാണ്. സംസ്കാരം, ജീവിത രീതി, ഭക്ഷണം, ഭാഷ അങ്ങനെ നീളും. ജോലിയുടെ ഭാഗമായി ഒരുപാട് യാത്രകൾ ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. വിദേശവും സ്വദേശവുമൊക്ക കറങ്ങിയിട്ടുണ്ട്. എവിടേക്കുള്ള യാത്രയായാലും മൂന്നുനാലു ദിവസം താമസിച്ചുള്ള യാത്രയാണ് ഏറെ ഇഷ്ടം. പോകുന്ന സ്ഥലത്തിന്റെ സംസ്കാരവും രുചിഭേദങ്ങളും ആളുകളെയുമൊക്കെ അറിയാനും പഠിക്കാനും സാധിക്കണമെങ്കില്‍ കുറച്ചു ദിവസം അവിടെ താമസിക്കണം. കാഴ്ചകൾ മാത്രം ആസ്വദിച്ചുള്ള യാത്ര എനിക്കത്ര ഇഷ്ടമല്ല. പോകുന്ന സ്ഥലത്തെകുറിച്ച് പഠിക്കണം. കൂടാതെ ഇന്ത്യക്കകത്തുള്ള യാത്രയിൽ ഒാരോ നാട്ടിലെയും തനതു വിഭവങ്ങളുടെ രുചിയറിയാൻ എനിക്കിഷ്ടമാണ്. മിക്ക വിഭവങ്ങളും ഞാൻ രുചിക്കാറുണ്ട്.

ഉൾഗ്രാമത്തിലേക്കുള്ള യാത്ര
സാധാരണ സിറ്റിയിൽ ചുറ്റിയടിക്കുന്നതിനെക്കാളും എനിക്ക് പ്രിയം ഇന്ത്യക്കകത്തെ ഉൾഗ്രാമത്തിലേക്കുള്ള യാത്രയാണ്. സഞ്ചാരികളടക്കം കടന്നു ചെല്ലാത്ത ഒരുപാട് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ആധുനികസൗകര്യങ്ങൾ പോലുമില്ലാത്ത ചില പ്രദേശങ്ങൾ. എന്തിനു ഏറെ പറയണം പോലീസ് സ്റ്റേഷനില്ല, ബസ് സർവ്വീസില്ല അത്തരം ഇടങ്ങൾ. എന്റെ സുഹൃത്തിന്റെ സഹായത്തോടെ അങ്ങനെയൊരിടത്തേക്ക് ഞാൻ യാത്രപോയിരുന്നു. അജ്മീറിൽ നിന്നും ഉള്ളിലേക്ക് പോകുന്ന കോട്ടടി എന്ന ഉൾഗ്രാമം.

അവിടുത്തെ ആളുകളെയും കുട്ടികളെയുമൊക്കെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. അവർക്കുവേണ്ടി എന്നാലാവും വിധം എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി. അവിടെ മാർവാടി ഭാഷയാണ്. ഇംഗ്ലീഷ് ഒന്നും വശമില്ല. അവിടുത്തെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കുവാനും പഠിപ്പിച്ചു. മൂന്നുമാസം ഞാൻ ആ ഗ്രാമത്തിലുണ്ടായിരുന്നു. അവിടുത്തെ ഗ്രാമവാസികളുടെ വീടുകളിലൊക്കെയും പോയിരുന്നു. ആ ഗ്രാമത്തിലേക്കുള്ള എന്റെ യാത്രയും അനുഭവവും ഒരിക്കലും മറക്കാനാവില്ല. മടക്കയാത്രയിൽ അവരിൽ ഒരുകുട്ടി എനിക്കൊരു കുറിപ്പു തന്നു. അതു വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. വളരെ നന്ദിയുണ്ടെന്നും എനിക്കുമൊരു സ്വപ്നമുണ്ടെന്നുമായിരുന്നു ഇംഗ്ലീഷിൽ എഴുതിയിരുന്നത്.
ഹിമാലയം സോളോ ട്രിപ്പ്
മരണത്തോളം തണുപ്പുള്ള ഹിമാലയത്തിലേക്കുള്ള എന്റെ സോളോട്രിപ്പും രസകരമായിരുന്നു. ഡൽഹിയിൽ നിന്നും മണാലി വരെ ബസിലായിരുന്നു യാത്ര. ആ യാത്രയും നല്ലൊരു അനുഭവമായിരുന്നു സമ്മാനിച്ചത്. മഞ്ഞുമൂടിയ മരങ്ങളും മലനിരകളും. സ്വർഗം താണിറങ്ങി വന്നതോ എന്ന പാട്ടിന്റെ ഈരടികൾ ഓർമയിലേക്ക് കൊണ്ടുവരും മണാലിയിലെ ഓരോ കാഴ്ചകളും കസോളിലെ കാഴ്ചകളും പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മനോഹരം.

കസോളിൽ നിന്നു ട്രെക്ക് ചെയ്യാൻ പറ്റിയ മറ്റൊരു സ്ഥലമാണ് തോഷ്. പാർവതി താഴ്‌വരയിൽ തന്നെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രെക്കുചെയ്ത് മുകളിൽ എത്തുന്നവർക്ക് ക്യാമ്പ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ഞാൻ തോഷില്‍ ടെന്റിലായിരുന്നു താമസിച്ചത്. പിന്നെ കൾഗയും പുൾഗയുമൊക്കെ സന്ദര്‍ശിച്ചായിരുന്നു മടക്കം. തണുപ്പിന്റെ കാഠിന്യം കൂടിയതോടെ വേഗം മടക്കയാത്രക്കൊരുങ്ങേണ്ടി വന്നു.

യാത്രകൾ കുറേ ഞാൻ പോയിട്ടുണ്ട്. മിക്കതും ഒറ്റയ്ക്കുള്ള യാത്രകളാണ്. ഫാമിലി ട്രിപ്പും പോകാറുണ്ട്. സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ലണ്ടനിൽ പോയിട്ടുണ്ട്. എന്നോടൊപ്പം അമ്മയും ഉണ്ടായിരുന്നു. ഇന്ത്യയിൽ ഒട്ടുമിക്കയിടത്തേക്കും യാത്രതിരിക്കുമ്പോഴും എന്റെ നാട്ടിലെ കാഴ്ചകൾ ആസ്വദിക്കുവാൻ മറന്നുവോ എന്ന് ചിന്തിക്കാറുണ്ടായിരുന്നു. എന്റെയുള്ളിലൊരു ആഗ്രഹമുണ്ടായിരുന്നു, ഭാരതപ്പുഴയിൽ ഒന്നു കുളിക്കണമെന്ന്.
അതും സാധ്യമായി. ഒരിക്കൽ യാത്രക്കഴിഞ്ഞുള്ള വരവിൽ ഭാരതപ്പുഴയിൽ ഇറങ്ങി നല്ലൊരു കുളി പാസാക്കി. മാറാൻ മറ്റൊരു ഡ്രെസ് ഇല്ലായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. നനഞ്ഞ വേഷത്തിൽ നേരെ വീട്ടിലേക്കുള്ള യാത്രയ്ക്കായി ട്രെയിനിൽ കയറി. മനസ്സിലെ ആഗ്രഹത്തെ നടത്തിയെടുത്ത സന്തോഷമായിരുന്നു. ഉള്ളു നിറഞ്ഞു, അത്രക്കും സന്തോഷമായി. എനിക്ക് പുഴകളും നദികളുമുള്ള ഗ്രാമപ്രദേശങ്ങളോടാണ് ഏറെ പ്രിയം. കേരളത്തിൽ വയനാടും മൂന്നാറുമൊക്കെ പോയിട്ടുണ്ട്.
ലക്ഷ്വറിയാത്രയിൽ എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമുണ്ട്. സിനിമകളിലൂടെ കണ്ട് എന്റെ മനസ്സിൽ പതിഞ്ഞ നാട്, എന്റെ ഡ്രീം ഡെസ്റ്റിനേഷൻ. സ്പെയിൻ! അവിടേക്ക് യാത്ര പോകണമെന്നുണ്ട്.

യാത്രയുടെ ഒാർമക്കായി
ഓരോ യാത്രയുടെയും മടക്കത്തിൽ ഞാൻ അന്നാട്ടിലെ ഒാർമക്കായി ചരിത്രപ്രാധാന്യമുള്ള എന്തെങ്കിലും വാങ്ങാറുണ്ട്. അങ്ങനെ വാങ്ങികൂട്ടിയ സാധനങ്ങളുടെ വലിയ ശേഖരണവുമുണ്ട്. എന്റെ ഇഷ്ടം അറിയാവുന്ന സുഹൃത്തുക്കൾ അവരും യാത്രപോകുമ്പോൾ അവിടുത്തെ സാധനങ്ങള്‍ എനിക്കായി വാങ്ങാറുണ്ട്. ഒട്ടേറെ സാധനങ്ങൾ എന്റെ ശേഖരണത്തിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അവ ഒാരോന്നും കാണുമ്പോൾ ആ നാടിനെയും സംസ്കാരത്തെയും ആ സമ്മാനം നൽകിയ സുഹൃത്തുക്കളെയും ജീവിതത്തിൽ മറക്കാനാവില്ല.