sections
MORE

മനുഷ്യന്‍ മനുഷ്യന് വിലക്കേര്‍പ്പെടുത്തിയ നിഗൂഢവും വിചിത്രവുമായ ദ്വീപ്

sentinel--island
SHARE

യാത്ര ഏതൊരു മനുഷ്യന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നൊരു വികാരം തന്നെയാണ്. ഒരു ചെറുയാത്രയെങ്കിലും ചെയ്ത് മനസ്സിനെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണല്ലോ നമ്മളൊക്കെ. കാണാത്ത അറിയാത്ത ഇടങ്ങളെ തേടിപ്പോകാനാണ് സാഹസീകരായ സഞ്ചാരികള്‍ക്ക് ഇഷ്ടം. എന്തൊക്കെയാണെങ്കിലും ചില സ്ഥലങ്ങള്‍ നമുക്ക് അപ്രാപ്യം തന്നെയാണ്. അങ്ങനെയൊരു ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. മനുഷ്യരാശിയ്ക്ക് കീഴടക്കാന്‍ പറ്റാത്ത ചുരുക്കം കാര്യങ്ങളില്‍ ഒന്ന് എന്നുവേണമെങ്കില്‍ ഈ നാടിനെ വിശേഷിപ്പിക്കാം. അത്രയ്ക്കും നിഗൂഡത നിറഞ്ഞ ഒരിടമാണ് ഇത്. എടുത്തുപറയേണ്ട വസ്തുത മനുഷ്യര്‍ക്കു മനുഷ്യര്‍ തന്നെ പ്രവേശനം അനുവദിക്കാത്ത സ്ഥലമാണിത്. 

പുറംലോകത്തിന് അന്യമായ സെന്റിനല്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്  നോര്‍ത്ത് സെന്റിനല്‍ എന്ന ഈ നീഗൂഡ ദ്വീപ്. ആന്‍ഡമാന്‍ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴില്‍ വരുന്ന ഈ ദ്വീപില്‍ പുറമേ നിന്നും ആര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. പുറമേ നിന്ന് എന്നുപറയുമ്പോള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല, ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പോലും ഇവിടെ പ്രവേശിക്കാനാവില്ല. എന്തിന് ഇന്ത്യയുടെ അധീനതയിലായിരുന്നിട്ടും ഒരു ഇന്ത്യക്കാരന്‍പോലും ഇവിടെ പോയിട്ടില്ല. ഇനി പോയിട്ടുള്ളവരോ, ആരും തന്നെ ജീവനോടെ തിരിച്ചും വന്നിട്ടില്ല.അവിടേയ്ക്ക് ചെല്ലുന്നവരെയെല്ലാം തങ്ങളുടെ ഏഴയലത്തുപോലും ഇവര്‍ അടുപ്പിക്കില്ല. വിഷം പുരട്ടിയ അമ്പുകളെയ്ത് ഇവര്‍ ആളുകളെ അവിടെ നിന്നും തുരത്തും. 

ആന്‍ഡമാനിലെ തദ്ദേശീയരായ ഓംഗേ വംശജരാണ് ഇവിടെ താമസിക്കുന്നവര്‍. ഇവര്‍ ഏകദേശം അറുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സില്‍ക്ക് റൂട്ട് വഴി ആഫ്രിക്കയില്‍ നിന്നും ഇവിടെ വന്നവരുടൈ പിന്‍ഗാമികളാണെന്നാണ് വിശ്വാസം. എണ്ണത്തില്‍ വളരെ കുറവായ ഇവരെ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ ഗവണ്‍മെന്റ് ഇവിടേയ്ക്കുള്ള സന്ദര്‍ശനം നിയമാനുസ്രതമായി നിരോധിചിരിക്കുകയാണ്. 

പ്രകൃതിയുടെ അഭേദ്യമായ സൗന്ദര്യം

കാര്യമിതൊക്കെയാണെങ്കിലും വിനോദ സഞ്ചാര ഭൂപടത്തിലെ ഏറ്റവും സുന്ദരവും  പ്രകൃതിഭംഗിയുടെ കാര്യത്തില്‍ ആന്‍ഡമാനിലെ എന്നല്ല ലോകത്തിലെ തന്നെ മിക്ക സ്ഥലങ്ങളെയും മാറ്റി നിര്‍ത്തുന്നതുമായ സൗന്ദര്യമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിനുള്ളത്. വെള്ള നിറത്തിലുള്ള കടലാല്‍ ചുറ്റപ്പെട്ട ഈ ദ്വീപില്‍ സ്വാഭാവിക തുറമുഖങ്ങള്‍ ഒന്നും തന്നെയില്ല. ചുറ്റും പവിഴപുറ്റുകളുള്ളതിനാല്‍ ബോട്ടുകള്‍ക്കോ കപ്പലുകള്‍ക്കോ ഈ ദ്വീപിലേക്ക് അടുക്കാന്‍ പ്രയാസമാണ്. മനോഹരമായ ബീച്ചുകളും ,ഇടതൂര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഹരിതഭംഗി വിളിച്ചോതുന്ന കാടുകളും ഈ ദ്വീപിനെ സുന്ദരിയാക്കുന്നു. കന്യകാവനങ്ങളുടെ ഒരു നിര ഇവിടെ കാണാന്‍ സാധിക്കും. 

എന്നാല്‍ ദ്വീപിനകത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ ഇവിടുത്തെ ആളുകള്‍ ജീവിക്കുന്നു എന്നതിനേക്കുറിച്ചോ പുറംലോകത്തിന് ഒരു പിടിയുമില്ല. വേട്ടയാടലും മീന്‍പിടുത്തവുമാണ് ഇവരുടെ പ്രധാന തൊഴില്‍. കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെല്‍ ദ്വീപ് നിവാസികളുടെ ജീവിതം. ശിലായുഗ മനുഷ്യരായാണ് ഇവര്‍ അറിയപ്പെടുന്നത് തന്നെ. തീയുടെ ഉപയോഗം ഇവര്‍ക്കിന്നും അന്യമാണ്.  ഇവരുടെ ഭാഷ, ജീവിത രീതി തുടങ്ങിയവ ഇപ്പോഴും ഏറെക്കുറെ ലോകത്തിന് അജ്ഞാതമായി തുടരുന്നു. 

കണക്കുകള്‍ പ്രകാരം 200 ല്‍ താഴെ മാത്രമാണ് സെന്റിനാലുകള്‍ ഉളളതെന്നാണ് പറയുന്നതെങ്കിലും ലഭ്യമായ ചിത്രങ്ങള്‍ ഒക്കെ നോക്കിയാല്‍ 15-20 കൂടുതല്‍ പേര്‍ ഇല്ലത്രേ. 2006 ലെ സുനാമിയില്‍ ഇവര്‍ നാമാവശേഷമായെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഇവര്‍ അതില്‍ നിന്നുമൊക്കെ രക്ഷപ്പെട്ടു.

പൊതുവെ നഗ്നരാണ് ഇവര്‍. സ്ത്രീകള്‍ നാരുകള്‍ കൊണ്ടുള്ള ചരടുകള്‍ അരയിലും തലയിലും കഴുത്തിലും ചുറ്റാറുണ്ട്. പുരുഷന്മാര്‍ മാലകളും തലയില്‍കെട്ടുകളും ധരിക്കാറുണ്ട്. ചിലര്‍ മുഖത്ത് ചായവും പൂശും. അമ്പും വില്ലും കുന്തവും ഇവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാല്‍ ഇവര്‍ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് സാധാരണമാണ്. 

 ഒരിക്കല്‍ വഴിതെറ്റി ഇവിടെത്തിപ്പെട്ട രണ്ട് മീന്‍പിടുത്തക്കാരെ സെന്റിനാലുകള്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.  കഴിഞ്ഞ വര്‍ഷം ദ്വീപിന്റെ ചില ഭാഗങ്ങളിലെ നിരോധനം ഇന്ത്യന്‍ ഗവണ്‍മെന്റ് നീക്കിയിരുന്നു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇത്തരമൊരു നിലപാട് സര്‍ക്കാര്‍ കൈകൊണ്ടതെങ്കിലും ഇവിടെയെത്തുന്നവര്‍ എത്രത്തോളം സുരക്ഷിതരാണെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA