sections
MORE

തീർച്ചയായും കണ്ടിരിക്കണം ഇൗ പത്ത് ബീച്ചുകൾ

484086752
SHARE

എടുത്തുവെക്കുന്ന ഓരോ കാലടികളെയും തങ്ങളിലേക്കാവാഹിക്കുന്ന മണൽപുറങ്ങളും സൂര്യന്റെ കിരണങ്ങളേറ്റു തിളങ്ങുന്ന കടലോളങ്ങളും ഉദയാസ്തമയങ്ങളിലെ അർക്കശോഭയുമാണ് ഓരോ ബീച്ചുകളുടെയും സൗന്ദര്യം. കടലുകണ്ട്...ആ തീരത്തിരിക്കാൻ...ആ തിരകളിലൊന്നു നനയാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കടലുകളും ഭംഗിയേറിയ ബീച്ചുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. ഇന്ത്യയിലെ  പത്ത് അതിമനോഹരങ്ങളായ ബീച്ചുകളിലെ ഉദയാസ്തമയ സൗന്ദര്യം കാണാനുള്ളതാണ് ഈ യാത്ര.

വർക്കല

കേരളത്തിൽ തിരുവന്തപുരത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ബീച്ചാണ് വർക്കല. ധാരാളം സഞ്ചാരികളെത്തുന്ന കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തസുന്ദരമാണിവിടം. വെള്ളമണൽ വിരിച്ച  കടലോരവും നീണ്ട ചെങ്കൽ കുന്നുകളുമെല്ലാം ബീച്ചിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.

182721585

സഞ്ചാരികൾക്കു നടക്കാനുള്ള നീണ്ട നടപ്പാതയിലൂടെ കടൽകാറ്റേറ്റു ഏറെ ദൂരം നടക്കാവുന്നതാണ്. കുന്നിനുമുകളിൽ നിന്നും പുലരികളിൽ ഉദയസൂര്യന്റെയും സന്ധ്യകളിൽ അസ്തമയസൂര്യന്റെയും മനോഹരദൃശ്യങ്ങൾക്കു സാക്ഷിയാകാം. യോഗയും ആയുർവേദ ചികിത്സയും ഒപ്പം മികച്ച വിശ്രമസൗകര്യങ്ങളുമെല്ലാം ബീച്ചിനോട് ചേർന്ന് അവിടെയെത്തുന്ന യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്.

ഗോകർണം

കർണാടകയിലെ വളരെ ചെറിയൊരു പട്ടണമാണ് ഗോകർണം.  പുണ്യഭൂമികൂടിയാണിവിടം. ഇന്ത്യയിലെ നാല് പ്രധാന പുരാതന ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ് ഇവിടുത്തെ ഗോകർണം ബീച്ച്.

gokarna-beach-3

സ്വര്‍ണവര്‍ണ മണൽപായവിരിച്ച ഈ കടൽക്കരയിൽ വളരെ സാഹസികമായ പാരാസെയ്‌ലിംഗ്, സ്‌നോർക്കിലിങ് പോലുള്ള വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ ബീച്ചും ഇതിനോട് ചേർന്നുള്ള പ്രകൃതിയും അതിസുന്ദരിയായതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികളും നിരവധിയാണ്.

പാലോലം

തെങ്ങുകൾ നിറഞ്ഞ ഒരു കാടുപോലെയാണ് ഈ ബീച്ചിന്റെ തീരം. തെക്കൻ ഗോവയിലാണിത് സ്ഥിതി ചെയ്യുന്നത്. ബീച്ച് ടൂറിസത്തിനു പേരുകേട്ട ഗോവയിലെ അതിമനോഹരമെന്നു വിശേഷിപ്പിക്കാവുന്ന ബീച്ചാണ് പാലോലം. വർഷാവർഷം ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. പാലോലം ബീച്ചിനു ഇപ്പോൾ അത്രമേൽ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നതിനുള്ള തെളിവാണിത്. സൗന്ദര്യം നിറഞ്ഞ പ്രകൃതിയും ശാന്തമായ പരിസരങ്ങളും നിരവധി യാത്രികരെ അങ്ങോട്ടേക്കു ആകർഷിക്കുന്നുണ്ട്.

ടർകാർലി

tarkarli-beach1

മഹാരാഷ്ട്രയിലെ അതിപ്രശസ്തമായ ബീച്ചാണ് ടർകാർലി. പഞ്ചസാര നിറത്തെ തോൽപ്പിക്കുന്ന വെള്ളമണലാണ് ഇവിടുത്തെ സൗന്ദര്യം വർധിപ്പിക്കുന്നത്. പവിഴപ്പുറ്റുകൾ കാണാനുള്ള സൗകര്യങ്ങൾ ലഭിക്കുമെന്നതും സഞ്ചാരികളെ  ടർകാർലിയിലേക്ക് ആകര്ഷിക്കുന്നതിനുള്ള പ്രധാനകാരണമാണ്. വികസനത്തിന്റെ വിളികൾ വലിയതോതിൽ അങ്ങോട്ട് എത്തിനോക്കാത്തതു കൊണ്ട് തന്നെ തിരക്ക് വളരെ കുറവാണ്. വലിയ ഹോട്ടൽ സമുച്ചയങ്ങളൊന്നും ഈ പരിസരങ്ങളിൽ ഇല്ലാത്തതുകൊണ്ടുതന്നെ ഹോം സ്റ്റേ കളാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്കു താമസിക്കാൻ ആശ്രയം.

അഗോണ്ട

agonda-beach2

കടലാമയുടെ വിഹാരകേന്ദ്രമാണ് തെക്കൻ ഗോവയിലെ അഗോണ്ട ബീച്ച്. തീരങ്ങളിൽ നിർമിച്ചിട്ടുള്ള ബീച്ച് ഹട്ടുകളിലിരുന്നു കടൽത്തിരകളുടെ ശബ്ദത്തിലലിഞ്ഞു കടലാസ്വദിക്കാൻ പറ്റിയയിടമാണ് ഈ ബീച്ച്. ഷാക്കുകളും ചെറിയ കടകളും മാത്രമുള്ള ഇവിടെ കടലിൽ കുളിക്കുക, കഴിക്കുക, കുടിക്കുക, നീന്തുക  എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനില്ല.

ആരാംബോൽ

Arambol_Beach4

ഗോവയുടെ വടക്കൻ തീരങ്ങളിലുള്ള ഈ സുന്ദരമായ ബീച്ച് സംഗീതജ്ഞരുടെയും ഹിപ്പികളുടെയും സ്വന്തമാണ്. ആരാംബോൽ വളരെ ചെറിയൊരു മുക്കുവ ഗ്രാമമാണ്. ഇവിടെയെത്തുന്ന സഞ്ചാരികളിലധികവും ഇവിടെ ദീർഘകാലം ചെലവഴിക്കുന്നവരാണ്. മെഡിറ്റേഷനും യോഗയും തായ് ചിയും റെയ്‌കിയുമെല്ലാം സഞ്ചാരികൾക്കായി ഈ ബീച്ചിന്റെ പരിസരങ്ങളിൽ  ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ രാത്രികൾ ആഘോഷത്തിൻറെയാണ്. ബീച്ചിൽ സംഗീതം നിറയുന്നത് രാത്രികളുടെ മനോഹാരിതയിലാണ്.

ആഷ്വെം ,മാന്ദ്രം മൊറിജിം

വടക്കൻ ഗോവയിലെ ഒരേ കടൽത്തീരനിരയിൽ തന്നെയുള്ള ബീച്ചുകളാണിവ. ഈയടുത്തക്കാലത്തു സഞ്ചാരികൾ ഏറെയെത്തിയ ഗോവൻ തീരങ്ങളാണിത്. മദ്യഷോപ്പുകളും ഹോട്ടലുകളും റെസ്ററൗറന്റുകളും ബീച്ച് ഹട്ടുകളും ആധുനികരീതിയിൽ നിർമിച്ചിട്ടുള്ള റിസോർട്ടുകളുമെല്ലാം ഈ ബീച്ചിനോട് ചേർന്ന് കാണാവുന്നതാണ്. യോഗ കേന്ദ്രങ്ങളും ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച് ഹട്ടുകളും ഗോവയിലെ ഏറ്റവും നല്ലതെന്നു പേരുകേട്ട 'സൺസെറ്റ് ആശ്രം' എന്ന ബാറുമെല്ലാം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ബാഗ

Baga-Beach7

വടക്കൻ ഗോവയിൽ തന്നെയുള്ള ബീച്ചാണ് ബാഗ. നിരവധി യാത്രികരെത്തുന്ന തിരക്കേറിയ കടൽത്തീരങ്ങളിലൊന്നാണിത്. ജലവിനോദങ്ങളും പാരാസെയ്‌ലിംഗും ഡോൾഫിൻ സൈറ്റ് സീയിങ് യാത്രകളും ബീച്ച് ഷാക്കുകളും ബാറുകളും ക്ലബുകളും റെസ്ററൗറന്റുകളുമെല്ലാം നിറഞ്ഞ എപ്പോഴും സജീവമായ ഗോവൻ ബീച്ച്. വിദേശ യാത്രികർ കൂടുതലായെത്തുന്ന ബീച്ചുകളിലൊന്നാണിത്. ആധുനിക ഗോവയുടെ എല്ലാ മാനറിസങ്ങളും ഈ ഗോവൻ ബീച്ചുകളിൽ നിന്നും തൊട്ടറിയാം.

കോവളം

കേരളത്തിലെ ബീച്ചുകളിൽ ഏറ്റവും വികസിതമെന്നു വിശേഷിപ്പിക്കാവുന്ന ബീച്ചാണ് കോവളം. തിരുവനന്തപുരം ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. കോവളം ബീച്ചിലെ ലൈറ്റ് ഹൗസ് ഇവിടെയെത്തുന്ന സഞ്ചാരികൾക്കു കൗതുകമുണർത്തുന്ന കാഴ്ചയാണ്.

kovalam

ലൈറ്റ്ഹൗസിനു മുകളിൽ നിന്നുമുള്ള ബീച്ചിന്റെ കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്, പ്രത്യേകിച്ച് ഉദയാസ്തമയങ്ങൾ. ധാരാളം സഞ്ചാരികളെത്തുന്ന വളരെ തിരക്കേറിയ ബീച്ചാണ് കോവളം. ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ സർഫിങ് നടത്താൻ കഴിയുന്ന ബീച്ചാണിത്.

രാധാനഗർ

947999004

ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി ടൈം മാഗസിൻ തെരഞ്ഞെടുത്ത ബീച്ചാണ് രാധാനഗർ. ആൻഡമാനിലെ ഹാവ്ലോക്ക് ദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ നിന്നും ചിതറിത്തെറിച്ച ഒരു ചെറുകരയാണ് ഹാവ്ലോക്ക്. ശാന്തവും വെള്ളമണൽ വിരിച്ച കടൽ തീരവും മനോഹരമായ പ്രകൃതിയുമെല്ലാം രാധാനഗർ ബീച്ചിനെ അതിസുന്ദരിയാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA