sections
MORE

ചെലവ്‍ കുറച്ച് ഹണിമൂൺ യാത്ര പോകാം

1147981389
SHARE

വിവാഹം കഴിഞ്ഞാൽ പിന്നെ അടുത്ത പടി എവിടെയാണ് ഒന്നിച്ചൊരു യാത്ര പോകേണ്ടത് എന്നാണല്ലോ! കേരളത്തിന്റെ ഒരതിരിൽ തുടങ്ങി ആ ലിസ്റ്റ് ചിലപ്പോൾ ഇന്ത്യയ്ക്ക് പുറത്തേയ്ക്കും പോയേക്കാം, പക്ഷെ അവിടെയൊക്കെ ലഭിക്കുന്ന കാഴ്ചകൾ, സൗകര്യങ്ങൾ എന്നിവയൊക്കെ ആലോചിച്ച് തല പുണ്ണാക്കുകയും കൃത്യമായ തീരുമാനത്തിൽ ഏതാണ് പറ്റാതെ സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്യും . പക്ഷെ ഹണി മൂൺ യാത്രകൾ പോകുമ്പോൾ ഒരുപക്ഷെ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് പ്രകൃതി മനോഹരമായ കുറച്ചു ദിവസം സ്വകാര്യത ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങളാണ്. ഇതാ കേരളത്തിലും ഇന്ത്യയിലുമുണ്ട്. ചെലവ് കുറച്ച് യാത്രപോകാവുന്ന  ഇന്ത്യയിലെയും കേരളത്തിലെയും ചില ഇടങ്ങൾ അറിയാം.

മൂന്നാർ

കേരളത്തിൽ നിന്നും ഹണിമൂൺ യാത്രയ്ക്കായി പോകുമ്പോൾ ആദ്യം അത്തരത്തിൽ മനസ്സിൽ വരുന്ന സ്ഥലങ്ങളിലൊന്ന് മൂന്നാർ തന്നെയാണ്. തദ്ദേശീയവും വിദേശീയരുമായ സഞ്ചാരികളാൽ സമൃദ്ധമാണ് മൂന്നാർ. അതുകൊണ്ടു തന്നെ ഇവിടുത്തെ ജനങ്ങളുടെ ആതിഥേയ സ്വഭാവവും അത്ര മോശമല്ല . പ്രത്യേകിച്ച് സ്വകാര്യതയ്ക്ക് ഭംഗം വരാതെ മഞ്ഞും ഇടയ്ക്കു പെയ്യുന്ന ചാറ്റൽ മഴയും പ്രകൃതി സുന്ദരമായ കാഴ്ചകളും നിറമുള്ള പൂക്കളും ആസ്വദിക്കുകയും ചെയ്യാം . മൂന്നു നദികളുടെ സംഗമസ്ഥാനം ആയതുകൊണ്ടാണ് ഈ സ്ഥലത്തിന് മൂന്നാർ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.

Munnar Tea Estate

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന തേയില തോട്ടങ്ങൾക്കിടയിൽ വച്ച് ചിത്രങ്ങൾ എടുക്കാനും സാധാരണ നാട്ടിലെങ്ങും കാണാത്ത അത്ര നിറമുള്ള പൂക്കൾ പ്രിയപ്പെട്ടവൾക്ക് സമ്മാനമായി നൽകാനും മൂന്നാർ അവസരമൊരുക്കും. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിലെ മറ്റൊരു മനോഹര കാഴ്ചയാണ്. ഭാഗ്യമുള്ളവർക്ക് നീലക്കുറിഞ്ഞിയുടെ സമൃദ്ധി ഹണിമൂൺ ദിനങ്ങളിലെ ഊർജ്ജത്തെ വർദ്ധിപ്പിക്കാനും സഹായിക്കും. ബോട്ടിങ്, ബൊട്ടാണിക്കൽ ഗാർഡൻ, ഹിൽ സ്റ്റേഷനിലെ മഞ്ഞു കാഴ്ചകൾ, നല്ല നാടൻ രുചിയുള്ള ചോക്കലേറ്റ് എന്നിവ ഈ സമയത്തു ആസ്വദിക്കാം. നവംബർ മുതൽ ജനുവരി വരെയുള്ള മാസമാണ് മൂന്നാർ പോകാൻ ഏറ്റവും നല്ലത്.

ഹൗസ് ബോട്ട്

കേരളത്തിൽ എവിടെയെങ്കിലും യാത്ര പോകുമ്പോൾ ഭാര്യയും ഭർത്താവും ആണെങ്കിൽ പോലും തുറിച്ചു നോട്ടങ്ങളുണ്ട് എന്ന് പരാതി പെടുന്നവർക്ക് പോകാൻ പറ്റിയ ഏറ്റവും മികച്ച ട്രാവൽ പാക്കേജ് ഹൗസ് ബോട്ടുകളാണ്. മുന്നിലും പിന്നിലുമൊക്കെ നീണ്ടു പരന്നു കിടക്കുന്ന കായലിൽ കൂടിയുള്ള സവാരി ഹണിമൂൺ സമയത്ത് ഏറ്റവും മനോഹരമായിരിക്കും. കേരളത്തിൽ ആലപ്പുഴയിലും കുമരകത്തും ഇത്തരത്തിൽ ഹൗസ് ബോട്ട് സർവ്വീസുകൾ ലഭ്യമാണ്.

kumarakom-house-boat

രുചികരമായ ഭക്ഷണം, മനോഹരമായ കിടപ്പറ, സംസാരിക്കാൻ ചെറിയ തുറന്ന ഇടങ്ങൾ, പുറത്തേക്ക് നോക്കുമ്പോൾ തണുത്ത കാറ്റും കായലിന്റെ ഓളങ്ങളുടെ ഇളക്കവും. ഒരുപക്ഷെ നവ ദമ്പതികളിൽ പലരും ഇന്ന് ഹണി മൂൺ പാക്കേജിന്റെ ഭാഗമായി ഇത്തരം ഹൗസ് ബോട്ടുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നുമുണ്ട്. പ്രത്യേകിച്ച് ഒരു സീസൺ ഹൗസ് ബോട്ടുകൾക്ക് നോക്കേണ്ടതില്ല എന്നത് എക്കാലത്തും ഇതിനെ പ്രിയമുള്ളതാക്കി തീർക്കുകയും ചെയ്യുന്നു. ഒരുപാട് പേർക്ക് ഒന്നിച്ചു പോകാൻ കഴിയുന്ന ഹൗസ് ബോട്ടുകളും ഹണി മൂൺ പാക്കേജിന് മാത്രമായ ചെറിയ സർവീസുകളുമുണ്ട്. അതിൽ സൗകര്യമുള്ളത് തിരഞ്ഞെടുക്കാം

വയനാട്

Rainforest-wayanad

കാടും പച്ചപ്പും ഒക്കെ ഇഷ്ടമുള്ളവരാണെങ്കിൽ ഹണി മൂൺ യാത്ര നേരെ വയനാട്ടിലേയ്ക്കാകാം. കോടമഞ്ഞിറങ്ങി വരുന്ന വഴികളിലൂടെ പ്രശസ്തമായ താമരശ്ശേരി ചുരത്തിലൂടെ ഹെയർ പിൻ വളവുകൾ കയറുമ്പോൾ തന്നെ ഇടയ്ക്ക് വണ്ടി നിർത്തി ആസ്വദിക്കാൻ പറ്റിയ കാഴ്ചകൾ വയനാട്ടിൽ തുടങ്ങുന്നുണ്ട്. മൂന്നാർ എന്ന ഇടം മഞ്ഞും തണുപ്പും ആസ്വദിക്കാൻ ഉള്ള ഇടം മാത്രമാണെങ്കിൽ വയനാട് കാഴ്ചയ്ക്ക് കുറച്ചു കൂടി പ്രാധാന്യം നൽകുന്നുണ്ട്. പൂക്കോട് തടാകം, എടക്കൽ ഗുഹ, തിരുനെല്ലി ക്ഷേത്രം, മീൻമുട്ടി വെള്ളച്ചാട്ടം, തുടങ്ങി മുത്തങ്ങ വനവും യാത്രയിൽ ഉൾപ്പെടുത്താം.

Wayanad News

കാടിന്റെ മധ്യത്തിലൂടെ കാറ്റ് മൃഗങ്ങളെയും കണ്ടു കാടിന്റ കൗതുകങ്ങൾ കണ്ടുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ദമ്പതികളെങ്കിൽ ഹണി മൂൺ യാത്രയിൽ ഏറ്റവും വലിയ ആസ്വാദ്യത മുത്തങ്ങ കാടുകൾ തന്നെയാകും. ജീപ്പുകളിലാണ് കാടിനുള്ളിലേക്ക് പ്രവേശനം. സീസൺ കാലം നോക്കി വയനാട് പോകുന്നതാണ് ഏറ്റവും നല്ലത്. ധാരാളം ഹോം സ്റ്റേകളും റിസോർട്ടുകളും ഇവിടെ സഞ്ചരികളെ കാത്തിരിക്കുന്നു. മാത്രമല്ല പല ഏജൻസികളും ഹണി മൂൺ പാക്കേജുകളും നൽകുന്നുണ്ട്.

ഗോവ

കേരളത്തിന് പുറത്ത് ഹണിമൂൺ യാത്ര പോകണമെങ്കിൽ ആദ്യം സ്വാഭാവികമായും അന്വേഷിക്കുക ഗോവ എങ്ങനെയുണ്ടെന്നും അവിടുത്തെ സുരക്ഷിതമായ ഇടങ്ങളെ കുറിച്ചുമാകും. പൊതുവെ ഗോവ എന്ന പേര് കേൾക്കുമ്പോൾ ഭീതിപ്പെടുത്തുന്ന ഒരു ആഘോഷ അവസ്ഥ ഉണ്ടാകുമെന്ന തോന്നൽ പൊതുവെ എല്ലാവർക്കുമുണ്ടാകാം. പക്ഷെ വളരെ സുരക്ഷിതമായ ഒരു ഇടം കൂടിയാണ് ഗോവ. പ്രത്യേകിച്ച് ഹണിമൂൺ യാത്രകൾക്ക്. വൃത്തിയും വെടിപ്പുമുള്ള മനോഹരമായ ബീച്ചുകൾ തന്നെയാണ് ഗോവയിലെ മുഖ്യ ആകർഷണം. ബാങ്കോക്ക് പോലെ രാജ്യാന്തര പ്രസക്തിയുള്ള ടൂറിസം വിഭാഗത്തിൽ തന്നെയാണ് ഗോവയും ഉൾപ്പെടുന്നത് എന്ന് കേൾക്കുമ്പോൾ തന്നെ ഈ ഇന്ത്യൻ ബീച്ചിന്റെ സ്വഭാവം ഊഹിക്കാമല്ലോ.

181691319

മെഡിറ്ററേനിയൻ, കോണ്ടിനെന്റൽ ഡിഷുകൾ ഇവിടെ ലഭിക്കും. കണ്ടോലിം ബീച്ച്, കാളഗുഡെ ബീച്ച്, ബാഗ ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രസ്തമായ ബീച്ചുകൾ. ഏതാണ്ട് ഉച്ച കഴിയുമ്പോഴേക്കും ഇവിടെ ആള് നിറഞ്ഞു തുടങ്ങും. ഒരുപാട് ആഘോഷങ്ങൾ ഹണിമൂൺ സമയത്തു ആഗ്രഹിക്കുന്നില്ലെങ്കിൽ തെക്കൻ ഗോവയിലേക്ക് പോകാം. പ്രശാന്ത സുന്ദരമായ ഇടമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. മാത്രമല്ല നിരവധി ആഡംബര താമസ സൗകര്യവും ഇവിടെ ലഭ്യമാണ്. രാത്രികളിലും ഉണർന്നിരിക്കുന്ന നഗരമാണ് ഗോവ. രാത്രി ആഘോഷങ്ങൾ രണ്ടു പേർക്കും താല്പര്യമുണ്ടെങ്കിൽ പോകാൻ കഴിയും പക്ഷെ സ്വന്തമായി ഒരു വാഹനം ഒപ്പമുള്ളത് നല്ലതാണ്, അല്ലെങ്കിൽ തിരികെയുള്ള വാഹനം ലഭിക്കാൻ ചിലപ്പോൾ പ്രയാസം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യയിലുള്ള ഏതു നഗരത്തിൽ നിന്നും വളരെ പെട്ടെന്ന് ഇവിടെ എൽഹാം എന്നതിനാൽ ഗോവ അത്യാവശ്യം നല്ല തിരക്കുള്ള ഒരു ടൂറിസ്റ്റു ടെസ്റ്റിനേഷനാണ്.

കുളു - മണാലി

488758008

ഇന്ത്യൻ ഹണിമൂൺ യാത്രകളിൽ ഒരുപക്ഷെ ഏറെ പേരും തിരഞ്ഞെടുക്കുന്ന ഒരിടമാണ് കുളു-മണാലി. ഹിമാലയൻ യാത്ര സ്വപ്നമായ സഞ്ചാരികൾക്ക് വലിയ അപകടമില്ലാത്ത പോകാൻ ആഗ്രഹിക്കാവുന്ന ഒരു പ്രദേശമാണിത്. അതുകൊണ്ടു തന്നെ ഹണിമൂൺ യാത്രികർക്ക് ഇത് ഏറെ പ്രിയമുള്ള ഇടമാണ്. പ്രകൃതി സൗന്ദര്യത്തിനും പൊഴിഞ്ഞു വീഴുന്ന മഞ്ഞിനുമിടയിൽ പ്രണയത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടാകുമോ! ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്്വരയുടെ വടക്ക് ഭാഗത്തായി മണാലി സ്ഥിതി ചെയ്യുന്നു. ഹിമാലയൻ മലനിരകളുടെ കാഴ്ച, ദേവദാരു വൃക്ഷങ്ങളാൽ നിറഞ്ഞ ചുറ്റുപാടുകൾ, ബിയാസ് നദി എന്നിവ ഇവിടുത്തെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ പോകാൻ ഏറ്റവും മികച്ച സമയം. ഡിസംബർ തുടങ്ങുന്നതോടെ അതികഠിനമായ മഞ്ഞുവീഴ്ചയാണിവിടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA