sections
MORE

പാമ്പിനെ ഭയമില്ലാതെ കാണണോ? ഇങ്ങോട്ടു പോരൂ

snake-park1
SHARE

ആദിമകാലം മുതൽ തന്നെ മനുഷ്യൻ ഏറെ ഭയപ്പെട്ടിരുന്ന ഒരു ജീവിവർഗമാണ് സർപ്പങ്ങൾ. ഭയപ്പെടുന്ന എന്തിനെയും ആരാധനയോടെ മാത്രം സമീപിക്കാറുള്ളതുകൊണ്ടുതന്നെ സർപ്പങ്ങളും മനുഷ്യർക്ക് ആരാധനാമൂർത്തികളായെന്നാണ് ചരിത്രം പറയുന്നത്. ഭയത്തോടൊപ്പം  കൗതുകവും സമ്മാനിക്കുന്ന പാമ്പുകളെ ചിലർക്കെങ്കിലും ഏറെ താൽപര്യമാണ്... വിവിധ വർഗങ്ങളിൽപ്പെട്ട... പലതരം പാമ്പുകൾ നിറഞ്ഞ നിരവധി പാമ്പുവളർത്തൽ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പാമ്പുകളെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പാമ്പുവളർത്തൽ  കേന്ദ്രങ്ങളിലൂടെ ഒരു യാത്ര പോകാം. മനുഷ്യനെ ഭയപ്പെടുത്തുന്ന ഈ ജീവിവർഗത്തെ അടുത്തുകാണാം. അവയെ അടുത്തറിയാം.

പറശ്ശിനികടവ് പാമ്പുവളർത്തൽ കേന്ദ്രം

parassinikkadavu-snake-park-05

കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ പാമ്പുവളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും ഏകദേശം പതിനാറു കിലോമീറ്റർ ദൂരമുണ്ട് ഈ വൈവിധ്യമാർന്ന ഉരഗലോകത്തേക്ക്. രാജവെമ്പാല മുതൽ മൂർഖനും കുഴിമണ്ഡലിയും വെള്ളിക്കട്ടനും തുടങ്ങി വിവിധ വിഭാഗങ്ങളിലുൾപ്പെട്ട നൂറ്റിയമ്പതോളം സർപ്പങ്ങളുടെ കൂടാരമാണിത്. വിഷമുള്ളവയേയും  ഇല്ലാത്തവയേയും വെവ്വേറെ കൂടുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. രാജവെമ്പാല പോലുള്ള സർപ്പങ്ങൾ പ്രത്യേകം തയാറാക്കിയ ശീതീകരിച്ച കൂടുകളിലാണ് ഇവിടെ അധിവസിക്കുന്നത്.

ബന്നാർഘട്ട ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും മികച്ച പാമ്പുവളർത്തൽ കേന്ദ്രമെന്ന ബഹുമതിയുണ്ട് ബന്നാർഘട്ട ദേശീയോദ്യാനത്തിന്.  ബംഗലൂരുവിലാണ് ഈ ദേശീയോദ്യാനം  സ്ഥിതി ചെയ്യുന്നത്. വളരെ വലിയൊരു വിഭാഗം പാമ്പുകൾ അധിവസിക്കുന്ന ഇവിടെ അവയെ പാർപ്പിച്ചിരിക്കുന്നത് തന്നെ വളരെ സ്വാഭാവികമായ രീതിയിലാണ്. വിഷമില്ലാത്ത പാമ്പുകൾ പ്രകൃതിദത്തമായ മാളങ്ങളിലാണ്  താമസിക്കുന്നത്.  അധികവിഷമുള്ള സർപ്പങ്ങൾ  പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൂടുകളിൽ  സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ബംഗലൂരുവിൽ നിന്നും 39 കിലോമീറ്ററോളം ദൂരമുണ്ട് ബന്നാർഘട്ടയിലെ ഈ പാമ്പുവളർത്തൽ കേന്ദ്രത്തിലേക്ക്. 1974 ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.

കൊൽക്കത്ത സ്‌നേക് പാർക്ക്

കൊൽക്കത്തയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ സ്‌നേക് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സൂവോളജിക്കൽ പാർക്കായ ഇവിടം പാമ്പുകളുടെ സംരക്ഷണത്തിലും ഏറെ പേരുകേട്ടയിടമാണ്. ധാരാളം  സന്ദർശകർ  പാമ്പുകളെ കാണാനായി ഇവിടെ  എത്താറുണ്ട്. വിവിധ വർഗങ്ങളിൽപ്പെട്ട നിരവധി പാമ്പുകളാണ് ഈ ഉദ്യാനത്തിലെ പ്രധാനാകർഷണം.

കത്രജ് പാമ്പുവളർത്തൽ കേന്ദ്രം, പൂനെ

snake-katraj1

ജനങ്ങൾക്കു പാമ്പുകളോടുള്ള ഭയമകറ്റാനായി സർപ്പോത്സവങ്ങൾ സംഘടിപ്പിക്കുന്ന ഒരു പാമ്പുവളർത്തൽ കേന്ദ്രമാണ് കത്രജ് പാമ്പുവളർത്തൽ കേന്ദ്രം അഥവാ രാജീവ് ഗാന്ധി ദേശീയോദ്യാനം. നാല്പത്തിരണ്ടോളം ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാമ്പുകളുടെ സംരക്ഷണത്താലും അവരെ കാണാനെത്തുന്ന സന്ദർശകരാലുമാണ് പ്രശസ്തിയാർജിച്ചത്. ഇരുപത്തിരണ്ടിൽപരം വിഭാഗങ്ങളിൽപ്പെട്ട സർപ്പങ്ങൾ ഇവിടെ അധിവസിക്കുന്നുണ്ട്. പൂനെ- സത്താറ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഈ പാമ്പുവളർത്തൽ കേന്ദ്രത്തിലേക്ക് പൂനെയിൽ നിന്നും എട്ടുകിലോമീറ്റർ ദൂരം മാത്രമേയുള്ളു.

ഗിണ്ടി സ്‌നേക് പാർക്ക്, ചെന്നൈ

snake-park-chennai

മനുഷ്യനിൽ ഭയത്തോടൊപ്പം കൗതുകവുമുണർത്തുന്ന സർപ്പങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്ക് ഏറെ പ്രാമുഖ്യം നൽകുന്ന ഒരു ഗവേഷണകേന്ദ്രമാണ് ഗിണ്ടി സ്‌നേക് പാർക്ക്.  ഇന്ത്യയിലെ ആദ്യ ഉരഗോദ്യാനം എന്ന പേരും ഗിണ്ടിക്കു സ്വന്തമാണ്. മറ്റുള്ള പാമ്പുവളർത്തൽ കേന്ദ്രങ്ങളെ അപേക്ഷിച്ചു,വളരെ വിപുലമായ,  ഏകദേശം 39ഓളം  വ്യത്യസ്ത തരത്തിൽപെട്ട സർപ്പങ്ങൾ ഇവിടെ അധിവസിക്കുന്നുണ്ട്. ഇവയെ കുറിച്ചറിയാനും പഠിക്കാനുമായി നിരവധി പേരാണ്  ഈ സ്‌നേക് പാർക്ക് സന്ദർശിക്കുന്നത്. ജലത്തിലും ഗ്ലാസ്സ്‌കൂടുകളിലുമായാണ് ഈ സർപ്പങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നും വളരെ എളുപ്പത്തിൽ ഗിണ്ടി സ്‌നേക് പാർക്കിലേക്ക് എത്തി ചേരാൻ കഴിയുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA