sections
MORE

ഊട്ടിയിലെത്തുന്ന സഞ്ചാരികൾക്ക് നീലഗിരി തൈലം ഇനി ഓർമയാകും

wayanad-estate
SHARE

മഞ്ഞിൽ പുത‍ഞ്ഞ നീലഗിരി കുന്നുകളിൽ നിന്നു താഴ്‌വരയിലേക്ക് വീശിയടിക്കുന്ന തണുത്ത കാറ്റിന് തണുത്ത സുഗന്ധമാണ്. മനസ്സിൽ കുളിരു പടർത്തുന്ന വശ്യസുഗന്ധം. നൂറ്റാണ്ടുകൾക്കു മുൻപ് നീലഗിരി കണ്ടെത്തിയ സായിപ്പ് നട്ടുവളർത്തിയ അംബരചുംബികളായ യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽ നിന്നാണ് ഈ സുഗന്ധം. നീലഗിരിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമകളിൽ യൂക്കലിപ്റ്റസ് തൈലം വിസ്മരിക്കാനാവില്ല. ഊട്ടിയിലെത്തുന്ന സഞ്ചാരികൾക്ക് നീലഗിരി തൈലം ഹോം മെയ്ഡ് ചോക്‌േലറ്റും ഓർമകളിൽ നിറയും. നൂറ്റാണ്ടുകൾ പിന്നിട്ട ഈ മരവും തൈലവും വാറ്റു കേന്ദ്രങ്ങളും ഇനി ഓർമയാകും. പുതുക്കിയ വനം പരിസ്ഥിതി നിയമങ്ങൾ ഈ മരത്തിന്റെ കടയ്ക്കൽ മഴുവെറിഞ്ഞു തുടങ്ങി.

ഇന്ത്യയിലെ നമ്പർ വൺ തൈലം

നീലഗിരിയുടെ കുന്നുകളിലും ചതുപ്പു നിലങ്ങളിലുമാണ് യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചുപിടിപ്പിച്ചത്. കന്നുകാലികൾ താഴ്ന്നു പോകുന്ന ചതുപ്പുകളിൽ യൂക്കാലി മരങ്ങൾ വെച്ചതോടെ വെള്ളം വറ്റിത്തുടങ്ങി. മരത്തിന്റെ വിറക് നീലഗിരിയുടെ തണുപ്പകറ്റാൻ സായ്പ്പിന് ഉപകരിച്ചു. 1850 കളിൽ ഓസ്ട്രേലിയയിൽ നിന്നാണ് ഈ മരം നീലഗിരിയിലെത്തിയത്. ജില്ലയിൽ 6000 ഹെക്ടർ വനത്തിൽ യൂക്കാലി നട്ടുപിടിപ്പിച്ചിട്ടുള്ളതായി വനം വകുപ്പ് രേഖകൾ സൂചിപ്പിക്കുന്നു. മണ്ണിൽ നിന്ന് വ്യാപകമായി വെള്ളം വലിച്ചെടുത്ത് യൂക്കാലി ബാഷ്പീകരണം നടത്തുന്നുണ്ടെന്നാണു പരിസ്ഥിതി സംഘടനകളുടെ വാദം. രാജ്യത്ത് ഏറ്റവും നല്ല യൂക്കാലിപ്റ്റസ് തൈലം ഉൽപാദിപ്പിക്കുന്നത് നീലഗിരിയിലാണ്. നടുവട്ടം മുതൽ കൂനൂർ വരെ രണ്ടായിരത്തോളം തൈലം വാറ്റു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വനങ്ങളിൽ നിന്ന് വനം വകുപ്പി‌‌ന്റെ മൗനസമ്മതത്തോടെ പെറുക്കിയെടുത്ത ഇലകളാണ് വാറ്റു കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഒരു കിലോ ഇലയ്ക്ക്‌ 12 രൂപ നിരക്കിൽ തൊഴിലാളികൾക്കും നൽകും.

wayanad-leaf

തൈലം തെളിയുന്ന വഴി

വാറ്റു കേന്ദ്രങ്ങളിൽ ഇലകൾ വാറ്റിയാണ് തൈലം എടുക്കുന്നത്. വലിയ വാറ്റു ചെമ്പുകളിൽ നിറക്കുന്ന ഇലകൾ 3 മണിക്കൂർ തീ കത്തിച്ച് വാറ്റും. 6 ലീറ്റർ വരെ തൈലം ഒരു ചെമ്പിൽ നിന്ന് ലഭിക്കാറുണ്ട്. മഴക്കാലത്ത് ഇത് മൂന്നു ലീറ്ററായി ചുരുങ്ങും. വാറ്റി വരുന്ന ഇലയുടെ ചണ്ടിയാണ് വിറകിന് പകരം കത്തിക്കുന്നത്. ഈ ഇലകളുപയോഗിച്ച് ഷെഡ് നിർമിക്കും. ഷെഡിനുള്ളിൽ കൂറ്റൻ അടുപ്പ് വാറ്റു ചെമ്പും ചെമ്പിന് മുകളിലായി ഇരുമ്പ് പൈപ്പുംകാണാം. ഈ പൈപ്പ് തണുത്ത വെള്ളമൊഴുകുന്ന വീപ്പയിലൂടെ കടത്തി വിടും. വീപ്പയുടെ പുറത്ത് വച്ചിരിക്കുന്ന പാത്രത്തിലെത്തുമ്പോൾ തെളിഞ്ഞ തൈലമായി മാറും. ഒരു കിലോഗ്രാം തൈലത്തിന് സീസൺ കാലങ്ങളിൽ 2,400 രൂപ വരെ വില ലഭിക്കുന്നുണ്ട്.

ഈ കണ്ണീർ ആരു കാണാൻ

വശ്യ സുഗന്ധം പകരുന്ന തൈലം ഉൽപാദിപ്പിക്കുന്ന ഷെഡിനുള്ളിൽ എപ്പോഴും പുകനിറഞ്ഞിരിക്കും. പുകയും കരിയും പടർന്ന ഷെഡിനകത്ത് ജീവിതം നെയ്തു കൂട്ടാൻ പാടുപെടുകയാണ് ഈ മനുഷ്യർ. കരിപുരണ്ട മനുഷ്യ കോലങ്ങളെയാണ് ഇവിടെ കാണാൻ കഴിയുന്നത്. ഫിങ്കർ പോസ്റ്റിൽ തൈല ഷെഡിൽ വാറ്റുന്ന ഡിക്രൂസിന്റെ വെളുത്തതാടിയിൽ പുക പടർന്ന് ഈസ്റ്റുമാൻ കളറിലായി. ഷെഡിന് പുറത്ത് തൈല ചെമ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കന്തസ്വാമിയുടെ കാതുകൾ നിശബ്ദമായി തുടങ്ങി. 40 വർഷമായി ചെമ്പിൽ ചുറ്റികകൊണ്ടിടിക്കുമ്പോഴുണ്ടാകുന്ന വലിയ ശബ്ദം താങ്ങാനാവാതെ കാതുകൾ പിണങ്ങി. ഇനി മറ്റൊരു ജോലിക്ക് കാലം അനുവദിക്കില്ലന്ന് അയാൾക്കുമറിയാം.

ഇലപെറുക്കി ജീവിതം കരുപിടിപ്പിക്കാൻ പാടുപെടുന്നവരുമുണ്ട്. തണുപ്പും വന്യജീവികളെ ഭയന്നുമാണ് ഇവർ ഇലപെറുക്കാനെത്തുന്നത്. ഇടയ്ക്ക് വനപാലകരുടെ ഭീഷണി. ഈ തൊഴിലാളികൾക്ക് യൂണിയനുകൾ ഇല്ല. തൈല ഷെഡ്ഡുകളുടെ കണക്കുകളനുസരിച്ച് 10,000 ത്തോളം തൊഴിലാളികൾ ഈ മേഖയിൽ പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് നിന്നുള്ളവരാണ് മിക്ക തൈലം വാറ്റു കേന്ദ്രങ്ങളും നടത്തുന്നത്. യൂക്കാലിപ്റ്റസ് ഇലകൾ വനത്തിൽ നിന്ന് ശേഖരിക്കുന്നതിനാൽ വനം വകുപ്പിന് കൈക്കൂലിയിനത്തിൽ നല്ലൊരു തുക ഷെഡ്ഡുടമകൾ നൽകണം.

wayanad-processing-unit

നീലഗിരി തൈലം മരുന്നുകൾക്കാണ് അധികവും പോകുന്നത്.  പെയിൻ ബാമുകളിൽ പ്രധാന ചേരുവയാണ് ഈ തൈലം മുബൈയിലേക്കാണ് കൂടുതലും കയറ്റി പോകുന്നത്. നീലഗിരിയിൽ തേയില, വിനോദ സഞ്ചാരം,പച്ചക്കറി കൃഷികൾ കഴിഞ്ഞാൽ ഏറെ പ്രാധാന്യമുള്ളതാണ് നീലഗിരി തൈല നിർമാണം. തൈല  നിർമാണം സംബന്ധിച്ച് സർക്കാർ തലത്തിൽ യാതൊരു വിവരങ്ങളുമില്ല. വിശിഷ്ടാതിഥികൾ വരുമ്പോൾ നീലഗിരി തൈലം സമ്മാനിച്ച് അവരെ സന്തുഷ്ടരാക്കുമെങ്കിലും മേഖല നേരിടുന്ന പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

മുഴങ്ങുന്ന മഴുവൊച്ച

പുതിയ വനംപരിസ്ഥിതി നിയമങ്ങൾ കർശനമാക്കുന്നതോടെ ഈ വ്യവസായം നിലയ്ക്കും. ഇലപെറുക്കാൻ വനത്തിൽ തൊഴിലാളികളെ അനുവദിക്കില്ല. പുകയുയരുന്ന ഷെഡ്ഡുകൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് പരിസ്ഥിതി സംഘടനകൾ വാദിക്കുന്നു. കുന്നുകളിലും താഴ്‌വാരങ്ങളിലും ഉയർന്നു നിൽക്കുന്ന യൂക്കാലി മരത്തിന്റെ കടയ്ക്കൽ മഴുവിന്റെ ശബ്ദം മുഴങ്ങുന്നു.മറ്റൊരു തൊഴിൽ തേടാൻ കാലം അനുവദിക്കില്ലന്ന് തിരിച്ചറിവുള്ള കന്തസ്വാമിയെ പോലുള്ളവരുടെ ജീവിതം വഴിമുട്ടും. നീലഗിരിയുടെ ഇളം കാറ്റിലെ ഈ വശ്യ സുഗന്ധം നേർത്ത് ഇല്ലാതാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA