ADVERTISEMENT

 റോഡുമാർഗമുള്ള യാത്രകൾ പലർക്കും ഏറെ പ്രിയപ്പെട്ടതാണ്. പിന്നിലേക്കോടിമറയുന്ന പാതയരികിലെ കാഴ്ചകൾ ആസ്വദിച്ചുള്ള ആ യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണെന്നുതന്നെ പറയാം. ഇടക്കൊന്നു വണ്ടി നിർത്തി, കുറച്ചൊന്നു വിശ്രമിച്ചു, വഴിയരികിലെ ചായക്കടയിൽ നിന്നും ഒന്നുഷാറാകാൻ ഒരു ചായയൊക്കെ കുടിച്ചുള്ള ആ യാത്രകൾ സമ്മാനിക്കുന്ന സുഖം എത്രപറഞ്ഞാലും ചിലർക്കൊട്ടും മതിയാകാറില്ല. അങ്ങനെയുള്ള യാത്രകൾ ആസ്വദിക്കുന്നവരാണെങ്കിൽ.. റോഡിനു ഇരുവശവും പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട്, വയനാടിന്റെ മണ്ണിലൂടെ കുടകിലേക്ക് ഒരു യാത്ര പോകാം.. യാത്ര അവസാനിക്കുന്നതുവരെ യാതൊരു മുഷിച്ചിലുമില്ലാതെ ആസ്വദിച്ചു ഡ്രൈവ് ചെയ്യാൻ നിരവധി കാഴ്ചകളുണ്ട് ആ പാതക്കിരുവശവും.

കോടമഞ്ഞും മലനിരകളും ഇരുണ്ട കാനനവും വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുമെല്ലാം യാത്രക്ക് പുതുമാനങ്ങൾ സമ്മാനിക്കും. അതിരാവിലെ യാത്രക്കൊരുങ്ങുന്നതാണ് നല്ലത്. മഞ്ഞുപുതച്ച വയനാടൻ കാഴ്ചകൾ പ്രഭാതത്തിൽ ഏറെ സുന്ദരമായിരിക്കും. യാത്ര കുറച്ചങ്ങു നീങ്ങി കഴിയുമ്പോൾ റോഡിന്റെ ഒാരം ചേർന്ന് പോകുന്ന സ്ത്രീകളെ കാണാം. തേയില എസ്റ്റേറ്റുകളിൽ കൊളുന്തു നുള്ളാൻ പോകുന്നവരാണ്.

kodagu-village-image-784-410

എത്രകണ്ടാലും മതിവരാത്ത കാഴച്ചകളിലൊന്നാണ് പച്ചയണിഞ്ഞു, മനോഹാരിയായി നിൽക്കുന്ന തേയിലതോട്ടങ്ങൾ. ആ കാഴ്ചകൾ ഏറെ ദൂരം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്കിടിയും അവിടെ നിന്നും ചൂണ്ടൽ ജംഗ്ഷനും കഴിഞ്ഞു വാഹനമിപ്പോൾ മാനന്തവാടിയിൽ എത്തിയിരിക്കുന്നു. ഇനിയുള്ള യാത്രകൾ നീണ്ടുകിടക്കുന്ന കാട്ടിലൂടെയാണ്. ആ പച്ചപുതപ്പിനടിയിലൂടെയുള്ള  യാത്ര എത്ര മനോഹരമെന്നു പറയുക തന്നെ പ്രയാസമാണ്.

ഇരുമ്പുപാലം കടന്നിങ്ങു വരുമ്പോഴേ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ അടയാളങ്ങൾ കാണാൻ  കഴിയുന്നതാണ്. ആ കാനനപാത സമ്മാനിക്കുന്ന കാഴ്ചകൾക്ക് ഒരു പ്രിയദർശൻ സിനിമയുടെ മുഖഛായയുണ്ടാകും. കിലുക്കത്തിലും താളവട്ടത്തിലുമൊക്കെ നമ്മൾ കണ്ടുപരിചയിച്ച  പല മനോഹര  ദൃശ്യങ്ങളും നമുക്ക് മുമ്പിൽ തെളിഞ്ഞു വരും. ആ സ്വർഗീയ കാഴ്ചകളിൽ നിന്നുമുള്ള താഴോട്ടിറക്കം ഒരാശയക്കുഴപ്പത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക. ഇരുപാതകൾ, ഏതാണ് കുടകിലേക്കുള്ള വഴിയെന്ന് ചോദിക്കാൻ വണ്ടി നിർത്തുന്നവരെ കാത്തിരിക്കുന്നവർ ഇവിടുത്തെ പതിവ് കാഴ്ചയാണ്.

അതിരാവിലെ പുറപ്പെട്ട യാത്രയായതുകൊണ്ടുതന്നെ  ചെറുതായെന്തെങ്കിലും കഴിച്ചാൽ കൊള്ളാമെന്നു ഒരോര്‍മപെടുത്തലുണ്ടായ അതേ സമയത്തു തന്നെയാണ് വഴിയേതെന്നറിയാതെ പരുങ്ങി നിൽക്കേണ്ടി വന്നത്‌. വഴി ചോദിക്കുന്നതിനു മുൻപ് തന്നെ കുട്ടേട്ടന്റെ ഉണ്ണിയപ്പക്കടയിലെ ഉണ്ണിയപ്പമൊരെണ്ണം വായ്‌ക്കകത്താക്കിയിരുന്നു. തിരുനെല്ലിയിലാണ് കുട്ടേട്ടന്റെ വളരെപ്രശസ്തമായ ഉണ്ണിയപ്പക്കട നിലകൊള്ളുന്നത്.

unniappam-wyd-image-784-410

നല്ല ചൂടുചായയും ഉണ്ണിയപ്പത്തിന്റെ രുചിയും ഒരുമിക്കുമ്പോൾ അതൊരു പുത്തനുണർവ് സമ്മാനിക്കും. ഉണ്ണിയപ്പവും ചായയും കഴിച്ച്‌, അവിടെ നിന്നിറങ്ങുമ്പോൾ വിനോദ് വഴി പറഞ്ഞുതന്നു. ''ഇവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു ചെല്ലുമ്പോൾ തിരുനെല്ലി ക്ഷേത്രം കാണാം, അവിടെ നിന്നും വലത്തോട്ടാണ് പോകേണ്ടത്. അങ്ങനെ ചെന്ന് കയറുന്നതു കുട്ട - കുടക്  റോഡിലേക്കാണ് കുട്ടേട്ടന്റെ മക്കളാണ് വിനോദും വിജീഷും. അച്ഛന്റെ മരണശേഷം ആ രുചിക്കൂട്ട് അതേപോലെ തന്നെ പകർന്നുകിട്ടിയവരാണ് ഇക്കൂട്ടർ. ഇപ്പോൾ ഉണ്ണിയപ്പക്കടയുടെ സാരഥികളും ഇവർ തന്നെ. യാത്രപറഞ്ഞിറങ്ങുമ്പോൾ പോകുന്ന വഴിനീളെ കഴിക്കാൻ കുറച്ച് ഉണ്ണിയപ്പം വാങ്ങാൻ മറന്നില്ല.

wydkodaguroad-image-784-410

കാപ്പിപ്പൂവിന്റെ മണമുള്ള കുട്ട

ഇനി യാത്ര കുട്ട എന്ന സുന്ദരമായ ഭൂമിയിലൂടെയാണ്. കാപ്പിപ്പൂവിന്റെ മണമുള്ള കുട്ട, നിറയെ പച്ചവിരിച്ച പാടങ്ങൾ. റോഡിന്റെ അവസ്ഥ അൽപം മോശമാണ്. ആ യാത്ര അവസാനിക്കുന്നത് ഗോണികൊപ്പൽ എന്ന ഒരു ചെറിയ പട്ടണത്തിലാണ്. വലിയ പ്രൗഢിയും പത്രാസുമൊന്നുമില്ലാത്ത നാടൻ  വസ്ത്രങ്ങൾ അണിഞ്ഞ കുടകിലെ സാധാരണക്കാരായ നിരവധി ജനങ്ങളെ അവിടെ കാണാം. ഗോണികൊപ്പലിൽ നിന്നും യാത്ര നീളുന്നത് വിരാജ്പേട്ട-മൈസൂർ റോഡിലേക്കാണ്. ബൈക്കിൽ കറങ്ങാനിറങ്ങുന്നവരെ മോഹിപ്പിക്കുന്ന റോഡാണിത്‌. ബൈക്ക് യാത്രികർ മൂളിപറന്നു പോകുന്ന കാഴ്ചകളും റോയൽ എൻഫീൽഡിന്റെ ഗാംഭീര്യവുമൊക്കെ ആ യാത്രയിൽ ഞങ്ങളെ കടന്നുപൊയ്കൊണ്ടിരുന്നു. ആന ഇറങ്ങുന്ന വഴിയാണിത്. ഇവിടെയടുത്താണ് മതിഗോഡു എലെഫന്റ് ക്യാമ്പ്. വന്യമൃഗങ്ങളെ കൺനിറയെ കാണാനുള്ള അവസരങ്ങൾ  ഈ എലെഫന്റ് ക്യാമ്പ് പ്രദാനം ചെയ്യുന്നുണ്ട്.

mathigodu-elephant-image-784-410

കൃഷിയിടങ്ങളും കാട്ടുപാതകളും ആനയിറങ്ങുന്ന പാതകളുമെല്ലാം താണ്ടി യാത്ര പിന്നെയും മുന്നോട്ടു നീങ്ങി. വെയിലിനു കാഠിന്യം കൂടികൊണ്ടിരുന്നു, സ്ത്രീകൾ തീകത്തിക്കാനുള്ള വലിയക്കെട്ടു വിറകും തലയിൽ ചുമന്നു നടന്നുനീങ്ങുകയും കുട്ടികൾ റോഡരികിലൂടെ സൈക്കിൾ ചവിട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. പച്ചപ്പ് തുടിക്കുന്ന തനിമയാർന്ന ഗ്രാമം. ഇനി അടുത്ത ലക്ഷ്യം ബൈലാകുപ്പെയാണ്. ദക്ഷിണേന്ത്യയിലെ ബുദ്ധവിശ്വാസികളുടെ സുവര്‍ണക്ഷേത്രമാണിത്. ഒരു കൊച്ചു ടിബറ്റ് ആണ് ബൈലാകുപ്പെ.  മംഗോളിയൻ മുഖമുള്ള ആയിരകണക്കിന് ടിബറ്റൻ ജനങ്ങൾ  ഇവിടെ അധിവസിക്കുന്നുണ്ട്. തല മുണ്ഡനം ചെയ്ത നിരവധി ബുദ്ധസന്യാസികളെ ഈ ക്ഷേത്ര പരിസരത്തു  കാണാവുന്നതാണ്. ഒരു ബുദ്ധക്ഷേത്രത്തിന്റെ പ്രൗഢിയും അലങ്കാരങ്ങളുമെല്ലാം നിറഞ്ഞ ബൈലാകുപ്പയിലെ ഈ ബുദ്ധക്ഷേത്ര കാഴ്ചകളും അവർണനീയമാണ്.

namdorling-monastery-image-784-410

ലക്കിടിയിൽ നിന്നും കുടകിലേക്കുള്ള യാത്ര ഏറെ നീണ്ടതാണ്. പക്ഷേ, ആ യാത്ര ഒരിക്കൽ പോലും ആലസ്യം സമ്മാനിച്ചില്ലെന്നു മാത്രമല്ല. എല്ലാ സമയങ്ങളിലും ആവേശം നിറക്കുകയും ചെയ്യുന്ന ഒന്നായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com