ADVERTISEMENT

ഇന്ത്യയുടെ ഏഴു സഹോദരികൾ (seven sisters of india), വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് ആ പേരിലാണ്. കാണാനേറെ കാഴ്ചകൾ ഉള്ള നാടുകളാണ് ഈ ഏഴുമെങ്കിലും സഞ്ചാരികളുടെ പ്രിയയിടങ്ങളിൽ ഇവർക്കു സ്ഥാനം പൊതുവെ കുറവാണ്. ഈ സുന്ദരിമാരെക്കുറിച്ചു കൂടുതലറിയാനും ഇവിടുത്തെ കാഴ്ചകൾ കാണാനും നിരവധി സഞ്ചാരികൾ ഇപ്പോഴും ഈ സംസ്ഥാനങ്ങളിലെത്താറുണ്ട്. എന്തൊക്കെയാണ് ഇന്ത്യയിലെ ഈ എഴുസംസ്ഥാനങ്ങൾ തങ്ങളെ കാണാനെത്തുന്നവർക്കു കരുതിവെച്ചിരിക്കുന്നതെന്നു നോക്കാം.

 

അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പൂർ, മിസോറം, നാഗാലാ‌ൻഡ്, ത്രിപുര എന്നിവയാണ് ഇന്ത്യയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഏഴു സഹോദരിമാർ. ആരെയും വിസ്മയപ്പെടുത്തുന്ന ഭൂപ്രകൃതിയും തരുലതാദികളും വന്യമൃഗങ്ങളും വ്യത്യസ്തമായ കാലാവസ്ഥയുമാണ് ഇവർ ഏഴുപേരുടെയും പ്രത്യേകത. 

അരുണാചൽ പ്രദേശ് 

ബുദ്ധമത വിശ്വാസികൾ ഏറെയുള്ള ഒരു സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. ബുദ്ധസന്യാസികളിലെ തന്നെ റിബൽ എന്നറിയപ്പെടുന്ന ആറാമത്തെ ലാമയായിരുന്ന  സാങ്‌യാങ് ഗത്സ്യോയുടെ ജന്മദേശമായ തവാങ്, അരുണാചൽ പ്രാദേശിലാണ് സ്ഥിതിചെയ്യുന്നത്. കവിതകളും സ്ത്രീകളും വൈനും നിഷിദ്ധമെന്നു കരുതിയിരുന്ന മറ്റു ലാമകളിൽ നിന്നും വ്യത്യസ്തനായിരുന്നു സാങ്‌യാങ് ഗത്സ്യോ. ഇന്നും അദ്ദേഹത്തിന്റെ കവിതകൾക്ക് ഈ മണ്ണിലും ടിബറ്റിലും ഏറെ പ്രചാരമുണ്ട്.

 

തവാങിൽ നിന്നും അധികമൊന്നും ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന, ഏകദേശം 50 കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാൻ കഴിയുന്ന, ഇന്ത്യ-ചൈന അതിർത്തി പ്രദേശമാണ് ബും ല പാസ്. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ ഓർമകളും അവശേഷിപ്പിച്ചു കൊണ്ട് നിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള പ്രദേശം എന്ന പേരുകൂടി ഈ സ്ഥലത്തിനുണ്ട്. പതിനാലാമത്തെ ലാമ, ടിബറ്റിൽ നിന്നും രക്ഷപ്പെട്ടു ഇന്ത്യയിലെത്തിയതും ബും ലാ പാസിലൂടെയാണ്. വടക്കു കിഴക്കൻ ഇന്ത്യയിൽ ആദ്യം മഞ്ഞുപൊഴിയുന്ന സ്ഥലമെന്ന പ്രത്യേകതയും ബും ലാ പാസിനു അവകാശപ്പെട്ടതാണ്.

അസം 

അസമിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന, തിൻസൂകിയ ജില്ലയിലെ ഒരിടമാണ് ഡിഗ്‌ബോയി. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് അവിടെയാണ്. ബ്രിട്ടീഷുകാരാണ് ഇവിടെ എണ്ണയുണ്ടെന്നു മനസിലാക്കിയതും ഖനനത്തിനു നേതൃത്വം നൽകിയതും. ഈ സ്ഥലത്തിന് ഡിഗ്ബോയ് എന്ന പേര് ലഭിച്ചതു പോലും ഈ എണ്ണഖനനത്തിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്.

മണ്ണിലുറച്ചു നിൽക്കുന്ന കാട്ടിലെ മരക്കുറ്റികൾ പിഴുതെടുക്കാനായി കൊണ്ടുപോയ ആനകൾ തിരിച്ചു വരുമ്പോൾ അവരുടെ കാലുകളിൽ എണ്ണപുരണ്ടിരിക്കുന്നതു കണ്ടാണ്‌ ഇവിടെ എണ്ണയുണ്ടെന്നു ബ്രിട്ടീഷുകാർ മനസിലാക്കിയത്. തുടർന്ന് തൊഴിലാളികളെ ഉപയോഗിച്ചു  ഈ പ്രദേശം കുഴിക്കുകയും അപ്പോളവർ " ഡിഗ് ബോയ്, ഡിഗ് " എന്നു തൊഴിലാളികളോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടം ഡിഗ്‌ബോയ് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ മ്യാന്മാറിനോട് ചേർന്നു പട്കൊയ്‌ മലനിരകളോട് ചേർന്നാണ് ഡിഗ്‌ബോയിയുടെ സ്ഥാനം. ഇന്ത്യയിൽ ആദ്യത്തേതെങ്കിലും ഇപ്പോൾ നിലവിലുള്ള 12 എണ്ണശുദ്ധീകരണ ശാലകളിൽ ഏറ്റവും ചെറുത് ഡിഗ്‌ബോയിയാണ്.

മേഘാലയ

മേഘാലയ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാകുന്നത് മരങ്ങളുടെ വേരുകൾ സ്വയം നിർമിച്ചിട്ടുള്ള പാലങ്ങളിലൂടെയാണ്. ഒരു കരയിൽ നിന്നും മറുകരയിലേക്കു അനേകവര്ഷങ്ങള്കൊണ്ടു നീളുന്ന മരവേരുകൾ  കൊണ്ടാണ് സ്വാഭാവികപാലങ്ങളുടെ നിർമിതി. നദികൾക്കും കൈവഴികൾക്കും കുറുകെയാണ് ഇത്തരം പാലങ്ങളിൽ ഭൂരിപക്ഷവും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ നിർമ്മിക്കപ്പെട്ടിരിക്കുന്ന പാലങ്ങളിൽ ചിലതിന്റെ വേരുകൾക്ക് 300 വര്ഷങ്ങളുടെ വരെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. മരവേരുകൾ എന്നുകരുതി നിസാരമായി ഇവയെ തള്ളിക്കളയേണ്ട, ഇവയ്ക്കു മനുഷ്യനിർമിത പാലങ്ങളെ പോലെ തന്നെ ഈടും ഉറപ്പും അവകാശപ്പെടാനുള്ള ശേഷിയുണ്ട്. ഒരേ സമയം 50 പേരെ വരെ വഹിക്കാനുള്ള ശേഷി ഈ പാലങ്ങൾക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയുള്ള മരവേരുകളാൽ നിർമിതമായ പാലങ്ങളിൽ ഏറ്റവും പ്രശസ്തമായത് നൊൻഗ്രിയത് എന്ന സ്ഥലത്തെ രണ്ടു നിലകളുള്ള പാലമാണ്.

മണിപ്പൂർ

ലോകത്തിലെ തന്നെ ഏക ഒഴുകുന്ന ഉദ്യാനം സ്വന്തമായുള്ള സംസ്ഥാനമാണ് മണിപ്പൂർ. ബിഷ്ണുപൂർ ജില്ലയിലാണ് ഈ ഒഴുകുന്ന ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 1977 ലാണ് ഈ കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥാപിക്കപ്പെടുന്നത്. ലോക്തക്ക് തടാകത്തോട് ചേർന്നാണ് ഇതിന്റെ സ്ഥാനം.

 

ചതുപ്പുകൾ നിറഞ്ഞ ഈ പ്രദേശം ഇംഫാലിൽ നിന്നും ഏകദേശം 53 കിലോമീറ്റർ അകലെയാണ്. വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളെ ഇന്ത്യയിൽ ഇവിടെ മാത്രമാണ് കാണുവാൻ സാധിക്കുക.

മിസോറം 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുള ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമേതെന്ന ചോദ്യത്തിനു ഒരു ഉത്തരമേയുള്ളൂ അത് മിസോറം ആണ്.  ആകാശത്തോളം ഉയർന്നു നിൽക്കുന്ന കുന്നുകളും മലകളും താഴ്വരകളുമാണ് ഈ നാടിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർ നിർബന്ധമായും പോയിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. വ്യത്യസ്തമായ സംസ്കാരത്തിനുടമകളായ ഈ നാട്ടുകാർ, പല പല ഗോത്രത്തിൽപ്പെട്ടവരും പല ഭാഷകൾ സംസാരിക്കുന്നവരുമാണ്. സെർചിപ് വെള്ളച്ചാട്ടവും ലങ്ലേയ് ബ്രിഡ്ജ് ഓഫ് റോക്കും, മിസോറാമിന്റെ ഫ്രൂട്ട് ബൗൾ എന്നറിയപ്പെടുന്ന ചാംപായുമൊക്കെ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

നാഗാലാ‌ൻഡ് 

രണ്ടാം ലോകയുദ്ധത്തിന്റെ ഓർമ്മകൾ പേറുന്ന കൊഹിമയിലെ യുദ്ധ സെമിത്തേരിയും ഗോത്ര സംസ്കാരത്തെ അടുത്തറിയാനുള്ള അവസരങ്ങൾ ഒരുക്കിത്തരുന്ന നാഗ മ്യൂസിയവുമൊക്കെ നാഗാലാൻഡിന്റെ സവിശേഷതകളാണ്. നാഗാലാൻഡിലെ പ്രധാനപ്പെട്ട ആയുധങ്ങൾ മുതൽ അവരുടെ പരമ്പരാഗതമായ വസ്ത്രങ്ങൾ വരെ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1946 ലാണ് കൊഹിമ സാക്ഷിയായ രണ്ടാം ലോകയുദ്ധത്തിന്റെ മുറിവുകൾ അവശേഷിപ്പിക്കുന്ന സെമിത്തേരി സ്ഥാപിതമായത്.

 

ആയിരക്കണക്കിന് ആളുകളുടെ മൃതശരീരങ്ങൾ അവരുടെ ആചാരപ്രകാരം ഇവിടെ അടക്കിയിരിക്കുന്നു. അതിൽ മുന്നൂറിൽ കൂടുതൽ ഇന്ത്യൻ സൈനികരുമുണ്ട്. ഇന്ത്യയുടെ ഹരിത ഗ്രാമമെന്നറിയപ്പെടുന്ന  ഖോണൊമയും സ്ഥിതി ചെയ്യുന്നത് നാഗാലാൻഡിൽ തന്നെയാണ്. കൂടാതെ പട്ടിയിറച്ചിയും വിവിധതരം പുഴുക്കളും വില്പനയ്ക്ക് വെച്ചിരിക്കുന്ന മാർക്കറ്റുകളും ഇവിടുത്തെ പ്രത്യേകതയാണ്.

ത്രിപുര

ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തിയിൽ ബംഗ്ലാദേശിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണ് ത്രിപുര. ചെറു താഴ്വരകൾ, വലിയ മലനിരകൾ, നിത്യഹരിത വനങ്ങൾ, ജൈവ വൈവിധ്യം നിറഞ്ഞ അതിസുന്ദരിയായ പ്രകൃതി എന്നിവയൊക്കെയാണ് ത്രിപുരയെ മനോഹാരിയാക്കുന്നത്. സെപഹിജാല  മൃഗശാലയും ജഗന്നാഥ ക്ഷേത്രവും പ്രശസ്തമായ ത്രിപുരസുന്ദരി ക്ഷേത്രവുമൊക്കെ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിലെ മനോഹരങ്ങളായ കാഴ്ചകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com