ADVERTISEMENT

യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർ യാത്രയ്ക്കൊപ്പം ഉറപ്പായും ചെയ്യുന്നൊരു കാര്യമുണ്ട് ഷോപ്പിംഗ്. ഏതൊരു യാത്രയുടേയും ഒടുവിലായി ഒരു ചെറു ഷോപ്പിംഗ് എങ്കിലും നടത്താതെ മടങ്ങാനാവില്ല. ലോകത്തിലെ ഏറ്റവും മികച്ച വിപണികളിലൊന്നാണ് ഇന്ത്യയെന്ന് നിസംശയം പറയാം.  ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മത്സര വിലയ്ക്ക് വിൽക്കുകയും വിലപേശലിന് വിശാലമായ സാധ്യത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട് നമ്മുടെ നാട്ടിലെ മാർക്കറ്റുകൾ. 

സ്ട്രീറ്റ് ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക്, അവർ ഇന്ത്യയിൽ ഏത് നഗരത്തിൽ താമസിച്ചാലും ഒരു കാര്യം അറിയുക, നിങ്ങളുടെ സമീപത്തായി ഒരു പ്രാദേശിക മാർക്കറ്റ് ഉണ്ടാകും. അതിനാൽ നിങ്ങളുടെ ഷോപ്പിങ് അനുഭവം അവിസ്മരണീയമാക്കാൻ സ്ട്രീറ്റ് ഷോപ്പിംഗിന് അനുയോജ്യമായ മികച്ച ഇന്ത്യൻ വിപണികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

കൊളാബ കോസ്‌വേ മാർക്കറ്റ്, മുംബൈ

ഷോപ്പിങിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏവരുടേയും മനസ്സിൽ വരുന്ന ആദ്യത്തെ നഗരമാണ് മുംബൈ.  മുംബൈ ഇന്ത്യയിലെ മികച്ച വിപണികളിലൊന്നാണ്. ഫാൻസി വസ്ത്രങ്ങൾ മുതൽ പുരാതന വാച്ചുകൾ വരെ എല്ലാം സൂക്ഷിക്കുന്ന ഒറ്റവരി വിപണിയാണ് കൊളാബ കോസ്‌വേ മാർക്കറ്റ്. നിങ്ങൾ‌ക്കാവശ്യമുള്ളതെല്ലാം വിലപേശി വാങ്ങാൻ സാധിക്കും ഇവിടെ. ഫാഷനിസ്റ്റുകൾക്ക് സ്വർഗ്ഗമാണ് ഈ മാർക്കറ്റ്. ഒപ്പം മുംബൈയുടെ തനത് രുചിയുൾപ്പെടെ വിളമ്പുന്ന അനേകം ഫുഡ് സ്റ്റാളുകളും ഇവിടെയുണ്ട്.

സരോജിനി മാർക്കറ്റ്, ഡൽഹി

ഡൽഹി സന്ദർശിക്കുന്ന ആരും സരോജിനിയെ കാണാതെ മടങ്ങില്ല. ഓരോ സ്ത്രീയുടെയും ഷോപ്പിങ് പറുദീസയാണ് സരോജിനി മാർക്കറ്റ്. സ്ത്രീകൾക്ക് യഥാർത്ഥ വിലയുടെ നാലിൽ ഒന്നിന് ബ്രാൻഡഡ് വസ്ത്രങ്ങൾ കൈപ്പിടിയിൽ ആക്കാവുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്.  ബ്രാൻ‌ഡഡ് ടോപ്പുകൾ‌, ടി-ഷർ‌ട്ടുകൾ‌, ജീൻ‌സ് മുതൽ‌  ട്രെൻ‌ഡിംഗ് സ്റ്റഫുകളുടെ ഒരു അമുല്യ ശേഖരം ഈ മാർ‌ക്കറ്റിൽ‌ കാണാൻ സാധിക്കും. 

ഹവാ മഹൽ മാർക്കറ്റ്

ജയ്പൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹവ മഹൽ. നഗരം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മിക്കവാറും എല്ലാ സഞ്ചാരികൾക്കും അവരുടെ യാത്രയിൽ നിന്ന് ഈ മനോഹരമായ കൊട്ടാരം മാറ്റി നിർത്താനാവില്ല. ഈ കൊട്ടാരത്തിന്റെ ജാലകങ്ങളിൽ നിന്ന് നോക്കുമ്പോൾ, നിങ്ങളുടെ കണ്ണുടക്കുന്ന ഒരിടമുണ്ട്, അതാണ് ഹവ മഹൽ മാർക്കറ്റ്. 

മനോഹരമായ ഹവാ മഹലിന്റെ ചുവട്ടിൽ സ്ഥിതിചെയ്യുന്ന ഈ മാർക്കറ്റിൽ ആഭരണങ്ങൾ,ജയ്പുരി കരകൗശല വസ്തുക്കൾ,  ലൈറ്റ് സുവനീറുകൾ, പരവതാനികൾ, പുരാവസ്തുക്കൾ,  തുടങ്ങി നൂറുകണക്കിന് ഷോപ്പുകൾ ആണ് ഒന്നിനു പുറകെ ഒന്നായി സഞ്ചാരികളെ കാത്ത് അണിനിരന്നിരിക്കുന്നത്. 

ലെതർ ബാഗുകൾ, ജയ്പുരി ഹാൻഡ് പ്രിന്റിംഗ് ബ്ലോക്കുകൾ, മൺപാത്രങ്ങൾ, മിറർ വർക്ക് ഇനങ്ങൾ എന്നിവയും ഈ വിപണിയിൽ ഉണ്ട്. രാജസ്ഥാന്റ പരമ്പരാഗത ഉത്പ്പന്നങ്ങളെ  ഇഷ്ടപ്പെടുന്നവർക്ക് ഈ മാർക്കറ്റ് ഒരു യഥാർത്ഥ ട്രീറ്റ് തന്നെയാണ്.

സാദർ ബസാർ

നവാബ്സ് നഗരം എന്നും അറിയപ്പെടുന്ന ലഖ്‌നൗ തുണി വ്യവസായത്തിന് പേരുകേട്ടതാണ് എന്ന് എല്ലാവർക്കും അറിയാം.  എന്നാൽ എതൊരു സഞ്ചാരിയേയും മോഹിപ്പിക്കുന്ന പ്രാദേശിക വിപണികൾ ഇവിടെയുമുണ്ട്. അത്തരത്തിൽ

തീർച്ചയായും സന്ദർശിക്കേണ്ട ലഖ്‌നൗവിലെ പ്രശസ്തമായ മാർക്കറ്റാണ് സാദർ ബസാർ. പരമ്പരാഗത പായകളും ബെഡ് ഷീറ്റുകളും, എംബ്രോയിഡറി ചെയ്ത വസ്ത്രങ്ങൾ, നല്ല അസൽ നവാബി ടച്ചുള്ള അലങ്കാരവസ്തുക്കൾ അങ്ങനെ സർദാർ ബസാറിലെ വിശേഷങ്ങൾ അനവധിയാണ്.കൈകൊണ്ട് നിർമ്മിച്ച കൗശല വസ്തുക്കൾ കൊണ്ട് സാദർ ബസാർ പ്രശസ്തമാണെങ്കിലും, നിങ്ങൾക്ക് അവിടെ അതിൽ കൂടുതൽ പ്രതീക്ഷിക്കാം.

കൊമേഴ്സ്യൽ സ്ട്രീറ്റ്, ബംഗളുരു

കൊമേഷ്യൽ സ്ട്രീറ്റ് ശരിക്കും സൗത്തിന്റെ സ്വർഗമാണ്. ബംഗളുരു മലയാളിയെ സംബന്ധിച്ച് സ്വന്തം നാട് പോലെ തന്നെ, ബാംഗ്ലൂർ പോയിട്ടുള്ളവർ ഒരിക്കലെങ്കിലും കൊമേഴ്സ്യൽ സ്ട്രീറ്റിൽ പോകാതിരിക്കില്ല. അത്രമാത്രം വൈവിദ്യങ്ങൾ നിറച്ചാണ് ഈ സ്ട്രിറ്റിന്റെ നിൽപ്പ്. ഒപ്പം വിലക്കുറവിന്റെ മഹാമേളയും.

ഇറക്കുമതി ചെയ്ത   സൗന്ദര്യവർദ്ധകവസ്തുക്കളുടെ ശേഖരം മുതൽ കുറഞ്ഞ നിരക്കിൽ ഡിസൈനർ വെഡിംഗ് ഡ്രസുകൾ വരെ എന്തും ഇവിടെ കിട്ടും.വിലയും ന്യായം. അതു കൊണ്ട് തന്നെ ഇവിടെയെത്തുന്ന   കസ്റ്റമേഴ്സിൽ 90 ശതമാനവും സ്ത്രീകളാണ്.

sarojini-nagar-market-interesting-facs-gif

പോണ്ടി ബസാർ

നിങ്ങൾ ചെന്നൈ നഗരത്തിലാണെങ്കിൽ നേരെ പോണ്ടി ബസാറിലേയ്ക്ക് പോകാം. സ്ട്രീറ്റ് ഷോപ്പിംഗിൽ പോണ്ടിയെ  വെല്ലാൻ ചെന്നൈയിൽ മറ്റൊന്നില്ല. പരമ്പരാഗത വസ്ത്രങ്ങൾ, സാരികൾ, ചാപ്പലുകൾ  തുടങ്ങി നിരവധി ആവേശകരമായ വസ്തുക്കളുടെയും ആവാസ കേന്ദ്രമാണ് ഈ മാർക്കറ്റ്. ചെന്നൈ നഗരത്തിന്റെ നാഡി കേന്ദ്രം എന്നു വേണമെങ്കിൽ പോണ്ടി ബസാറിനെ വിളിക്കാം. 

ചാർമിനാർ ബസാർ

പേര് പോലെ തന്നെ ചാർമിനാറിന്റെ ചുവട്ടിൽ വളർന്നു പന്തലിച്ച് നിൽക്കുന്ന വൻമരമാണ് ചാർമിനാർ ബസാർ. സുൽത്താന്മാരുടെ നഗരം എന്നുകൂടി വിളിപ്പേരുള്ള  ഹൈദരാബാദ് ബിരിയാണിയുടെ പേരിൽ മാത്രമല്ല പ്രശസ്തം.   സാധാരണയായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് ചാർമിനാറിന്റെ വലുപ്പവും ആഡംബരവുമാണല്ലോ. എന്നാൽ ചാർമിനാറിന്റെ ചുവട്ടിലുള്ള മാർക്കറ്റ് വളരെ ആവേശകരമായ ചില കാര്യങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്., 

ഹൈദരാബാദ് ശൈലിയിൽ ഉള്ള പ്രാദേശിക വസ്ത്രങ്ങളും ആഭരണങ്ങളും മുതൽ ലോകപ്രശസ്ത ബസ്ര മുത്തുകൾ വരെ ചാർമിനാർ ബസാർ വാഗ്ദാനം ചെയ്യുന്നു. ഈ ബസാറിന്റെ ഏറ്റവും വലിയ പ്രത്യേകത വർണ്ണാഭവും ലോകപ്രസിദ്ധിയാർജ്ജിച്ചതുമായ ഹൈദരാബാദി മുത്തുകൾ തന്നെയാണ്

അൻജുന ഫ്ലീ മാർക്കറ്റ്

ബീച്ചുകൾ, നൈറ്റ് ലൈഫ്, കാസിനോകൾ, നല്ല സീ ഫുഡ് ,  ഗോവയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് ഇതൊക്കെയാണല്ലോ.  പക്ഷേ ഇവയ്ക്ക് ഒപ്പം അവഗണിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വശം കൂടി ഉണ്ട് ഗോവയ്ക്ക്. അതാണ് ഷോപ്പിംഗ്. ഗോവയിലെ തെരുവ് കച്ചവടത്തെ ആർക്കും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. ഇവിടുത്തെ ഏറ്റവും മികച്ച സ്ട്രീറ്റ് ബസാറാണ് അഞ്ജുന ഫ്ലീ മാർക്കറ്റ്. അഞ്ജുന ബീച്ചിൽ സ്ഥിതിചെയ്യുന്ന ഈ മാർക്കറ്റ് കണ്ടെത്താൻ എളുപ്പമാണ് - താൽക്കാലിക കൂടാരങ്ങൾ, മുള കുടിലുകൾ, കനോപ്പികൾ എന്നിവയിൽ ഇരിക്കുന്ന കച്ചവടക്കാർ സഞ്ചാരികളെ മോഹിപ്പിക്കും വാഗ്ദാനങ്ങൾ നൽകി മാടി വിളിയ്ക്കും. 

എല്ലാ ബുധനാഴ്ചയും തുറന്നിരിക്കുന്ന ഈ ഫ്ലീ മാർക്കറ്റിൽ ചോക് ലേറ്റ് മുതൽ ബിയർ വരെ എല്ലാം സുലഭം. 

ലോ ഗാർഡൻ മാർക്കറ്റ്, അലഹബാദ്

പകൽ നഗരം ചുറ്റിക്കാണാനും രാത്രി ഷോപ്പിംഗ് നടത്താനും ഇഷ്ടപ്പെടുന്നവർക്ക് ലോ ഗാർഡൻ നൈറ്റ് മാർക്കറ്റ് അനുയോജ്യമാണ്. ഈ മാർക്കറ്റ് വിശിഷ്ട ഗുജറാത്തി ഉൽപ്പന്നങ്ങൾക്കായി തിരയുന്നവർക്കുള്ള ബെസ്റ്റ ചോയ്സാണ്. കണ്ണാടി കൊണ്ടുള കരകൗശലത്തിന് പേര് കേട്ട ഗുജറാത്തിന്റെ സംസ്കാരം നേരിട്ടറിയാൻ ഈ നൈറ്റ് ഷോപ്പിംഗ് മാർക്കറ്റ് ഉപകരിക്കും.  മിറർ-വർക്ക് ചെയ്ത ഉത്പ്പന്നങ്ങളാണ് ഈ വിപണിയുടെ പ്രത്യേകത.

അടുത്ത തവണ നിങ്ങൾ മുകളിൽ സൂചിപ്പിച്ച നഗരങ്ങളിലേയ്ക്ക് ഒക്കെ യാത്ര നടത്തുമ്പോൾ  ഈ മാർക്കറ്റുകൾ കൂടി സന്ദർശിക്കുക. നിങ്ങളുടെ യാത്ര പൂർണ്ണത കൈവരിക്കുന്നത് ഇവിടെയായിരിക്കും.  ഹാപ്പി ജേർണി ആന്റി ഹാപ്പി ഷോപ്പിങ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com