ADVERTISEMENT

  മുൻകൂർ തയാറെടുപ്പുകളില്ലാത്ത യാത്രയായിരുന്നു. ദാൽ തടാകത്തിന്റെയും ചിന്നാർ മരങ്ങളുടെയും നാട്ടിലേക്ക്. ഭൂമിയിൽ സ്വർഗമെന്നറിയപ്പെടുന്ന കശ്മീരിലേക്ക്. മേഘങ്ങൾക്കൊപ്പം മലകൾ താണ്ടി പീർ പാഞ്ചലിന്റെ താഴ്‍വരയായ ശ്രീനഗറിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ദാൽ തടാകത്തിനടുത്തുള്ള ഹോട്ടലിലായിരുന്നു താമസം. പുറത്തിറങ്ങാൻ ആഗ്രഹം തോന്നിയെങ്കിലും വാർത്തകളിലൂടെ മനസ്സിൽ വേരാഴ്ത്തിയ അപകടധാരണകൾ തടഞ്ഞു.

കാലത്തെഴുന്നേറ്റ് നേരം കളയാതെ റോഡിലേക്കിറങ്ങി. പാതയോരത്തെ ചായക്കടകൾ, അവിടെ ഹൂക്ക വലിച്ച് കഥ പറഞ്ഞിരിക്കുന്ന വൃദ്ധർ. അവരോടൊപ്പം കൂടിയിരുന്ന് ചായ കുടിച്ച് തടാകക്കരയിലെത്തി. അതിമനോഹരമായിരുന്നു പുലർകാല കാഴ്ചകൾ. നേരമായിട്ടും ഉണരാൻ മടിക്കുന്ന സൂര്യൻ. മങ്ങിയ വെളിച്ചത്തിൽ ഹിമാലയൻ മലനിരകൾ, തടാകത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്ന പരുന്തുകൾ, നീന്തിത്തുടിക്കുന്ന താറാവുകൾ, നിരന്നു കിടക്കുന്ന ഷികാരകൾ, ചെറുതോണികൾ, ആൺ–പെൺ വ്യത്യാസമില്ലാതെ വള്ളക്കാർ....ആദ്യ ഷോട്ട് പൊളിച്ചു. അതിന്റെ ആവേശത്തിൽ അടുത്ത ചിത്രത്തിനായി നടന്നു തുടങ്ങിയപ്പോഴേക്കും ഷികാരക്കാർ ചുറ്റും കൂടി.

kashmir-trip8

ചെറിയ മേൽക്കൂരയോടുകൂടി അലങ്കരിച്ച തോണികളാണ് ഷികാര. ഒരു ഷികാരയിൽ 4 പേർക്ക് യാത്ര ചെയ്യാം. കിടന്നും ഇരുന്നും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ദാൽ തടാകം ചുറ്റിക്കാണാൻ ഏറ്റവും അനുയോജ്യമായ മാർഗം. ‘കമ്മി ബജറ്റ് യാത്ര’യായതിനാൽ ആദ്യമൊന്ന് ഉൾവലിഞ്ഞെങ്കിലും അവസാനം ഒരു ചെറുതുകയിൽ മീർ മുഹമ്മദെന്ന ഷികാരക്കാരനോടൊപ്പം യാത്രയുറപ്പിച്ചു.

അവൻ തുഴഞ്ഞു തുടങ്ങി. ദാൽ തടാകം പ്രകൃതിയുടെ ഒരു കാൻവാസാണ്. തുഴഞ്ഞു തുടങ്ങുമ്പോൾ മാറിമറിയുന്ന ചിത്രങ്ങൾ. തടാകത്തോട് ചേർന്ന് ഉള്ളിലോട്ട് നീണ്ടു കിടക്കുന്ന ജലപാതയുടെ ഇരുവശത്തുമായി കശ്മീരി ഷാളുകളും കരകൗശല വസ്തുക്കളും വിൽക്കുന്ന കടകൾ. സാധനങ്ങളെത്തിക്കുന്ന ചെറു തോണികൾ. ക്യാമറയുടെ ഷട്ടർ തുറന്നടഞ്ഞുകൊണ്ടേയിരുന്നു. അതിശൈത്യകാലത്ത് തടാകം മഞ്ഞു മൂടുമത്രേ. കുറച്ചു വർഷങ്ങൾക്കു മുൻപ് തടാകത്തിലെ വെള്ളം കട്ടപിടിച്ചതും കുട്ടികള്‍ അവിടെ ക്രിക്കറ്റ് കളിച്ചതു മെല്ലാം മീർ മുഹമ്മദിലൂടെ കേട്ടു.

kashmir-trip6

ദാലിന്റെ അകത്തളങ്ങളിലേക്ക് അടുക്കും തോറും കൂടുതൽ കച്ചവടക്കാർ പ്രത്യക്ഷപ്പെട്ടു. ചെറുതോണികളിലും ഷികാരയിലുമായി പഴവർഗങ്ങൾ, കുങ്കുമം, ആഭരണങ്ങൾ, കശ്മീരി ഷാള്‍ എന്നിങ്ങനെ കശ്മീരിന്റെ ഓർമയ്ക്കായുള്ള ഒരുപാട് കാഴ്ചകൾ. തടാകത്തില്‍ പൂക്കൾ അലങ്കരിക്കുന്ന കൊച്ചു ദ്വീപുകളുണ്ട്. അവിടെ തടിയിൽ തീർത്ത വലിയ വീടുകളും ചിനാർ മരങ്ങളും കാണാം. കശ്മീരിന്റെ സ്വകാര്യ അഹങ്കാര മാണ് ചിനാർ. ഋതുക്കൾക്കനുസരിച്ച് അവ നിറം മാറിക്കൊണ്ടി രിക്കും. മഞ്ഞ, ചുവപ്പ്, രണ്ടും കൂടി കലർന്ന് പുതിയൊരു നിറം...അങ്ങനെ ഓരോ ഋതുവിനും ഓരോ നിറം. കശ്മീരിന്റെ ജീവിതവും ഇതുപോലെയാണല്ലോ.

kashmir-trip3

എങ്ങനെ എത്താം

വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ളത് സംഘർഷ ചിത്രങ്ങളാണെങ്കിലും അതിനപ്പുറത്തുള്ള വിനോദസഞ്ചാര കാഴ്ചകൾ കരുതിവയ്ക്കുന്ന നാടാണ് കശ്മീർ.

ശ്രീനഗർ വിമാനത്താവളമാണ് ഏറ്റവുമടുത്തുള്ളത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദിവസേന വിമാന സർവീസുണ്ട്. ട്രെയിൻ മാർഗമാണ് യാത്രയെങ്കിൽ ജമ്മു റെയിൽവേ സ്റ്റേഷനിലിറങ്ങാം. ദൂരം 165 കിലോമീറ്റർ. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇവിടേക്ക് ട്രെയിനുക ളുണ്ട്. ഡല്‍ഹി. ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് കാർ–ബസ് മാർഗവും ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ എത്താവുന്നതാണ്.

ചിത്രങ്ങൾ : ബിലാൽ വെളിയൻകോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com