sections
MORE

സമുദ്രനിരപ്പിൽ‌നിന്നു 18,380 അടി ഉയരത്തിൽ സൈക്കിളിൽ ഒരു കറക്കം

travel4
SHARE

സമുദ്രനിരപ്പിൽ‌നിന്നു 18,380 അടി ഉയരത്തിൽ ഒരു കറക്കം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ദുർഘടവുമായ സഞ്ചാരമാർഗം. പോരാത്തതിന് അപ്രവചനീയമായ കാലാവസ്ഥയും. സൈക്കിളുമെടുത്തു പിള്ളേര് കറങ്ങാൻ ഇറങ്ങിയപ്പോൾ പലരും മൂക്കത്തു വിരൽവച്ചു. ചുറ്റിയടിച്ച് നാട്ടിലെത്തിയപ്പോഴും അതേ വിരൽ അവിടെ തന്നെയുണ്ട്. അതേ ചോദ്യം ബാക്കി: ‘വട്ടാണല്ലേ...’!!! വാഴാനി സ്വദേശി എ.എസ്.സിയാദിനും എടത്തിരുത്തി സ്വദേശി തേജസ് പയസിനും കറങ്ങിത്തിരിയുന്ന ഹരമാണ്–ആ ‘വട്ട്’. 

സമ്പർക് ക്രാന്തിയിൽ തുടക്കം

ചുമ്മാ ഇരുന്നപ്പോൾ ഒരു തോന്നൽ. ഒന്നു കറങ്ങി വന്നാലോ എന്ന സിയാദിന്റെ ചോദ്യം തേജസിന്റെ നോർത്ത്–ഈസ്റ്റ് റൂട്ട് മാപ്പ് കുത്തനെ തിരിച്ചു. 2 പേർക്കും ലക്ഷ്യസ്ഥാനം ഒന്നേയൊന്ന്–കർദൂങ് ലാ. ജൂൺ 17നു സൈക്കിളും കയറ്റി സമ്പർക് ക്രാന്തി ട്രെയിനിൽ നേരേ ചണ്ഡിഗഢിലേക്ക്. 21നു സെക്ടർ 21ൽ നിന്നു സൈക്കിൾ യാത്ര. കേട്ടുകേൾവി ഭയം നിറച്ച ജമ്മുവും ശ്രീനഗറും കടക്കാൻ  ചക്രത്തിന്റെ ആദ്യ തിരിച്ചിൽ. സോനാ മാർഗും ലേയും കടന്ന് 15–ാം ദിനത്തില്‍ ലോകത്തിലെ ഏറ്റവും അപകടകരവും മനോഹരവുമായ കർദൂങ് ലായിൽ സിയാദും തേജസും കാലുകുത്തി.

travel - Copy

ലേയിൽനിന്നു കർദൂങ് ലായിലേക്കുള്ള 39 കിലോമീറ്റർ ദൂരമായിരുന്നു ഏറ്റവും ദുഷ്കരം. രാവിലെ 6നു തുടങ്ങിയ യാത്ര അവസാനിച്ചത് വൈകീട്ട് 4.30ന്. മഞ്ഞുരുകിയ വെള്ളവും, മണ്ണും കല്ലും ഇടിഞ്ഞിറങ്ങിയ പാതയും താണ്ടിയുള്ള യാത്ര പലയിടത്തായി മുറിഞ്ഞു. മുകളിൽ ജീവവായു കുറവായതിനാൽ 20 മിനിറ്റിൽ കൂടുതൽ കർദൂങ് ലായിൽ (കെ–ടോപ്) തങ്ങാൻ അനുവദിക്കില്ല. ഇറക്കമായതിനാൽ 3 മണിക്കൂറിനുള്ളിൽ തിരിച്ചിറക്കം. സാധാരണ നിലയിലേക്ക് എത്തിയപ്പോഴാണ് കൊട്ടിയടഞ്ഞ ചെവി ബാഹ്യ ശബ്ദങ്ങളിലേക്കു തുറന്നത്. 

സത്യമായും ‘ശ്രീ’നഗർ

travel3

ഉൾക്കിടിലമായിരുന്നു ശ്രീനഗറിലേക്കു ചവിട്ടുമ്പോൾ. കേട്ടതെല്ലാം വെറും ‘വെടി’ക്കഥയാണെന്നു ബോധ്യപ്പെട്ടത് മനുഷ്യത്വം നേരിട്ടറിഞ്ഞപ്പോഴാണ്. വഴിതോറും സഹായ ഹസ്തങ്ങൾ. തടസങ്ങളില്ലാതെ സോസ് ലായും സോനാ മാർഗും പിന്നിട്ട് ഡ്രാസ് എന്ന ലോകത്തിലെ ഏറ്റവും തണുത്തുറഞ്ഞ യുദ്ധഭൂമിയിലേക്ക്. വഴിയിൽ എന്തെങ്കിലും തടസമുണ്ടായാൽ മാറ്റാന്‍ സൈനികൾ തന്നെ ശരണം. കുഞ്ഞുകുഞ്ഞു ഗ്രാമങ്ങള്‍ കടന്നു സൈക്കിൾ സാക്ഷാൽ കാർഗിലിലേക്ക്. എങ്ങും വരണ്ട മലകൾ. ഓഗസ്റ്റ് കഴിഞ്ഞാൽ മലകളിൽ മഞ്ഞുപടരും.

ചുണ്ടുകളിൽ ചിരിയില്ലാതെ കാർഗില്‍ ജനതയെ കണ്ടില്ലെന്നതു തന്നെയാണ് സിയാദിനും തേജസിനും ആശ്വാസവും അത്ഭുതവും. വഴിനീളെ ‘ജുലൈ’ (സ്വാഗതം) എന്നു ചൊല്ലിയുള്ള സ്വീകരണം. നമിക് ലായും ഫോർടു ലായും കടന്ന് എത്തിയത് ചന്ദ്രോപരിതലത്തിൽ–മൂൺ ലാന്റ്്. വിളിപ്പേരു പോലെ തന്നെ ചന്ദ്രഗ്രഹത്തിലേതു പോലെ ഇരുണ്ടതും കുഴിഞ്ഞതുമായ മണ്ണ്. ഒരേ നിരയും നിറവുമുള്ള മലകൾ. ശരിക്കും മൂൺ ലാന്റ്. വരുംവഴിയിൽ കാന്തിക ആകർഷണമുള്ള മാഗ്നറ്റിക് ഹില്‍. വാഹനങ്ങൾ ന്യൂട്രലിൽ നിർത്തിയിട്ടാൽ കാന്തിക ആകർഷണത്തിൽ മുന്നോട്ടായുന്ന തോന്നലുളവാക്കുന്ന പ്രത്യേക പോയിന്റ്. ലേയിൽനിന്നു മണാലി വഴി വീണ്ടും ചണ്ഡിഗഢിലേക്കു തിരിച്ചുള്ള ചവിട്ടൽ. 

travel1 - Copy

ശരിക്കും പഞ്ചാരാസ്....

തൃശൂർ ഭാഷയിൽ പറഞ്ഞാൽ പഞ്ചാബീസ് ശരിക്കും പഞ്ചാര ഗഡീസ് ആണ്. ചായ കുടിച്ചോ, ഭക്ഷണം കഴിച്ചോ എന്നായിരിക്കും കാണുമ്പോൾ ആദ്യ ചോദ്യം. ഭക്ഷണവും താമസവുമെല്ലാം ഗുരുദ്വാരകളിൽ ഫുൾ ഫ്രീ. ചണ്ഡിഗഢ് മുതൽ ബെനിഹാൾ വരെ ഇടയ്ക്കിടെ ഗുരുദ്വാരകളുണ്ട്. ആർക്കും എപ്പോഴും സ്വാഗതമോതി പഞ്ചാബികളും. 

സഞ്ചാരത്തിലാകെ നാട്ടുകാരുടെ സ്നേഹം കലർന്നതോടെ ചിലവ് (ട്രെയിൻ/ബസ് യാത്ര സഹിതം) ഒരാൾക്കു 15,000ൽ താഴെ നിന്നു. 

travel5

സമ്പർക് ക്രാന്തിയിൽ മടക്കം

പോയ പോലെ തന്നെയായിരുന്നു മടക്കം. അതേ ട്രെയിൻ, അതേ ടിക്കറ്റ് എക്സാമിനർ. ചെറിയൊരു മാറ്റം. ബോഗികൾ ഒന്നടങ്കം മല്ലൂസ്. നടന്നും, ബൈക്കിലും മറ്റുമായി ലേയും മണാലിയും കറങ്ങാനിറങ്ങിയവർ. യാത്രയുടെ ക്ഷീണമോ, ഉറക്കമോ പോലുമില്ലാതെ മടക്കം. നാട്ടിലെത്താനുള്ള തിടുക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA