sections
MORE

ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നഗരത്തിലേക്ക് പോരുന്നോ?

626324902
SHARE

ഒരു വിദേശ രാജ്യ സന്ദർശനത്തേക്കാൾ നമ്മുടെ സ്വന്തം നാടുകളിലുടെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്. ഇന്ത്യയിലെ ഓരോ ഇടങ്ങളും വ്യത്യസ്തമായ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും നേർകാഴ്ച്ചകൾ ആണെന്നതിൽ സംശയമുണ്ടാകില്ല ആർക്കും. അത്തരം ഒരു യാത്ര നടത്താം അടുത്തത്. 

സന്തോഷത്തിന്റെ നഗരം, ഘോഷയാത്രകളുടെ നഗരം, ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നഗരം അങ്ങനെ വിശേഷണങ്ങള്‍ ധാരാളമുണ്ട് വെസ്റ്റ് ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്ത നഗരത്തിന്. രബീന്ദ്രനാഥ ടാഗോറിനെയും സ്വാമി വിവേകാനന്ദനെയുമൊക്കെ ഓർക്കുമ്പോൾ മനസിലേയ്ക്ക് ഈ നാടും ട്രെയിൻ പിടിച്ച് എത്തും.

കൊൽക്കത്തയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ചില വിശേഷങ്ങൾ ഉണ്ട്. അതിൽ മഞ്ഞ ടാക്സിയും മനുഷ്യൻ വലിയ്ക്കുന്ന റിക്ഷാ വണ്ടിയും എല്ലാം പെടും. കൊൽക്കത്ത നഗരത്തിന്റെ രക്തക്കുഴലുകളാണ് ഈ രണ്ട് കൂട്ടരും . നഗരത്തിന്റെ ഏത് കോണിലേയ്ക്കും നിങ്ങളെ ഇവർ എത്തിക്കും. ലോകപ്രസിന്ധമാണ് ഇവിടുത്തെ മഞ്ഞ നിറത്തിലെ ടാക്സി കാറുകൾ. കൊൽക്കത്തയിൽ എത്തിയാൽ നിങ്ങളെ ആദ്യം സ്വാഗതം ചെയുന്നതും ഈ കാഴ്ച്ച തന്നെയാകും. ഏത് സമയത്തും നഗരത്തിന്റെ ഏത് മുക്കിലും മൂലയിലും മഞ്ഞ വണ്ടികളുടെ സാന്നിധ്യം അറിയാം.

523875360

ഇന്ത്യയിൽ കൊൽക്കത്തയിൽ മാത്രം കാണാൻ സാധിക്കുന്ന ഒന്നാണ് ട്രാം.  റോഡിലൂടെ തന്നെ ആണ് ഇതിന്റെ  ട്രാക്ക്. എവിടെ കൈ കാണിച്ചാലും നിർത്തും, കൊൽക്കത്തയിൽ എത്തുന്ന ആരും ട്രാമിൽ കയറാതെ പോകാറില്ല. നുഷ്യൻ മനുഷ്യനെ ഇരുത്തി വലിയ്ക്കുന്ന സൈക്കിൾ റിക്ഷയും കൊൽക്കത്തയുടെ പതിവ് കാഴ്ച്ച തന്നെ. 

രുചികരമായതും വൈവിദ്ധ്യം നിറഞ്ഞതുമായ മത്സ്യവിഭവങ്ങൾ രുചിക്കാൻ ഈ നഗരത്തേക്കാൾ മികച ഒരിടം ഉണ്ടാകില്ല.  കുറഞ്ഞ വിലയില്‍ പ്രാദശിക ഭക്ഷണം വിളമ്പുന്ന ഒട്ടേറെ റസ്റ്റോറന്‍റുകളും, ഭക്ഷണശാലകളും ഇവിടെയുണ്ട്. കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നവര്‍ ഇത്തരമൊരു കടയില്‍ കയറാന്‍ മറക്കരുത്. ബംഗാളിലെ മധുരപലഹാരങ്ങളും പ്രശസ്തമാണ്.

ഹൗറ ബ്രിഡ്ജ്, രാജ്യത്തെ ആദ്യ ഭൂഗര്‍ഭ മെട്രോ റെയില്‍ സംവിധാനം, വിക്ടോറിയ മെമോറിയല്‍, ഇന്ത്യന്‍ മ്യൂസിയം, ഏദന്‍ ഗാര്‍ഡന്‍, സയന്‍സ് സിറ്റി തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ വേറെയുമുണ്ട് കല്‍ക്കത്തയിൽ. ജി.പി.ഒ, കൊല്‍ക്കൊത്ത ഹൈക്കോര്‍ട്ട് തുടങ്ങിയ പഴക്കം ചെന്ന കെട്ടിടങ്ങളും സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഇടങ്ങൾ തന്നെ. രാജ്യത്തെ മികച്ച നൈറ്റ് ലൈഫ് ഉള്ള സ്ഥലമാണ് കൊല്‍ക്കത്ത എന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാത്തരം സന്ദര്‍ശകര്‍ക്ക് വേണ്ടിയും കൊല്‍ക്കത്ത സവിശേഷമായ ചിലത് കാത്തു വച്ചിട്ടുണ്ട്.നഗരത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ സ്വയം മറന്നൊരു നടത്തമാകാം. നടന്നു കാണുമ്പോൾ കൊൽക്കത്തയുടെ യഥാർത്ഥ രൂപഭാവങ്ങൾ നിങ്ങൾക്ക് കാണാം. അനുഭവിക്കാം.

ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും കൊൽക്കത്തയിലേയ്ക്ക് ട്രെയിൻ സർവ്വീസ് ഉള്ളതിനാൽ എളുപ്പം യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു നഗരം കൂടിയാണിത് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യയെ അടുത്തറിയാൻ ഗ്രാമങ്ങളിൽ കൂടി മാത്രമല്ല കൊൽക്കത്ത പോലെയുള്ള സാംസ്കാരിക നഗരികളിലൂടെയും സഞ്ചരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA