sections
MORE

ഇന്ത്യയിലെ സ്വിറ്റ്‌സർലന്‍ഡ്

kothagiri6
SHARE

യാത്രകളെ പ്രണയിക്കുന്നവർ കണ്ടിരിക്കേണ്ട അതിമനോഹരമായ സ്ഥലങ്ങൾ ഇൗ ഭൂമിയിലുണ്ട്.  കാഴ്ചകൾക്ക് നിറം പകരാനും ഹൃദയത്തിന് കുളിരേകാനും കൊതിക്കുന്നൊരിടത്തേക്കായിരുന്നു ഇത്തവണത്തെ യാത്ര. ഇന്ത്യയുടെ സ്വിറ്റ്‌സർലന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലേക്ക്. നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയിലെ കാഴ്ചകൾ.ഊട്ടിപോലെ പ്രശസ്തമല്ലെങ്കിലും അറിഞ്ഞു കേട്ടു കോത്തഗിരിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും കുറവല്ല. 

kothagiri5

മികച്ച കാലാവസ്ഥയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ ഇടമെന്നു വിദേശീയർ സെർട്ടിഫൈ ചെയ്ത കോത്തഗിരിയിലെ കാലാവസ്ഥ സ്വിറ്റ്സർലൻഡിലേതിനു കിടപിടിക്കുന്നതാണെന്നാണ് വിലയിരുത്തൽ. മഞ്ഞിൽ പുതച്ചു കിടക്കുന്ന കുന്നിന്‍ നിരകളും മനോഹരമായ വ്യൂപോയിന്റുകളും പ്രകൃതി രമണീയമായ അരുവികളും താഴ്‌വരകളുമൊക്കെയാണ് കോത്തഗിരിയുടെ പ്രത്യേകത. 

kothagiri4

പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം. ഇരുള്‍മുറ്റി നില്‍ക്കുന്ന വന്‍മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടം ഉൾപ്പടെ ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി തുടങ്ങിയവയും  പതിവു കാഴ്ചയാണ്.

kothagiri1

കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ കാതറിന്‍ വെള്ളച്ചാട്ടം. കോത്തഗിരിയുടെ പ്രകൃതി ഭംഗി ഊട്ടിയിലേതിൽ നിന്നു വ്യത്യസ്തമാണ്. അടുക്കും ചിട്ടയുമുള്ള തേയിലത്തോട്ടങ്ങൾ. വിശാലമായ തോട്ടങ്ങൾക്കിടയിലുള്ള ചുവപ്പും നീലയും ചായം പൂശിയ വീടുകൾ, ബംഗ്ലാവുകളുമൊക്കെയാണ്. 

kothagiri2

തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല. അതുകൊണ്ടുതന്നെ, തമിഴ്നാട്ടുകാരുടെ പുരൈട്ചി തലൈവി ജയലളിതയുടെ വേനല്‍ക്കാല വസതിയും ഇവിടെയാണ്. ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ളാവുകള്‍ ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു. പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരി എത്താം.

kothagiri

കോത്തഗിരി: ദൂരം: ഊട്ടിയില്‍നിന്ന് 30 km, കൂനൂര്‍- 20 km, മേട്ടുപ്പാളയം -30 km, കോയമ്പത്തൂര്‍-66 km. ഈ സ്ഥലങ്ങളില്‍നിന്നെല്ലാം ബസ് സര്‍വിസ് ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA