ADVERTISEMENT

ബാല്യത്തിൽ കേട്ട കഥകളിൽ ഏറെ കൗതുകമുണർത്തിയ ഒന്നായിരുന്നു ഗുഹകൾ. ഓർമകളിൽ അവശേഷിക്കുന്ന കുഞ്ഞു കഥകളിലെല്ലാം ക്രൂരനായ സിംഹവും സൂത്രശാലിയായ കുറുക്കനുമെല്ലാം വസിച്ചിരുന്നതും സന്യാസികൾ തപസ്സനുഷ്ഠിച്ചതും ഗുഹകളിലായിരുന്നു. കഥകളിൽ മാത്രം കേട്ട് പരിചയിച്ച ഗുഹകൾ നിറഞ്ഞ ഒരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ട് മേഘാലയ.

147294065

മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് ഈ സംസ്ഥാനത്തിന് മേഘാലയ എന്ന പേര് ലഭിച്ചത്. ശരിക്കുമൊരു മേഘഭവനം. നോക്കിനിൽക്കേ കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി ചിലപ്പോൾ കനപ്പെട്ടും, ചിലപ്പോൾ ചിണുങ്ങിയും നനയിച്ചു കളയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം മേഘാലയത്തിലാണ്. കേരളത്തിലെ കാലാവസ്ഥയോടു സാമ്യമുള്ള ഇവിടെ കാർഷിക വിളകളും ഹരിതാഭയുള്ള പ്രകൃതിയുമാണ്. നിരവധി മലകളും കുന്നുകളും പുഴകളും തടാകങ്ങളുമെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിടം.

184228823

മനുഷ്യർ തേടി കണ്ടുപിടിച്ച നിരവധി അഗാധമായ ഗുഹകൾ ഇവിടെയുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ പത്തു ഗുഹകൾ തേടി പോയാൽ അതിൽ ഒമ്പതു എണ്ണവും മേഘാലയുടെ മണ്ണിലായിരിക്കും. മേഘാലയിലെ കൗതുകങ്ങൾ നിറച്ച ചില ഗുഹാകാഴ്ചകളിലൂടെയാണ് ഈ യാത്ര.

ക്രേം ലിയറ്റ് പ്രാഹ്

മുപ്പത്തിനാല് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ദീർഘമായ ഗുഹയാണിത്. മേഘാലയിലെ മറ്റെല്ലാ ഗുഹകളുമായുമായി ബന്ധപെട്ടു കിടക്കുന്നു എന്നതാണ് ഈ ഗുഹയുടെ ഏറ്റവും വലിയ പ്രത്യേകത. ഗുഹാകവാടം വീതിയേറിയതാണെങ്കിലും അകത്തേക്ക് പ്രവേശിക്കുംതോറും വഴി ഇടുങ്ങിചെറുതാകും. വെള്ളച്ചാലുകളും അപൂർവ വർഗത്തിൽപ്പെട്ട വവ്വാലുകളുമെല്ലാം ഈ ഗുഹക്കുള്ളിലുണ്ട്. അകത്തേക്ക് പ്രവേശിക്കുന്നിടം മുതൽ വെളിച്ചമുണ്ടെങ്കിലും വഴി ദുര്‍ഘടമാണ്. ഗുഹകളെ  കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന നിരവധി ശാസ്ത്രജ്ഞർക്ക് വലിയൊരു ഗവേഷണ ലോകം തുറന്നു കൊടുക്കുന്നുണ്ട് ക്രേം ലിയറ്റ് പ്രാഹ്. വളരെ വലുപ്പമേറിയ എയർ ക്രാഫ്റ്റ് ഹാങ്ങർ ഇടനാഴിയും ഈ ഗുഹയുടെ സവിശേഷതയാണ്.

ചിറാപ്പുഞ്ചിക്കടുത്തു സ്ഥിതി ചെയ്യുന്ന വലിയൊരു ഗുഹയാണ് മാവ്‌സ്‌മായി. പ്രകൃതി പണിതീർത്തു മനോഹരമാക്കിയ, നീളമേറിയ ഗുഹയാണിത്. അകത്തേക്കു പ്രവേശിക്കുംതോറും വഴിയുടെ വീതി കുറഞ്ഞുവരികയും ഗുഹാപാത ദുര്‍ഘടമാകുകയും ചെയ്യും. വഴുവഴുപ്പുള്ള പാറകളും വെള്ളം തളംകെട്ടി നിൽക്കുന്ന ഇടുങ്ങിയ വഴിയും യാത്ര കഠിനമാക്കും. എങ്കിലും സാഹസികത ഏറെ ഇഷ്ടപ്പെടുന്നവരെ ഇത് ആകർഷിക്കും. വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട നിരവധി ചെറുജീവികളെ  ഇവിടെ കാണാവുന്നതാണ്. വളരെ നീളമേറിയ ഗുഹയാണെങ്കിലും വെറും 150 മീറ്റർ മാത്രമേ ഇവിടെ സഞ്ചാരികൾക്കു തുറന്നു കൊടുത്തിട്ടുള്ളു.

സിജ്ജു ഗുഹ

കുമ്മായക്കല്ലുകൾ കൊണ്ടുള്ളതാണ് ഇതിന്റെ ഉൾവശം. നീളമേറിയ ഗുഹകളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനം സിജ്ജുവിനാണ്. മേല്‍പറഞ്ഞ ഗുഹകൾ പോലെ തന്നെ ഇവിടെയും അകത്തേക്ക് ചെല്ലുന്തോറും വഴിയുടെ വികാസം കുറഞ്ഞു വരുന്നു. ഗുഹക്കുള്ളിലേക്കു പോകുംതോറും ഇരുട്ട് വ്യാപിക്കുന്നത് കൊണ്ട്  പ്രകാശം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗുഹക്കുള്ളിലെ കാഴ്ചകൾ കാണാൻ ഈ വെളിച്ചം ഏറെ ഗുണകരമാണ്. ചെറിയ ജീവികളുടെ അധിവാസ മേഖലകളാണ് ഇവിടം. അപൂർവ ഇനങ്ങളിൽ പെട്ടവയും വംശനാശത്തിന്റെ വക്കിലുള്ളവയുമാണ് ഇവയെല്ലാം. നിരവധി വിദേശികളും ഗവേഷകരും ഇവയെകുറിച്ചെല്ലാം പഠിക്കാനും കാണാനും ഇവിടെയെത്താറുണ്ട്.

603260548

ക്രെം കോട്സറ്റി

ഇരുപത്തിയഞ്ച് വ്യത്യസ്ത പ്രവേശന കവാടങ്ങളിലൂടെ അകത്തേക്ക് എത്താൻ കഴിയുന്ന ഗുഹയാണിത്. വളരെ ആകർഷകമാണ് ക്രേം കൊട്ട് സാറ്റി. ഇരുപത്തിയൊന്ന് കിലോമീറ്റർ നീളമുണ്ട്‌ ക്രേം കൊട്ട് സാറ്റിക്ക്‌. ഗുഹക്കു ചുറ്റും സ്ഥിതി ചെയ്യുന്ന ജലതടാകം നീന്തി കടന്നുവേണം അകത്തേക്ക് പ്രവേശിക്കാൻ. തടാകത്തിൽ നിന്നും നീന്തി ചെല്ലുന്നതു ചെറിയ ഇടനാഴികളിലേക്കായിരിക്കും. ആ ഇടനാഴികളാണ് ഗുഹയുടെ പ്രവേശന കവാടം. തടാകത്താൽ ചുറ്റപ്പെട്ട കവാടം പോലെ തന്നെ ഗുഹയുടെ ഉൾഭാഗവും ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്. സാഹസിക പ്രിയർക്കു വളരെ രസകരമായിരിക്കും  ക്രേം കൊട്ട് സാറ്റി.

മേഘാലയിലേക്കുള്ള യാത്രകൾ വേനൽ കാലത്താകുന്നതാണ് ഉചിതം. കാരണം ഗുഹക്കുള്ളിലെ പാറകൾക്കു തെന്നലുണ്ടാകുകയില്ല. മഴ നനഞ്ഞു യാത്ര ചെയ്യാൻ താല്‍പര്യമുള്ള സാഹസികർക്കു മഴക്കാല യാത്രകളായിരിക്കും ഇഷ്ടപ്പെടുക. ഇതുപോലെ ഇനിയും അനവധി ഗുഹകളുണ്ട് മേഘാലയിൽ. കൗതുകത്തോടൊപ്പം ഏറെ രസപ്രദമായ അറിവുകൾ കൂടി സമ്മാനിക്കുന്ന, പ്രകൃതിയുടെ മനോഹരമായ നിർമിതികൾ. പണ്ട് കേട്ട കഥകൾ പോലെ തന്നെ അകത്തു നിറയെ കൗതുകങ്ങളും ജീവികളും ഒളിപ്പിച്ച ഈ ഗുഹകാഴ്ച്ചകൾ,സാഹസികരായ യാത്രികരെ ഏറെ ഹരം കൊള്ളിക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com