ADVERTISEMENT
devarshola6

ഏറെക്കാലത്തെ മോഹവുമായിട്ടാണ് അന്ന് നാടുകാണിച്ചുരം കയറിയത്. ദേവര്‍ഷോലൈയെന്ന അതിര്‍ത്തി ഗ്രാമത്തിലൊന്ന് അന്തിയുറങ്ങണം. അവിടെ കുടിയേറിയ ഒരു ബന്ധുകുടുംബത്തില്‍നിന്നു കേട്ടുപരിചയം മാത്രമുള്ള തേയിലത്തോട്ടങ്ങളും തണുപ്പുമെല്ലാം അടുത്തറിയണം. ഒരിക്കല്‍ അവസരം ഒത്തുവന്നതാണ്. മൂന്നു വര്‍ഷം മുന്നേ നിലമ്പൂരില്‍വന്ന് സമയം കൊല്ലേണ്ടിവന്നപ്പോള്‍ ഗൂഡല്ലൂരിലേക്ക് ആനവണ്ടി കേറി, ദേവര്‍ഷോലൈ ടീ എസ്‌റ്റേറ്റില്‍ ജോലിയുള്ള അരവിന്ദേട്ടന്‍ എന്ന ബന്ധുവിനെ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.

എങ്കിലും തേയില എസ്റ്റേറ്റുകള്‍ക്കിടയിലൂടെയുള്ള അന്നത്തെ യാത്ര ഇടക്കിടെ ഓര്‍ത്തെടുക്കാറുണ്ട്. പലതവണ അവര്‍ അവിടേക്കു ക്ഷണിച്ചതാണെങ്കിലും ഇതുവരെ ഒത്തുവന്നില്ല. കഴിഞ്ഞ മഴക്കാലത്ത് പുറത്തിറങ്ങിയ, ദേവര്‍ഷോല ലോക്കേഷനായ 'എന്റെ മെഴുതിരി അത്താഴങ്ങള്‍' കണ്ടപ്പോള്‍ വീണ്ടും ആ മോഹമുദിച്ചു. കടുത്ത മഴ അവിടേക്കുള്ള വഴി മോശമാക്കിയതും ആന ഭീഷണിയും കാരണം യാത്ര ദുസ്സഹമാണെന്നറിഞ്ഞതോടെ ആ ഉദ്യമവും തൽക്കാലം ഉപേക്ഷിച്ചു. 

ദേവന്‍ എസ്റ്റേറ്റ് ഒന്നിലെ ദിനരാത്രങ്ങള്‍

devarshola3

ആ രണ്ട് ദിവസങ്ങള്‍ ഇന്നും ഞങ്ങളുടെ  മനസ്സില്‍ കോടമഞ്ഞുപോലെ മായാതെ മൂടിക്കെട്ടിയിരിപ്പുണ്ട്. ഒരിക്കലെങ്കിലും ഈ ഗ്രാമത്തില്‍ രാപ്പാര്‍ത്ത് തിരിച്ചുപോയാല്‍, അവിടേക്കു വീണ്ടും നമ്മളെ കൊളുത്തിവലിക്കുന്ന ചിലതൊക്കെ അവിടെ ഒളിഞ്ഞിരിപ്പുണ്ട്. രാവിലെ തേയിലച്ചോലയിലേക്കരിച്ചിറങ്ങുന്ന തമിഴ്‌നാടിന്റെ പച്ചബസോ അങ്ങകലെ നീലഗിരിക്കുന്നുകളുടെ വശ്യഭംഗിയോ തേയിലത്തോട്ടത്തില്‍ അങ്ങിങ്ങായി ഗതകാലസ്മരണകളുണര്‍ത്തുന്ന പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളോ തനതുരീതി കൈവിടാത്ത ആദിവാസിക്കുടിലുകളുടെ നിര്‍മാണ വൈദഗ്ധ്യമോ അവരുടെ കാട്ടുമുത്തന്‍മാരുടെ ദൈവത്തറകളോ ഒക്കെ ആയിരിക്കുമോ അത് ?

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ കുടിയേറിപ്പാര്‍ത്തവര്‍, പിന്നീട് തേയിലത്തോട്ടത്തിലെ ജോലികളും അല്‍പം കൃഷിയും കന്നുകാലിവളര്‍ത്തലുമായി പ്രകൃതിയോട് അലിഞ്ഞുചേര്‍ന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ദേവര്‍ഷോലൈ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ഏതുനിമിഷവും വീടിന്റെ മുറ്റം വരെ ആനകള്‍ എത്തിയേക്കാമെന്ന ഭയപ്പാടിലും തേയില നുള്ളുമ്പോള്‍ കരടി മുതല്‍ കാട്ടുപോത്തുവരെ അക്രമിക്കാനെത്താം എന്ന ആശങ്കയ്ക്കിടയിലും അവര്‍ ജീവിതത്തിന്റെ വലക്കണ്ണികൾ നെയ്യുന്നു. 

devarshola8

നിലമ്പൂര്‍ – ഊട്ടി റോഡില്‍ ഗൂഡല്ലൂരിലെത്തി, പാട്ടവയലിലേക്കുള്ള റൂട്ടിലാണ് ദേവര്‍ഷോലൈ. ഗൂഡല്ലൂരില്‍നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരം. വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവര്‍ഷോലൈ ടീ ഫാക്ടറി റോഡിനോടു ചേര്‍ന്നാണ്.  അവിടെനിന്നു പിന്നെയും എട്ടു കിലോമീറ്റര്‍ താണ്ടണം ദേവന്‍ എസ്‌റ്റേറ്റ് -ഒന്നിലേക്ക്. അവിടേക്ക് ഒരു ബസ് സര്‍വീസുമുണ്ട്. തേയിലത്തോട്ടങ്ങളിലൂടെയുള്ള പ്രധാന റോഡിനുപുറമേ ഊടുവഴി താണ്ടിയും അവിടെയെത്താം.

ദേവര്‍മാരുടെ ചോല ഇന്ന് തിയാഷോല

devarshola1

ദേവര്‍മാരുണ്ടായിരുന്ന സ്ഥലം എന്ന മിത്തില്‍ നിന്നാണ് ദേവര്‍ഷോലൈയെന്നും ദേവന്‍ എസ്‌റ്റേറ്റ് എന്നുമുള്ള പേരുകള്‍ വന്നുചേര്‍ന്നതത്രേ. ബ്രിട്ടിഷ് ഭരണകാലത്ത് നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലായിരുന്ന  ഈ തേയില-കാപ്പിത്തോട്ടങ്ങള്‍ പിന്നീട് ബ്രൂക്ക്ബോണ്ട് ലീസിനെടുത്തു. നിരവധി തൊഴിലാളികളെ അടിമകളെപ്പോലെ ഇവിടേക്ക് തോട്ടം പണിക്ക് കൊണ്ടുവരികയും ഒറ്റമുറിയില്‍ താമസിപ്പിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. തോട്ടം പിന്നീട്  ലിപ്ടണ് കൈമാറുകയും തുടര്‍ന്ന് കണ്ണന്‍ദേവന്റെ കൈകളിലെത്തുകയും ഒടുവില്‍ ഇന്ന് തിയാഷോല പ്ലാന്റേഷന്‍ ടീമിന്റേതാകുകയും ചെയ്തു.

ദക്ഷിണേന്ത്യയിലെ സുപ്രധാന തേയില ഉല്പാദന മേഖലയാണ് ദേവര്‍ഷോലൈയിലെയും നാടുകാണിയിലെയും തിയാഷോല ടീ എസ്‌റ്റേറ്റ്. 2003 ല്‍ തിയാഷോല ടീ എസ്‌റ്റേറ്റ് പൂര്‍ണമായും ജൈവരീതിയിലേക്ക് മാറിയതോടെ പ്രകൃതിസുന്ദരമായ ദേവര്‍ഷോലൈ പരിസ്ഥിതിക്കിണങ്ങിയ ഒരു ആവാസ വ്യവസ്ഥക്ക് രൂപം നല്‍കി. 

devarshola

ദേവര്‍ഷോലൈ 3000 ഏക്കര്‍ വിസ്തൃതിയില്‍ 1050 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചുകിടക്കുന്നു. വര്‍ഷത്തില്‍ 2000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന പ്രദേശം.  കുറഞ്ഞ താപനില 10 ഡിഗ്രിയും കൂടിയത് 30 ഉം.  ഈ പ്രദേശമുള്‍പ്പെട്ട നീലഗിരിജില്ല വര്‍ഷത്തില്‍ രണ്ടു തവണ മഴക്കാലം ലഭിക്കുന്ന ലോകത്തെ ചുരുക്കം ചില തേയില വളര്‍ത്തല്‍ മേഖലകളിലൊന്നാണ്.  150 ഓളം വര്‍ഷത്തെ ചരിത്രമുള്ള ദേവന്‍ എസ്‌റ്റേറ്റുകളുടെ ഭൂമിശാസ്ത്രപരമായ കിടപ്പും ജൈവവൈവിധ്യങ്ങളും സുഖകാലാവസ്ഥയും ഇവിടം  പ്രദേശനിവാസികളുടെ മാത്രമല്ല സഞ്ചാരികളുടെയും സ്വര്‍ഗമാക്കിമാറ്റി. ആന, കടുവ, കരടി, കാട്ടുപോത്ത്, കാട്ടാട്, കാട്ടുകോഴികള്‍, മലയണ്ണാന്‍, മലബാര്‍വെരുക് തുടങ്ങിയവയുടെ വിഹാരകേന്ദ്രം കൂടിയാണ് മുതുമല കടുവാസങ്കേതത്തോട് ചേര്‍ന്നുള്ള ഈ പ്രദേശം. കാട്ടുനായ്ക്കരും ചോലനായ്ക്കരും ഉള്‍പ്പെടെയുള്ള ഗോത്രജനത ഇവിടെ അധിവസിക്കുന്നു. മലയാളം തന്നെയാണ് പ്രധാന സംസാരഭാഷയെങ്കിലും തമിഴും കന്നടയും ഗോത്രഭാഷകളും എല്ലാം ചേര്‍ന്ന് ഇതിനെ വൈവിധ്യപൂര്‍ണമായ ഒരു സംസ്‌കാര ഭൂമിയാക്കുന്നു.

ആദ്യദിനത്തില്‍ എസ്‌റ്റേറ്റിന്റെ ക്വാർട്ടേഴ്‌സിലായിരുന്നു ഞങ്ങളുടെ താമസം. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ചെറിയ ഒരു ക്വാർട്ടേഴ്‌സായിരുന്നെങ്കിലും അരവിന്ദേട്ടന്റെ അമ്മയും ഭാര്യയും കൂടി തയാറാക്കിയ, മലബാറിന്റെ രുചി ഒട്ടും ചോരാത്ത നെയ്‌ച്ചോറും കോഴി മുളകിട്ടതും കഴിച്ച് ആ രാത്രി അന്തിയുറങ്ങി. പിറ്റേന്ന്  ചെറിയൊരു ട്രെക്കിങ്ങാണ് അരവിന്ദേട്ടന്‍ ലീവെടുത്ത് ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിവെച്ചിരുന്നത്. അതിരാവിലെ അദ്ദേഹത്തിനൊപ്പം പശുഫാമും വാഴത്തോട്ടവും സന്ദര്‍ശിച്ചശേഷം ചായകുടി കഴിഞ്ഞ് ജീവിതസഹയാത്രിക ശ്രുതിബാലിനെയും കൂട്ടി ഞങ്ങളുടെ കൊച്ചുസംഘം കാടുകാണാനിറങ്ങി.

devarshola5

ക്വാർട്ടേഴ്‌സുമുതലുള്ള ഓരോ കാഴ്ചയ്ക്കും ഓരോ കഥയുണ്ട്. വഴിയില്‍ കാണുന്ന ഓരോരുത്തരും പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ടതിന്റെയും അധ്വാനിച്ച് ജീവിച്ചതിന്റെയും നേര്‍സാക്ഷ്യങ്ങളാണ്. എസ്റ്റേറ്റ് ബംഗ്ലാവിലേക്കുള്ള വഴിയിലും ദേവര്‍ഷോലൈ ടൗണിലേക്കുള്ള റോഡിനോട് ചേര്‍ന്നുമായി ഒരു കാന്റീന്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പ്രൗഡിയോടെ ഇന്നും തലയുയര്‍ത്തി അവരെ സേവിക്കുന്നു. 

ബംഗ്ലാവിലേക്കുള്ള വഴിയില്‍ തിയോഷോല എസ്‌റ്റേറ്റിന്റെ വെര്‍മി കംപോസ്റ്റ് യൂണിറ്റുകള്‍ മൈതാനത്ത് പരന്ന് കിടക്കുന്നു.  കാല്‍നടയാത്ര കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ നേരെ ബംഗ്ലാവിലേക്ക്. അവിടെ അല്‍പസമയം. പിന്നെ തേയിലത്തോട്ടത്തില്‍കൂടിയുള്ള യാത്രയാണ്. വെയിലുവീശിത്തുടങ്ങി; തെളിഞ്ഞ ആകാശം. അങ്ങ് നീലഗിരിക്കുന്നുകള്‍ക്കുമീതെ വെള്ളിമേഘങ്ങള്‍ തെന്നി നീങ്ങുന്നു. ഊട്ടിമലകള്‍  ആകാശത്തെ ചുംബിച്ച് അതിന്റെ വന്യസൗന്ദര്യം ചൊരിഞ്ഞുകൊണ്ടിരുന്നു. കാട്ടുപഴങ്ങള്‍ പറിച്ചും ചരിത്രകഥ പറഞ്ഞും ഞങ്ങള്‍ യാത്ര തുടര്‍ന്നു. വര്‍ഷങ്ങളായി എസ്‌റ്റേറ്റ് നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജലസേചന  സംവിധാനത്തിന്റെ  കണക്‌ഷന്‍ ടാപ്പ് വഴിയരികെ കാണാം. പൂര്‍ണമായും ചോലയില്‍നിന്ന് പൈപ്പ് വഴി ബന്ധിപ്പിച്ചതാണ് ഈ പ്രകൃതിദത്ത ജലസേചന സംവിധാനം. അങ്ങകലെയുള്ള ഒരു മലഞ്ചെരുവിലുള്ള വെളളച്ചാട്ടത്തില്‍ നിന്ന് പൈപ്പിട്ടാണ് ആദിവാസികളടക്കമുള്ളവര്‍  ഗാര്‍ഹികാവശ്യങ്ങള്‍ക്കും കൃഷിക്കും ഉപയോഗിക്കുന്നത്.  

കാട്ടിലെ ദേവിക്ക് മുളംകുറ്റിവെള്ളത്തില്‍ നീരാട്ട്

തോയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ കാടുകയറി ചോല ചുറ്റിവളഞ്ഞ്,  ഞങ്ങള്‍ ആദിവാസിക്കുടിലുകളിലേക്ക് നീങ്ങി. മണ്‍ചുമരുകളില്‍ ചായംകൊണ്ട് ചിത്രം വരച്ചിട്ട കുടിലുകള്‍. ചിലരൊക്കെ പുതിയ വീടുകള്‍ക്ക് തറയിട്ടിരിക്കുന്നു. ഈയിടെ വൈദ്യുതി ലഭിച്ചതിന്റെ സൂചനയും ആഹ്ലാദവുമെന്നോണം  താല്‍ക്കാലികകൂരകളില്‍ നിന്നു കാതടപ്പിക്കുന്ന സംഗീതം ഉയര്‍ന്നുകേള്‍ക്കാം. അരവിന്ദേട്ടന്‍ അവിടെ ജനകീയനാണ്. ഞങ്ങളെയെല്ലാം പരിചയപ്പെടുത്തി. അവര്‍ മാറ്റത്തിന്റെ പാതയിലാണെങ്കിലും തനിമ ചോരാതെ എന്തൊക്കെയോ അവരിന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. അത് അവരുടെ കാവോ കൃഷിരീതികളോ ആകാം.

അവരുടെ ഉത്സവത്തിന് ദേവിയെ കുളിപ്പിക്കാന്‍ പുലര്‍ച്ചെ ഉള്‍ക്കാട്ടില്‍ പോയി മുളംകുറ്റിയില്‍ വെള്ളമെത്തിക്കുന്ന ഒരു ചടങ്ങുമുണ്ടത്രേ. അന്ന് അവരുടെ എല്ലാ ഊരുദേശങ്ങളില്‍ നിന്നും ആളുകളെത്തും.ഒരു കാര്യമുറപ്പിച്ചാണ് ഞങ്ങള്‍ ക്വാർട്ടേഴ്‌സിലേക്ക് തിരിച്ചത്. വിചിത്രവും ഗോത്രരീതികള്‍ ചോര്‍ന്നുപോകാത്തതുമായ അവരുടെ കാവിലെ അടുത്ത ഉത്സവം കൂടണം; പിന്നെ ആ തേയിലക്കാട്ടില്‍ ഒരിക്കല്‍കൂടി അലിഞ്ഞുചേരണം...  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com