ADVERTISEMENT

നടന്നു നീങ്ങിയ വഴിത്താരകളിൽ പലപ്പോഴും കാഴ്ചകളുടെ പുതുവസന്തമൊരുക്കി പ്രകൃതി നമുക്കു പുതുമകൾ സമ്മാനിക്കാറുണ്ട്‌. ഹൃദ്യമായ യാത്രകളുടെ അവസാനം ഓർമകൾ നമ്മളെ മാസ്മരിക ലോകത്തേക്കു കൂട്ടിക്കൊണ്ടു പോവാറുണ്ട്‌. കർണാടകയിലെ കൊച്ചു കേരളമായ ഷിമോഗയിലേക്കുള്ള ഈ യാത്രയും പഴമയുടെ സുഗന്ധമുള്ള ഓർമകളേറെ സമ്മാനിച്ചു. കവുങ്ങിൻ തോപ്പുകളാലും വാഴത്തോട്ടങ്ങളാലും നെൽപ്പാടങ്ങളാലും പ്രകൃതിരമണീയമായ സ്ഥലം. കൃഷിയിടങ്ങളിൽനിന്നു മാറി നിശ്ചിത അകലത്തിലുള്ള ഓടിട്ട ചെറിയ വീടുകൾ. അതിനോടു ചേർന്ന ഓലമേഞ്ഞ തൊഴുത്ത്‌, വൈക്കോൽക്കൂനകൾ, തെങ്ങിന്തോപ്പുകളിൽ ചാലുകൾ കീറി വെള്ളം തിരിച്ചു വിടുന്ന കർഷകർ അങ്ങനെയങ്ങനെ.. അൻപതുകളിലെയും അറുപതുകളിലെയും ഗ്രാമീണതയുടെ ഓർമച്ചിത്രങ്ങൾ. കഴിഞ്ഞ കാലത്തിനൊപ്പം നഷ്ടമായ നാട്ടിൻപുറ നന്മയുടെ നേർക്കാഴ്ചകൾ.

സൗന്ദര്യത്തിനു മാറ്റു കൂട്ടുമ്പോലെ അങ്ങിങ്ങായി നിൽക്കുന്ന മൊട്ടക്കുന്നുകൾ. പ്രകൃതിരമണീയതയിൽ മാത്രമല്ല, വേറിട്ട ഭക്ഷണ രീതികളിലും പ്രശസ്തമായ ഷിമോഗ ഐസ്ക്രീമുകളുടെ നാടുകൂടിയാണ്. ഋതുഭേദങ്ങൾക്കൊപ്പം മുഖംമൂടി മാറുന്ന ഷിമോഗ അടുത്തറിയാത്തവരെ ആദ്യമൊന്ന് അലോസരപ്പെടുത്തും. പ്രധാന ആകർഷണമായ ജോഗിന്റെ സൗന്ദര്യത്തിൽ മുങ്ങിപ്പോയ മറ്റനവധി ഹിൽസ്‌ സ്റ്റേഷനുകളാലും പതിനൊന്നോളം ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളാലും സമ്പന്നമാണു ഷിമോഗ.

2Shimoga-jog-falls

ആദ്യയാത്ര ഷിമോഗ ബാംഗ്ലൂർ ഹൈവേയിൽ സ്ഥിതിചെയ്യുന്ന ട്യവരെ കൊപ്പയിൽ. ഏകദേശം ഒരു മണിക്കൂർ ദൈഘ്യമേറിയ ടൈഗർ ആൻഡ് ലയൺ സഫാരിക്കു ശേഷം നീണ്ട ഒരു സന്ദർശനം തന്നെയായിരുന്നു കാഴ്ചബംഗ്ലാവും മ്യൂസിയവും പാർക്കും ഒക്കെയായി. ഗൈഡിന്റെ പ്രത്യേക അഭ്യർഥനപ്രകാരം ഇടയ്ക്കു വനത്തിൽ ഇറങ്ങാൻ പറ്റി. അധിക സമയം അത്‌ അനുവദനീയമല്ല.

ഇത്ര അടുത്ത്‌ സിംഹത്തെ കാണുന്നതിതാദ്യമായാണ്. അന്നത്തെ യാത്രയുടെ അവസാനം പെട്ടെന്നെടുത്ത തീരുമാനമായിരുന്നു കെഎസ്‌ ഹിൽ സ്റ്റേഷൻ സന്ദർശിക്കുക എന്നത്‌. അതിരാവിലെതന്നെ പുറപ്പെട്ട യാത്രയുടെ ആദ്യ പകുതി അത്ര രസകരമല്ലായിരുന്നു എങ്കിലും പിന്നീടങ്ങോട്ട്‌ ആഘോഷമായിരുന്നു. മൺസൂൺ സീസൺ ഒഴികെ ബാക്കി എല്ലാ കാലാവസ്ഥകളിലും 'തിരുമല' മലനിരകളിലൂടെ ഉള്ള യാത്ര വളരെ സുഗമമാണ്. ചുരം കയറുമ്പോൾ കാണാം, വഴിയരികിൽ ഇരുവശത്തുമായി ചിട്ടയോടെ നട്ടുപിടിപ്പിച്ചിരിക്കുന്ന കുറ്റിച്ചെടികൾ വെട്ടി നിരയൊത്ത്‌ നിർത്തിയിരിക്കുന്നു.. അകലം പാലിച്ചു നട്ടു പിടിപ്പിച്ച കാറ്റാടി മരങ്ങൾ.. അങ്ങിങ്ങായി തേക്കും പ്ലാവും ഈട്ടിയുമൊക്കെ കാണാം. വൻ മരങ്ങളോടു ചേർന്നു നട്ടുപിടിപ്പിച്ചിരിക്കുന്ന വള്ളിച്ചെടികൾ വനഭംഗി പകർത്തുവാനായുള്ള ഒരു വിഫല ശ്രമമായാണു തോന്നിയത്‌.

1Lion_at_tiger_lion_safari_shimoga_India

അവിടുന്നങ്ങോട്ട്‌ ഏകദേശം എട്ടു കിലോമീറ്ററോളം കാപ്പിത്തോട്ടങ്ങൾ. മിക്കവയും പൂവിട്ട്‌ സുഗന്ധം പരത്തി നിൽക്കുന്നു, കുറ്റിമുല്ലയെ അനുസ്മരിപ്പിക്കും വിധം. റോഡിലിറങ്ങി ഉയർത്തിക്കെട്ടിയ വേലിയിലേക്കു കൈ വെച്ചതും എവിടെനിന്നോ പാഞ്ഞെത്തി ചിത്രകഥകളിലും മറ്റും മാത്രം പരിചയമുള്ള വേട്ട നായ്ക്കൾ. വാഹനത്തിനൊപ്പം മുള്ളുവേലിയുടെ മറവിൽ കുറേദൂരം അവ ഞങ്ങളെ പിന്തുടർന്നു മറഞ്ഞു. മുകളിലേക്കു പോകുംതോറും കാഴ്ചകൾ കൂടുതൽ രസകരമായി. രാജഗിരി വന മേഖലയിൽ കയറിയപ്പോഴാണ് അതുവരെ കണ്ട മനുഷ്യനിർമിത വനഭംഗിയിൽ നിന്നു മാറി പ്രകൃതിയുടെ തനതായ സൗന്ദര്യത്തിലേക്ക്‌ എത്തിയത്‌. നീരുറവകൾ വറ്റിയിരുന്നെങ്കിലും പാറകളിലും മലയിടുക്കുകളിലും ശക്തമായ നീരൊഴുക്കിന്റെ ബാക്കിപത്രമെന്നവണ്ണം അടയാളങ്ങൾ കാണാം. പലയിടങ്ങളിലും മണ്ണൊലിച്ചു മാറിയ ചാലുകൾ. കടപുഴകി വീണു കിടക്കുന്ന മരങ്ങളുടെ ചിതലരിച്ചു തുടങ്ങിയ അവശിഷ്ടങ്ങൾ.

താഴേക്ക്‌ നോക്കുമ്പോൾ അദ്ഭുതവും! മൂടൽമഞ്ഞു മൂടിയ മരങ്ങൾ മുകളിൽ നിന്ന് നോക്കുമ്പോൾ അവസാനത്തെ തളിർ നാമ്പും ഒറ്റക്കാഴ്ചയിൽ.. വളഞ്ഞു പുളഞ്ഞൊഴുകുന്ന നദിപോലെ, കയറി വന്ന കീൺക്രീറ്റ്‌ വഴികൾ. മഴക്കാലമായാൽ ഈ വഴികളിലൂടെയുള്ള യാത്ര വളരെ ദുസ്സഹമായിരിക്കും. കെഎസ്‌ ഹിൽസ്റ്റേഷനു മുകളിൽ പൂക്കളുടെ ഒരു വസന്തം തന്നെ തീർത്തിരുന്നു.. വിവിധ നിറങ്ങളിലുള്ള റോസാപ്പൂവുകൾ ആണു കൂടുതലും. താഴ്‌വാരത്തെ ചുവന്ന പട്ടുടുപ്പിച്ച പോലെ പൂത്തുലഞ്ഞു നിൽക്കുന വാകമരങ്ങൾ ഹിൽസ്‌ പോയിന്റിൽ നിന്നുള്ള കാഴ്ച കൂടുതൽ ഹൃദ്യമാക്കി. സൂയിസൈഡ്‌ പോയിന്റിൽ നിന്നുള്ള കാഴ്ചയുടെ ആഴം പടന്നു പന്തലിച്ച മരച്ചില്ലകൾ മറച്ചു; മരണഭീതി ആളുകളിൽ വളർത്താതിരിക്കാൻ പ്രകൃതിയിരുക്കിയ മറ പോലെ.!

മണലാരണ്യത്തെ വെല്ലുന്ന മൊട്ടക്കുന്നുകൾ ദൂരക്കാഴ്ച. കൂട്ടമായുള്ള യാത്രകളിലും കൂട്ടം തെറ്റി ഒറ്റയ്ക്കു നിൽക്കുന്നത്‌ എപ്പോഴോ ഞാൻപോലുമറിയാതെ എന്റെ സ്വഭാവത്തിന്റെ ഭാഗമായി. തനിച്ചു മാറി നിന്നു കാഴ്ചകൾ ആസ്വദിക്കുമ്പോളുണ്ടാകുന്ന ആത്മനിർവൃതി ഒന്നു വേറെതന്നെ. ഹിൽ സ്റ്റേഷനു മുകളിൽ നിന്നുള്ള രാത്രികാഴ്ചകൾ മനോഹരമാണ്. മലയിടുക്കുകളുടെയും വനാന്തരീക്ഷത്തിന്റെയും ഒന്നും സൗന്ദര്യം അധികം അനുഭവിച്ചറിയാത്ത ഗുജറാത്തി കുട്ടികൾ ആഘോഷ തിമിർപ്പിലാണ്. തൊട്ടപ്പുറത്ത്‌ കുട്ടികളുടെ ഒച്ചപ്പാടും മാറി മാറി ഫോട്ടൊ എടുക്കുവാനുള്ള തിരക്കും കാണാം.

സാധാരണയിൽനിന്നു വ്യത്യസ്തമായൊരു യാത്ര ആയിരുന്നു അത്‌. ചുരം കയറി മുകളിലെത്തിയിട്ട്‌ അവിടുന്നു കാഴ്ചകളോരോന്നായി കണ്ടുള്ള ചുരമിറങ്ങൽ. ഹിൽസ്റ്റേഷനിലെ പച്ചപ്പട്ടണിഞ്ഞ ഗാർഡനിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന തണൽമരങ്ങൾ. വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന ചാരു ബെഞ്ചുകൾ, സഞ്ചാരികളെ ഭയന്നു വേലികെട്ടി സംരക്ഷിച്ചിരിക്കുന്ന റോസാപ്പൂച്ചെടികൾ. കാഴ്ചകളാസ്വദിച്ചു മുന്നോട്ട്‌ നീങ്ങിയപ്പോളാണ് ചില്ലകളിൽ ചാടിക്കളിക്കുന്ന കുരങ്ങന്മാർ ശ്രദ്ധയിൽ പെട്ടത്‌. കൗതുകത്തോടെ ഫോട്ടോ എടുക്കുവാൻ തുനിഞ്ഞപ്പോൾ കണ്ണിലുടക്കിയ കാഴ്ച വിചിത്രവും. മാതൃസ്നേഹത്തിന്റെ മറ്റൊരു നിറകുടം. മനുഷ്യരെ ഭയന്നു കുഞ്ഞിനെ മാറോടണച്ചുപിടിച്ചിരിക്കുന്ന അമ്മക്കുരങ്ങ്‌. ഇനിയുള്ള യാത്രകൾ പ്രകൃതി സൗന്ദര്യത്തിനു മാറ്റുകൂട്ടുമ്പോലെ അവിടെയുള്ള പത്തോളം വെള്ളച്ചാട്ടങ്ങളിലേക്ക്. മൺപാതകൾ പിന്നിട്ടുള്ള ആദ്യ യാത്ര ചെന്നെത്തിയത്‌ ശാന്തി വെള്ളച്ചാട്ടത്തിലേക്ക്‌. പ്രധാന റോഡിൽനിന്ന് ഇടുങ്ങിയ വഴിയിലൂടെ പത്തുമിനിറ്റോളം നീണ്ട കാൽനടയാത്ര.

പാതയുടെയോരത്തുകൂടി നടക്കുമ്പോൾ കേൾക്കാം പാറയിൽ വീണു ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികളുടെ സംഗീതം. കെ എസ്‌ ഹിൽസ്റ്റേഷനിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഹെബ്ബേ ഫാൾസ്‌ ആണ്. ടൈഗർ റിസർവ്ഡ്‌ ഏരിയയിലൂടെ ഉള്ളയാത്ര ആയതിനാൽ അവിടേക്കുള്ള പ്രാധാന കവാടത്തിൽത്തന്നെ വലിയ വാഹനങ്ങൾ തടയും. പിന്നീടുള്ള യാത്ര കാൽനടയായോ ഇരുചക്ര വാഹനത്തിലോ തുടരാം. ഒരു മണിക്കൂറോളം പിന്നിട്ട യാത്ര മറ്റൊരു ജലോൽസവത്തിനു തന്നെ തുടക്കം കുറിച്ചു. ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം ചന്ദ്ര ദ്രോണാ മലനിരകളിൽ നിന്നുത്ഭവിക്കുന്ന കൽ ഹാട്ടി വെള്ളച്ചാട്ടവും അതിനോട്‌ ചേർന്ന വീരഭദ്ര അമ്പലവുമാണ്... പാറക്കെട്ടുകളുടെ തണുപ്പ്‌ പറ്റി മലയിടുക്കുകളിലൂടെ ഒഴുകിവരുന്ന വെള്ളം അമ്പലത്തിന്റെ മുക്കാൽ ഭാഗവും തഴുകി കടന്നുപോകും.. വെള്ളച്ചാട്ടത്തിനു കുറുകെ നടന്നാണു പ്രധാന പ്രതിഷ്ഠയ്ക്കടുത്തെത്തുന്നത്‌. പടിക്കെട്ടുകൾ മുക്കാലും വെള്ളത്തിനടിയിലാണ്. വേനൽക്കാലമായാൽ വെള്ളച്ചാട്ടത്തിന്റെ ഉറവിടം വ്യക്തമായി കാണാൻ കഴിയും.

ആഘോഷതിമിർപ്പുകൾക്കു ശേഷം ഭക്തിസാന്ദ്രമായി ശിവനെയും തൊഴുത്‌ യാത്ര തുടരുമ്പോൾ എല്ലാ സീസണിലും ഈ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞതിന്റെ ചെറിയൊരഹങ്കാരം മനസ്സിൽ നിഴലിക്കുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com