sections
MORE

തിരുവനന്തപുരത്ത് നിന്ന് മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലേക്ക് ഒരു പെൺബുള്ളറ്റ് യാത്ര

Shiny-rajkumar1
SHARE

ആൺ പെൺ വ്യത്യാസമില്ലാതെ ബുള്ളറ്റിനെ പ്രണയിക്കുന്നവർക്ക് സുപരിചിതയാണ് ഷൈനി രാജ് കുമാർ. കേരളത്തിന്റെ ബുള്ളറ്റ് റാണിയെന്ന വിശേഷണമുള്ള ഷൈനി യാത്രകളെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കൂട്ടിന് തന്റെ ഹിമാലൻ ബുള്ളറ്റ് കൂടി ആകുമ്പോൾ ഗംഭീരം എന്ന് ഷൈനി തന്നെ പറയുന്നു.

കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ നടത്തിയിട്ടുള്ള ഷൈനി ഈയടുത്ത കാലത്ത് പോയത് വയനാടും ഗുണ്ടൽപേട്ടും കാണാനായിരുന്നു. തിരുവനന്തപുരം ശാസ്താ മംഗലത്തെ വീട്ടിൽ നിന്നും വയനാട്ടിലേയ്ക്ക് തന്റെ പാട്ണർ ആയ ബുള്ളറ്റിൽ ഷൈനി നടത്തിയ ഒരു കിടുക്കൻ യാത്രയുടെ വിശേഷങ്ങൾ അറിയാം.

Shiny-rajkumar3

മിക്ക യാത്രകളും ആരംഭിക്കുമ്പോൾ ഷൈനി ഒറ്റയ്ക്കായിരിക്കും. എന്നാൽ ലക്ഷൃത്തിൽ എത്തുമ്പോൾ ഒരു ബുള്ളറ്റ് ജാഥ തന്നെയുണ്ടാകും കൂടെ. കേരളത്തിൽ അങ്ങോളമിങ്ങോളം ബുള്ളറ്റിനെ നെഞ്ചേറ്റുന്ന നിരവധി സുഹൃത്തുക്കളുണ്ട് ഷൈനിയ്ക്ക്. ഈ യാത്രയും പുറപ്പെടുമ്പോൾ ഒറ്റയ്ക്കായിരുന്നെങ്കിലും വയനാട് വരെ എത്തിയ സമയത്തിനുള്ളിൽ ഒരു കൂട്ടം സുഹൃത്തുക്കളെ പലയിടത്തു നിന്നായി ഒപ്പം കൂട്ടിയെന്ന് ഷൈനി.

രാത്രിയിലാണ് വയനാട് എത്തുന്നത്.  നേരെ മുത്തങ്ങയ്ക്ക് പോയി. രാത്രിയിൽ വയനാടൻ കാട് അതിസുന്ദരിയാകുമെന്ന് ഷൈനി. മുത്തങ്ങയിലെ അനുഭവം മറക്കാനാവാത്തതെന്ന് ഷൈനി പറഞ്ഞു. മുത്തങ്ങയുടെ സൗന്ദര്യം അത് ആസ്വദിച്ച് തന്നെ അറിയണം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. കാടിന്റെ പച്ചപ്പും മനസു കുളിർപ്പിക്കുന്ന തണുപ്പും ആണ് മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നത്.

Shiny-rajkumar5

മുത്തങ്ങയിൽ നിന്ന് നേരെ ഗുണ്ടൽപേട്ടിലേയ്ക്ക്. മുത്തങ്ങ- ബന്ദീപ്പൂർ- ഗുണ്ടൽപേട്ട്. ഈ റൂട്ട് ഒരു മാതിരിപ്പെട്ട ആളുകളുടേയും സഞ്ചാര പദമാണല്ലോ. ഈ വഴിയിലൂടെയുള്ള യാത്ര അവർണനീയമാണ്. കാടിന്റെ മർമരം ആസ്വദിച്ച്, ഒരു അതിഥിയെപ്പോലെ കാടിന്റെ ഉടയോരെ കണ്ടൊരു തകർപ്പൻ യാത്ര.

Shiny-rajkumar

ബന്ദിപ്പൂർ വന്യജീവി സങ്കേതത്തെക്കുറിച്ച് അറിയാത്തവരുണ്ടാകുമോ. മലയാളികളിൽ മിക്കവരും ഈ വഴിയിലൂടെ കടന്നു പോയിട്ടുണ്ടാകും.ഷൈനിയും കൂട്ടരും ഗുണ്ടൽപേട്ട് എത്തുമ്പോൾ സൂര്യകാന്തിപ്പാടങ്ങൾ എല്ലാം പൂത്തുലഞ്ഞു നിൽക്കുന്ന സമയമായിരുന്നു. സൂര്യകാന്തികൾക്കിടയിൽ അതിനേക്കാൾ ഏറെ കാന്തിയോടെ ഷൈനിയും ബുള്ളറ്റും.

ഗുണ്ടൽപേട്ടിൽ നിന്നൊരു വട്ടം വരച്ചാൽ അതു സ്പർശിക്കുന്നതൊക്കെ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് എന്നതു ശ്രദ്ധേയം. അതിൽ മൈസൂരു, ബന്ദിപ്പൂർ നാഷനൽ പാർക്ക്, ഗോപാല‍സ്വമിബേട്ട, മുതുമലൈ നാഷനൽ പാർക്ക്. ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. കാണാനേറെയുള്ള ഇവിടേയ്ക്ക് ഒരു യാത്ര ആകാം ഇനി. ഷൈനിയെക്കുറിച്ച് കൂടി പറയാതെ ഈ യാത്രവിവരണം പൂർണമാകില്ല.

ബുള്ളറ്റിനോടും യാത്രകളോടുമുള്ള പ്രിയത്താൽ പെൺകുട്ടികൾക്കായി  ബുള്ളറ്റ്ക്ലബ് വരെ രുപീകരിച്ച പുലിയാണ് ഈ കക്ഷി.ഡൗണ്ട്‌ലെസ്റോയൽ എക്സ്പ്ലോർ എന്ന ഈ ക്ലബിന് ഇന്ന് കേരളത്തിൽ 5 ചാപ്റ്ററുകളുമുണ്ട്. ഏതൊരു യാത്രികന്റെയും സ്വപ്നത്തിൽ എങ്കിലും ഉണ്ടാകും ഹിമാലയത്തിലേയ്ക്ക് ഒരു ബുള്ളറ്റ് സഫാരി എന്നത്. എങ്കിൽ കന്യാകുമാരിയിൽനിന്ന് കർദുംഗ ല പാസ് വരെ 12,000 കി.മീറ്റർ സഞ്ചരിച്ച് നമ്മുടെ ചുണക്കുട്ടി അതും  സാധ്യമാക്കി. ഇനിയും വിശേഷണങ്ങൾ ഏറെയുണ്ട് ഈ ബുള്ളറ്റ് റാണിയ്ക്ക്.

ഒരു സ്ത്രി തനിച്ച് യാത്ര ചെയ്യാൻ രണ്ടുവട്ടം ആലോചിക്കുന്ന ഈ കാലത്ത് നിരവധി പേർക്ക് പ്രത്യേകിച്ച് സ്ത്രികൾക്ക് തന്നെ പ്രചോദനമായിക്കൊണ്ടിരിക്കുന്ന ഷൈനിയുടെ അടുത്ത യാത്രയ്ക്കായ് ഇനി കാത്തിരിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA